sections
MORE

പൊന്നും പണവുമില്ലാതെ എന്ത് കല്യാണം? പശുക്കുട്ടിയുടെയും കാളക്കുട്ടന്റെയും ആർഭാട കല്യാണം

wedding
പ്രതീകാത്മക ചിത്രം
SHARE

അമ്മിണിയുടെ കല്ല്യാണം (കഥ)

"എടാ ഒരു പ്രശ്നമുണ്ട്... അവളു പറയുന്നത് കല്ല്യാണം കഴിയുന്നതോടെ അമ്മിണിയെക്കൂടെ കൂടെകൂട്ടണമെന്നാണ് " ഞാൻ പറഞ്ഞതു കേട്ട് അവൻ ഒന്ന് ശങ്കിച്ചു.. അവൻ എന്നു പറഞ്ഞാൽ എന്റെ ലോക ഉടായിപ്പ് ഫ്രണ്ട് ലോലൻ....

"അമ്മിണിയോ? അതാരാടാ അനിയത്തിയാണോ? " അവൻ സംശയത്തോടെ ചോദിച്ചു..

"അല്ലടാ... അവളുടെ വീട്ടിലെ കറവപശുവാണ്" അതു കേട്ടതും അവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി..

"നീ എന്തിനാ ശവമേ ഇങ്ങനെ ചിരിക്കുന്നത്? എന്തെങ്കിലും ഒരു കുരുട്ടുബുദ്ധി പറഞ്ഞു തരുമല്ലോ എന്നു കരുതിയാണ് നിന്നോട് പറഞ്ഞത്.. " ഞാൻ അൽപം സീരിയസ്സ് ആയി..

"ഓ... നീ സീരിയസ്സ് ആണല്ലേ? എടാ അതിനെന്താ കൊണ്ടുവന്നോന്ന് പറ.. പശുവല്ലേ?" ഒന്നുമില്ലെങ്കിലും മായമില്ലാത്ത പാലെങ്കിലും കുടിക്കാമല്ലോ?"

"നിന്നോട് പറഞ്ഞ എന്നെ വേണം തല്ലാൻ.. എടാ എന്റെ വീട്ടിലെവിടെയാ തൊഴുത്ത്.. തന്നെയുമല്ല ഈ തൊഴുത്തിന്റെയും ചാണകത്തിന്റെയും മണമെല്ലാം എനിക്ക് പണ്ടേ അലർജിയാണ്.. ഈ പശു അവിടെ വന്നാൽ അവൾക്കും ആ പശുവിന്റെ മണമാവും.. ഹോ.. ആലൊചിക്കാനെ വയ്യ..." 

"എന്നാ നീ ഒരു കാര്യം ചെയ്യ്... അവളോട് കാര്യം പറ... " 

"ബെസ്റ്റ്... എന്നിട്ടു വേണം ഇതിന്റെ പേരിൽ അവൾ കല്യാണം വേണ്ടാന്ന് വയ്ക്കാൻ.. അവളെ നിനക്കറിയാഞ്ഞിട്ടാണ്.. ഈ പശു അവളുടെ ആരാണ്ടൊക്കെ പോലെയാണ്.. ചെറുപ്പം മുതൽ തുടങ്ങിയതാ അവർ തമ്മിലുള്ള ബന്ധം... അതിനെ വിട്ടുപിരിയാൻ പറ്റില്ലാന്ന് പറഞ്ഞാണ് ഇപ്പോൾ ഈ ബഹളം.. അതൊന്നും നടക്കില്ല നീ വേറെ എന്തേലും പോം വഴി പറ.."

എന്റെ വിഷമം കണ്ട് അവൻ അൽപനേരം ഒന്ന് ആലോചിച്ചതിനു ശേഷം പറഞ്ഞു.

"നീ വിഷമിക്കണ്ട... ഒരു വഴി ഉണ്ട്... ഇത്തിരി കടുത്ത കൈ ആണ്... അവളുടെ ബുദ്ധിവച്ച് സംഗതി ഏൽക്കാനുള്ള സാദ്ധ്യത ഉണ്ട്.." 

"എന്ത് വഴി? എന്തായാലും വേണ്ടില്ല.. ഇനി ഒരാഴ്ചയേയുള്ളൂ കല്ല്യാണത്തിന്... നൂറുകൂട്ടം കാര്യങ്ങളുണ്ട് അതിനിടയിലാ ഈ മാരണം.. പെട്ടെന്ന് കാര്യം നടക്കണം" 

അവൻ അവന്റെ മണ്ടയിൽ വിരിഞ്ഞ ആ കുരുട്ട് പ്ലാൻ എന്നോട് വിവരിച്ചു... കേട്ടപ്പോൾ തന്നെ അത് കൊള്ളാം എന്ന് എനിക്കും തോന്നി...

"ഇത് പൊളിക്കും... അവൾക്ക് അത്ര ബോധം ഒന്നുമില്ലാത്തതു കൊണ്ട് അത് വിശ്വസിച്ചോളും"

അങ്ങനെ ഞങ്ങൾ പ്ലാൻ തയാറാക്കി... അന്നു രാത്രി തന്നെ ആ പ്ലാൻ ഞാനവളോട് ഫോണിൽ വിവരിച്ചു... അവളുടെ വീക്ക്നെസ്സ് ആയ ഇമോഷൻ പാർട്സിൽ തന്നെ അതുകൊണ്ടു...

"ശരിയാണ് ഏട്ടൻ പറഞ്ഞത്... എന്നെക്കുറിച്ച് ചിന്തിക്കുന്നതിനിടയിൽ ഞാനവളുടെ വികാരം മനസ്സിലാക്കിയില്ല. പശു ആണെങ്കിലും അതിനും വേണ്ടേ ഒരു ജീവിതം.. പക്ഷേ അവൾക്ക് പറ്റിയ ഒരു വരനെ എവിടുന്ന് കണ്ടെത്തും?" അവൾ ആകാംക്ഷയോടെ ചോദിച്ചു...

"ഐഷൂ നീ അതിനെക്കുറിച്ചൊന്നും പേടിക്കണ്ട എന്റെ ഫ്രണ്ട് ഇല്ലേ ലോലൻ, അവന്റെ പരിചയത്തിൽ നല്ല സുന്ദരനായ ഒരു കാളയുണ്ട്.. ആ കാളയ്ക്ക് ആണേൽ അവർ പെണ്ണ് ആലോചിച്ച് കൊണ്ടിരിക്കാത്രേ... നല്ല ബന്ധം കിട്ടിയാൽ ഉടൻ നടത്താൻ ആണ് അവരുടെ പ്ലാൻ... ഞാനവരോട് നമ്മുടെ അമ്മിണിയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അവർ സമ്മതിച്ചു.. അമ്മിണിയെ എപ്പോഴോ അവർ കണ്ടിട്ടുണ്ടത്രേ..  അമ്മിണി യെ പോലയുള്ള ഒരു മരുമകളെത്തന്നെയാണ് അവർ കാത്തിരുന്നതത്രേ... നിനക്ക് സമ്മതമാണേൽ നമുക്ക് നമ്മുടെ കല്ല്യാണത്തിനു മുൻപുതന്നെ അവരുടെ കല്ല്യാണം നടത്താം.." ഞാൻ ആവേശത്തോടെ പറഞ്ഞു...

കുറച്ചു നേരം മിണ്ടാതിരുന്നതിനു ശേഷം അവൾ സമ്മതം മൂളി..

"ഏട്ടൻ പറഞ്ഞത് ശരിയാണ്.. ഞാൻ അത്ര ക്രൂരയാവാൻ പാടില്ലല്ലോ? എത്ര കാലംന്ന് വച്ചാ.. ഏട്ടൻ പറഞ്ഞതു പോലെ അവൾക്കും ഒരു കുടുംബം വേണമെന്ന് ആഗ്രഹം ഉണ്ടാവില്ലേ? അമ്മിണിയെ നമുക്ക് അവന് കൊടുക്കാം... പക്ഷേ ഇടയ്ക്കൊക്കെ എനിക്കവളെ കാണണം.. എന്നെ കൊണ്ടു പോകണേ ഇടയ്ക്കൊക്കെ...

എന്റെ പ്ലാനിൽ ആ ബോണ്ടി മൂക്കും കുത്തി വീണെന്ന് എനിക്ക് മനസ്സിലായി...

"അതിനെന്താ മുത്തേ... നിനക്ക് കാണണംന്ന് തോന്നുമ്പോ ഒരു വാക്ക് പറഞ്ഞാൽ മതി... അപ്പോൾ തന്നെ പോയിക്കാണാം.." 

അങ്ങനെ ഞങ്ങളുടെ കല്ല്യാണത്തിന് രണ്ടു ദിവസം മുൻപ് അമ്മിണിയുടെ കല്ല്യാണം  നടത്താൻ ഞങ്ങൾ തീരുമാനിച്ചു.

എന്റെ വകയിലെ ഒരു അമ്മാവന്റെ മകളാണ് ഐഷു. ചെറുപ്പം മുതലേ അവളെ എനിക്കിഷ്ടമായിരുന്നു... നല്ലൊരു ജോലി കിട്ടീട്ട് വീട്ടിൽ ചെന്ന് പെണ്ണാലോചിക്കാനായിരുന്നു എന്റെ തീരുമാനം. അത് വിജയിക്കുകയും ചെയ്തു. ഒരു പൊട്ടിപ്പെണ്ണാണ് അവൾ എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനവളെ ഇഷ്ടപ്പെട്ടത്... അതു കൊണ്ടു തന്നെ എനിക്കറിയാം ഇത്തരം നിസ്സാരകാര്യങ്ങളിൽ പോലും അവൾ വളരെ സെൻസറ്റീവ് ആണ്... 

ഞാനുടൻ ഈ വിഷയം ലോലനോട് അവതരിപ്പിച്ച് വ്യക്തമായി പ്ലാൻ തയാറാക്കി.. കാളയുടെ ഭാഗത്ത് ലോലനും അവന്റെ രണ്ട് സുഹൃത്തുക്കളും... തൽക്കാലം ഒരു കാളയെ അവൻ അറേഞ്ച് ചെയ്തിരുന്നു.. കല്ല്യാണത്തിനു ശേഷം ആ കാളയുടെ ഉടമസ്ഥനായ ലോലന്റെ സുഹൃത്തിന് അമ്മിണിയെ വിൽക്കാനായിരുന്നു പ്ലാൻ... അവർക്ക് സ്വന്തമായി പശുക്കളുള്ളതിനാൽ അമ്മിണിയെ അവർ പൊന്നു പോലെ നോക്കിക്കോളും എന്ന് ലോലൻ പറഞ്ഞിരുന്നു... 

അമ്മായി മരിച്ചതിൽ പിന്നെ അമ്മാവനും അമ്മിണിയെ വിൽക്കാനുള്ള ശ്രമത്തിലായിരുന്നതു കൊണ്ട് അമ്മാവനെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനായി... തന്നെയുമല്ല ഐഷു കൂടി പോയി കഴിഞ്ഞാൽ അമ്മിണിയെ നോക്കാനാരുമില്ലാതാവും എന്നും മൂപ്പർക്കറിയാമായിരുന്നു...

അങ്ങനെ ഞങ്ങളവളുടെ കല്ല്യാണം ഭംഗിയായി തന്നെ നടത്തി... സത്യം പറഞ്ഞാൽ അവളൊഴിച്ച് ഞങ്ങളെല്ലാവരും ആ സമയത്ത് ചിരി അടക്കി വയ്ക്കാൻ നന്നേ പാടുപെട്ടു... വരനും വധുവും മാലയൊക്കെ ഇട്ട് അങ്ങനെ നിക്കുന്നത് കണ്ടാൽ ആരാ ചിരിക്കാതിരിക്കാ... പക്ഷേ കിട്ടിയതാപ്പിൽ ലോലൻ ഗോളടിച്ചു..

"അങ്ങനെ അമ്മിണിയെ വെറുതെ ഇറക്കിവിടാൻ പറ്റോ? അവരൊന്നും ചോദിച്ചില്ലെങ്കിലും നമ്മളറിഞ്ഞ് കൊടുക്കണ്ടേ.. അത് കൊണ്ട് നിന്റെ പേഴ്സ് ഇങ്ങോട്ട് തന്നേ.." അവൻ എന്റെ നേരെ കൈനീട്ടി..

എനിക്കവനെ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടാരുന്നു... പക്ഷേ ഐഷു.... ഞാൻ അവനെനോക്കി പല്ലുകടിച്ചുകൊണ്ട് പേഴ്സ് കൊടുത്തു. പാചകക്കാരന് അഡ്വാൻസ് കൊടുക്കാനുണ്ടായിരുന്ന അയ്യായിരം രൂപ ആ ജന്തു പോക്കറ്റിലാക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്കാവുമായിരുന്നുള്ളൂ... പക്ഷേ അതിനേക്കാൾ വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...

"ഇന്നാ ലോലേട്ടാ ഇത് കൂടെ കൊടുക്കൂ... ഇനി എനിക്ക് ആരും ഇല്ല പറഞ്ഞു വിടാൻ... അമ്മിണിക്ക് ഒരു കുറവും വരരുത്... " അതും പറഞ്ഞ് അവൾ അവളുടെ രണ്ട് പവനോളം വരുന്ന മൂന്ന് വളകൾ ഊരി അവനു നേരെ നീട്ടി.. 

അവന്റെ കണ്ണ് മഞ്ഞളിച്ചുപോയി... എന്റെ നെഞ്ചിടിപ്പ് കൂടി... ഞാനവന്റെ മുഖത്തേക്ക് അതിക്രൂരമായി നോക്കി.. അവൻ എന്റെ മുഖത്തു നോക്കി വളിച്ച ഒരു ചിരി ചിരിച്ചു... 

കല്ല്യാണം കഴിഞ്ഞ് അമ്മിണിയെക്കൊണ്ടുപോകാൻ നേരം അവൾ അതിനെ കെട്ടിപ്പിടിച്ച് കരയുന്നതു കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെയും കണ്ണൊന്ന് നിറഞ്ഞു... പറഞ്ഞതു പോലെ അമ്മിണിയെ അവർക്ക് കൊടുത്തതിനു ശേഷം ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് നടന്നു... അതിനു ശേഷം ലോലനെ ഞാൻ കണ്ടിട്ടേയില്ല...

അന്ന് അവൾ ഭക്ഷണം പോലും കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തോ പോലെയായി... കല്ല്യാണം കഴിഞ്ഞ് നമുക്ക് ഒരുമിച്ച് പോയി അവളെക്കാണാമെന്ന് ഞാനവൾക്ക് വാക്കു കൊടുത്തതിന് ശേഷം ആണ് അവൾ പഴയതു പോലെ ആയത്...

അങ്ങനെ ഞങ്ങളുടെ വിവാഹം ഭംഗിയായി കഴിഞ്ഞു... കല്ല്യാണത്തിനിടയിലും അവളുടെ മനസ്സ് അമ്മിണിയുടെ അടുത്തായിരുന്നു എന്ന് എനിക്കു തോന്നിയിരുന്നു..  

ചടങ്ങുകൾ പ്രകാരം അവളുടെ വീട്ടിലായിരുന്നു ഞങ്ങളുടെ ആദ്യരാത്രി... 

നല്ല മണമുള്ള സെന്റെല്ലാം പൂശി മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച ആ മണിയറയിൽ ആ സുന്ദര നിമിഷത്തിനായ് ഞാൻ കാത്തിരുന്നു...

അവൾ മന്ദം മന്ദം പാലുമായി കടന്നു വന്നു... ആദ്യരാത്രിയേക്കാൾ പെണ്ണിനെ സുന്ദരിയായ് ഒരു രാത്രിയിലും കാണാനാവില്ലാന്ന് അറിയാവുന്നതു കൊണ്ട് ഞാൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിയിരുന്നു... അവളുടെ കൈ പിടിച്ച് ഞാനെന്റെ അരികിലിരുത്തി... മുല്ലപ്പൂവിന്റെ മണം എന്റെ സിരകളെ മത്ത് പിടിപ്പിക്കാൻ തുടങ്ങി... അപ്പോഴാണ് അവളത് പറഞ്ഞത്..

"എന്റെ അമ്മിണി എന്ത് ചെയ്യുന്നുണ്ടാവോ ഇപ്പോൾ... അവര് നന്നായി നോക്കുന്നുണ്ടാവോ ആവോ?"  

അത് കേട്ട് ഞാനൊന്ന് ഞെട്ടി.. ഈശ്വരാ ഇവളിത് ഇതുവരെ വിട്ടില്ലേ?

ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... എത്രയും പെട്ടെന്ന് വിഷയം മാറ്റിയില്ലെങ്കിൽ ഇന്ന് മുഴുവൻ ഇവളിതു തന്നെ പറഞ്ഞ് വിഷമിച്ച് കൊണ്ടിരിക്കു മെന്ന് എനിക്കറിയാമായിരുന്നു..

"അവളു സുഖമായി അവളുടെ കെട്ട്യോനുമൊത്ത് ഉറങ്ങുന്നുണ്ടാകും... എന്റെ മുത്ത് വിഷമിക്കണ്ട നാളെത്തന്നെ നമുക്ക് അവളെക്കാണാൻ പോകാം... പോരേ... "

അതു കേട്ട് അവൾ സന്തോഷത്തോടെ തലകുലുക്കി.. എനിക്കും ആശ്വാസമായി പതിയെ ഞാനവളെ നെഞ്ചോട് ചേർത്തു... ആ സമയത്താണ് അവൾ പെട്ടെന്ന് കുതറിമാറിയത്..

"ചേട്ടാ അത് കേട്ടോ.... അവളുടെ സ്വരം" 

അക്ഷമനായി ഞാനങ്ങോട്ടും ഇങ്ങോട്ടും നോക്കി..  

"ആരുടെ സ്വരം?" ഞാൻ ചോദിച്ചു..

"അമ്മിണിയുടെ... അവളിവിടെ എവിടെയോ ഉണ്ട്"

അതുകേട്ട് എനിക്ക് ദേഷ്യമാണ് വന്നത്...

"നിനക്ക് തോന്നിയതാവും ഐഷൂ... അത് തന്നെ മനസ്സിലാലോചിച്ച് കഴിയണതു കൊണ്ടാ അത്" 

ഞാൻ അതു പറഞ്ഞ് മുഴുമിപ്പിച്ചില്ല ആ മനോഹര ശബ്ദം വീണ്ടും മുഴങ്ങി... ഇത്തവണ അത് ഞാനും കേട്ടു... ആനന്ദത്തിന്റെ സൈറൻ മുഴങ്ങുന്നതു പോലെ അവൾക്ക് തോന്നിയെങ്കിലും എന്റെ നെഞ്ചിടിക്കാൻ തുടങ്ങി...

അവൾ വേഗം അവിടെ നിന്ന് എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേയ്ക്ക് പോയി... ഞാനും ആകാംക്ഷയോടെ പിന്നാലെ ചെന്നു. ആ കാഴ്ച കണ്ട് ഞാനും അമ്പരന്നു...

 ദേ നീൽക്കണു അമ്മിണി...  കയറും പൊട്ടിച്ച്...

അവൾ അമ്മിണിയെ വാരിപ്പുണർന്ന് ചുംബിക്കാൻ തുടങ്ങി... എനിക്ക് ഇന്നു കിട്ടേണ്ട ചുടുചുംബനങ്ങൾ ഒരോന്നായ് കൈവിട്ടു പോകുന്നതു കണ്ട് നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്കായുള്ളൂ... 

ആദ്യരാത്രി കാളരാത്രിയായെന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ... ആ രാത്രി മുഴുവൻ എന്നോടൊപ്പം അല്ലായിരുന്നു അവൾ ചിലവഴിച്ചത്... അമ്മിണിയോടൊപ്പമായിരുന്നു... 

സ്വന്തം പെണ്ണിനെ സംരക്ഷിക്കാൻ പോലും കഴിവില്ലാത്ത ആ പെരട്ട കാളയെ ഓർത്ത് ഞാൻ പല്ലു കടിച്ചു... 

പിറ്റെ ദിവസം തന്നെ എന്റെ വീട്ടിൽ തൊഴുത്തിന്റെ പണികൾ തുടങ്ങി... അങ്ങനെ അമ്മിണിയും ഞങ്ങളോടൊപ്പം കൂടി.. അമ്മിണിയെ ശരിക്ക് നോക്കാഞ്ഞ ഭർത്താവായ കാളകോന്തനിൽ നിന്ന് ഐഷുവിന്റെ നിർബന്ധപ്രകാരം ഡിവോഴ്സ് വാങ്ങിച്ചു.. അതുകൊണ്ട് അതിനെക്കൂടെ വീട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നില്ല എന്നതു മാത്രം എന്റെ ഭാഗ്യമായി..  

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA