ADVERTISEMENT

പാദസരവും  തേയില സഞ്ചികളും (കഥ)

ഒന്ന്... രണ്ട്... മൂന്ന്... ചേന്നൻ ഓരോ പടവുകളും എണ്ണി എണ്ണി കയറി. കയ്യിലെ എണ്ണ ഭരണി തുളുമ്പാതെ ഒൻപതാം പടവും കയറി അവൻ പീടികയുടെ മുറ്റത്തു ചെന്നെത്തി.

"ചെന്നാ... പ്രാതല് കഴിച്ചിട്ട് ആ വിറകു കീറി എടുക്കണം ട്ടോ, മഴ പെയ്യും കിഴക്ക് കാറുണ്ട് " മുണ്ടിന്റെ കോന്തല കക്ഷത്തിൽ ഇറുകെ പിടിച്ചു കൊണ്ട്  കിഴക്കേ മാനത്തു നോക്കി ദിവാകര കൈമൾ പറഞ്ഞു. 

മല അടിവാരത്തുള്ള ഒരേ ഒരു പീടികയാണ് കൈമളുടെ ചായക്കട, തേയില നുള്ളാൻ പോകുന്ന തൊഴിലാളികളും കൂലി പണിക്കാരുമാണ് അവിടെ ഭക്ഷണം കഴിക്കാൻ വരിക, പക്ഷേ... ചായ കുടിക്കാൻ രണ്ടു മയിൽ അപ്പുറത്തുള്ള കവലയിൽ നിന്നും ആളുകൾ വരും... അവിടെ വേറെ ചായ പീടിക ഇല്ലാത്തതു കൊണ്ടല്ല. കൈമളുടെ പീടികയിൽ മാത്രമാണ്  "സഞ്ചി ചായ " കിട്ടുന്നത് എന്നതാണ് രഹസ്യം.. !

കോപ്പയിലെ ചൂടുവെള്ളത്തിൽ തേയില സഞ്ചി മുക്കി പതിയെ പതിയെ ഇഷ്ടത്തിന് കടുപ്പം ക്രമീകരിക്കുന്ന വിദ്യ ഉള്ള ചായ കൈമളുടെ മാത്രം സ്വന്തമാണ്. 

ഈ ദേശത്തുകാരനല്ല കൈമൾ, വരത്തനാണ്, വർഷങ്ങളായി കൈമൾ അവിടെ ചായ പീടിക നടത്തുന്നു. എല്ലാ മാസവും ഒൻപതാം തീയതി കൈമൾ പൊതിയും കെട്ടി പട്ടണത്തിലേക്കു പോകും. കുടുംബം അവിടെ ആണ്, കൈമൾ പോയാൽ പന്ത്രണ്ടാം തീയതി തിരികെ വരും വരെ പീടിക അടഞ്ഞു കിടക്കും. സഹായി ആയ ചേന്നൻ ചായിപ്പിൽ കിടന്നുറങ്ങുകയും ചെയ്യും, അതാണ് പതിവ്. 

പന്ത്രണ്ടാം തീയതി ഒരു നല്ല ദിവസമാണ് ചേന്നന്...! മറ്റു പലർക്കും! കാരണമുണ്ട്‌, കൈമൾ വരുമ്പോൾ ഒരു പെട്ടി നിറയെ "തേയില സഞ്ചികളും, മറ്റു സാധനങ്ങളും കൊണ്ടുവരും പട്ടണത്തിൽ നിന്ന്... അപ്പോൾ ചേന്നന് നല്ല പലഹാരങ്ങളും കൊണ്ടുവരും അതാണ് അവന്റെ സന്തോഷം. 

നാട്ടുകാർക്കും സന്തോഷത്തിനു കാരണമുണ്ട്.... അന്നാണ് സുഭദ്രക്കുഞ്ഞമ്മ പുറത്തിറങ്ങുന്ന ദിവസം!

അടിവാരത്തെ കൈമളുടെ പീടികയുടെ അരികത്തു കൂടി ഒഴുകുന്ന പുഴയുടെ അപ്പുറമുള്ള തുരുത്തിലാണ് കുഞ്ഞമ്മയുടെ വീട്. അവരുടെ വീടും ആദിവാസി കുടുംബങ്ങളുടെ ചില കുടിലുകളും മാത്രമാണ് ആ തുരുത്തിലുള്ളത്... 

കുഞ്ഞമ്മയെ പറ്റി ആർക്കും കൂടുതൽ ഒന്നും അറിയില്ല. അവരുടെ ഭർത്താവ് പട്ടാളത്തിൽ ആണെന്നും, അല്ല മരിച്ചു  പോയതാവാമെന്നും ഒക്കെ സംസാരമുണ്ട്, അതല്ല ചെറുപ്പത്തിലെ ഒരു സ്നേഹബന്ധത്തിൽ കുഞ്ഞുണ്ടായ കുഞ്ഞമ്മ നാട്ടിൽ നിന്നും അകന്നു താമസിക്കുന്നതാണെന്നും സംസാരമുണ്ട് നാട്ടിൽ. 

അധികമാരുമായും അടുപ്പമില്ലാത്ത കുഞ്ഞമ്മയുടെ പട്ടണത്തിൽ പഠിക്കുന്ന മകൻ ഇടയ്ക്കു വന്നു പോകും... പിന്നെ ഒരു പ്രായമായ സഹോദരനും. 

സഹോദരന്റെ സംരക്ഷണയിൽ കഴിയുന്ന കുഞ്ഞമ്മക്ക് പന്ത്രണ്ടാം തീയതി രണ്ടു മൂന്നു ചാക്കുകൾ നിറയെ സാധനങ്ങൾ പട്ടണത്തിൽ നിന്നും വരും. ചന്തയിൽ അത് ഏറ്റുവാങ്ങുവാനും ചുമട്ടുകാരെ കൊണ്ട് വീട്ടിൽ എത്തിക്കാനും മാത്രമാണ് അവർ പുറത്തിറങ്ങാറുള്ളത്. 

സ്വർണ്ണക്കരയുള്ള സെറ്റും മുണ്ടുമുടുത്തു, മുടി വിടർത്തി ഇട്ടു തുളസിക്കതിർ ചൂടി നടന്നു വരുന്ന സുഭദ്രക്കുഞ്ഞമ്മ എല്ലാവരുടെയും കണ്ണിനു വിരുന്നായിരുന്നു. അവരുടെ കേശഭാരം കണ്ടു കൊതിക്കാത്ത തരുണീമണികളുണ്ടായിരുന്നില്ല ആ നാട്ടിൽ. 

നാൽപതുകളിലും സുന്ദരിയായ അവരുടെ കാലിലെ പാദസരങ്ങളുടെ കിലുക്കം കേൾക്കാൻ ചേന്നനും മറ്റു പലരെയും പോലെ പീടികത്തിണ്ണയിൽ കാത്തിരിക്കാറുണ്ടായിരുന്നു. 

ഇതിനൊന്നും കാതോ കണ്ണോ കൊടുക്കാൻ കൈമൾക്കു മാത്രം സമയം ഉണ്ടാവാറില്ല... കിഴക്ക് വെള്ള കീറും മുന്നേ മാത്രം തിരികെ എത്തുന്ന കൈമൾ അന്നേ ദിവസം പീടിക തുറന്നു ചായയും പലഹാരങ്ങളും ഉണ്ടാക്കാനുള്ള തിരക്കിനിടയിൽ ഇതിനൊക്കെ എവിടുന്നു നേരം.. 

"ചെന്നാ.. ഇനി നിനക്കിവിടെ മേശ തുടക്കുവാനും വെള്ളവും കോരി വയ്ക്കുവാനും ആ സ്ത്രീ  തടിപ്പാലം കടന്നു പോകും വരെ  കാത്തിരിക്കണോ, അതോ ആ പണികൾ ഞാൻ തന്നെ ചെയ്തു തീർക്കണോ?"

ചേന്നന്റെ തെക്കോട്ടു ഉള്ള നോട്ടവും ഇരിപ്പും കണ്ടു കൈമൾ നീരസത്തോടെ ചോദിച്ചു.

മേശ തുടച്ചു തീർന്ന ചേന്നൻ  പാലം കടന്നു വരുന്ന സുഭദ്രകുഞ്ഞമ്മയുടെ പാദസ്വരങ്ങളും നോക്കി നെടുവീർപ്പിട്ടുകൊണ്ടു കിണറ്റു കരയിലേക്ക് കുടവുമായി നടന്നു നീങ്ങി... 

കൈമളുടെ കടയിലെ സഞ്ചി ചായ കുടിക്കുവാൻ ദൂരെ നിന്നും പോലും ആളുകളെത്തുമ്പോൾ അവിടെ വരാതിരുന്ന ഏക വ്യക്തിയും സുഭദ്രകുഞ്ഞമ്മ മാത്രമായിരുന്നു. അതിന്റെ കാരണം കണ്ടു പിടിച്ചത് അവിടെ പുറം പണിക്കു ചെല്ലുന്ന തേയി ആണ്. 

"തമ്പാട്ടിക്കു പട്ടണത്തിന്നു ബാരുന്ന ഷാക്ക് കെട്ടിൽ തീയിലിന്റെ ഷെഞ്ചി നാനു കണ്ട്‌, അബറും ഷെഞ്ചി തീയിലേന്റെ ബെള്ളം കുടിക്കാനുണ്ടു " 

മൊട്ടകുന്നിലെ തേയില ചെടികളിലെ കിളിന്തുകൾ നുള്ളികൊണ്ടും പുതിയവ വീണ്ടും തളിർത്തു കൊണ്ടുമിരുന്നു.. കൈമളുടെ സഞ്ചി ചായയോടും സുഭദ്ര കുഞ്ഞമ്മയുടെ സൗന്ദര്യത്തോടും നാട്ടുകാർക്ക് ഉണ്ടായിരുന്ന ആരാധനയും അതുപോലെ തന്നെ നില നിന്നു പോന്നു... 

അങ്ങനെ ഉള്ള ഒരു ഒൻപതാം തീയതി ആയിരുന്നു ചേന്നൻ ഒൻപതു തവണ എണ്ണി പടികൾ കയറി ചെന്നത്... 

പൊതിക്കെട്ടുമായി ഇറങ്ങിയ കൈമൾ പീടിക പൂട്ടി,  ഇരുട്ട് കനത്തു തുടങ്ങിയപ്പോൾ പടിക്കെട്ടുകളിറങ്ങി താഴേക്കു നടന്നു മറഞ്ഞു. 

റാന്തൽ വിളക്കിന്റെ തിരി താഴ്ത്തി ചേന്നൻ ചായിപ്പിന്റെ വാതിലടച്ചു കിടന്നു... ശക്തിയായി കാറ്റു വീശിത്തുടങ്ങിയിരുന്നു. ഇടിമിന്നലിന്റെ വെളിച്ചത്തിൽ തുള്ളിക്ക് ഒരു കുടം പെയ്യുന്ന മഴ ചേന്നൻ പേടിയോടെ ജനാല വഴി നോക്കി നിന്നു. 

രാത്രിയുടെ അവസാന യാമം ആയപ്പോഴേക്കും പുഴയുടെ തെക്കേ ഭാഗത്തു നിന്നും കൂവലുകൾ ഉയർന്നു തുടങ്ങി... പിന്നെ ചേന്നൻ കാത്തു നിന്നില്ല. മഴ വെള്ളം വരുന്നതിന്റെ സൂചനയാണ്. താഴ്ന്ന തറയുള്ള ചായിപ്പിൽ വെള്ളം കയറും മുന്നേ തന്റെ ചാക്ക് സഞ്ചിയിൽ തുണികൾ നിറച്ചു ചേന്നൻ വടക്കേ ചെരുവിലെ പള്ളിക്കൂടം ലക്ഷ്യമാക്കി നടന്നുനീങ്ങി. 

ആ രാത്രിയും പിറ്റേ രാത്രിയും മഴ പെയ്തുകൊണ്ടിരുന്നു. പുഴയിലൂടെ വെള്ളം കലി തുള്ളി ഒഴുകിക്കൊണ്ടിരുന്നു. ചന്തയിലെ പീടികകൾ വെള്ളത്തിൽ മുങ്ങിത്താണു. ആളുകൾ പള്ളിക്കൂടത്തിലും പള്ളിയിലും അഭയം തേടിക്കൊണ്ടിരുന്നു. 

മൂന്നാം ദിനം ഇരുട്ടാകും മുന്നേ മഴയുടെ കലി അടങ്ങിത്തുടങ്ങി... പന്ത്രണ്ടാം തീയതി കാലത്തെ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ ചേന്നൻ പീടിക കെട്ടിടത്തിലേക്ക് നടന്നു. കവലയിലെ കടകൾ അടഞ്ഞു കിടന്ന പോലെ തന്നെ കൈമളുടെ പീടികയും അടഞ്ഞു തന്നെ കിടന്നിരുന്നു..

അന്ന് വൈകും വരെ ചേന്നൻ കാത്തിരുന്നിട്ടും കൈമൾ എത്തിയില്ല, നേരം ഇരുട്ടി വെളുത്തു.. കിഴക്ക് വെള്ള കീറിയപ്പോൾ  ആളുകൾ ഒന്നൊന്നൊന്നായി എത്തി ചേർന്നുകൊണ്ടിരുന്നു കൈമൾ അപ്പോഴും എത്തിയിരുന്നില്ല...

പീടികത്തിണ്ണയിലെ മരയഴിയിൽ മുഖം ചേർത്ത് വഴിയിലേക്ക് നോക്കിനിന്നിരുന്ന ചേന്നന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു നിന്നിരുന്നു. 

സൂര്യനുദിച്ചുയർന്നപ്പോൾ കൂടി നിന്നവർ കണ്ടത് സുഭദ്രക്കുഞ്ഞമ്മയുടെ തുരുത്തിലേക്കുള്ള തടിപ്പാലം മല വെള്ളം കൊണ്ട് പോയതിനു ശേഷം തകർന്നു കിടക്കുന്ന തൂണുകളാണ്.  

പാലത്തിലേക്കുള്ള കൈ വഴിയിൽ ഒരു "പൊട്ടിയ കൊലുസും"  കുറച്ചു "തേയില സഞ്ചികളും"  ചിതറി കിടന്നിരുന്നു...

പിന്നീടാരും കൈമളെ കണ്ടിട്ടില്ല, പട്ടണത്തിൽ ഉണ്ടെന്ന് കൈമൾ പറഞ്ഞിരുന്ന കുടുംബത്തിൽ നിന്നും ആരും കൈമളെ അന്വേഷിച്ചു വന്നതുമില്ല! 

മഴയും വെയിലും മാറി മാറി തേയിലച്ചെടികളെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു. പിന്നീടുള്ള പന്ത്രണ്ടാം തീയതികളിലും സുഭദ്ര കുഞ്ഞമ്മ ചന്തയിൽ ചാക്ക് കെട്ടുകൾക്കായി എത്തിയിരുന്നു..  "കറുത്ത കര"യുള്ള സെറ്റും മുണ്ടും ഉടുത്തിരുന്ന അവരുടെ കാലിൽ അപ്പോൾ ആ പാദസരങ്ങൾ ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com