ADVERTISEMENT

എന്താ എനിക്കു പറ്റിയത്? (കഥ)

എനിക്കെന്തോ എപ്പോഴും കരയാൻ തോന്നുന്നു. പക്ഷേ കരച്ചിൽ വരുന്നില്ല. "ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന വിചാരം വേണം" എന്ന പലപ്രാവശ്യമുള്ള ഓർമപ്പെടുത്തൽ എന്റെ ജീവിതം ദുസ്സഹമാക്കുന്നു. നേരംവെളുക്കുമ്പോൾ മുതൽ 'റെസ്പോൺസിബിലിറ്റി, കോൺസെൻട്രേഷൻ' എന്നീ വാക്കുകൾ എത്ര പ്രാവശ്യമാണ് അമ്മ പറയുന്നത്. കഴിഞ്ഞ വർഷം വരെ സ്കൂളിൽ പോകാൻ എനിക്ക് സന്തോഷമായിരുന്നു. ഈ വർഷം തുടങ്ങിയപ്പോൾ മുതൽ ഒരു വീർപ്പുമുട്ടൽ അനുഭവിക്കുന്നു. ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കാൻ പറ്റുന്നില്ല. കണക്ക് ട്യൂഷനും കഴിഞ്ഞു വീട്ടിൽ വരുമ്പോൾ തളരുന്ന പോലെ തോന്നുന്നു. കുറച്ചു നേരം കിടക്കാമെന്നു വിചാരിക്കുമ്പോഴേക്കും സയൻസ് മാഷ് വന്നിട്ടുണ്ടാകും. സയൻസ് ട്യൂഷൻ കൂടി കഴിയുമ്പോഴേക്കും തലയ്ക്കുള്ളിൽ എന്തോ ഒരു പിരുപിരിപ്പ് അനുഭവപ്പെടുന്ന പോലെ തോന്നുന്നു. പിന്നെയുള്ള ഹോംവർക്കും ശരിക്കു ചെയ്യാൻ പറ്റുന്നില്ല. 

കഴിഞ്ഞ ദിവസം ടീച്ചർ അമ്മയെ വിളിച്ചു "മകനെ ഒന്ന് ഉപദേശിക്കണം താഴോട്ടാണ് മാർക്കുകളുടെ പോക്ക് " എന്നു പറഞ്ഞു. പിന്നെ രണ്ടു ദിവസം അതായിരുന്നു. "നിനക്കെന്തിന്റെ കുറവാണ്  ഈ വീട്ടിൽ" എന്ന ആവർത്തിച്ചുള്ള ചോദ്യം എനിക്ക് താങ്ങാൻ പറ്റുന്നില്ല. ശരിയാണ് എനിക്ക് ഭക്ഷണവും, വീടും, സുഖ സൗകര്യങ്ങളും എല്ലാം ഉണ്ട്. പക്ഷേ അച്ഛന്റെയും അമ്മയുടെയും ഉപദേശങ്ങൾ കേട്ട് എന്തോ മനോവിഭ്രമം പോലെയുണ്ട്. ആരോടും സന്തോഷത്തോടെ സംസാരിക്കാൻ തോന്നുന്നില്ല. മറ്റുള്ളവരുടെ മുഖത്തു നോക്കുമ്പോൾ പേടി വരുന്നതുപോലെ. കഴിഞ്ഞ രണ്ടു ദിവസമായി ഷോൾഡർ കുനിച്ചു  തലതാഴ്ത്തിയാണ് നടക്കുന്നത് എന്നുപറഞ്ഞും ചീത്ത കേൾക്കുന്നുണ്ട്. 

ഇതെല്ലാം  കരുതിക്കൂട്ടി ചെയ്യുന്നതല്ല. എന്താ ഇങ്ങിനെ ആയിപോയതെന്നു എനിക്ക് അറിയില്ല. രാവിലെതന്നെ ബുദ്ധി കൂടാൻ എന്തോ ഇല പിഴിഞ്ഞത്‌ അമ്മ തരാറുണ്ട്. മനംപുരട്ടുന്ന ആ സാധനം കുടിച്ചുകഴിഞ്ഞാൽ ഭക്ഷണമൊന്നും കഴിക്കാൻ തോന്നാറില്ല. ഭക്ഷണം കഴിക്കാതെ എങ്ങനെ പഠിക്കാനായെന്ന നെടുവീർപ്പുകളും കൂടിവരുന്നുണ്ട്. ഓരോ കാര്യത്തിനും തിരുത്തലുകൾ കൂടിവരുന്നോടെ ഏതു ശരി, ഏതു തെറ്റ് എന്ന സംശയവും കൂടിവരുന്നു. ഒരുകാര്യത്തിനും ഒരു തീരുമാനം എടുക്കാനോ, ഒന്നും മുൻകൈയിടുത്തു ചെയ്യാനോ പറ്റാത്ത ഒരു അവസ്ഥയാണ്. വഴിയിൽ കിടക്കുന്ന പട്ടികളെയും, പൂച്ചകളെയും കാണുമ്പോൾ അസൂയ തോന്നാറുണ്ട്. 

എത്ര ദിവസമായി ഒന്ന് കളിക്കാൻ പോയിട്ട്... കഴിഞ്ഞ ദിവസം കൊതികൂടി ക്രിക്കറ്റ് ബാറ്റ് കയ്യിലിടുത്തപ്പഴേ അച്ഛൻ "ഇതുപോലെ ഒരു ഉത്തരവാദിത്തമില്ലാത്തവൻ" എന്നു പറഞ്ഞപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞത്‌ അമ്മ കണ്ടു. എന്നിട്ടു പോലും ഒന്ന് ആശ്വസിപ്പിച്ചില്ല. എത്ര ദിവസമായി അമ്മ ഒരു ഉമ്മ തന്നിട്ട്. കഴിഞ്ഞ വർഷം വരെ അമ്മ തല തോർത്തി തരുമായിരുന്നു. തലതോർത്തുമ്പോൾ അമ്മയെ കെട്ടിപിടിച്ചു നിൽക്കാൻ എന്തുസുഖമാണെന്നോ. അത്രയും ആശ്വാസം ലോകത്തിലെവിടെനിന്നും കിട്ടില്ല. ഈ വർഷം മുതൽ ഹെയർ ഡ്രയർ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു. തല നന്നായി ഉണങ്ങിയില്ലെങ്കിൽ  പനി  പിടിക്കും എന്ന പേടിയാണതിനു കാരണം. നിന്നോടുള്ള സ്നേഹം കാരണമാണ് ഇതൊക്കെ ചെയ്തുതരുന്നത് എന്നതിന്റെ അർഥം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. "എന്തും ചെയ്തുതരാം; മാർക്ക് ഒട്ടും കുറയരുത്" എന്ന വാചകം പേടിസ്വപ്നം പോലെ തോന്നുന്നു. 

കുറച്ചു നേരം അച്ഛന്റെയും അമ്മയുടെയും കൂടെ സംസാരിക്കാൻ പറ്റിയെങ്കിൽ ഒരു സമാധാനമുണ്ടായേനെ. ഇന്നലെ രാത്രി അതിനു ശ്രമിച്ചതാണ്. പക്ഷേ "പഠിക്കാതെയുള്ള വർത്തമാനമൊന്നും ഈ വീട്ടിൽ വേണ്ട" എന്നു പറഞ്ഞത് എന്നെ ശരിക്കും തകർത്തു. ഇതാണ് സ്നേഹമെങ്കിൽ ദ്രോഹം എന്തായിരിക്കും? ആരും എന്നെ ഇതുവരെ ദ്രോഹിച്ചിട്ടില്ലായെന്നോർത്തു എന്റെ കണ്ണുകൾ ഈറനണിഞ്ഞു ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com