sections
MORE

നിന്നെക്കുറിച്ചുള്ള ഓർമകളെ നീ തന്നെ തിരികെയെടുത്താലും; അപ്പോൾ മാത്രം...

 മരണം ഒരു ഇളം കാറ്റു പോലെയാണ്! (കഥ)
പ്രതീകാത്മക ചിത്രം
SHARE

മരണം ഒരു ഇളം കാറ്റു പോലെയാണ്! (കഥ)

നമ്മെ വന്നു തൊടുന്ന തണുസ്പർശം കൊണ്ടോ, അതോ അവൻ വരുന്നതും വന്നപോൽ പോയ്മറയുന്നതും നാം അറിയാത്തതുകൊണ്ടോ?  എന്തുകൊണ്ടാണ് മരണം ഒരു ഇളം കാറ്റ് പോലെയാണെന്ന് നമുക്ക് തോന്നുന്നത്.  കണ്ടാൽ ഇത്രമേൽ ഓമനത്തമുള്ള ഒരു കൊച്ചു കുഞ്ഞു പള്ളിമൺ ആറിന്റെ നിശബ്ദ നീരാഴങ്ങളിലേക്ക്‌ , മരണത്തിന്റെ തണുത്ത കയങ്ങളിലേക്കു ആണ്ടുപോയപ്പോൾ നമ്മുടെയുള്ളിൽ മുള ചീന്തും പോലൊരു തേങ്ങൽ നാദം നിറഞ്ഞൊഴിയാതിരിക്കുന്നതു എന്തിനാവാം?

അതെ, അവൾക്കരികിലേക്കു മരണം കടന്നു വന്നത് ഒരു ഇളം കാറ്റായി തന്നെയല്ലേ? അതെ ദേവനന്ദ, ഒരു മാമ്പൂ അടരുന്നത് പോലെ നീ ഉതിർന്നു പോകുവാൻ നിന്നെ വന്നു വിളിച്ചതും,  ആറ്റിറമ്പിലേക്കു നയിച്ചതും ആ കുളിർ കാറ്റു തന്നെയല്ലേ? അവനു ഒരു രൂപമോ ഭാവമോ നിറമോ നാമമോ കണ്ടെത്താൻ ഞങ്ങൾ അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്.

പുതുമണ്ണിന്റെ മണം മാറാത്ത ആ കൊച്ചു പട്ടടക്കുള്ളിൽ മരിക്കാത്ത ആയിരം ഓർമകളായി നീ ഉറങ്ങുന്നു. ആ കൊച്ചു മൺകൂനയിലേക്കു കണ്ണും നട്ടു നിൽക്കുന്ന നിന്റെ അച്ഛന്റെ കണ്ണുകളിലെ നൊമ്പരത്തിന്റെ ആഴം, അത് ഞങ്ങളുടെ ചിന്തകൾക്ക് അതീതമാണ്.  അയാളുടെ നെഞ്ചിലെ തേങ്ങൽ ഞങ്ങളുടെയും നെഞ്ചിലെ തേങ്ങലാണ്.  

ചോദ്യങ്ങളൊരായിരവും, അതിനുത്തരമേതും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ വെറുതെ ഓർത്തു പോകുകയാണ് - മരണം ഒരു കാറ്റു പോലെ തന്നെ.  വന്നതും വന്നപോൽ പോയ്മറഞ്ഞതും ആര് കണ്ടു?

കൈക്കുമ്പിളിൽ കോരിയെടുത്ത സലിലകണം പോലെ നോക്കിനിൽക്കെ ചോർന്നു പോയ ആ കുഞ്ഞു പ്രാണൻ തന്റെ അമ്മയോട് എന്താണ് പറയാൻ ആഗ്രഹിച്ചിട്ടുണ്ടാവുക?  നിന്നെ പേരുചൊല്ലി വിളിച്ച വിളികളത്രയും വഴി തിരിച്ചതും ഒരു കാറ്റു തന്നെയല്ലേ?  അതെ, മരണം ഒരു കാറ്റു പോലെ തന്നെ;  വന്നതും വന്നപോൽ പോയ്മറഞ്ഞതും ആരു കണ്ടു?

ആ കാറ്റു പോയ്മറഞ്ഞ വഴിയേ ദിശയറിയാതെ നിന്റെ മരണത്തിനു കാരണം തേടിയുള്ള ഞങ്ങളുടെ അന്വേഷണങ്ങളും നടക്കുകയാണ്.  ഇലഞ്ഞിമരച്ചോട്ടിലെ നേർത്ത സുഗന്ധം പോലെ നിന്റെ ഓർമ്മകളാണ് ഞങ്ങളെ ചൂഴ്ന്നു നിൽക്കുന്നത്.  അഗാധ ദുഃഖത്തിന്റെ വൻകരയിൽ നിന്റെ അച്ഛനും, അമ്മയും പിന്നെ നിനക്കാരുമല്ലാത്ത ഞങ്ങളും തനിച്ചാണ്.  കാറ്റിൽ കഥകൾ പാറിവരുന്ന, സ്നേഹത്തിന്റെ തണുസ്പർശം കുളിർ കോരിയിടുന്ന, കാറ്റായി ‘അവന്’ കടന്നു വരാൻ കഴിയാത്ത മറ്റൊരു ലോകത്തിരുന്നു ഭൂമിയിൽ ജീവിച്ചു തീർത്ത ഏഴാണ്ടിന്റെ ബാക്കിപത്രം നീ കാണുന്നുണ്ട്, തീർച്ച!

പ്രിയ ദേവനന്ദ, അവിടെ നീ തനിച്ചല്ല.  പക്ഷേ, ഇവിടെ, വസന്തങ്ങൾക്കു നിറവും മണവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, സത്യത്തിന് അപായകരവും അകാലവുമായ മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമിയിൽ, ഞങ്ങൾ പക്ഷേ തനിച്ചായിരിക്കുന്നു.  നിന്നെക്കുറിച്ചുള്ള ഓർമകളെ നീ തന്നെ തിരികെയെടുത്താലും.  അപ്പോൾ, അപ്പോൾ മാത്രം അല്പം ആശ്വാസത്തോടെ ഞങ്ങൾക്ക് നിന്നോട് പറയാം: ‘വിട;

English Summary : Maranam Oru Ilanm Kattu Poleyanu Story By Baiju Tharayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;