sections
MORE

സ്വന്തം പേരുപോലും മറന്നുപോയവർ, നമ്മൾ ചിന്തിക്കാറുണ്ടോ അവരു‌‌ടെ വേദനകളെ കുറിച്ച്...

workers
പ്രതീകാത്മക ചിത്രം
SHARE

ചുവപ്പ് (കഥ)

മുഖത്ത് വെള്ളം തെറിച്ചപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം ഉണ്ടായത്. മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ തോട്ടുവരമ്പിലൂടെ പോകുമ്പോഴാണ്, കുട്ടികൾ വെളളത്തിൽ ചാടുന്നത് അയാൾ ശ്രദ്ധിക്കുന്നതു തന്നെ. 

എത്രയോ വർഷമായി വന്നിട്ട്... മൂന്നോ നാലോ ട്രെയിനുകൾ മാറിക്കയറി കയ്യിലുള്ള ഭാണ്ഡക്കെട്ടുകൾ ഒന്നും വഴിയിലുപേക്ഷിക്കാതെ നീണ്ടു നീണ്ട യാത്ര. എവിടെയോ മറഞ്ഞു പോകുന്ന ഓർമ പോലെ ബംഗാൾ പിന്നോട്ടോടിപ്പോയത് എന്നായിരുന്നു? മറന്നു പോയി. 

ട്രെയിൻ യാത്രയുടെ ആദ്യ ദിവസങ്ങളിൽ പിറകോട്ടു വലിച്ച നാടും നടന്നു തീർത്ത നാട്ടിടവഴികളും കളിച്ചു തിമിർത്ത സ്വന്തം തോടും ഇപ്പോൾ തിരികെ വിളിക്കാറില്ല. പണ്ടേ മരിച്ചു പോയ അമ്മയേയും മറന്നു തുടങ്ങിയെന്നു തോന്നുന്നു. 

സൈക്കിളിന്റെ ബെല്ല് വെറുതെ ഒന്നുകൂടി അടിച്ച് വീണ്ടും നടന്നു. പാടത്തിന് അക്കരെയാണ് താമസം. ഒഴിഞ്ഞു കിടക്കുന്ന പാടം. നാട്ടിലായിരുന്നുവെങ്കിൽ എന്തെങ്കിലും നട്ടുണ്ടാക്കാമായിരുന്നു. ഇവിടെ പാട്ടത്തിന് ചോദിച്ചാലും തരില്ല. ഭായിമാരെ വിശ്വസിക്കാൻ കൊള്ളില്ലത്രേ. എന്റെ കൈക്കോട്ട് അങ്ങു ദൂരെ ബംഗാളിലുള്ള വീടിന്റെ ചായ്പ്പിലിരുന്ന് ചിതലരിക്കുന്നുണ്ടാവും. 

കൂടെയുള്ളവരു വന്നിട്ടില്ലെങ്കിൽ കുറച്ചു നേരം സമാധാനമായി ഉറങ്ങാമായിരുന്നു. എന്നും തെറി വിളിയും ബഹളവുമാണ് തമ്മിൽ. െവറുതെയല്ല ഇന്നാട്ടുകാര് അകറ്റി നിർത്തുന്നത് എന്ന് എപ്പോഴും അവരോട് പറയാറുണ്ട്. ഒരു കാര്യവുമില്ല. 

പൈസ സ്വരുക്കൂട്ടി വാങ്ങിച്ചു വച്ച ചുവന്ന ചുരിദാറിന്റെ പാക്കറ്റിൽ പാൻ ചവച്ച് തുപ്പിയപ്പോഴാണ് ആദ്യമായി കൂടെ താമസിക്കുന്നവനെ തല്ലിയത്. ഇപ്പോഴവനും മറ്റുള്ളവർക്കും വെറുപ്പാണ്. വേറെ സ്ഥലം കിട്ടിയാൽ മാറണം. പൈസ കൊടുക്കാമെന്നു പറഞ്ഞാലും ആരും വീടു തരുന്നില്ല. 

ചുവന്ന ചുരിദാർ... അവൾക്കു വേണ്ടി വാങ്ങിയതായിരുന്നു. അന്ന് പോന്നപ്പോൾ റെയിൽവേ സ്റ്റേഷൻ വരെ അവൾ വന്നിരുന്നു. മോട്ടുവിന്റെ കൈയും പിടിച്ച്. പാപ്പയ്ക്കു ടാറ്റ കൊടുക്കെന്ന് മൂക്കുത്തിച്ചുവപ്പുള്ള കരച്ചിലോടെ അവൾ പറയുമ്പോൾ മുഖം കാണാനാവാതെ താഴോട്ട് നോക്കിയിരുന്നു. അവസാനം ട്രെയിൻ ഓടിത്തുടങ്ങിയപ്പോഴും മങ്ങിത്തുടങ്ങിയ കണ്ണിൽ ആ ചെരുപ്പില്ലാ കാലുകൾ മാത്രമായിരുന്നു. 

വീടെത്താറായി. ചെറിയ ഒരു വെള്ളച്ചാലു കടന്നേ പോകാൻ പറ്റൂ. പണ്ട് അവളെയും സൈക്കിളിൽ ഇരുത്തി കാതങ്ങൾ താണ്ടി മുർഷിദാബാദിൽ സിനിമയ്ക്ക് പോയ വഴിയിലും ഒരു നീണ്ട വെള്ളച്ചാൽ കടക്കണമായിരുന്നു. ആ ചിരി മായാതിരിക്കാൻ വേണ്ടി ആ കാലുകൾ കൂടി സൈക്കിളിന്റെ മുൻവശത്തേക്ക് കയറ്റി വച്ചാണ് തോടു കടന്നത്. സ്വയം അരയോളം നനഞ്ഞു പോയെങ്കിലും അവളു‌ടെ ചിരി മനസ്സു നിറച്ച ആ കാലം. 

പിന്നീട് വന്നു പെട്ടത് പെരുമ്പാവൂരാണ്. ട്രെയിനിലെ ദുരിത യാത്രയും പട്ടിണിയും കടന്ന് മൂന്നാം ദിവസം. മേസ്തിരി പിറ്റേന്നു തന്നെ പണിക്കു കയറാൻ പറഞ്ഞു. കൈക്കോട്ടല്ലാതെ േവറൊരു പണിയായുധം പരിചയമില്ലെങ്കിലും നീണ്ട വാളിന്റെ വായിലേക്ക് മരം തള്ളിക്കയറ്റാൻ മടി കാണിച്ചില്ല. ഞാനിത്ര വേഗം പണി പഠിച്ചല്ലോ എന്ന് കരുതിത്തുടങ്ങിയപ്പോഴേക്കും ഒരു വിരലു പോയി. ചക്രം പോലുള്ള വാളിനാണോ അതോ മരം തള്ളിക്കൊടുത്ത എനിക്കാണോ സ്പീഡ് കൂടിയതെന്നറിയില്ല. മൂന്നു ദിവസം സർക്കാരാശുപത്രിയുടെ നിലത്ത് കിടന്നപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിലാക്കിയ മേസ്തിരി പോലും. പിന്നെയും അതേ സ്ഥലത്ത് പണിക്കു കയറി. മാസങ്ങൾ... വീടുമായുള്ള ബന്ധം സെക്കന്റ് ഹാന്റ് മൊബൈലും മണിയോർഡറുമായി മാറി. ഇവിടുത്തെ അറക്കവാളിന്റെ ശബ്ദം അവളുടെ വളയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയതോടെ വീട്ടിലേക്കുള്ള ഫോൺ വിളി കുറഞ്ഞു. മണിയോര്‍‍‍ഡർ കുറഞ്ഞില്ല. 

അന്നൊക്കെ കരുതുമായിരുന്നു... പോകണം, തിരിച്ചു പോകണം. കടം തീർക്കാനുള്ള പൈസ മുഴുവൻ ആയാൽ തിരിച്ചു പോകണം. പോകുമ്പോൾ അവള്‍ക്കും മോട്ടുവിനും ചെരിപ്പും ഡ്രസും കൊണ്ടു പോകണം. ചുവപ്പാണ് അവള്‍ക്കിഷ്ടം. മൊട്ടുവിനെന്നെ മനസ്സിലാകുമോ ആവോ. പോന്നിട്ട് മൂന്നു വർഷമായി. 

ഇപ്പോൾ പോകണമെന്ന് തോന്നാറില്ല. ഒരു കാളി പൂജയുടെ അന്ന് അവൾ മോട്ടുവിനെയും കൂട്ടി വീടു വിട്ടിറങ്ങിപ്പോയെന്ന് രണ്ടു ദിവസം കഴിഞ്ഞാണറിഞ്ഞത്. അതിർത്തി കടന്ന് ബംഗ്ലാദേശിലേക്കാണത്രേ പോയത്. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന് അവളുടെയത്ര പ്രായം തോന്നിക്കില്ല എന്ന് അടുത്ത വീട്ടിലെ വല്യമ്മ ഫോണിൽ പറഞ്ഞത് കളിയാക്കിക്കൊണ്ടാണ്. 

അന്ന് മില്ലിലെ പണി മടുത്തു. നഷ്ടപ്പെട്ട മോതിര വിരലിന്റെ ബാക്കി ഇടയ്ക്ക് നോവാറുണ്ട്. മതിയാക്കി... ആദ്യം കണ്ട ബസ് കയറി, പിന്നെ മാറിക്കയറി, വൈകുന്നേരത്തോടെ ഈ പാലക്കാടൻ ഗ്രാമത്തിലെത്തിയിട്ട് രണ്ടു കൊല്ലമാവാറായി. ഇവിടെ ബംഗാളികൾ കുറച്ചേയുള്ളൂ. എല്ലാ പണിക്കും പോകും. വൈകിട്ട് വീട്ടിലെത്തി ഉറങ്ങാന്‍ ശ്രമിക്കും. മോട്ടു ഇപ്പോഴെങ്ങനെയിരിക്കും എന്ന ചിന്ത ചിലപ്പോൾ ഉറക്കത്തെ കൊണ്ടു പോകും. 

കുറച്ച് ദിവസമായി എന്നും പണിയുണ്ട്. വീടുപണിക്ക് സഹായി. സിമന്റ് ചട്ടി കൊണ്ടുവരുന്ന കറുത്ത തമിഴത്തി പെണ്ണിന് കയ്യിലുള്ള ചുവന്ന ചുരിദാർ ചേരുമെന്ന് തോന്നുന്നു. കൊടുത്താൽ വാങ്ങുമോ എന്നറിയില്ല. കാണുമ്പോൾ ചിരിക്കാറൊക്കെയുണ്ട്. നാളെ പണിക്കു പോകുമ്പോൾ കൊണ്ടു പോകണം. വാങ്ങിയാലോ!

ഈ കുട്ടികളൊക്കെ കയറിയതിനുശേഷം തോട്ടിലിറങ്ങി ഒന്നു കുളിക്കണം. പിന്നെ ഒന്നു കിടക്കണം. ചെന്നു കയറിയപ്പോഴാണ് ആട്ട വാങ്ങാൻ മറന്നതോർത്തത്. ഇനിയും ഈ ദൂരം തിരിച്ചു പോകണം അങ്ങാടിയിലേക്ക്. വീടിന്റെ തിണ്ണയിൽ ഇരുന്ന് സന്ധ്യാ സൂര്യനെ കണ്ടപ്പേൾ അവളുടെ കുങ്കുമപ്പൊട്ട് ഓർമ വന്നു. ഇത് എന്നാണൊന്നു മറന്നു പോകുക?

തിണ്ണയിൽ കുറേ നേരം ഇരുന്നു. ഒരു റേഡിയോ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും കേൾക്കാമായിരുന്നു. ഒന്ന് വാങ്ങിക്കണം.

കൂടെയുള്ളവരിൽ ഒരുത്തന് ചെറിയ മനസ്സലിവുണ്ട്. അവനോട് ആട്ട ചോദിക്കണം. രാത്രിയായിട്ടും അവനെ കാണുന്നില്ല. വാങ്ങാൻ പോകുക തന്നെ. തിരിച്ചു നടന്നു അങ്ങാടിയിലെത്തിയപ്പോൾ വായനശാലയുടെ ചെറിയ സ്റ്റേജിൽ നാടകം പോലെ ഒരു പരിപാടി. വലിയ കിരീടമൊക്കെ വച്ച ഒരാൾ ഒരു മുണ്ടു പിടിച്ച് കുറേ നേരമായി എന്തോ ചെയ്യുന്നു. ആരോ പാടുന്നുണ്ട്. മലയാളം കേട്ടു പഠിച്ചിട്ടുണ്ട്. പക്ഷേ ഇതു മനസ്സിലാവുന്നില്ല. പണ്ട് നാട്ടിൽ വല്ലപ്പോഴും വരുന്ന ബാവുൽ ഗായകരെ ഓർത്തു. ഒന്നു കാണാമെന്നു കരുതി ആൾക്കൂട്ടത്തിലേക്കു കയറി.

ചുറ്റും നിൽക്കുന്നവരുടെ അവജ്ഞ കണ്ടില്ലെന്നു നടിക്കാൻ തുടങ്ങിയിട്ടെത്ര നാളായി. അതും ഒരു ശീലം. പോക്കറ്റടിക്കാനാവും ഇവറ്റകൾ നൂണ്ട് കയറുന്നതെന്നു കേട്ടപ്പോൾ മതിയായി. തിരിച്ചു വീട്ടിലേക്ക് നടന്നു. ഒന്നും വാങ്ങിയില്ല. നടന്നു പോകുന്ന വഴിയിൽ തോട്ടിലിറങ്ങി കുളിച്ചു. ആരോ ഇട്ടു പോയ സോപ്പിൻ കഷണം തേച്ച്... നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകാൻ വാങ്ങിയ വാസനസോപ്പുകൾ ചാക്കു സഞ്ചിയിൽ ഇപ്പോഴുമുണ്ട്, ചെറിയ ബാറ്ററി കാറിന്റെ കൂടെ. എടുക്കാൻ തോന്നിയിട്ടില്ല. 

മുങ്ങിക്കിടന്നപ്പോൾ വെള്ളത്തിന് ചെറിയ ഉപ്പുരസം തോന്നി. ഇല്ല, ഇപ്പോൾ പണ്ടത്തെ അത്ര ചവർപ്പ് കണ്ണീരിനും തോന്നാറില്ല.  

രാവിലെ കുളി പതിവില്ലാത്തതാണ്. എന്തായാലും ഇന്ന് കുളിച്ചിട്ടാണിറങ്ങിയത്. ചുരിദാറിന്റെ കവർ സൈക്കിളിന്റെ കാരിയറിൽ വച്ചു. സൈറ്റിലിന്നു നേരത്തേയാണ്. ഹോട്ടലിൽ കയറി പൊറോട്ട കഴിക്കണം. കുറെ നേരത്തേക്ക് വിശക്കില്ല. 

ഇപ്പോ പണിതുടങ്ങിയിട്ട് കുറെ നേരമായി. കറുമ്പിപ്പെണ്ണ്  ഇന്ന് അപ്പുറത്തെ ഭാഗത്താണ് പണിയെടുക്കുന്നത്. കവർ കാരിയറിൽ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തിയും അധികം വിയർക്കാതിരിക്കാൻ ശ്രദ്ധിച്ചും പണിയെടുക്കുന്നതിനിടയിലാണ് മേസ്തിരിയുടെ കണ്ണുപൊട്ടുന്ന ചീത്ത വിളി.

ചായ സമയത്ത് അവളുടെ അടുത്ത് ചെന്ന് ചുരിദാർ കൊടുത്തപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു. ചോദിക്കാൻ കരുതിയിരുന്നില്ല. പക്ഷേ അറിയാതെ അത് മുറി മലയാളത്തിൽ ചോദിച്ചു പോയി...

ആദ്യം തല്ലിയത് മേസ്തിരി തന്നെയാണ്. പിന്നെ എല്ലാവരും. കൂടെത്താമസിക്കുന്നവരും എല്ലാം. ഓടിയോടി ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ചാക്കു സഞ്ചി ഓർമ വന്നത്. ഇനി അത് എടുക്കാൻ പോയാൽ വീണ്ടും അവരുടെ കണ്ണിൽ പെടും. വേണ്ട... വാങ്ങിക്കാനാരുമില്ലാത്ത സമ്മാനങ്ങളല്ലേ... ഒന്നും വേണ്ട.

വീണ്ടും ഒരു റെയിൽവേ സ്റ്റേഷൻ. ആദ്യം കണ്ട ട്രെയിനിലെ ഒരു സീറ്റിൽ അലച്ചു തല്ലി വീണു. ക്ഷീണം, വേദന.

കണ്ണു തുറന്നപ്പോൾ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. അടുത്ത സീറ്റിലെ യാത്രക്കാർ തുറിച്ചു നോക്കുന്നു. ഇത് എന്റെ സീറ്റാണെന്നു പറഞ്ഞ് ഒരാൾ എണീപ്പിക്കാൻ നോക്കുന്നു. കറുത്ത കോട്ടിട്ടയാൾ പേപ്പറുകൾ നോക്കി ചോദിക്കുന്നു... ടിക്കറ്റെവിടെ? റിസർവേഷനുണ്ടോ? പേരെന്താണ്?

അയാളുടെ മുഖത്തേക്ക് മിഴിച്ചു നോക്കി. പേരെന്താണ്? വീണ്ടും ചോദിക്കുന്നു.

എന്റെ പേരെന്താണ്? ഭായി എന്നല്ലാതെ വർഷങ്ങളായി ആരും ആ പേരു വിളിച്ചിട്ടില്ല. എന്താണ് പേര്? ഓർമ കിട്ടുന്നില്ലല്ലോ...

ഒരു വിളറിയ ചിരിയുമായി സീറ്റിൽ നിന്നെണീറ്റ് വാതിൽക്കലേക്ക് നടക്കുമ്പോൾ ആലോചിച്ചു. എന്റെ പേരെന്താണ്? മോട്ടുവിന്റെ അമ്മയുടെ പേരെന്താണ്? കറുമ്പിപ്പെണ്ണിന്റെ പേരെന്താണ്? ഒന്നും വ്യക്തമാവുന്നില്ല.

തീവണ്ടിയുടെ വാതിൽക്കൽ എത്തിയപ്പോഴും ചോദ്യങ്ങൾ വിയർത്ത ഷർട്ടിന്റെ പുറകിൽ വന്ന് കൊള്ളുന്നുണ്ടായിരുന്നു. 

വാതിൽക്കൽ നിൽക്കുമ്പോൾ കാറ്റിന്റെ തണുപ്പ്. പുറകോട്ട് വേഗത്തിൽ ഓടിപ്പോകുന്ന പച്ചപ്പ്.

അന്ന് പോരുന്ന സമയത്ത് ട്രെയിനിൽ കയറിനിന്നപ്പോൾ പിടിച്ചു നിൽക്കണേ എന്ന് പറഞ്ഞത് അവളായിരുന്നു. കാറ്റിന്റെ തണുപ്പ് വീണ്ടും ക്ഷണിക്കുന്നു. പുഞ്ചിരിച്ചു തന്നെയാണ് പിടിവിട്ടത്. വേഗം കൂടുന്ന യാത്ര, ശക്തി കൂടുന്ന കാറ്റ്, അടുത്തു വരുന്ന പച്ചപ്പ്. പിന്നെ ചുവപ്പ്.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA