ADVERTISEMENT

മെഴുകുതിരി ജീവിതങ്ങൾ! (ഓർമകുറിപ്പ്)

കുടുംബത്തോടു കൂടി രാത്രി അജ്മാനിൽ പോയിട്ട് തിരിച്ച് അബുദാബിയിലേക്ക് വരുന്നതിനിടയിൽ, ഏകദേശം 11 മണിയോടെ അബുദാബി - ദുബൈ റോഡിലുള്ള അഡ്‌നോക് പെട്രോൾ സ്റ്റേഷനിൽ കയറി പെട്രോൾ അടിച്ചു, ശേഷം ഭക്ഷണവും കഴിച്ചു. പിന്നെ ഭാര്യയും മൂത്തമോനും കൂടി കൈ കഴുകാൻ പോയിരിക്കുകയായിരുന്നു. ഞാനും ഇളയ മകനും അവിടെ ഇരിക്കുന്നതിനിടയിൽ, പെട്ടെന്ന് ഒരു മലയാളിയായ ഒരാള് വന്നിട്ട് ബാസ്കിൻ റോബിന്സിന്റെ രണ്ട് ഐസ്ക്രീം കൊണ്ടു വന്നു തന്നു. ഇത് നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കണം എന്നും പറഞ്ഞു തിരിച്ചു പോവുകയായിരുന്നു. ഇത് കണ്ടപ്പോൾ ഞാനത് സ്നേഹത്തോടെ നിരസിച്ചു. പക്ഷേ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അത് തിരിച്ചെടുക്കാതെ ധൃതിയിൽ പുറത്തേക്കു പോയി. 

എല്ലാം കഴിഞ്ഞു തിരിച്ചു വണ്ടിയിൽ കയറുന്നതിനിടയിൽ കുട്ടികളെയും കൂട്ടി അയാളെയും തിരക്കി ഞാനും നടന്നു. അവസാനം അദ്ദേഹത്തെ അവിടെയൊക്കെ തന്നെ കണ്ടെത്തിയെങ്കിലും, നമ്മളെ കാണാത്തതു പോലെ അയാൾ തിരക്കിട്ട് അയാളുടെ ജോലി ചെയ്തുകൊണ്ടിരുന്നു. 

കുറെ നേരം കാത്തു നിന്നതിനു ശേഷം, അദ്ദേഹത്തെ പരിജയപ്പെട്ടു, നമ്മളെ ഇതിനു മുമ്പ് അറിയാമായിരുന്നോ, അല്ലെങ്കിൽ എന്തിനാണ് ഒരു പരിജയവുമില്ലാതെ ഐസ് ക്രീം വാങ്ങി തന്നത് എന്നൊക്കെ ചോദിക്കണമെന്നു കരുതിയാണ് പോയതെങ്കിലും, അതെല്ലാം മുന്നിൽ കണ്ടുകൊണ്ട്, നിങ്ങളുടെ കുട്ടികളെ ഞാൻ കുറെ നേരമായി ശ്രദ്ധിക്കുകയായിരുന്നെന്നും, അവരെ കണ്ടപ്പോൾ പെട്ടെന്ന് സ്വന്തം മക്കളെ ഓർത്തു പോയെന്നും, എന്റെ സ്വന്തം മക്കൾക്ക് വാങ്ങിച്ചു കൊടുത്തതു പോലെയാണ് നിങ്ങളുടെ കുട്ടികൾക്ക് ഞാൻ അത് വാങ്ങി നൽകിയതെന്നും പറഞ്ഞപ്പോൾ വല്ലാതെ സങ്കടമായി... പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തെയും മക്കളെയും പറ്റി ചോദിച്ചപ്പോൾ, കണ്ണ് നിറഞ്ഞു. സംസാരം വിങ്ങികൊണ്ടായിരുന്നു. അയാൾക്കൊന്നും പറയാൻ പറ്റാതെ വീണ്ടും തന്റെ ജോലിയിൽ മുഴുകുകയായിരുന്നു. അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുകയായിരുന്നു. 

തനിക്കു കിട്ടിയ വലിയ അനുഗ്രഹത്തിൽ ദൈവത്തിനു നന്ദിയും പറഞ്ഞു കൊണ്ട് തിരിച്ചു വണ്ടിയിൽ കയറുമ്പോൾ ആരും കാണാതെ ഞാൻ എന്റെ കണ്ണുകൾ തുടയ്ക്കുകയായിരുന്നു... ഫസല് എന്ന് പേരുള്ള അദ്ദേഹം ഈ മരുഭൂമിയിലെ ഏതാണ്ട് എൺപതു ശതമാനത്തിന്റെ പ്രതിനിധിയാണ്. കുടുംബത്തിനുവേണ്ടി അന്യനാട്ടിൽ  അദ്ദേഹത്തിന്റെ സങ്കടങ്ങളും, പ്രയാസങ്ങളും. മറ്റുള്ളവർക്കു വേണ്ടി പ്രകാശിച്ചു, പ്രകാശിച്ചു സ്വയം ഉരുകി ഇല്ലാതാകുന്ന മെഴുകുതിരി പോലെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com