sections
MORE

ഞാൻ ഓടി വാതിൽ തുറന്നു, എങ്ങും കറുത്ത പുക; പൂർണ്ണ ഗർഭിണിയായ ജൂഡി അപ്പോൾ...

നഗരത്തിലെ ചങ്ങാതി (കഥ)
പ്രതീകാത്മക ചിത്രം
SHARE

നഗരത്തിലെ ചങ്ങാതി (കഥ)

ആ മെട്രോ നഗരത്തിൽ ഞാൻ പുതുക്കക്കാരനാണ്. രാവിലെ, ബാച്ച്‌ലേഴ്സ് ഫ്ലാറ്റിൽ നിന്നും ഓഫീസിലേക്ക്  ഞാനിറങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും  അവൾ എലിവേറ്ററിന്റെ ബട്ടണമർത്തി കാത്തുനിൽപ്പുണ്ടാവും. പലപ്പോഴും ഞങ്ങൾ രണ്ടുപേരെ മാത്രം വഹിച്ച് അഞ്ചാം നിലയിൽ നിന്നും അത് താഴേക്ക് സഞ്ചരിച്ചു. 

ആദ്യമാദ്യം ഞാൻ അവളുടെ മുഖത്തു നോക്കിയില്ല.ദിവസങ്ങൾ കടന്നുപോകവേ ഇപ്പൊ അവളെയും പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ്  ഞാൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങാറ്. മനോഹരമായി കണ്ണെഴുതി, ആകർഷണീയമായ നിറങ്ങളിലുള്ള ചുരിദാറുകൾ ധരിക്കാറുള്ള, ഇരുനിറമുള്ള സുന്ദരിയെ ദിവസം ആരംഭിക്കുമ്പോൾ തന്നെ അടുത്ത് കാണുന്നതൊരു സുഖമാണെന്ന് നിഷ്‌ക്കളങ്കനായ  ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.

അവൾ പലപ്പോഴും നിർമ്മലമായ പുഞ്ചിരി സമ്മാനിക്കുവാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.  എന്നാൽ എന്നിലെ സ്വധവേയുള്ള അപകർഷതാ ബോധം അവളുടെ പുഞ്ചിരിക്ക് മറുപടി നൽകാൻ എന്നെ അനുവദിച്ചില്ല. അവളുടെ സുന്ദരമായ പുഞ്ചിരി ഞാൻ അവഗണിച്ചുകൊണ്ടിരിക്കും.  ഇപ്പോൾ നേരിയ നെഞ്ചിടിപ്പോടെയെങ്കിലും ഞാനും തിരിച്ചു പുഞ്ചിരിയെറിയാൻ തുടങ്ങി.

ഞങ്ങൾ രണ്ടുപേർക്കും ഒരേ വഴിയിലൂടെ തന്നെയാണ് ഞങ്ങളുടെ ഓഫീസുകളിലേക്ക് പോകേണ്ടത്.  അവളുടെ ഓഫീസ് ബിൽഡിങ്ങും കഴിഞ്ഞ് പിന്നെയും മൂന്നുമിനിറ്റോളം നടന്നാലാണ് എന്റെ ഓഫീസ്. ആ സമയം മുഴുവൻ അവളെക്കുറിച്ചോർത്തു നടക്കാൻ എനിക്ക് നല്ലൊരിഷ്ടം തോന്നി. മടിയോടെ, രാവിലെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞിറങ്ങുമ്പോഴേക്കും ഞങ്ങളുടെ ടൈമിംഗ് തെറ്റുമ്പോൾ, എനിക്കവളെ ലിഫ്റ്റിനടുത്ത് കാണാൻ സാധിക്കില്ല.  

അങ്ങനെയുള്ളൊരു ദിവസം, അവളുടെ ഭർത്താവ് യാത്ര പറഞ്ഞു പിരിഞ്ഞയുടൻ സ്ഥിരമായി ക്രോസ് ചെയ്യാറുള്ള, ഇരുഭാഗത്തേക്കും  മൂന്നുവരിപ്പാതകൾ വീതമുള്ള നിരത്തിന്റെ  ആദ്യഭാഗം നടന്നു തീർത്ത അവൾ, വീതിയുള്ള ഡിവൈഡറിൽ , നഗരസഭ വെച്ചു പിടിപ്പിച്ച സ്വർണ്ണനിറമുള്ള ഈന്തപ്പഴങ്ങൾ പേറുന്ന ഈന്തപ്പനകൾക്കിടയിലൂടെ തിരിഞ്ഞു നോക്കുമ്പോൾ നിരത്തിനപ്പുറത്തുള്ള എന്നെ കണ്ടു.  ദിനാരംഭത്തിന്റെ ധൃതിയിൽ ഇരമ്പിപ്പായുന്ന വാഹനങ്ങൾ .. ഞാൻ നിരത്തുകൾ കുറുകെ കടന്നു തീരുന്നത് വരെ അവൾ  എന്നെ കാത്തുനിന്നു. ചാരനിറത്തിലുള്ള ചുരിദാർ ധരിച്ചിരുന്ന അവളുടെ, ഇളം ചുവപ്പു ചായം പൂശിയ ചുണ്ടുകൾ എന്നോട് മന്ദസ്മിതം തൂകി! കാതിൽ തൂങ്ങിക്കിടന്ന പച്ചക്കല്ലുകൾ പതിച്ച കമ്മലുകൾ എന്നെ നോക്കി ചിരിച്ചു തിളങ്ങി.

nagarathile-changathi-03

‘‘ പേരെന്താ’’എന്ന് ഈണത്തിൽ ചോദിച്ച ശബ്ദം എന്നെ കോരിത്തരിപ്പിച്ചു!

‘‘അരുൺ’’.. പടപടാ മിടിക്കുന്ന എന്റെ ഹൃദയതാളം കാതിൽ മുഴങ്ങുമ്പോഴും ധൈര്യം സംഭരിച്ചു ഞാൻ മറുപടി പറഞ്ഞു.  ഒപ്പം ഞാനറിയാതെ അവളോടെന്റെ മറുചോദ്യവും വന്നു.

‘‘നിങ്ങളുടെ പേര്’’

‘‘ജൂഡി’’ തൃപ്പൂണിത്തുറയാ നാട്, ഹിൽപാലസിനടുത്ത്..‘‘ നിങ്ങൾ നാട്ടിലെവിടെയാ? ചോദിച്ചതിനുമപ്പുറം ആവശ്യം വേണ്ട വിവരങ്ങൾ

‘‘ബാലുശ്ശേരി’’... പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു.

ദിനേന ഞങ്ങൾ എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടു നടക്കും. എന്നോട് ചേർന്നു നടക്കാൻ അവൾക്ക് യാതൊരു മടിയുമില്ലായിരുന്നു. തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നടക്കുമ്പോൾ പലപ്പോഴും എന്റെ കാലുകൾ വിറച്ചു. ചാറ്റൽ മഴയുണ്ടായിരുന്ന ഒരു ദിവസം, അവൾ സ്ഥിരമായി കരുതാറുള്ള കുടയിൽ എന്നെയും കൂട്ടി നടക്കുമ്പോൾ അവളുടെ മുഖത്ത് എന്തോ സംതൃപ്തി കളിയാടുന്നത് ഞാൻ ശ്രദ്ധിച്ചു.  

‘‘കുട അരുൺ കൊണ്ടുപോയ്ക്കോ, ബാക്കി ദൂരം മഴനഞ്ഞു പോകണ്ട, വൈകിട്ട് ഫ്ലാറ്റിൽ കൊണ്ട് തന്നാൽ മതി, അതേയ്, എന്റെ ഓഫീസ് സമയം അഞ്ചുമണിവരെയാ, അപ്പൊ മഴയുണ്ടെങ്കിൽ എന്നെ വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോണം കേട്ടോ, അല്ലെങ്കിൽ ഞാൻ മഴനനഞ്ഞു പോകേണ്ടിവരും’’ നുണക്കുഴിയിൽ കള്ളച്ചിരി വിരിയിച്ചു കൊണ്ട് അവൾ സ്വാതന്ത്ര്യത്തോടെ പറഞ്ഞു.  

‘‘ഉറപ്പായും ഞാനെത്തും’’, വൈകിട്ട് മഴ പെയ്യണേ ഈശ്വരാ എന്ന പ്രാർത്ഥനയുടെ അകമ്പടിയോടെ ഞാൻ മറുപടി നൽകി.  എന്നെ നിരാശപ്പെടുത്തിക്കൊണ്ട് പിന്നെ മഴപെയ്തുമില്ല!

ഇടക്കൊരു ദിവസം, എനിക്കൊരു ജോബ് ഇന്റർവ്യൂ തരപ്പെട്ടപ്പോൾ, അഡ്രസ്സ് തപ്പി ഞാനെത്തിയത് അവൾ ജോലി ചെയ്യുന്ന പതിനെട്ടുനില കെട്ടിടത്തിലായിരുന്നു. 

‘‘ഇവിടെയും അവളെ കാണണേ’’ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു. ആ മുഖത്തെ നിഷ്‌കളങ്കതയും, ഐശ്വര്യവും, നുണക്കുഴിയുള്ള ചിരിയുമെല്ലാം എന്നെ ഏതോ ലോകത്തെത്തിച്ചിരിക്കുന്നു. ലിഫ്റ്റിൽ കയറി പതിമൂന്നാം നിലയിലെ ഓഫീസ് പരതിപ്പിടിച്ചു ഇന്റർവ്യൂ മുറിയിലേക്ക് പോകുമ്പോൾ ഇടനാഴിയിൽ അവൾ.

രണ്ടുപേരും സ്തബ്ധരായി പരസ്പരം നോക്കി നിൽക്കെ, അവൾ പതിവ് പുഞ്ചിരി സമ്മാനിച്ചു. ഇന്റർവ്യൂവിന് ഹാജരാകേണ്ടുന്നതിലെ വെപ്രാളം മുഖത്ത് വരാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് അവൾ ചോദിക്കുന്നതിന് മുൻപേ ഞാൻ പറഞ്ഞു.

nagarathile-changathi-04

‘‘ഇവിടെ ഇന്റർവ്യൂ ഉണ്ട്. പന്ത്രണ്ട് മണിക്ക്,അത് കഴിഞ്ഞു കാണാട്ടോ’’

ഇന്റർവ്യൂ കഴിഞ്ഞു ഓഫീസിന് പുറത്തിറങ്ങുമ്പോൾ, എന്നെ പ്രതീക്ഷിച്ചു അവൾ പ്രധാന വാതിലിന് അൽപ്പം മാറി നിൽക്കുന്നുണ്ടായിരുന്നു.

‘‘എങ്ങനുണ്ടായിരുന്നു ഇന്റർവ്യൂ ‘‘ആ സായിപ്പ് നല്ലൊരു മനുഷ്യനാ, പക്ഷേ ആ മലയാളി ജേക്കബ് ആണ് റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നത്, ഇന്റർവ്യൂ നന്നായി ചെയ്തോ ? ആകാംക്ഷയോടെ അവൾ ചോദിച്ചു.  

‘കുഴപ്പമില്ല, പക്ഷേ ശമ്പളം ചോദിച്ചത് കൂടിപ്പോയോന്നൊരു സംശയമുണ്ട്’’

‘‘ഓഹ് , സാരമില്ലെന്നേ. ഇപ്പോളൊരു ജോലിയുണ്ടല്ലോ’’ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ജൂഡി അതിനെ നിസ്സാരവൽക്കരിച്ചു കൊണ്ട് പറഞ്ഞു.

എന്തായാലും ജോലി വാഗ്ദാനമൊന്നും എനിക്ക് അവൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും കിട്ടിയില്ല.  കാണെക്കാണെ , അവൾ ഗർഭിണിയാണെന്ന് എനിക്ക് മനസ്സിലായി. അപ്പോളും നമ്മുടെ സൗഹൃദം പതിവ് പോലെ തുടർന്നു.   

മാസങ്ങൾക്ക് ശേഷം ഒരു ദിവസം, ഓഫീസ് കഴിഞ്ഞു, ഞാൻ മുറിയിലെത്തി.  രാത്രി എട്ടുമണി കഴിഞ്ഞു കാണും. അന്നത്തെ ഡിന്നർ ഒരുക്കേണ്ടത് ഊഴപ്രകാരം ഞാനാണ്. നേരത്തെ സഹമുറിയന്മാരിലാരോ ഐസ് മാറാൻ, വെള്ളത്തിലിട്ടുവെച്ച കോഴി, അടുക്കളയിൽ കയറി വെട്ടാൻ തുടങ്ങവേ, പെട്ടെന്ന് കറന്റ് പോയി.  ഫയർ ഫോഴ്സ് വാഹനങ്ങളുടെ സൈറണുകളാൽ പരിസരം ശബ്ദമുഖരിതമായി. ഞാൻ ഓടി മെയിൻ ഡോർ തുറന്നു നോക്കി, കറുത്ത പുക എന്റെ നേർക്ക് വളരെ വേഗം നീങ്ങി വരുന്നുണ്ട്. 

എങ്ങനെയൊക്കെയോ ഞാൻ ലിഫ്റ്റ് വരെയെത്തി. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല ഞാൻ ജൂഡിയെക്കുറിച്ചോ ർത്തു. അവളിപ്പോൾ പൂർണ്ണഗർഭിണിയാണ്. അടുത്തയാഴ്ച്ചക്കകം പ്രസവമുണ്ടാവുമെന്ന് അവൾ പറഞ്ഞിരുന്നു. ഇരുട്ടിലും പുകയിലും മുങ്ങിയ ഗോവണി,  മുകൾ നിലകളിൽ  നിന്നും , താഴെനിലകളിൽ നിന്നും താമസക്കാർ ബിൽഡിങ്ങിന് പുറത്തിറങ്ങാനുള്ള തത്രപ്പാടിൽ കലപില കൂട്ടുന്നു. ചിലർ സമയത്തെ ശപിക്കുന്നു.

ഫിലിപ്പൈൻസ് സ്വദേശിനിയായ ഗർഭിണിയായ യുവതിയെ ഗോവണിയിറങ്ങാൻ സഹായിക്കുന്ന ഭർത്താവ് .. കുട്ടികളുമായി കഷ്ടപ്പെട്ട് താഴേക്കിറങ്ങുന്ന ഇന്ത്യൻ വീട്ടമ്മ. ഞാനിപ്പോൾ താഴെയെത്തി. അപ്പോളും  ജൂഡിയെ കാണാത്തതിനാൽ ഞാൻ വിഷമിച്ചു.  

ദൈവമേ, അവളെവിടെയാവും? അവളെങ്ങനെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ടു കാണും?

താഴെയെത്തിയ എന്റെ കണ്ണുകൾ ജൂഡിക്കായി അവിടെയാകെ പരതി.

‘‘ഏഴാം നിലയിൽ എയർകണ്ടീഷനറിൽ ഷോർട് സർക്യൂട്ട് ആയതാ’’ കണ്ടു പരിചയമുള്ള ഈജിപ്തുകാരൻ  ഇംഗ്ലിഷിൽ പറയുന്നത് കേട്ടപ്പോൾ തീപിടുത്തത്തിന്റെ കാരണം മനസ്സിലായി.  കടുത്ത ചൂടിൽ, വൈദ്യതിയും ഇല്ലാത്ത ഇന്നത്തെ രാത്രി ഇനിയെങ്ങനെ കഴിച്ചുകൂട്ടുമെന്നതായിരുന്നു എന്നെ അലട്ടിയ അടുത്ത പ്രശ്നം. ഓരോന്നാലോചിച്ചു, തൊട്ടടുത്ത  ബിൽഡിങ്ങിന്റെ പ്രവേശനകവാദത്തിലെത്തിയ എനിക്കെന്റെ  കണ്ണുകളെ വിശ്വസിക്കാനായില്ല.  നീളത്തിലുള്ള പടവുകളൊന്നിൽ  ഒരു മൂലയിൽ, താടിക്ക് കയ്യും കൊടുത്തു ജൂഡിയിരിക്കുന്നു. 

nagarathile-changathi-02

എന്നെ കണ്ടപ്പോൾ വിളറിയ മുഖത്ത് ചിരി വരുത്താൻ ജൂഡി ശ്രമിച്ചുവെങ്കിലും, അനുഭവിക്കുന്ന വേദന മുഖത്ത് കാണാമായിരുന്നു.  

‘‘എബിയെവിടെ ? വാ ആശുപത്രിയിൽ പോകാം, ഞാൻ വരാം,  നമുക്ക് ടാക്സി വിളിച്ചു വേഗം പോകാം’’ ഞാൻ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു.

‘‘എബി ഇപ്പൊ ദൂരെയാ... പറഞ്ഞത് വെച്ച് ഇനിയും അരമണിക്കൂർ കഴിഞ്ഞാലേ എത്തൂ’’...  ജൂഡി ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. ആശുപത്രിയിൽ പോകാമെന്നുള്ള എന്റെ നിർദ്ദേശത്തെ മൗനത്തിലൂടെ അവൾ സമ്മതിച്ചു.

അവിടെ നിന്നും എഴുന്നേൽക്കാൻ ഒരു കൈ സഹായിച്ച ഞാൻ അവളുടെ വലതുകൈ എന്റെ ചുമലിലേക്കിട്ടു. അവളെ ചേർത്തുപിടിച്ചു കൊണ്ട് ടാക്സി പാർക്കിലേക്ക് മെല്ലെ നടന്നു. ഏറ്റവും ആദ്യം കിട്ടിയ ടാക്സിയിൽ ഞങ്ങൾ ആശുപത്രിയിലേക്ക് പോയി!.  എന്റെ മൊബൈൽ ഫോണിൽ നിന്നും എബിയെ വിളിച്ചു കാര്യം പറഞ്ഞു...

ഒരാഴ്ച്ചക്ക് ശേഷം  രാവിലെ പതിവ് പോലെ ഓഫീസിലേക്ക് പോകുന്നതിന് മുൻപ്  ജൂഡി ജോലിചെയ്യുന്ന സാം & ഹാൾ കമ്പനിയിൽ നിന്നും എനിക്ക് ലഭിച്ച ജോബ് ഓഫർ ലെറ്ററുമായി അവളുടെ ഫ്‌ളാറ്റിൽ കയറി അത് ജൂഡിയെ  കാണിച്ചു പോകാമെന്ന് നിനച്ചു. എന്റെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ, എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞു ജൂഡിയുമായി അവൾ എന്നെ പ്രതീക്ഷിച്ചു ഫ്‌ളാറ്റിന് പുറത്ത് നിൽപ്പുണ്ടായിരുന്നു. ആ മനോഹരമായ പുഞ്ചിരിയുമായി.

English Summary : Nagarathile Changathi Story By Mohammed Ali Mankadavu

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA