ADVERTISEMENT

തൂമ്പയും കൊറോണയും (കഥ)

ഡീ ശരിക്കും നമ്മളീ പറമ്പൊക്കെ കൊത്തി കെളച്ചു  പച്ചക്കറി  നട്ടു പിടിപ്പിച്ചാരുന്നെങ്കിൽ ഒട്ടും പേടിക്കണ്ട കാര്യമില്ലായിരുന്നുല്ലേ? ... അതിർത്തി അടച്ചാലെന്താ, ഇല്ലെങ്കിലെന്താ. നമുക്കിവിടെ നിന്നും പറിച്ചു കറി വച്ച് തിന്നാ പോരെ ?

ആ അത് ശരിയാ. പിന്നെ  ചേട്ടായീ  ഈ വീടിന്റെ ഉള്ളിൽ തന്നെ ഇരിക്കണം എന്ന് നിർബന്ധമാണോ ?  താഴത്തെ പറമ്പിലേക്ക്  ഇറങ്ങിയാൽ  കൊഴപ്പമുണ്ടോ ? അതെന്തിനാണ് ഇത്രയും നല്ല വീടുള്ളപ്പോൾ നമ്മൾ പറമ്പിൽ പോയിരിക്കുന്നത് ? ഭയങ്കര ചൂടല്ലേ?

നമ്മളല്ല , ഞാൻ ചേട്ടായിടെ കാര്യമാണ് ചോദിച്ചത്. ഇവിടെ ഇരുന്നിട്ട് ബോറടിക്കുന്നില്ലേ ?

ഏയ് എന്ത് ബോറടി? എനിക്കിഷ്ടപ്പെട്ടു. നല്ല സുഖല്ലേ. പയ്യെ എഴുന്നേറ്റാൽ മതി, പിന്നെ എന്തെങ്കിലും കുടിച്ചു, കഴിച്ചു, പത്രം വായിച്ചു, TV  കണ്ടു , മൊബൈലിൽ കുറച്ചു ലോകകാര്യങ്ങളും  നോക്കി വരുമ്പോഴേയ്ക്കും  സന്ധ്യ ആയില്ലേ.

പക്ഷേ എനിക്ക് രണ്ടു  ദിവസം കൊണ്ട്  ബോറടിച്ചു. നിങ്ങക്ക് ചായ ഉണ്ടാക്കി തന്നു തന്ന്. ദേ ഇതും കൂടി കൂട്ടി ഇത് എട്ടാമത്തെ ചായ ആണ്. ഇക്കണക്കിനു ചായപ്പൊടീം പഞ്ചാരേം മൂന്നാലു  ദിവസം കൊണ്ട് തീർക്കൂലോ

ഡീ വെറുതെ ഇരിക്കുമ്പോ ഇടയ്ക്കു ഒരു ചായ കുടിക്കാൻ തോന്നും. ഓഫീസിൽ അങ്ങനെ  കുടിച്ചു ശീലിച്ചു പോയി. അവിടെ പിന്നെ മണി അടിച്ചാൽ  മതി. ചായ മേശപ്പുറത്തു വരും

വെറുതെ ഇരുന്നാലല്ലേ കുഴപ്പമൊള്ളൂ. നാളെ കാലത്തെഴുന്നേറ്റു തൂമ്പയെടുത്തു താഴത്തെ പറമ്പിലേയ്ക്ക്  പൊയ്ക്കോണം. നമുക്ക് കുറച്ചു വാഴത്തൈ  കുത്തി വയ്ച്ചു  ഐശ്വര്യമായിട്ടു തുടങ്ങാം‍. ചായയും ചോറും ഒക്കെ ആകുമ്പോൾ ഞാൻ   മണി അടിച്ചു വിളിച്ചോളാം. ചേട്ടായി നോക്കിക്കോ 21  ദിവസം കൊണ്ട് നമ്മുടെ പറമ്പ്  ഒരു അടിപൊളി  ജൈവ കൃഷി തോട്ടമായി മാറും.

തൂമ്പയോ ? ഞാനോ ? ഡീ   കൊറോണ

എന്റെ ചേട്ടായീ, ഒറ്റയ്ക്ക് പണിതാൽ ഒരു കുഴപ്പവുമില്ല, കൂട്ടമായിട്ടു പണിയാതിരുന്നാ മതി. തന്നേമല്ല ഈ   കൊറോണയ്ക്കു തൂമ്പയെ പേടിയാണ്. സത്യായിട്ടും. ഞാനല്ലേ പറയണേ.

English Summary: Thoompayum Coronayum Story By Seema Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com