ADVERTISEMENT

കവിയും കവയിത്രിയും (കവിത)

 

കവിയും കവയിത്രിയും രണ്ടത്രേ!

കവിയെന്നാൽ,

ഒരു തോൾസഞ്ചിയേന്തി,

സ്വഗൃഹം വിട്ട്, ഏകാന്തതയെ തേടി

ഒരു മാളത്തിലിരുന്ന്

എഴുതാൻ കഴിയുന്നവൻ.

കവയിത്രിയോ,

അരിക്കലത്തിൽ അരിയേക്കാൾ

കവിതയെ പാകം ചെയ്തു മറക്കുന്നവൾ;

പിന്നെയുള്ള രാത്രിയിൽ

തന്റെ ചിന്തകൾ ഓർക്കാൻ ശ്രമിക്കുന്നവൾ.

 

കവിയെന്നാൽ,

ഗൗരവമുള്ള കവിതകളെഴുതി

ചിന്തകരുടെ പ്രശംസ ലഭിക്കുന്നവൻ.

കവയിത്രിയോ,

തന്റെ ദിനങ്ങളിലെ ഇരുട്ടിനെ

ഒരസ്സൽ കാവ്യമാക്കുമ്പോഴും

‘കേവല’യായ ‘വെറും’ ഫെമിനിസ്റ്റായി

വിളിക്കപ്പെടുന്നവൾ.

 

കവിയെന്നാൽ,

എഴുതുവാനുള്ള സമയം

നീക്കിവയ്ക്കുവാൻ

അനുവദിക്കപ്പെട്ടവൻ.

കവയിത്രിയോ,

ഒരു വിളി ഉണ്ടാവില്ലെന്ന്

ഉറപ്പിച്ചു മാത്രം,

കുഞ്ഞിനെ ഉറക്കി,

തലയിണത്തടം വച്ച്,

രാത്രിയുടെ വരമ്പിലിരുന്ന്

ആരും കാണാതെ എഴുതുന്നവൾ.

 

കവിയെന്നാൽ

ചിന്തകളിൽ ലയിച്ച്

അതിലൊഴുകി,

ബന്ധിതമല്ലാത്ത ദിനങ്ങളിൽ

വ്യാപരിക്കാൻ കഴിയുന്നവൻ.

കവയിത്രിയോ,

ഉൽകണ്ഠയുള്ള വിളിയിൽ

എല്ലാം മറക്കേണ്ടി വരുന്നവൾ;

തിരക്കൊഴിഞ്ഞ്

മറ്റുള്ളവർക്കായി ഉണ്ടാവേണ്ടവൾ;

അതിനാൽ,

കവിതകളെ ഭ്രൂണത്തിൽ തന്നെ

പൊട്ടിക്കരഞ്ഞുകൊണ്ട് കൊന്നൊടുക്കുന്നവൾ.

 

കവിയുടെ കവിതയെന്നാൽ

വിനോദമാണ്.

കവയിത്രിയുടേത് ഒരു യുദ്ധാന്ത്യവും!

 

കത്തുന്ന കല്ലിന്റെ മുകളിൽ

ഇരുപുറവും പൊള്ളിച്ച്,

രണ്ട് ശ്കാരത്തോടെ

ദോശയ്ക്കൊപ്പം ചുട്ടെടുത്ത

കാവ്യങ്ങൾ ഉണ്ട്.

 

ചിരണ്ടുന്ന തേങ്ങ നുള്ളിക്കക്കുന്ന

കുസൃതിക്കുരുന്നിന്റെ പിറകെ പായുന്ന

കള്ളപ്പുഞ്ചിരിയുടെ അമൃതിന്റെ

കാവ്യങ്ങൾ ഉണ്ട്.

 

കുക്കറിന്റെ, അവളെണ്ണുന്ന

വിസിലുകളിലൂടെ ചൂളംകുത്തി

അവൾക്കു ചുറ്റും പടർന്ന

ആവിക്കെ‍ാപ്പം അടർന്നുവീഴുന്ന

കാവ്യങ്ങൾ ഉണ്ട്.

 

ഈർക്കിൽച്ചൂലിന്റെ വിടവുകളിൽ

ഭൂമി തന്നെ പതിക്കുന്ന ചിലത്,

കുഞ്ഞിന്റെ അമ്മേമന്ത്രങ്ങളിൽ

പാൽ പോലെ ഒഴുകുന്ന ചിലത്.

 

പിറവിക്കു തൊട്ടു മുൻപ്

അവ ജനനം ഉപേക്ഷിക്കുന്നു.

ജനിയാൽ ഉപേക്ഷിക്കപ്പെടുന്നു.

 

കവയിത്രിയുടെ കവിതകൾ,

അതിനാൽ,

യുദ്ധാന്ത്യങ്ങളാണ്.

എഴുതിത്തീർന്നാൽ,

ആ ബിന്ദുവിൽ നിന്ന്

ഒരു നിമിഷസൂചിയുടെ പിടപ്പിലേക്ക്

അതിനേക്കാൾ പിടഞ്ഞ്

ഓടിയെത്തേണ്ടി വരുന്നവളുടെ കവിത.

തന്റെ കവിതയെ ഓമനിക്കാൻ

അനുവാദം ഇല്ലാത്തവളുടെ കവിത.

 

കവിയുടേത്, പക്ഷേ,

ശാന്തമായ

കാട്ടരുവികളാണ്-

സ്വച്ഛമായ, നനുത്ത,

കളകളമാർന്ന അരുവികൾ.

പൂച്ചകളെപോൽ

കവിതകൾ ഓമനിക്കപ്പെടുന്ന

കവിക്കൈകൾ!

 

കവിയും കവയിത്രിയും

അതിനാൽ രണ്ടത്രേ.

അങ്ങനെയേ നിവൃത്തിയുള്ളൂ!

 

(കോളജ് അധ്യാപികയാണ് ജ്യോതി ശ്രീധർ. ആലുവ സ്വദേശി. കവിതകളും ലേഖനങ്ങളും എഴുതുന്നു. ‘കിളി മരം പച്ച’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.) 

 

English Summary: Kaviyum Kavayithriyum, Malayalam Poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com