ADVERTISEMENT

‘ധ്യാൻ’ ഇനി ഒരു ഓർമ (കഥ)

ഹൃദയത്തിൽ ഒരു വലിയ ഭാരമനുഭവപ്പെടുന്നപോലെ, ഒരു വിങ്ങുന്ന വേദന. അവസാനമായി ഞാൻ ധ്യാനിനയച്ച മെസ്സേജുകൾ വീണ്ടും വീണ്ടും വായിച്ചു. എന്തിനാണ് ഞാൻ ഇതെല്ലാം തുടങ്ങി വെച്ചത്‌? കുറ്റബോധത്തിന്റെ വേദന വേറെയും. വീട്ടിൽ നിന്നുള്ള വിവാഹാലോചനകളുടെ കൂമ്പാരത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ട് മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ കണ്ടെത്തുക എന്നുള്ള എന്റെ അന്വേഷണം അവസാനിച്ചത് ഒരു പ്രശസ്തമായ മലയാളി മാട്രിമോണിയൽ സൈറ്റിലാണ്. 

പലതവണ സുഹൃത്തുക്കൾ നിർബദ്ധിച്ചെങ്കിലും എനിക്കൊരിക്കലും താൽപര്യം തോന്നിയിട്ടില്ല. കല്യാണത്തെപ്പറ്റിയുള്ള എന്റെ സങ്കൽപ്പങ്ങൾ ഏറെയാണ്. ഒരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ ജീവിതം മുഴുവൻ... ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. മുപ്പതാം വയസ്സിലേക്ക് കാൽ വയ്ക്കാനൊരുങ്ങുന്ന ഞാൻ, ഏറ്റവും വലിയ ഡിഗ്രി തന്നെ നേടി ഒരു ജോലി നേടുക എന്ന സ്വപ്നത്തിനു മുൻപിൽ വിവാഹത്തെപ്പറ്റി സീരിയസ് ആയി ചിന്തിച്ചിരുന്നില്ല. 

അങ്ങനെ മാട്രിമോണിയൽ എന്റെ ഒരു ഒറിജിനൽ എന്ന് തോന്നിയ ഒരു ഫോട്ടോയും മറ്റു ഡീറ്റൈൽസും എല്ലാം ചേർത്ത് റജിസ്ട്രേഷനും പൂർത്തിയാക്കി. അതിൽ എന്നെപ്പറ്റി വിവരിക്കാനുള്ള ഒരു കോളത്തിൽ ഞാൻ വ്യക്തമാക്കിയത് സ്ത്രീധനം ആഗ്രഹിക്കാത്ത, സ്ത്രീയെത്തന്നെ ഒരു ധനമായി കരുതുന്ന ആൾക്ക് മുൻഗണന എന്നായിരുന്നു. കൊടുക്കുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണമെന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു. കുറെയേറെ പ്രൊപോസൽസ് അതിൽ വഴി എനിക്ക് കിട്ടി. പക്ഷേ ജാതിക്കും മതത്തിനും പിന്നെ പണത്തിനും പ്രാധാന്യം നൽകുന്നതാണ് അവയെന്ന് കണ്ടപ്പോൾ എല്ലാം വേണ്ടാന്ന് വെച്ചു. 

dhyan-ini-oru-orma-03
പ്രതീകാത്മക ചിത്രം

ചിലതിൽ താൽപര്യം അറിയിച്ചപ്പോൾ ഫോൺ ചെയ്തു ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ എല്ലാം ബ്ലോക്ക് ചെയ്തു. പിന്നീടൊരിക്കൽ എന്റെ പ്രൊഫൈൽ കണ്ടവരുടെ ലിസ്റ്റിൽ ഞാൻ ഒരു മുഖം ശ്രദ്ധിച്ചു. ഒരു താടിയുള്ള മുഖശ്രീ, ഞാൻ തേടിയ മുഖം പോലെ തോന്നി. പേര് ശ്രദ്ധിച്ചു വായിച്ചു. ‘ധ്യാൻ ജോർജ്’ ക്രിസ്താനിയാണെന്നു മനസ്സിലായപ്പോൾ ചെറുതായി നിരാശ തോന്നി. എനിക്ക് മതവും ജാതിയും ഒരു പ്രശ്നമായിരുന്നില്ലെങ്കിലും ജാതകപൊരുത്തത്തിന്മേൽ അടിത്തറയിട്ട വീട്ടുകാർക്ക് അത് വലിയ പ്രശ്നമാകുമെന്നു  ഉറപ്പുണ്ടായിരുന്നു. 

ആ മുഖശ്രീയുടെ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോൾ താൽപര്യം കൂടി. വളരെ സത്യസന്ധമായ സ്വയം വിശേഷണം എനിക്ക് വളരെയേറെ ഇഷ്ടമായി. അങ്ങനെ ഞാൻ എന്റെ താൽപര്യം അറിയിച്ചു. രണ്ടുദിവസത്തിനകം എന്റെ പ്രൊപ്പോസൽ ആക്സപ്റ്റും ചെയ്തു. അത് കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി. പിന്നെ പ്രൊഫൈൽ ജെനുവിൻ ആണോന്നറിയാൻ ഫേസ്ബുക്കിൽ സെർച്ച് ചെയ്തു നോക്കി . അതേ പ്രൊഫൈൽ പിക്ചർ തന്നെയായിരുന്നു ഫേസ്ബുക്കിലും. ഞാൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കാത്തിരുന്നു . ഉടനെത്തന്നെ ആക്സിപ്റ്റും ചെയ്തു. പക്ഷെ ഒരു മെസ്സേജ് അയച്ചു സംസാരിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. 

dhyan-ini-oru-orma-02
പ്രതീകാത്മക ചിത്രം

അങ്ങനെ കുറേനാളുകൾക്കു ശേഷം ഫേസ്ബുക്കിൽ എന്റെ സ്കൂൾ ജീവിതത്തെപ്പറ്റി ഒരു പോസ്റ്റ് ഇട്ടു. മലയാളത്തിലായിരുന്നു പോസ്റ്റ് എഴുതിയിരുന്നതെങ്കിലും ഇംഗ്ലീഷ് അക്ഷരങ്ങളായിരുന്നു ഉപയോഗിച്ചത്. ഉടനെത്തന്നെ ഒരു ലൈക് വന്നതുകണ്ട് ശ്രദ്ധിച്ചപ്പോൾ അത് ‘ധ്യാൻ’ ആയിരുന്നു. മലയാളത്തിൽ ടൈപ്പ്‌ ചെയ്യാമായിരുന്നില്ലേ എന്ന കമന്റും ഉണ്ടായിരുന്നു. മംഗ്ലീഷ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള ഉപദേശവും തന്നിട്ട് ധ്യാൻ ബൈ പറഞ്ഞു പിരിഞ്ഞു. എന്റെ പോസ്റ്റിനു ആദ്യം കിട്ടിയ കമന്റ്, അത് പ്രതീക്ഷിക്കാത്ത ഒരാളുടെ പക്കൽനിന്നു കിട്ടിയ അഭിനന്ദനവും എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. അതോടെ ധ്യാനിനെപ്പറ്റി അറിയാനുള്ള എന്റെ ആകാംഷ വളരെയേറെ വർധിച്ചു. 

അങ്ങനെ എത്രയോ ദിവസങ്ങൾ ടെക്സ്റ്റ് മെസ്സേജിന്റെ മനോഹരമായ ദിവസങ്ങളായി മാറി. ധ്യാനിനെപ്പറ്റി ഞാൻ കൂടുതൽ മനസ്സിലാക്കി തുടങ്ങി. സംസാരത്തിൽ റൊമാൻസ് ആയിരുന്നു കടന്നുവരാറുണ്ടായിരുന്നു വെങ്കിലും  എന്റെ ചില ചോദ്യങ്ങൾക്കുള്ള  ഉത്തരത്തിൽ ഈഗോയുടെ അംശം അങ്ങിങ്ങായി അലയടിക്കുന്നു എനിക്ക് മനസ്സിലായി. അതിനെപ്പറ്റി ചോദിച്ചപ്പോൾ ധ്യാൻ സമ്മതിക്കുകയും മാറ്റാൻ   ശ്രമിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. ഈ സത്യസന്ധത എന്നെ ധ്യാനിലേക്കുലേക്ക് കൂടുതലടുപ്പിച്ചു. പിന്നീടുള്ള നാളുകൾ ഞാൻ ധ്യാനിന്റെ  മെസ്സേജുകൾക്കായി കാത്തിരിപ്പു തുടങ്ങി. 

ഞങ്ങൾ ഫോൺ നമ്പറുകൾ കൈമാറിയിരുന്നില്ല. ധ്യാൻ   ഒരിക്കലും എന്റെ ഫോൺ നമ്പർ ചോദിക്കാത്തതു ആശ്ചര്യം തോന്നിയെങ്കിലും അത് ഒരു മാന്യതയുടെ ഭാഗമായി ഞാൻ കരുതി. പക്ഷേ ഞങ്ങളുടെ ബന്ധത്തിന്റെ ഡയറക്ഷൻ എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ അത് വീട്ടുകാരുടെ തീരുമാണെന്നു പറഞ്ഞത് കൊണ്ട് പിന്നീടൊന്നും ചോദിച്ചുമില്ല.  ഫ്രണ്ട് ആയി തുടരാം എന്നുള്ള അഭിപ്രായത്തിൽ ഞങ്ങളുടെ ബന്ധം ഒരു മെസേജ് രൂപത്തിൽ തുടർന്നു. ചിലപ്പോൾ ധ്യാനിന്റെ വളരെ പാകതയേറിയ പെരുമാറ്റം എന്നിൽ  ബഹുമാനമുളവാക്കാനും കാരണമായി. ഞാൻ എന്റെ മൂല്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരാളായതുകൊണ്ട് റൊമാന്റിക് ആയി തുടരാൻ കഴിയില്ലെന്ന് ധ്യാനിനോട് അറിയിച്ചു. 

dhyan-ini-oru-orma-05
പ്രതീകാത്മക ചിത്രം

റൊമാൻസ് ഒരാളോട് ചെയ്തിട്ട് വേറെ ഒരാളെ വിവാഹം ചെയ്യുന്നതിനോട് എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾ ഇതുവരെ അന്യോന്യം കണ്ടിട്ടും, ശബ്ദം കേട്ടട്ടിട്ടുമുണ്ടായിരുന്നില്ല. ഫ്രണ്ട്സായി  മാത്രം സംസാരിക്കാമെന്ന നിലയിൽ മുന്നോട്ടുപോകാമെന്ന് ധ്യാനും സമ്മതിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ മെസ്സേജുകളുടെ എണ്ണം കുറഞ്ഞു വന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ധ്യാനിനെ വളരെയേറെ മിസ് ചെയ്തു  തുടങ്ങിയിരുന്നുവെന്ന്.

മെസേജുകൾക്കായി ഞാൻ ഉറങ്ങാതെ കാത്തിരിപ്പു തുടങ്ങി. എനിക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ ജോലിയിൽ എനിക്ക് ശ്രദ്ധ കുറഞ്ഞു വന്നു. ഞാൻ ആദ്യമായ് ആണ് ഒരു റിലേഷനിൽ വീഴുന്നത്, അതുകൊണ്ടാവാമെന്നു കരുതി സമാധാനിച്ചു. ഫ്രണ്ട്സായി തുടരാമെന്നു ഞാൻ മുൻകൈ എടുത്തതുകൊണ്ടു ധ്യാനിനോട്  ഒന്നും പറയാൻ കഴിഞ്ഞുമില്ല. ഫേസ്ബുക്കിലെ മെസ്സേജുകൾക്കു മറുപടി വരാത്തതിനാൽ എനിക്ക് വളരെയേറെ നിരാശയും തോന്നി. ചിലപ്പോൾ ധ്യാൻ  ഓൺലൈനിൽ ഉണ്ടായിട്ടും എന്നെ ഒഴിവാക്കുന്നത് എനിക്ക് മനസ്സിലായി. 

dhyan-ini-oru-orma-04
പ്രതീകാത്മക ചിത്രം

സ്ഥാനമില്ലാത്തിടത്തു യാചിക്കേണ്ട എന്ന് തോന്നി ഞാൻ ധ്യാനിന്  മെസ്സേജ് അയച്ചു. ധ്യാനിനെ  ഫേസ്ബുക്കിൽ നിന്ന് അൺഫ്രണ്ട്‌ ചെയ്‌തെന്നും, എന്നെ അവോയ്ഡ് ചെയ്യുന്നത് മനസ്സിലായെന്നും. പിന്നെ എനിക്ക് ധ്യാനിനോട്  തോന്നിയ ഇഷ്ടവും എന്റെ ഈഗോ മറന്നു ഞാൻ തുറന്നു പറഞ്ഞു. വേദനിപ്പിച്ചിട്ടു ണ്ടെങ്കിൽ ക്ഷമിക്കണമെന്നും നിന്റെ തീരുമാനമതാണെങ്കിൽ അങ്ങനെയാവട്ടെയെന്നുമായിരുന്നു ധ്യാനിൻറെ  മറുപടി. ഉടനെത്തന്നെ ഞാൻ ഫേസ്ബുക്കിൽ ധ്യാനിനെ ബ്ലോക്ക് ചെയ്തു. ധ്യാനിന്റെ ഫേസ്ബുക്കിലെ നോട്ടിഫിക്കേഷൻ വരാതിരിക്കാനും ഇനിയൊരിക്കലും  ഓർമിക്കാതിരിക്കാനുമായിരുന്നു എന്റെ തീരുമാനം. 

കളങ്കമില്ലാത്ത ഒരു സുഹൃത്തായി തുടരാൻ എനിക്ക് കഴിയില്ലായെന്നു തോന്നിയതുകൊണ്ടായിരുന്നു വേദനയേറിയ ഈ പിൻവാങ്ങൽ. ധ്യാനിന് എന്റെ മാനസികാവസ്ഥ മനസ്സിലായിരുന്നുവോ എന്ന് ഇപ്പോഴും എനിക്കറിയില്ല. ഞാനെടുത്ത തീരുമാനത്തിൽ അഭിമാനവും അത്രതന്നെ നീറുന്ന നൊമ്പരവുമായി മെസേജുകൾക്കു ഞാൻ എന്നന്നേക്കുമായി വിട പറഞ്ഞു. അങ്ങനെ എന്റെ ഓർമകളുടെ ശേഖരത്തിലേക്ക് ഒരു പുതിയ അതിഥി കൂടി ‘ധ്യാൻ’

English Summary : Dhyan Ini Verumoru Orma Sory by Dr.Vidhya PT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com