ADVERTISEMENT

ഒക്ടോബർ മുതൽ ഡിസംബർ വരെ (കഥ)

ഏറെ ആഘോഷത്തോടെയായിരുന്നു വിവാഹം. ഒരിക്കലും ആഗ്രഹിക്കാത്ത ഒരാൾ വരനായി വന്നു. ആ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുമ്പോൾ എതിർപ്പുമായി ആരും തന്നെ മുന്നിൽ ഉണ്ടായില്ല. അതുകൊണ്ടു തന്നെ അച്ഛനും അമ്മയും മകളെ പറഞ്ഞയയ്ക്കാൻ പറ്റുന്നതിൽ കേമമായി തന്നെ എന്നെയും കല്ല്യാണം കഴിച്ചു വിട്ടു. പേടിയോടെയാണ് വലതു കാൽ വച്ച് കേറിയതെങ്കിലും സ്നേഹിക്കാൻ അറിയുന്ന കുടുംബത്തിൽ തന്നെ എത്തിപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും സുകൃതം.

മധുവിധു കാലം മനോഹരമായ് തന്നെ ആഘോഷിച്ചു. 

ആ കാലഘട്ടത്തിൽ തന്നെയാണ് കുഞ്ഞെന്ന മോഹവും മനസ്സിൽ കേറി കൂടിയത്. ഒരുമിച്ച് കല്യാണം കഴിഞ്ഞ ഒരുപാട് പേർ ഗർഭിണികൾ ആയതും പലരുടേയും ചോദ്യങ്ങളും ആ ആഗ്രഹത്തെ ശക്തമാക്കി. ആർത്തവം ആയ തിയതി അടുത്തു വന്നപ്പോൾ തുടങ്ങിയ ആകാംക്ഷയും വീർപ്പുമുട്ടലും ആണ്. അതിന് ഒരു അറുതി വരുത്താൻ ആണ് ഭർത്താവ് പ്രഗ്നൻസി ടെസ്റ്റ് കിറ്റുമായി ആ ദിവസം വന്നത്. ആ തിടുക്കവും കണ്ണും നട്ടുള്ള  ഇരിപ്പും ഒരു കുഞ്ഞെന്ന സ്വപ്നത്തെ കുറിച്ച് അദ്ദേഹം പറയാതെ പറയുകയായിരുന്നു. കയ്യിൽ ആകെ കൂടി നീണ്ടു നിൽക്കുന്ന നഖവും ഞാൻ തിന്നു തീർത്തു. രണ്ടു ദിവസം മുന്നേ ഉള്ള ഈ ടെസ്റ്റ് ശരിയാണോ എന്നു  പോലും ഞങ്ങൾ രണ്ടിനും അറിവും ഇല്ലായിരുന്നു.

ഞങ്ങളുടെ കണ്ണ് മാത്രമല്ല മനസ്സും ആ കിറ്റിലെ റിസൾട്ടിനായ് ഉറ്റു നോക്കുകയായിരുന്നു. അതെ, റിസൾട്ട് പോസിറ്റീവ്. പ്രതീക്ഷിച്ചതു കൊണ്ടാണോ അല്ലെങ്കിൽ പ്രതീക്ഷിക്കാതെ കിട്ടിയതു കൊണ്ടാണോ ഒന്നും അറിയില്ല കണ്ണ് നിറഞ്ഞു തൂവാൻ തുടങ്ങി. അദ്ദേഹത്തിന്റെ കൈക്കുള്ളിൽ ഒതുങ്ങി നെറുകയിൽ ഒരുമ്മ വാങ്ങിയപ്പോൾ എനിക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു. എങ്കിലും ഒരു സംശയം ബാക്കി നിൽക്കയാൽ രണ്ടു പേരും ഗൂഗിൾ സെർച്ച് ചെയ്യാൻ തുടങ്ങി. പണ്ട് കാരണവന്മാർ പറഞ്ഞു തരുന്നതൊക്കെ ഇപ്പോൾ ഗൂഗിൾ അല്ലേ പറഞ്ഞു തരുന്നത്. രണ്ട് ആഴ്ച കാത്തിരിക്കാൻ ആണ് ഗൂഗിൾ പറഞ്ഞു തന്നത്. രണ്ടാഴ്ച പോയിട്ട് രണ്ടു നിമിഷം പോലും കാത്തിരിക്കാൻ ഉള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. എത്ര പറഞ്ഞിട്ടും ഒന്നും എന്റെ ചെവിയിൽ പോയില്ല. രണ്ടു ദിവസം എങ്കിലും നീ ക്ഷമിക്കൂ എന്ന് പറഞ്ഞപ്പോൾ ഞാനെന്റെ മനസ്സിനെ മനസ്സില്ലെങ്കിലും പാകപ്പെടുത്തി. രണ്ടു ദിവസങ്ങൾ എനിക്ക് യുഗങ്ങൾ ആയി തോന്നി.

അലാറം വച്ച് പതിവിലും നേരത്തെ ഞാൻ എഴുന്നേറ്റപ്പോൾ കല്ല്യാണം കഴിഞ്ഞ് എട്ടു മാസങ്ങൾക്കിപ്പുറം അന്നാദ്യമായ് അദ്ദേഹവും കൂടെ എഴുന്നേറ്റു. വീണ്ടും ടെസ്റ്റ്. അതിൽ കൂടുതൽ തെളിഞ്ഞ വരകൾ. ആ സ്ട്രിപ്പും എടുത്ത് തുള്ളിച്ചാടാൻ ഒരുങ്ങിയ എനിക്ക് സമയമോ സ്ഥലമോ ഒന്നും ഓർമയില്ലായിരുന്നു. എന്നെ തടഞ്ഞു നിർത്തി "നമ്മുടെ വാവ" എന്നു പറഞ്ഞപ്പോൾ ഇരുട്ടിലും ഞങ്ങളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു, ഗർഭിണിയാണ് ഞാൻ. അമ്മയാവാൻ പോവുകയാണ്. കാത്തിരുന്നു കാത്തിരുന്നു  അമ്മയാവാൻ പോകുന്നു. മാതൃത്വം തുടിച്ചു, ഒരു പെണ്ണിന്റെ ജന്മ സാഫല്യമാണ് അമ്മയാവുക എന്നത്. വൈകാതെ തന്നെ ഹോസ്പിറ്റലിൽ പോവുകയും ഗർഭിണിയാണെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. 

സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും. ശരിക്കും സ്നേഹ പരിലാളനകൾ കൊണ്ട് വീർപ്പു മുട്ടിയ ദിനങ്ങൾ.  ആദ്യ സ്കാനിംഗ്. ഒരൽപം ഭയമുണ്ട്. ആദ്യത്തെ അനുഭവമാണ്. എന്താണ് എന്തിനാണ് ഒന്നും അറിയില്ല. അമ്മയും ഭർത്താവും കൂടെയുണ്ട്. എന്നാലും ഒരുൾഭയം. എന്തിനായിരുന്നു അതെന്ന് ഇപ്പോഴും അറിയില്ല. ചില തോന്നലുകൾ അത് മനുഷ സഹജമാണല്ലോ. "നോക്കാം" എന്ന ഡോക്ടറുടെ മറുപടി ആശങ്ക ഉണ്ടാക്കിയെങ്കിലും കലങ്ങിയ എന്റെ കണ്ണുകൾ നോക്കി ഞാനുണ്ട് എന്നദ്ദേഹം പറഞ്ഞപ്പോൾ ആ സമയത്തെങ്കിലും അതൊരു ആശ്വാസമായിരുന്നു. പ്രാർഥനകളോടു കൂടിയുള്ള രണ്ടാഴ്ചകൾ വീണ്ടും. അതുവരെ ഗർഭിണി എന്ന ലേബൽ സുഖകരമായ അവസ്ഥയാണെങ്കിലും "നോക്കാം" എന്ന മറുപടി എന്നെ ഒരു രോഗിയാക്കി മാറ്റിയതു പോലെ തോന്നി. ഇരുളും വെളിച്ചവും എല്ലാം എനിക്ക് ഒരു പോലെയായി. എല്ലാത്തിനെയും എനിക്ക് ഭയമായിരുന്നു. ഇടയ്ക്കിടെയുള്ള ഞെട്ടലുകൾ. പല രാത്രികളും ഉറക്കമില്ലായ്മയുടേതായി. എന്നെ നെഞ്ചോട് ചേർത്തു പിടിച്ച്  ഉറക്കിയ രാത്രികളുടെ എണ്ണവും കൂടി.

വീണ്ടും ഒരു സ്കാനിംഗ് കൂടി. എൻറെ ഹൃദയമിടിപ്പ് എനിക്കു തന്നെ നിയന്ത്രിക്കാൻ കഴിയുന്നതിൽ കൂടുതൽ. സ്കാനിംഗ് റൂമിനു വെളിയിൽ കാത്തിരിക്കുമ്പോൾ ഞങ്ങൾ മൂന്നു പേരുടെയും മുഖം അത്ര സുഖകരമായിരുന്നില്ല കാണാൻ. പതിവിലും വിപരീതമായി ഞങ്ങൾ മൂകമായ്  ഇരുന്നു. ഓരോ നിമിഷവും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഊഴവും കാത്തുള്ള ഈ ഒരിരുപ്പ് മതി ടെൻഷൻ കൂടാൻ. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം എന്റ‌‌െ ടോക്കൺ വിളിച്ചു. ബെഡിൽ കിടന്നു ഞാൻ ഡോക്ടറെ നോക്കി. ഇനി എന്താണാവോ പറയാൻ പോകുന്നത്. "ഏയ് പേടിക്കാൻ ഒന്നും കാണില്ല ", ഞാൻ എന്നോടു തന്നെ പറഞ്ഞു. പക്ഷേ, ഡോക്ടറുടെ പൊസിഷൻ ചെക്കിങ്ങും അതിനനുസരിച്ച് അദ്ദേഹത്തിന്റെ മുഖം മുറുകുന്നതും റൂമിൽ ഉണ്ടായ ഹെൽപ്പറോട് പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചതും എന്റെ ശ്വാസഗതി കൂട്ടുന്നതായിരുന്നു. അല്ലേലും വെറുതെ ഞാൻ ഓരോന്ന് ഓർത്തു സംശയിക്കും എന്ന് എല്ലാവരും പറയുന്നതാണ്. ചിലപ്പോൾ അവർ വേറെ എന്തെങ്കിലും പറയുന്നതാവും. ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു. പുറത്തിരിക്കാൻ പറഞ്ഞു. ഞാൻ വെളിയിൽ ഇറങ്ങി. കൺസൾട്ടിങ് റൂമിനു വെളിയിൽ വീണ്ടും കാത്തിരിപ്പ്. നഴ്‌സ് പേര് വിളിച്ചപ്പോൾ ഞങ്ങൾ കൺസൾട്ടിങ് റൂമിൽ കയറി. "കുഞ്ഞിന് ഹാർട്ട് ബീറ്റില്ല, അബോർട്ട് ആയി." ഡോക്ടർ ഇത്രയും പറഞ്ഞപ്പോൾ തന്നെ വേറൊന്നും കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല.

അതിൽ കൂടുതൽ കേൾക്കാൻ മാത്രം ശക്തമായിരുന്നില്ല എന്റെ മനസ്സ്. ഏറ്റവും വലിയ ശത്രുവിനെ പോലെ ഞാൻ അയാളെ നോക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പുറത്തേക്കു വരുമ്പോൾ ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു. നെഞ്ചിൽ ഒരു വിങ്ങലായിരുന്നു. പാൽ ചുരത്താൻ ആഗ്രഹിച്ച മാറിടവും താലോലിക്കാൻ കൊതിച്ച കൈകളും എല്ലാം മരവിച്ചപോലെ. “എന്റെ വാവ”. നിറഞ്ഞ കണ്ണുകളോടെ ഞാൻ രാത്രികൾ കരഞ്ഞു തീർത്തപ്പോൾ നെഞ്ചിലെ തീ എന്നിൽ നിന്നും മറച്ചു പിടിച്ചു ഭർത്താവ് ആശ്വസിപ്പിച്ചു. എത്ര നാൾ എല്ലാ വേദനയും നെഞ്ചിലൊതുക്കും. ഒരു നാൾ അറിയാതെ ആ വായിൽ നിന്നും “നമ്മുടെ വാവ പോയല്ലോ” എന്ന് പറഞ്ഞു പോയപ്പോൾ ആകെ സമനില തെറ്റി ഞാൻ അലറി വിളിച്ചപ്പോൾ പകച്ചു നിന്നദ്ദേഹം.

അങ്ങനെ, ആ ക്രിസ്മസ് പകൽ രണ്ടു മാസം ഞാനെന്റെ ഉദരത്തിൽ പേറിയ എന്റെ ജീവൻ എന്നന്നേക്കുമായി അവസാനിച്ചു. ഒരു ഒക്ടോബറിൽ തുടങ്ങി ഡിസംബറിൽ അവസാനിച്ച എന്റെ ഗർഭം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com