ADVERTISEMENT

ഭാഗ്യഹീനയായ ലെച്ചി (കഥ)

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ  കേരളത്തിൽ  നിന്നും ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യകളായ ബംഗാളിലേക്കും ആസ്സാമിലേയ്ക്കുമുള്ള തീവണ്ടി യാത്രകൾ  ദിവസങ്ങൾ നീളുന്നതായിരുന്നു. മദിരാശി വഴി ഭാരതത്തിന്റെ കിഴക്കൻ തീരത്തിലൂടെ രണ്ടു രാവും രണ്ടു പകലുമെടുത്തു കൽക്കട്ടയും പിന്നീട് ഒരു രാത്രിയും ഒരു പകലുമെടുത്തു ഗുവഹാട്ടിയിലേയ്ക്കും നീളുന്ന യാത്രകൾ. 

ജീവിതാഭിലാഷം  നിയമപാലനത്തിനുള്ള  കാക്കിധാരിയാവണമെന്നായിരിന്നെങ്കിലും  ആകാശത്തിന്റെ അതിരു കാക്കുന്ന  വായു സൈന്യത്തിലെ   കാക്കിധാരി ആകുവാനായിരിന്നു നിയോഗം.  പരിശീലനം കഴിഞ്ഞുള്ള പ്രഥമ നിയമനം  ഉത്തരേന്ത്യയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത്  വടക്കുകിഴക്കൻ പ്രവശ്യയിലും. അവധിക്കാലം കഴിഞ്ഞുള്ള യാത്രകളിൽ സൈനിക വിഹിതത്തിലെങ്കിലും  ഒരു ബർത്ത് തരപ്പെടുത്തിയില്ലെങ്കിൽ ആഴ്ച്ചകളോളം നീളുന്ന  തീവണ്ടി യാത്രകൾ നരക യാതനകളായി മാറുകയാണ് പതിവ്.  

സൈനിക വിഹിതത്തിലെ  ബർത്തുകൾക്ക് സവിശേഷതകളേറെയാണ് യാത്രയുലടനീളം നേടുന്ന സൗഹൃദങ്ങൾ ജീവിതത്തിലുടനീളം നിലനിൽക്കും. സൈനികർക്ക് കുടുംബജീവിത കഥകൾ പങ്കുവയ്ക്കു മ്പോൾ സമാനതകളേറെയുള്ളതുകൊണ്ടു പൊഴി പറയുവാൻ മിനക്കിടാറില്ല. അതോടൊപ്പം യാത്രയ്ക്കി ടയിൽ അന്യോന്യം സംരക്ഷണമൊരുക്കുകയും യാത്രകൾക്കുവേണ്ടി മാത്രം ശീലമാക്കിയ നേരംമ്പോക്കായ ചീട്ടുകളിക്കുവാൻ കൂട്ടിന് വേറെ ആളെ തിരയേണ്ടിയും വരില്ല.

രണ്ടു മാസത്തെ നീണ്ട അവധിക്കാലത്തിനുശേഷം ഹരിത ഭംഗി നിറഞ്ഞുനിന്ന ജന്മനാടിനോട്  ഒരിക്കൽകൂടി യാത്ര പറഞ്ഞു മൂന്നു ദിവസത്തെ നീണ്ട യാത്രയ്ക്കായി ഒരു വ്യാഴാഴ്ച പുലർച്ചെതന്നെ യാത്ര ആരംഭിച്ചു. എല്ലായ്പ്പോഴും യാത്രയാക്കുവാനെത്തിയിരുന്ന അച്ഛനേയും  കെട്ടിപ്പിടിച്ചു ഗദ്ഗതത്തോടെ  രണ്ടു കയ്യിലും നാടിൻറെ മാത്രം കയ്യൊപ്പുള്ള അച്ചാറുകളും പലഹാരങ്ങളുമടങ്ങിയ  ഭാരമേറിയ പെട്ടികളുമായി അനുവദിച്ചിരുന്ന രണ്ടാം ക്ലാസ്സ് ബെർത്തിലെത്തി തിരികെ ജനൽക്കമ്പികൾക്കിടയിലൂടെ വീണ്ടും കൈവീശിയപ്പോൾ മനസിന്റെ വിങ്ങലുകൾ നിയന്ത്രണാതീതമായി. 

മനസിന്റെ കണ്ണാടിയാണ് മുഖമെന്നറിയുന്നതുകൊണ്ട് സഹയാത്രികരിൽ  നിന്നുമുള്ള ഒളിച്ചുകളിയായിരുന്നു ആദ്യത്തെ ഒന്നു രണ്ടു മണിക്കൂറുകൾ. ഏതാനും നേരത്തേയ്ക്ക് മരവിച്ചിരുന്ന മനസിനെ ജീവിത യാഥാർഥ്യങ്ങളിലേയ്‌ക്ക്‌ തിരികെയെത്തിക്കുവാൻ ലേശം ക്ലേശിക്കേണ്ടി വന്നെങ്കിലും മറ്റുള്ളവരെ വിലമതിക്കുന്നതുകൊണ്ടും  വർത്തമാനജീവിതത്തിൽ നിന്നും ഒളിച്ചോടുവാൻ സാധിക്കാത്തതുകൊണ്ടും  വളരെയെളുപ്പം തന്നെ സഹയാത്രികരുമായി ചങ്ങാത്തത്തിലുമായി. 

എട്ടു ബർത്തുള്ള ക്യാബിനിൽ കൽക്കത്തയിലെ ജോലി സ്ഥലത്തേയ്ക്ക് അവധിക്കുശേഷം മടങ്ങുന്ന ഭാര്യയും ഭർത്താവും ഒരു കുഞ്ഞുകുട്ടിയുമടങ്ങുന്ന കുടുംബം, ആന്ധ്രയിൽ നഴ്സിംഗ് പഠനത്തിന് പോകുന്ന മകളോടൊപ്പം യാത്രചെയ്യുന്ന പിതാവ്, മദിരാശിയിൽ ഉപരിപഠനം നടത്തുന്ന ഒരു ചെറുപ്പക്കാൻ, എനിയ്ക്കാശ്വാസമായി മറ്റൊരു സൈനികനും. പരിചയപ്പെടുത്തലുകളും യാത്രയുടെ ലക്ഷ്യങ്ങളും പങ്കുവച്ചു നേരം പോയതറിഞ്ഞില്ല. കേരളാതിർത്തി കഴിഞ്ഞപ്പോൾ തന്നെ നേരം ഇരുളുവാൻ തുടങ്ങി പിന്നെ താമസിയാതെ അമ്മ നൽകിയ പൊതിച്ചോറ് കഴിച്ചു നേരത്തെ ഉറങ്ങുവാൻ കിടന്നു. 

രണ്ടാം ദിവസം മദിരാശിയിലിറങ്ങിയ ചെറുപ്പക്കാരന്റെ ഒഴിവിലേയ്‌ക്ക്‌ മറ്റൊരു സൈനികനും കൂടിയെത്തിയപ്പോൾ സംസാരഭാഷാ മാതൃഭാഷയിൽ നിന്നും രാഷ്ട്ര ഭാഷയിലേക്ക് ചേക്കേറി. മകളുടെ നഴ്സിങ് പഠനത്തിനായുള്ള പ്രഥമ യാത്ര ചെയ്യുന്ന പിതാവിന് ലേശം അരോചകമായിമാറി. എന്നിരുന്നാൽ കൂടിയും റമ്മികളിക്കുവാൻ ഭാഷ പ്രതിസന്ധിയായില്ല.  ചീട്ടുകളി അതിപുരാതനവും നാട്ടിൻപുറങ്ങളിലേ വിനോദമാണെങ്കിലും വ്യക്തികളിലെ നൈപുണ്യം വീറും വാശിയും ജനിപ്പിക്കുന്നതുതന്നെയാണെന്നാണ് വിദ്വാന്മാരും കേമന്മാരും അവകാശപ്പെടുന്നത്. 

ഇന്ന് വ്യത്യസ്‌തമായ പകർപ്പുകൾ ലോകത്തെമ്പാടും വിശ്വവിഖ്യാതരായ പലരുടെയും ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും കരണഹേതുവായ ചൂതുകളിയായി രൂപാന്തരപ്പെട്ടതും ഈ വിനോദത്തിന്റെ സ്വാധീനശക്തി തന്നെയാണ്. എന്നാൽ വിനോദമേഖലകളിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ ചീട്ടുകളിയിൽ പങ്കെടുക്കു ന്നവർ അവസരോചിതമായി കളി നിർത്തുവാൻ മടിക്കുമ്പോളാണ് എല്ലാം നഷ്ടപ്പെടുന്നതെന്നാണ്. 

അതിനോടുള്ള ഏറ്റവും വലിയ ഉദാഹരണം മഹാഭാരതവും, ഇന്നത്തെ ചീട്ടുകളിയുടെ മറ്റൊരു വകഭേദമായ ചൂതാട്ടത്തിൽ വളരെയധികം നൈപുണ്യമുള്ള പാണ്ഡവർക്ക് രാജ്യവും അഞ്ചുപേരുടെയും സ്വന്തമായ പാഞ്ചാലിയെയും കൗരവരോട്  നഷ്ടപ്പെടുവാൻ കാരണമായതും സമയോചിതമായി കളി നിർത്തുവാൻ സാധിക്കാത്തതുകൊണ്ടു മാത്രവും. തുടക്കത്തിൽ എല്ലാം ഒരു വിനോദമാണെങ്കിലും അമിതമാവുമ്പോൾ നിയന്ത്രണാതീതമാവുകയും ഉത്തരവാദിത്ത്വങ്ങളും ചുമതലകളും വിസ്മരിക്കുകയുമാണ് പതിവ്.  

രണ്ടാം ദിവസത്തിലെ മദ്ധ്യാഹ്നത്തിൽ അച്ഛനും മകളും ഇറങ്ങിയ ഒഴിവിലേയ്‌ക്കെത്തിയത് റെയില്‍വേയി ൽ തന്നെ ജോലി ചെയ്യുന്ന ബംഗാളി കുടുംബം.  മൂന്നുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ജന്മദേശത്തേയ്ക്കുള്ള യാത്ര. ഭർത്താവ് സുമുഖനും ഭാര്യ സുമുഖയുമായതിനാൽ കുഞ്ഞും ഓമനത്തം തുളുമ്പുന്ന ഒരു പൊന്നോമനയും. പക്ഷേ നന്നേ ചെറുപ്പമായതുകൊണ്ടായിരിക്കാം സഹയാത്രികരോട് അകലം പാലിക്കുവാനാണ് ശ്രമിച്ചത്. 

അവരുടെ  സ്വകാര്യതയിൽ കടന്നുകയറാതിരിക്കുവാൻ കയ്യിൽ കരുതിയിരുന്ന നോവലിൽ അഭയം തേടി. യാത്രയിലുടനീളമുണ്ടാകുന്ന വാഹനത്തിന്റെ ചലനങ്ങൾക്കൊത്തു ശരീരത്തിനെ പ്രാപ്തനാക്കുന്നതിനായി മനുഷ്യമസ്തിഷ്കം പേശികളെ നിരന്തരമുണർത്തിയിരിക്കുന്നതിനാൽ ക്ഷീണമനുഭവപ്പെടുകയും ഇടയ്ക്കിടെ നിദ്രയിലേയ്ക്ക് ലയിക്കുന്നത് സ്വാഭാവികം മാത്രമാണ്. ചില സമയങ്ങളിലുള്ള കുഞ്ഞിന്റെ കരച്ചിൽ രണ്ടാമത്തെ രാത്രിയെ ആദ്യത്തേതുപോലെ സുഖപ്രദവുമാക്കിയില്ല. മൂന്നാം ദിവസം വെളുപ്പിന് മുതൽ തന്നെ യാത്രയുടെ വേഗത കുറഞ്ഞു വന്നു നിറുത്തുവാൻ സാധ്യതയില്ലാത്ത പല സ്റ്റേഷനിലും വഴിയോരങ്ങളിലും നിറുത്തിയിട്ടപ്പോൾ തന്നെ പന്തികേട് തോന്നി. 

താമസിയാതെ റെയിൽവേ ഉദ്യോഗസ്ഥരുടെ അറിയിപ്പുമെത്തി വീണ്ടും ആസ്സാമിൽ ബോഡോ ഉഗ്രവാദിക ളുടെ 72 മണിക്കൂർ നീളുന്ന പണിമുടക്കിനുള്ള ആഹ്വാനം ഇക്കുറി തീവണ്ടിയാത്രകളും നിരോധിച്ചിരിക്കുന്നു. ആസാമിലേക്കുള്ള എല്ലാ തീവണ്ടികളും തൽക്കാലം ഹൗറ ജംഗ്ഷനിൽ പിടിച്ചിട്ടിരിക്കുന്നു. ഞങ്ങൾ സൈനികരൊഴിച്ചു മറ്റു സഹയാത്രികളെല്ലാവർക്കും ആശ്വാസമായി അവരെല്ലാവരും  താമസിയാതെ തങ്ങളുടെ  ലക്ഷ്യങ്ങളിലെത്തിച്ചേരും. 

തെളിഞ്ഞ ആകാശവിതാനത്തിൽ ആദിത്യൻ പൂർണശോഭയോടെ നിലയുറപ്പിച്ചതോടെ ഉഷ്ണം അതികഠിനമായി , തീവണ്ടിയുടെ നിരങ്ങിനിരങ്ങിയുള്ള  സഞ്ചാരമായിരുന്നു  അതിലും അസഹനീയം. സൂര്യനെപ്പോലെ കത്തുന്ന  ഭൂമിയുടെ ഉള്ളിൽ നിന്നുള്ള താപോർജ്ജം  കടലും തടാകങ്ങളുമുൾപ്പെടുന്ന ജലാശയങ്ങളിലൂടെ പകർന്ന് അന്തരീക്ഷത്തിൽ  ലയിക്കുന്നതിലൂടെ  ഊഷ്മാവ്  ഉയരുന്നതിനുപരി സൂര്യനിൽ നിന്നും നേരിട്ടെത്തുന്നു. വികിരണങ്ങളുടെ തരംഗദൈർഘ്യത്തിലെ ന്യുനതമൂലം അന്തരീക്ഷത്തിനെ ചൂടുപിടിപ്പിക്കിന്നില്ലെങ്കിലും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിബിംബിക്കുന്ന  നീണ്ട തരംഗദൈർഘ്യങ്ങൾ അന്തരീക്ഷത്തിനെ അതിവേഗം ചൂടുപിടിപ്പിക്കുന്നു. 

അമിതമായ ഉഷ്ണത്തിനെ പ്രതിരോധിക്കുവാൻ വെള്ളത്തേക്കാളുപരി വെള്ളരിക്കയായിരുന്നു ഞാനിഷ്ടപ്പെട്ടിരുന്നത്. തീവണ്ടിയുടെ മന്ദഗതിയിലുള്ള പ്രയാണം  ഗ്രാമങ്ങളിലെ കച്ചവടക്കാർക്ക് ഗുണകരമായി, ഒരു പരിധിവരെ യാത്രക്കാർക്കും  വെള്ളരിക്കയുൾപ്പടെ ധാരാളം പഴവർഗ്ഗങ്ങളും തുച്ഛമായ വിലയ്ക്ക് ലഭ്യമായി. യാത്രകൾ അവിസ്മരണീയങ്ങളാണെങ്കിലും  യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തുമ്പോളുണ്ടാവുന്ന മനസുഖം മറ്റൊന്നിലും ലഭിക്കുന്നില്ല.  ഏകദേശം പത്തു മണിക്കൂർ വൈകി സ്റ്റേഷനിലെത്തിച്ചേർന്നു.

കൊൽക്കൊട്ടായിലെ  ഹൗറ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ സാധാരണ യാത്രക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത് ഹൗറ സ്റ്റേഷനെന്നു മാത്രമാണെങ്കിലും ഒരു കാലത്ത് ഭാരതത്തിന്റെ റെയിൽവേ സ്റ്റേഷനുകളുടെ മാതൃസ്ഥാനമലങ്കരിച്ച അഭിമാനസൗധങ്ങളിലൊന്നായിരുന്നു. 1853 -ൽ പണിതീർന്ന പഴയ സ്റ്റേഷനിലെ സൗകര്യങ്ങൾ കുറവാണെന്നു തിരിച്ചറിഞ്ഞ സായിപ്പന്മാർ  1905  -ൽ ആധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിച്ചു പണിതു.  നിലവിൽ ഏകദേശം നൂറു വർഷത്തിൽ കൂടുതൽ പഴക്കമുള്ള  റെയിൽവേ സ്റ്റേഷൻ കെട്ടിടം കേടുപാടുകൊളൊന്നുമില്ലാതെ ഇന്നും വളരെ പ്രൗഢിയോടുകൂടി തന്നെ നിലനിൽക്കുന്നു. 

ഭാരതത്തിന്റെ വടക്ക്കിഴക്കൻ പ്രാവശ്യകളിലേക്കുള്ള പ്രധാന പ്രവേശന കവാടമാകയാലും ദീർഘദൂരയാത്രക്കാർ ധാരാളം തീവണ്ടികൾ മാറിക്കേറേണ്ടിയിരുന്നതിനാലും വിപുലമായ സൈനീക വിശ്രമ കേന്ദ്രവും സ്റ്റേഷനിലുണ്ടായിരുന്നത് വളരെ ആശ്വാസമായിരുന്നു. രണ്ടു കൈകളിലും ഭാരമേറിയ പെട്ടികളുമായി ഓടിക്കിതച്ചെത്തിയെങ്കിലും മൂന്ന് നിലയിൽ തീർത്ത ബങ്ക് ബെഡിന്റെ മൂന്നാം നിലയാണ് ലഭിച്ചത്. പരിചയമുള്ള മുഖമൊന്നും ചുറ്റുവട്ടത്തു ദർശിക്കുവാൻ  സാധിച്ചില്ലെങ്കിലും നിരാശ തോന്നിയില്ല. അപ്രതീക്ഷിമായി കിട്ടിയ സന്ദർഭം ഉപയോഗിക്കുവാൻ തന്നെ തീരുമാനിച്ചു. യാത്രാക്ഷീണം മാറ്റുവാൻ പെട്ടെന്നൊരു കുളി സാധ്യമാക്കി സ്വപ്ന നഗരമായ കൽക്കട്ട കാണുവാൻ തിടുക്കത്തിൽ പുറപ്പെട്ടു.

കൽക്കട്ട നഗരം തികച്ചും എല്ലാ അർത്ഥത്തിലും വൈവിധ്യം നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെയും കാണാതിരുന്നതിനാൽ  ആകാംഷ അടക്കുവാൻ സാധിച്ചില്ല  എത്രയും പെട്ടെന്ന് സ്റ്റേഷന് പുറത്തേയ്ക്കു കുതിച്ചു. ഹൂഗ്ളി നദിയുടെ ഇരുവശവും നിറഞ്ഞു നിൽക്കുന്ന  കൽക്കട്ട നഗരത്തിലെ പ്രധാന ആകർഷണമായ ഹൗറപാലം കാണുകയെന്നതായിരുന്നു ആദ്യലക്ഷ്യം. അച്ചാണികളില്ലാതെ തീർത്തും ഉരുക്കിൽ മാത്രം നിർമ്മിച്ച പാലത്തിന് ഏകദേശം മുക്കാൽ കിലോമീറ്റർ നീളമുണ്ട്‌. ഹൂഗ്ളി നദിയുടെ ഇരുവശവുമുള്ള ഹൗറ നഗരത്തിനേയും കൽക്കട്ട നഗരത്തിനേയും ഒരുമിപ്പിക്കുന്ന പാലത്തിന് പിന്നീട് ബംഗാളിന്റെ പ്രിയ കവിയായ രബീന്ദ്രനാഥ്‌ ടാഗോറിനെ അനുസ്മരിപ്പിക്കുന്ന  രബീന്ദ്രസേതു എന്ന നാമകരണം നൽകി. 

സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിക്കുന്ന പ്രഥമ ഭാരതീയ പൗരനേക്കാളുപരി ആദ്യമായി ഈ അംഗീകാരം   യൂറോപ്പിന് പുറത്തു ലഭിക്കുന്ന ആദ്യത്തെ വ്യക്തികൂടിയാണ്, എഴുത്തുകാരനും കവിയും ചിത്രകാരനുമായ രബീന്ദ്രനാഥ്‌ ടാഗോർ. അനുദിനം ഒരു ലക്ഷത്തിൽപരം വാഹനങ്ങളും ഒന്നരലക്ഷത്തി ൽപരം കാൽനട യാത്രക്കാരെയും വഹിക്കുന്ന അത്ഭുതത്തെ കണ്ണ് ചിമ്മാതെ ഏറെനേരം നോക്കിനിന്നു. ഹൂഗ്ളി നദിയിൽ ധാരാളം കടത്തുവഞ്ചികളും കാണുവാൻ സാധിച്ചപ്പോൾ ബംഗാളി മുക്കുവരുടെ കടത്തുവഞ്ചി തുഴയുന്നവരും ആലപിക്കുന്ന  ഭട്ടിയാലി സംഗീതം കേൾക്കണമെന്നാശിച്ചു.

പുഴയുടെ ഓരം ചേർന്ന് കാതോർത്തു നടന്നപ്പോൾ കുളിരുള്ള കാറ്റിനുപോലും സംഗീതചുവയുള്ളതായി മാറി. അധികദൂരം നടക്കുന്നതിനു മുൻപ് തന്നെ  വഴിയാത്രക്കാരുടെയും പുഴയോരത്തു താമസിക്കുന്നവ രുടെയും തുറിച്ചു നോട്ടത്തിൽ പന്തികേട് അനുഭവപ്പെട്ടപ്പോൾ   തിരിച്ചു നടന്നു വീണ്ടും രബീന്ദ്രസേതുവിൽ എത്തിച്ചേർന്നു. ഭാരതത്തിന്റെ ജനനിബിഡമായ തലസ്ഥാനനഗരിയോളം പ്രാധാന്യമുള്ള കൽക്കട്ടയുടെ  പൊതുനിരത്തിൽ  പ്രതീക്ഷിച്ച തിരക്കനുഭവപ്പെടാത്തതിൽ ഉദ്വേഗം ജനിപ്പിച്ചെങ്കിലും പരിചയക്കുറവുമൂലം സന്ദേഹമനുഭവപ്പെട്ടില്ല. ഒരു ചായ കുടിക്കുവാനാശിച്ചപ്പോൾ പറ്റിയ ഇടം തേടിയധികം അലയേണ്ടിയും വന്നില്ല.

ആദ്യം കണ്ട ചായപ്പീടികയിലേയ്ക്ക് കയറി. നാലു തൂണുകളിൽ ആടി നിൽക്കുന്ന ഒരു ഷെഡ്, ഒരു തൂണിനു പകരം  വൃക്ഷമാണോന്നൊരു സംശയവുമില്ലാതില്ല. തകിട് ചായിച്ചു വച്ചിരിക്കുന്ന മേൽക്കൂരയാണ് നാലു തൂണിനെയും അന്യോന്യം ബന്ധിപ്പിച്ചു നിർത്തിയിരിക്കുന്നത്  നാലു വശങ്ങളിലും മറയില്ലാത്തതുകൊണ്ടു പുറകിലെ അഴുക്കുചാലുകളും അതിനെത്തുടർന്നുള്ള ചേരിപ്രദേശങ്ങളും വളരെ വ്യക്തമായിക്കാണുവാൻ സാധിച്ചു. ചായ കുടിക്കുവാൻ മറ്റു മൂന്ന്  പേർ കൂടി ഉണ്ടായിരുന്നു  രണ്ടു പ്രായമായവരും ഒരു ചെറുപ്പക്കാ രനും. പ്രായമായവരിലൊരാൾ ചായയുടെ കൂടെ കടിയ്ക്ക് പകരം ബീഡി ആഞ്ഞു വലിക്കുന്നതും ധൂമം ഉയരങ്ങളിയ്ക്ക് ഊതി വിടുന്നതും കാണുവാൻ രസമുള്ള കാഴ്ച്ചയും. 

കടയുടെ ഉടമസ്ഥനും പണിക്കാരനും എല്ലാം ഒരാള് തന്നെ എന്ന് തോന്നിപ്പിക്കുമാറ് മെലിഞ്ഞുണങ്ങിയ ഉയരമില്ലാത്ത ഒരു മനുഷ്യൻ ബംഗാളിയിൽ എന്തുവേണമെന്ന് ചോദിച്ചതിനെ ചായ എന്നൊരു വാക്കിൽ ഉത്തരമൊതുക്കി. സൂക്ഷിച്ചു ഒന്നുകൂടിനോക്കിയിട്ടു അലൂമിനിയംകൊണ്ടുള്ള ചായപാത്രത്തിൽ നിന്നും ഒരു ഗ്ലാസ്സിലേയ്ക്ക് പകരുവാൻ തുടങ്ങി. അത്യാവശ്യം നഗ്നനത മറയ്ക്കുവാനായി അരയ്ക്കു കീഴോട്ടും മുട്ടിനു മുകളിലും മാത്രം ഒതുങ്ങുന്ന പൈജാമപോലൊരു മുഷിഞ്ഞതുണി  അതിലും മുഷിഞ്ഞ വള്ളിയിൽ കെട്ടിനിർത്തിയിരിക്കുന്നു. 

മാംസമില്ലാത്ത കറുത്തുണങ്ങിയ  തൊലി അസ്ഥികൂടത്തിനെ പൊതിഞ്ഞു നിർത്തിയിരിക്കുന്നു. നരബാധിച്ച താടിയും മുടിയുമായി വളഞ്ഞാണെങ്കിലും രണ്ടു കാലിൽ നിൽക്കുന്നത് മാത്രമാണ് ജീവനുള്ള മനുഷ്യനാണെന്ന് ഉറപ്പിക്കുവാനുള്ള ഏക ലക്ഷണം.  ഏതോ മഹാത്ഭുതം കാണുന്ന പോലെ നോക്കി നിന്ന എന്റെ കൈകളിൽ ചൂടനുഭവപ്പെട്ടപ്പോഴാണ് എനിക്ക് സ്ഥലകാലബോധ്യമുണ്ടായത്. നല്ല ചൂടുള്ള ചായ ഉടനെ തന്നെ മറുകൈയ്യിലേയ്ക്ക് മാറ്റിപ്പിടിച്ചു ചുണ്ടോടടുപ്പിക്കുവാൻ തുടങ്ങിയതും ‘‘ലച്ചീ ഇവിടെവാടീ’’ എന്നാക്രോശിച്ചുകൊണ്ട് രണ്ടു ചെറുപ്പക്കാർ എവിടെനിന്നോ ചാടി അകത്തേയ്ക്ക് കയറി. 

നിമിഷങ്ങൾക്കുള്ളിൽ ഷെഡിന്റെ പിൻഭാഗത്തുനിന്നും അവർ ഒരു പെൺകുട്ടിയെ കൈക്കുപിടിച്ചു വലിച്ചു പുറത്തേയ്ക്കു കൊണ്ടുവന്നു. പെൺകുട്ടി അലറിക്കരഞ്ഞുകൊണ്ട് ചെറുത്തു നിന്നത്  തെല്ലും  കാര്യമാക്കാതെ ആ ചെറുപ്പക്കാർ പുറത്തേയ്ക്ക് വലിച്ചുകൊണ്ടിരുന്നു. പെൺകുട്ടി ഒരുവന്റെ കൈകളിൽ  കടിച്ചപ്പോൾ  മറ്റൊരുവൻ പെൺകുട്ടിയുടെ കഴുത്തിന് പിൻഭാഗത്തു ആഞ്ഞടിച്ചതും കുട്ടി ബോധരഹിതയായി എന്റെ മടിയിലേയ്ക്ക് വീണു.  പെൺകുട്ടിയെ സാവധാനം നിലത്തു കിടത്തി നിവരുന്നതിനു മുൻപ് തന്നെ അവരെന്നെ വട്ടം പിടിച്ചു. ഒരുവനെ എടുത്തു പുറത്തേക്കെറിഞ്ഞതും മറ്റവനെ കടയിലുണ്ടായിരുന്നവർ തന്നെ കൈകാര്യം ചെയ്തു. 

കടഉടമ ഒരു വലിയ വടിയെടുത്ത് അടിതുടങ്ങിയതും എന്തെല്ലാമോ അലറിവിളിച്ചു പറഞ്ഞുകൊണ്ട് അവരോടുകയും ചെയ്തത് ഒരുമിച്ചായിരുന്നു. മുഖത്തു വെള്ളം തളിച്ചപ്പോൾ പെൺകുട്ടി സാവധാനം കണ്ണ് തുറന്ന് വീണ്ടും ഏങ്ങിക്കരയുവാൻ തുടങ്ങി, ഏകദേശം പന്ത്രണ്ട് അല്ലെങ്കിൽ പതിമൂന്നു വയസ്സുമാത്രം പ്രായം തോന്നും  തീരെ മെലിഞ്ഞതാണെങ്കിലും വളരെ ചന്തമുള്ള പെൺകുട്ടി. ചുരിദാർ ധരിച്ചിട്ടുണ്ടെങ്കിലും മുഴുവനും തന്നെ അഴുക്കു പുരണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയുവാൻ ആഗ്രഹമുണ്ടെങ്കിലും അവരുടെ സഭാഷണമെല്ലാം ബംഗാളിയിൽ മാത്രം. 

അധികം നിൽക്കാതെ അവിടംവിട്ടു  പോകുവാൻ അവരാവശ്യപെടുന്നതായി മനസിലായപ്പോൾ അടുത്തെവിടെയെങ്കിലും സിനിമാ കൊട്ടകയുണ്ടോ എന്ന് ഹിന്ദിയിൽ ചോദിച്ചത് ഒരാൾക്ക് മനസിലായി വഴിയും പറഞ്ഞു തന്നു. പുറത്തോട്ടിറങ്ങി തിരിഞ്ഞു നോക്കിയതും ആ പെൺകുട്ടി ദൈന്യതയേറിയ മുഖത്തോടെന്തോ പറയുവാൻ ശ്രമിക്കുന്നതായി തോന്നിയെങ്കിലും  മുന്നോട്ടു തന്നെ നടന്നു. ഒരു ബംഗാളി സിനിമ കാണണമെന്നാഗ്രഹിച്ചെങ്കിലും അമിതാഭ് ബച്ചനും മിഥുൻ ചക്രവർത്തിയും ചേർന്നഭിനയിച്ച  ഹിന്ദി സിനിമയായിരുന്നു. ബാൽക്കണിക്ക് ടിക്കറ്റെടുത്തു കൊട്ടകയിൽക്കയറി ഇരുന്നപ്പോൾ മാത്രമാണ് ഒരാശ്വാസം തോന്നിയത് എന്നാലും ചന്തമുള്ള കുട്ടിയുടെ ദൈന്യതനിറഞ്ഞ  മുഖം മാത്രം മനസ്സിൽ നിന്നും മായുന്നില്ലായിരുന്നു.

കൊട്ടക നിറയെ ആളുണ്ടായിരുന്നെങ്കിലും സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ  ആളൊഴിഞ്ഞു പോകുവാൻ തുടങ്ങി. ഇടവേളയ്ക്കു മുൻപ് തന്നെ  സിനിമ നിറുത്തിയപ്പോൾ കാര്യമെന്തന്നറിയുവാൻ ഞാനും പുറത്തിറങ്ങി ചുറ്റും നോക്കി. കൂരിരുട്ടു പരന്നിരുന്നു  കൊട്ടകയും പരിസരവും പൂർണ്ണമായി വിജനമായിക്കഴിഞ്ഞിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വഴിയിലേക്കെത്തി നോക്കി ഒരു വാഹനവും നിരത്തിലില്ല ദൂരെ ഒരു സൈക്കിൾ റിക്ഷാ കണ്ടപ്പോൾ തിടുക്കത്തിൽ അതെ ദിശയിൽ നടക്കുവാൻ തുടങ്ങി.   റിക്ഷയുടെ അടുത്തെത്തിയതും ‘‘സഹോദരാ’’ എന്ന് ഹിന്ദിയിൽ വിളിച്ചുകൊണ്ട്  പുറകിൽ നിന്നും മൃദുവായി കൈയ്യിൽ ആരോ കടന്നു പിടിച്ചു. ഞെട്ടിത്തരിച്ചു  തിരിഞ്ഞു നോക്കിയപ്പോൾ ചായപ്പീടികയിലെ അതേ പെൺകുട്ടി ‘ലെച്ചി’. 

അതോടൊപ്പം ദൂരെനിന്നും ഒരു ജനക്കൂട്ടം ഓടിവരുന്നതും ശ്രദ്ധയിൽപെട്ടപ്പോൾ  ലെച്ചി  എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് എതിർദിശയിലേക്ക് ഓടുവാൻ തുടങ്ങി. മറ്റൊന്നും ആലോചിക്കാതെ ഞാനും ലെച്ചിയേ പിന്തുടർന്നു. ചെളിനിറഞ്ഞു ദുർഗന്ധം വമിക്കുന്ന ചേരിപ്രദേശത്തിലെ ഇടവഴികളിലൂടെ ഓടി ഒരു കൂരയുടെ മുന്നിലെത്തി ലെച്ചി തട്ടിവിളിച്ചു. റാന്തൽ വെളിച്ചവുമായി  ഒരു വയസ്സൻ കതകു തുറന്നതും ലെച്ചി എന്നെയും വലിച്ചകത്തു കയറി വാതിലടച്ചു. ഒറ്റമുറി മാത്രമുള്ള കുടിലിൽ നിവർന്നു നിൽക്കുവാൻ സാധിക്കാതെ ഞാൻ നിലത്തിരുന്നു. എന്നോടൊപ്പം നിലത്തിരുന്ന ലെച്ചി ശ്വാസമെടുക്കുവാൻ നന്നേ ക്ലേശിച്ചുകൊണ്ടിരുന്നു. റാന്തൽ വിളക്ക് നിലത്തുവച്ചിട്ട്   പഴന്തുണികൾ വിരിച്ച ഒരു പഴകിയ കട്ടിലിൽ വയസ്സനുമിരുന്നു.

ലെച്ചി ഹിന്ദിയിൽ നന്നായി സംസാരിക്കുവാൻ തുടങ്ങി ബിഹാറിൽ നിന്നും ജോലിതേടിയെത്തിയ അപ്പനും അമ്മയും ചേട്ടനുമടങ്ങുന്ന കുടുംബം ഒരു കാലത്തു ദാരിദ്ര്യമില്ലാതെ ജീവിക്കുവാൻ സാധിച്ചിരുന്നെങ്കിലും നിനച്ചിരിക്കാതെ  ലക്ഷ്മിദേവിയിൽ നിന്നും ആരോരുമില്ലാത്ത ലെച്ചിയായി മാറിയ കഥ. നാലു വർഷങ്ങൾക്ക് മുൻപൊരു ശ്രാവണമാസത്തിലേ സന്ധ്യാവേളയിൽ പിതൃക്കളുടെ ആത്മാക്കളുടെ മോക്ഷലബ്ധി യ്ക്കായുള്ള  ബലിയർപ്പിക്കുവാൻ ഹൂഗ്ലി നദിയിൽ യാത്രചെയ്തിരുന്ന അവരുടെ   വഞ്ചിയിൽ എതിരെ വന്ന ഒരു വലിയ  കപ്പൽ ഇടിച്ചിട്ടു പാഞ്ഞുപോയപ്പോൾ  അവൾക്കെല്ലാവരും നഷ്ടപ്പെട്ടു. 

അന്ന് വഞ്ചി തുഴഞ്ഞിരുന്ന ഖാൻ ചാച്ചയാണ് അനാഥയായ ലെച്ചിയ്ക്ക് പിന്നീട് അഭയം നൽകിയത്. ആ അപകടത്തിൽ സാരമായ മുറിവ് പറ്റിയ ഖാൻ ചാച്ചയുടെ കണ്ണിന്റെ വെളിച്ചവും ഒരു വർഷത്തിനുള്ളിൽ നഷ്ടപ്പെട്ടു. ഇപ്പോൾ തീർത്തും കിടപ്പിലായ ഖാൻ ചാച്ചയെയും പരിപാലിക്കേണ്ട ചുമതലയും ലെച്ചിയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. ശ്യാം ദാദായുടെ ചായക്കടയിൽ രാവിലെ മുതൽ വൈകുന്നേരം വരെ പാത്രം കഴുകുകയും സമോസയുണ്ടാക്കുകയും ചെയ്താൽ ദിവസവും ആഹാരവും പത്തുരൂപ വേതനവും ലഭിക്കും. 

ചില ദിവസങ്ങളിൽ  ഖാൻ ചാച്ചയ്ക്കുള്ള  ആഹാരം കൂടി ലഭിക്കും. സമാധാനമായി ജീവിക്കുമ്പോഴാണ് ശ്യാം ദാദായുടെ അനന്തരവൻ പുറകെ നടന്ന് ശല്യം ചെയ്യുവാൻ തുടങ്ങിയത്. ആദ്യം പ്രേമം നടിക്കലും പിന്നീട് വിവാഹ വാഗ്ദാനവും നൽകി പക്ഷേ  ശ്യാം ദാദാ സമ്മതിച്ചില്ല. അനന്തരവൻ ആള് മോശമാണെന്നു അദ്ദേഹം തന്നെ പറഞ്ഞു തന്നിരുന്നു. പെൺകുട്ടികളെ മോഹിപ്പിച്ചു പാട്ടിലാക്കി ചുവന്ന തെരുവുകൾക്ക് വിൽപന നടത്തുന്ന ദല്ലാലാണവൻ. ഇന്ന് കടയിൽ വന്നു ബലമായി പിടിച്ചുകൊണ്ടു പോകുവാൻ ശ്രമിച്ചത് അവനും അവന്റെ കൂട്ടാളിയുമാണ്. 

ഞാനാസമായത്ത്  അവിടെയില്ലായിരുന്നെങ്കിൽ ചിലപ്പോൾ അവർ ലെച്ചിയെ പിടിച്ചുകൊണ്ടു പോകുമായിരുന്നു എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ സ്തബ്ധനായി ഇരിക്കുവാൻ മാത്രമാണയാത്. വൈകുന്നേരമായപ്പോൾ നഗരത്തിലെവിടെയോ നടന്ന രാഷ്ട്രീയ കൊലപാതകത്തിനെ തുടർന്നുണ്ടായ  ലഹളയിൽ കടകമ്പോളങ്ങളെല്ലാം അടപ്പിച്ചു. തന്നെ വീട്ടിലേയ്ക്കു നടക്കുവാൻ തുടങ്ങിയ ലെച്ചിയുടെ  പുറകെ ആരോ ഉണ്ടെന്നു മനസിലായപ്പോൾ സിനിമാ കൊട്ടകയ്ക്കരികിൽ  എനിയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു പോലും. വീണ്ടും ലെച്ചിയെന്തല്ലാമോ പറഞ്ഞുകൊണ്ടിരുന്നു, കട്ടിലിന്റെ കാലിൽ ചാരിയിരുന്ന ഞാൻ മയങ്ങിപ്പോയി.

പെട്ടെന്നൊരു ശബ്ദവും വലിയ ചൂടുമനുഭവപ്പെട്ടപ്പോൾ ചാടിയെണീറ്റു പുറത്തേയ്ക്കു കുതിച്ചു, ചുറ്റും ആളിപ്പടരുന്ന തീയ്ക്കിടയിൽ പലരും അലറി വിളിക്കുന്നു അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അപ്പോളാണ് ലെച്ചിയുടെ കാര്യം ഓർമ്മവന്നത് ആരെയും തിരിച്ചറിയാൻ സാധിക്കുന്നില്ലാ പക്ഷേ ദൂരെയെവിടെയോ ‘‘സഹോദരാ’’  എന്നുള്ള വിളികേട്ടിടത്തേയ്ക്കു പാഞ്ഞു. വീണ്ടും രണ്ടു പേർ ലെച്ചിയെയും വലിച്ചുകൊണ്ട് ഓടുവാൻ ശ്രമിക്കുന്നു, വേറൊന്നും ആലോചിക്കാതെ അവരെ നേരിട്ടു. അവർ രണ്ടുപേരുംകൂടി എന്റെ നേരേതിരിഞ്ഞപ്പോൾ   സ്വതന്ത്രയായ ലെച്ചി  കത്തിക്കൊണ്ടിരിക്കുന്ന കുടിലിന്റെ നേരെ‘‘ചാച്ചാജി’’ എന്നലറിക്കൊണ്ടോടി. രണ്ടുപേരെയും  പിടിച്ചുനിർത്തുവാനായെങ്കിലും  മൂന്നാമതൊരാൾ തലയ്ക്കു പിറകിൽ ശക്തമായി അടിച്ചതും ബോധം നഷ്ടപ്പെട്ടു താഴെ വീണു.

വളരെ മൃദുവായുള്ള സ്വരം കേട്ടാണ് കണ്ണ് തുറന്നത് ഉടനെ വീണ്ടും അതേ മൃദുല സ്വരം ശരീരമനക്കേണ്ട അനങ്ങാതെ കിടന്നോളു. ചുറ്റും നോക്കുവാനുഗ്രഹിച്ചെങ്കിലും അനങ്ങുവാൻ സാധിക്കുന്നില്ല ഭയങ്കര വേദന. വെള്ളവസ്ത്രം ധരിച്ച മാലാഖ വീണ്ടും പറഞ്ഞു ഇത് സൈനിക ആശുപത്രിയാണ്. ഇന്നലെയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നത്. രണ്ടു ദിവസം ബോധമില്ലാതെ മറ്റൊരാശുപത്രിയിലായിരുന്നു. പട്ടാളത്തിന്റെ തിരിച്ചറിയൽ കാർഡ് ഗുണം ചെയ്തു. ഇനി പേടിക്കേണ്ട. സീലിങ്ങിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിലേയ്ക്ക് നോക്കി കുറേനേരം കഴിഞ്ഞപ്പോൾ എവിടെനിന്നോ വീണ്ടും ‘‘സഹോദരാ’’ എന്നുള്ള വിളി മുഴങ്ങിക്കൊണ്ടിരുന്നു. ഭാഗ്യഹീനയായ ഒരു സഹോദരിയുടെ കരച്ചിലിനുത്തരം നൽകുവാനുള്ള ത്രാണിയില്ലാതെ അനങ്ങാതെ കിടന്നു.  

English Summary : Bhagyaheenayaya Lachi Story By Roy Stephen 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com