ADVERTISEMENT

അച്ഛൻ കരഞ്ഞ ദിവസം (കഥ)

അന്നൊരു ദിവസം പുലർച്ചക്ക് ഒരു കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നത്. ക്ലോക്കിൽ നോക്കിയപ്പോൾ സമയം പുലർച്ചെ 5 മണി.  പെട്ടെന്നു തന്നെ ഞാൻ അനിയന്മാരെയും വിളിച്ചുണർത്തി താഴേ നിലയിലേക്ക് ഓടി. അവിടെ ലൈറ്റ് ഒക്കെ ഇട്ടിരുന്നു. അയൽക്കാരൊക്കെ വന്നിട്ടുണ്ട്. എന്നിലെ എട്ടാം ക്ലാസുകാരന് പെട്ടെന്ന് കാര്യം മനസിലായില്ല. അച്ഛമ്മയാണ് കരയുന്നത്. അച്ഛമ്മ അച്ഛച്ഛനെ കെട്ടിപ്പിടിച്ച് കരയുകയാണ്.

ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപാണ് അച്ഛച്ഛന് സ്ട്രോക്ക് വന്ന് ഒരു വശം തളർന്നത്. കുറെ ചികിത്സക്കു ശേഷം വടി കുത്തിപ്പിടിച്ച് നടക്കാം എന്ന അവസ്ഥയിൽ എത്തിയെങ്കിലും സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നോടും അനിയനോടും ഒരു വാക്ക് പോലും സംസാരിക്കാൻ അച്ഛച്ഛന് കഴിഞ്ഞിരുന്നില്ല. പക്ഷേ മറ്റെല്ലാ രീതിയിലും സ്നേഹം പ്രകടിപ്പിക്കുന്നതിന് കുറവുണ്ടായിരുന്നില്ല. എല്ലാ ദിവസവും വൈകുന്നേരം അച്ഛച്ഛൻ ചായ കുടിക്കാൻ പുറത്തേക്ക് പോകും. തിരിച്ച് വരുമ്പോൾ ഞങ്ങൾക്ക് തിന്നാനായി എന്തെങ്കിലും പലഹാരങ്ങൾ കൊണ്ടുവരും. കുട്ടിക്കാലത്തു വൈകുന്നേരങ്ങളിൽ അതിനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. കഴിഞ്ഞ മാസമാണ് വീണ്ടും സ്ട്രോക്ക് വന്നത്. അതോടെ പൂർണ്ണമായും കിടപ്പിലായി. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് വന്നത്.

അപ്പോഴേക്കും കാര്യങ്ങൾ എനിക്കു മനസ്സിലായി തുടങ്ങി. മരണം ... മരണത്തിന്റെ തീവ്രതയെ കുറിച്ച് അന്ന് ബോധ്യം കുറവായിരുന്നെങ്കിലും അത് നഷ്ടം മാത്രമാണ് സമ്മാനിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. ഡോക്ടർ വന്ന് മരണം ഉറപ്പുവരുത്തി. അച്ഛൻ ഫോൺ കോളുകൾക്ക് ഉത്തരം നൽകുകയാണ്. ഇടക്ക് അച്ഛമ്മയോടും അമ്മയോടും കരയരുത് എന്ന് പറയുന്നുണ്ട്. ബന്ധുക്കളൊക്കെ വന്നു തുടങ്ങി. വീട് ഒരു മരണ വീടിന്റെ താളക്രമത്തിലേക്ക് പതുക്കെ ലയിച്ചു ചേർന്നു.

അച്ഛച്ഛന്റെ ദേഹം അവസാനമായി കുളിപ്പിക്കാനായി കൊണ്ടു പോയി. അതുവരെ വീട്ടിലേക്ക് വരുന്നവരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അച്ഛൻ അവസാന കർമ്മങ്ങൾക്കായി ഈറനുടുത്ത് വന്നു. അച്ഛന്റെ മുഖത്ത് ഒരു കാർമേഘം പെയ്യാനൊരുങ്ങി നിൽക്കുന്നതു പോലെ എനിക്ക് തോന്നി. ഞാൻ അച്ഛനടുക്കലേക്ക് ചെന്നു. അച്ഛൻ എന്നെ ചേർത്തു കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സങ്കടങ്ങളെല്ലാം കുറച്ചു നേരത്തേക്ക് ഇല്ലാതായതു പോലെ തോന്നി. അച്ഛന്റെ ദേഹത്തോട് ചേർന്നു നിൽക്കുമ്പോൾ എവിടെ നിന്നോ ആശ്വാസം മനസ്സിലേക്ക് ഒഴുകി എത്തുന്നതു പോലെ. ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛന്റെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു.

"അച്ഛച്ഛൻ പോയല്ലോ" അച്ഛൻ  പറഞ്ഞു.

അച്ഛൻ കരയുകയായിരുന്നു. അതുവരെ ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും അച്ഛൻ കടന്നു പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എന്റെ ഹീറോ ആയ അച്ഛൻ ഒരിക്കൽപ്പോലും കണ്ണ് നിറച്ച് കണ്ടിട്ടില്ല. പക്ഷേ അന്നാദ്യമായി അച്ഛൻ കരയുന്നത് കണ്ടു. ഒരു കുട്ടിയെ പോലെ അച്ഛൻ കരയുന്നു.

നമ്മുടെ ജീവിതത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും ഒരു ചേർത്ത് പിടിക്കലിലൂടെ നമുക്ക് ആശ്വാസമേകാൻ കഴിയുന്ന ഒരാൾ. അച്ഛൻ... അങ്ങനെ ഒരാൾ ഇനി ജീവിതത്തിൽ ഇല്ല എന്ന് ഓർക്കുമ്പോൾ ആർക്കാണ് കരയാതിരിക്കാൻ കഴിയുക?

എത്ര മറക്കാൻ ശ്രമിച്ചാലും ജീവിതത്തിൽ വീണ്ടും വീണ്ടും എന്നെ തേടിയെത്തുന്ന ഓർമയാണ് ആ ദിവസം.

അന്ന് എന്നെ ചേർത്ത് പിടിച്ചു കരഞ്ഞപ്പോൾ അച്ഛന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്

"നിനക്ക് ഞാൻ ഉണ്ട്. പക്ഷേ എനിക്ക് ഇനി ..."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com