അയൽക്കാരിയുടെ ആരാധകരെക്കണ്ട് അസൂയ; തിരിച്ചടിച്ച് ഭർത്താവിന്റെ ടിപ്സ്
Mail This Article
ചന്ദ്രോത്ത് ചന്ദ്രി റീ ലോഡഡ് (കഥ)
‘‘ശാരദാംബരം ചാരുചന്ദ്രികാ ധാരയിൽ മുഴുകീടവേ ’’
അതിരാവിലെ മുറ്റമടിക്കുന്ന ചന്ദ്രികയുടെ കാതുകളിലേക്ക് വിരുന്നെത്തും വിധം മൂളിപ്പാട്ട് പാടി വേലിക്കപ്പുറം നിന്ന് പല്ലു തേക്കുന്ന അയൽവാസി കുട്ടപ്പനാണ് ആ കാഴ്ച ആദ്യം കാണുന്നത്,
‘‘ദാ അങ്ങോട്ട് നോക്കിയേ ചന്ദ്രികേ’’
കുട്ടപ്പന്റെ ഈരടികളുടെ താളത്തിനൊപ്പിച്ചു ചൂലനക്കിക്കൊണ്ടിരുന്ന ചന്ദ്രിക കുട്ടപ്പൻ ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് തലയുയർത്തി നോക്കി. തൊട്ടപ്പുറത്തെ വീട്ടിലെ വാസുവും ഭാര്യ ഭാനുമതിയും വീട്ടുമുറ്റത്ത് നിന്ന് വ്യായാമം ചെയ്യുന്നു.
രാവിലെ ചൂട് വാർത്തകളുമായെത്തിയ പത്രക്കാരൻ പാർത്ഥനെ കൊണ്ട് ഫോട്ടോയെടുപ്പിച്ച ഭാനുമതി ചൂടാറാതെ തന്നെ ഫേസ്ബുക്കിലെ സ്വന്തം വാളിലും ഒപ്പം റെസിഡൻസ് അസോസിയേഷൻ വക വാട്ട്സാപ്പ് ഗ്രൂപ്പിലും
‘‘വ്യായാമം ശീലമാക്കൂ, രോഗങ്ങളെ അകറ്റി നിർത്തു’’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തശേഷം വീണ്ടും കെട്ടിയോന്‍ വാസുവിനൊപ്പം വ്യായാമമുറകൾ തുടർന്നു.
‘‘നീയിങ്ങനെ മുറ്റമടിച്ചു നടന്നോ അവളിപ്പോൾ ഫേസ്ബുക്കിലെ സ്റ്റാറാണ്, ഒന്നുമില്ലേലും നീ പഞ്ചായത്ത് മെമ്പറുടെ ഭാര്യയല്ലേ,അതിന്റെ ഒരു ഗുണവും മണവുമൊക്കെ കാണിക്ക്’’
മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചുകൊണ്ട് കുട്ടപ്പൻ ചന്ദ്രികയിലേക്ക് അസ്വസ്ഥത വളർത്തുന്ന യോർക്കർ തൊടുത്തിട്ട് വീടിനുള്ളിലേക്ക് കയറി.
‘‘അങ്ങനെയാ ആണുങ്ങൾ. അതിരാവിലെ ഉണർന്ന് കെട്ടിയോളേം കൂട്ടി എക്സസൈസൊക്കെ ചെയ്യും. അത് മൊബൈലിൽപ്പിടിച്ചു ഫേസ്ബുക്കിലിട്ടു നാലാളെ അറിയിക്കും.വീട്ടുജോലികളിൽ സഹായിക്കും. ഇവിടുത്തെ പോലെ മൂട്ടിൽ വെയിലടിക്കുന്നതുവരെ ഉറക്കമല്ല’’
മുറ്റമടി മഹാമഹം കഴിഞ്ഞു അടുക്കളയിലേക്ക് കയറുമ്പോൾ ചന്ദ്രിക ആരോടെന്നില്ലാതെ പുലമ്പികൊണ്ടേയിരുന്നു.
അടുപ്പത്ത് ചായക്കായി പാല് വെക്കുമ്പോഴും ചന്ദ്രികയുടെ മനസ്സിൽ മുഖപുസ്തകത്തിൽ താരമായി തിളങ്ങുന്ന ഭാനുമതിയെ കുറിച്ചുള്ള കുശുമ്പ് ഉയർന്ന ഊഷ്മാവിൽ തിളച്ചു പൊങ്ങുകയായിരുന്നു.
‘‘എമ്മാതിരി ലൈക്കും കമന്റുമാ ആ ആട്ടക്കാരിയുടെ ഓരോ പോസ്റ്റിനും ലഭിക്കുന്നത്. നമ്മളൊക്കെ ഒരു ഫോട്ടോ ഇട്ടാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. ആ കുട്ടപ്പായി എങ്ങാനം ഒരു ലൈക്കോ കമന്റോ അടിച്ചാൽ ആയി. കെട്ടിയോൻ പോലും കണ്ടഭാവം നടിക്കില്ല’’
അടുപ്പിന് മുന്നിൽ നിന്ന് പതം പെറുക്കികൊണ്ട് മുഖപുസ്തകത്തിലൂടെ കണ്ണോടിച്ച ചന്ദ്രികയുടെ കണ്ണുകൾ ഭാനുവാസുവിന്റെ ലേറ്റസ്റ്റ് പോസ്റ്റിലുടക്കി. എന്തോരം കമന്റുകളാണ് അവളുടെ പോസ്റ്റിന് നിമിഷനേരം കൊണ്ട് വന്നിരിക്കുന്നത്. മൂക്കത്തു വിരൽവെച്ച് ചന്ദ്രിക ഓരോ കമന്റുകളും വായിച്ചുതുടങ്ങി.
‘‘ഫോട്ടോ എടുത്തത് പാർത്ഥൻ ആണ് മറക്കേണ്ട ഡിയർ’’ ആദ്യ കമന്റ് പത്രക്കാരൻ പാർത്ഥൻ വക.
‘‘അത് ഞാൻ മറക്കുമോ ചങ്കെ’’
ഭാനുമതിയുടെ മറുപടി കമന്റിനൊപ്പം സ്മൈലിസ്റ്റിക്കറുകളുടെ പെരുമഴയും.
കഴിഞ്ഞ ആഴ്ചയും റേഷൻമേടിക്കാനെന്നും പറഞ്ഞു എന്റെ കയ്യിൽ നിന്ന് രൂപ അഞ്ഞൂറു കടം വാങ്ങിയവനാണ് ഈ പാർത്ഥൻ എന്നിട്ടവൻ എന്റെ പോസ്റ്റുകൾ കണ്ടഭാവം നടിക്കില്ല നാറി. മനസ്സിൽതോന്നിയ ആത്മരോഷം ചൂട് ചായയോട് തീർത്ത് നാക്ക് പൊള്ളിയത് മാത്രം മിച്ചമാക്കി അടുത്ത കമന്റിലേക്ക് ചന്ദ്രിക കണ്ണോടിച്ചതോടെ ചന്ദ്രികയുടെ ഇരു കണ്ണുകളും ഒന്നയടി മുന്നോട്ട് തള്ളിവന്നു.
‘‘മാതൃകാപരം ഡിയർ ഭാനു. ഇത് നമ്മുടെ വാർഡിലെ ഓരോ കുടുംബവും മാതൃകയാക്കണം കൂട്ടത്തിൽ ചേരുവയായി ഒരു ലൗ സിംബലും’’ കമന്റ് എഴുതിയ ആളിന്റെ പേര് മെമ്പർ മണിയൻ.തന്റെ കെട്ടിയോൻ.കിടക്കപ്പായിൽക്കിടന്ന് അങ്ങേരു ഭാനുമതിയുമായി കൊച്ചുവർത്തമാനം പറയുന്നു,
അവധിദിവസമായതിനാൽ രാവിലെ അമ്പലത്തിൽ പോകാമെന്നു ഇന്നലെ രാത്രി പറഞ്ഞപ്പോൾ കുറെ ദിവസമായി നിപ്പയുടെ പുറകെ ഓടി ഊപ്പാട് വന്നതിനാൽ ഇന്ന് ഉറക്കം തീരുംവരെ കിടന്നുറങ്ങണം എന്ന് പറഞ്ഞ മനുഷ്യനാ വെളുപ്പാൻകാലത്ത് തന്നെ മറ്റൊരു വൈറസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വാലും കടിച്ചു നടക്കുന്നു.
രോഷം അണപൊട്ടിയൊഴുകിയ ചന്ദ്രിക മണിയനു ചൂട് ചായക്കൊപ്പം ചൂടാറാതെ നാക്കുകൊണ്ടുള്ള ടോണിക്കും നൽകാനായി കിടപ്പുമുറിയിലേക്ക് തിരിക്കവെയാണ് ഭാനുമതീയുടെ റീപ്ലെ കമന്റ് വന്നത്.
‘‘താങ്ക് യു മൈ ഡിയർ മണിയൻസ്. ഞങ്ങളുടെ ചങ്ക് മെമ്പർ നൽകുന്ന പിന്തുണ ഞങ്ങൾക്കൊരു ആവേശമാണ്’’
കൂടെ ഒന്നിലധികം സ്മൈലികളും
‘‘കൂടെയുണ്ടാകും എപ്പോഴുമീ മണിയൻ മെമ്പർ’’ സെക്കൻഡുകൾക്കുള്ളിൽ തന്നെ മണിയന്റെ മറുകമന്റും ഒഴുകിയെത്തി.കയ്യിലിരിക്കുന്ന ഗ്ലാസിലെ ചായയേക്കാൾ ചൂടേറിയ മനസ്സുമായി കിടപ്പു മുറിയിലേക്ക് കടന്നു ചെന്ന ചന്ദ്രിക കാണുന്നത് തലവഴിപുതച്ചുമൂടി കിടക്കുന്ന മണിയന്റെ കൈകൾ പുതപ്പിനുള്ളിൽ ക്ലോക്കിന്റെ പെൻഡുലം പോലെ ചലിച്ചു കൊണ്ടിരിക്കുന്നു,
‘‘രാവിലെ തന്നെ കണ്ടവളുമാരുടെ പോസ്റ്റിനു കീഴെ വാലും കടിച്ചു നടക്കുവാ,എന്നിട്ട് ഉറക്കമാണ് പോലും’’
സ്റ്റീഫൻ ദേവസ്സിയുടെ കൈവിരലുകൾ ഓർക്കസ്ട്രയിൽ നിരന്തരം തഴുകുന്ന പോലെ കൈവിരലുകൾ കൊണ്ട് ഫോണിൽ അമ്മാനമാടിയിരുന്ന മണിയൻ മെമ്പർ ചന്ദ്രികയുടെ വാക്കുകൾ കൊണ്ടുള്ള അമ്മൻകുടം കേട്ടതോടെ ഒരുവേള നിശബ്ദനായി.
‘‘കണ്ടവളുമാര് കോനാക്കുത്ത് കാണിക്കുന്ന ഫോട്ടോക്ക് താഴെ നിങ്ങൾക്ക് ആയിരം നാവാണ്. കൂടെയുണ്ട് പോലും ,ഇവിടെ ബാക്കിയുള്ളവർ ഒരു പോസ്റ്റ് ഇട്ടാൽ തിരിഞ്ഞുനോക്കില്ല’’
ചന്ദ്രിക മണിയൻ സമക്ഷം പരാതിയുടെ ഭാണ്ഡകെട്ട് തുറന്നതോടെ മണിയൻ റൂട്ട് മാറ്റി അനുനയത്തിന്റെ പാതയിലേക്ക് കടന്നു.
‘‘മോളെ ചന്ദ്രി ഞാനൊരു പഞ്ചായത്ത് മെമ്പർ അല്ലേ. എനിക്ക് അവരുടെയൊക്കെ വോട്ട് ഇനിയും വേണ്ടതല്ലേ. കള്ളച്ചിരിയുമായി ചെന്ന് അവരുടെ കൂടെ തുള്ളികളിക്കുന്നവർക്കേ ഇന്നത്തെക്കാലത്ത് വോട്ട്കിട്ടൂ’’
‘‘എന്നാലും അവൾക്ക് എത്ര ലൈക്കും കമന്റുമാണ് ലഭിക്കുന്നത് അവളുടെ ഗമ ഇന്ന് കുടുംബശ്രീക്ക് പോകുമ്പോഴും കാണണമല്ലോ ‘‘
മനസ്സിലെ വികാരങ്ങൾ കടിച്ചമർത്തി ചന്ദ്രിക വീണ്ടും ഭാനുമതിയുടെ പോസ്റ്റിലേക്ക്.
അയ്യോ ദാണ്ടെ കുട്ടപ്പായിയും കമന്റിട്ടേക്കുന്നു. ‘എക്സലന്റ്, വണ്ടർഫുൾ,ബ്ലംബാസ്റ്റിക്ക്’ എന്നൊക്കെ. എന്റെ പോസ്റ്റിന് ആകെ കമന്റ് ചെയ്യുന്നത് ആ കുട്ടപ്പായി മാത്രമായിരുന്നു.അവനെയും ആ എരണം കെട്ടവൾ വളച്ചു
വിഷണ്ണയായ ചന്ദ്രിക മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു വിങ്ങുന്ന ഹൃദയവുമായി മണിയൻ ചാരെ ഇരിപ്പുറപ്പിച്ചു.
‘‘ഡീ ചന്ദ്രികേ ഈ ലൈക്കും കമന്റുമൊക്കെ കിട്ടാൻ ചില ട്രിക്കുണ്ട്. നീ വെറുതെ ഓരോ ചളി ഫോട്ടോ ഇട്ടാൽ ആര് തിരിഞ്ഞുനോക്കാനാണ്. എനിക്ക് പോലും സഹിക്കുന്നില്ല പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ? ഭാനുമതി ഇടുന്നപോലുള്ള ജീവനുള്ള പോസ്റ്റുകൾ ഇട്’’
‘‘എന്നാൽ മനുഷ്യാ നിങ്ങൾ ഒരു കാര്യം ചെയ്യ് ഇന്ന് മുതൽ ഈ ചളിയെ ഉപേക്ഷിച്ച് കിടത്തവും ഭാനുമതിക്കൊപ്പം ആക്കിക്കോ’’
നീറുന്ന ചന്ദ്രികയെ തണുപ്പിക്കാൻ മണിയൻ പ്രയോഗിച്ച ബൈസിക്കിൾ കിക്ക് ലക്‌ഷ്യം തെറ്റി പുറത്തേക്ക് പോയി.
സകല ദേഷ്യവും കാലുകളിലേക്ക് ആവാഹിച്ചു തറയിൽ ചവുട്ടി കുലുക്കി ചന്ദ്രിക അടുക്കളയിലേക്ക് നീങ്ങി.
അടുക്കളയിലെ പാത്രങ്ങളോട് മല്ലിടുമ്പോഴും ഭാനുമതി ഫേസ് ബുക്കിൽ സ്റ്റാറായി വിലസുന്നത് ചന്ദ്രികയുടെ മനസ്സിൽ ഓഖി ചുഴലിക്കാറ്റ് പോലെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.
‘പ്രിയതമേ ചന്ദ്രികേ’
ദോശക്കല്ലിനോട് ബലംപിടിച്ചു കൊണ്ടിരുന്ന ചന്ദ്രികാചാരെ മൂളിപ്പാട്ടിന്റെ അകമ്പടിയോടെ കടന്ന് വന്ന മണിയൻ ചന്ദ്രികയുടെ മനോവേദനയ്ക്കുള്ള പരിഹാരം കണ്ടെത്തിയിരുന്നു.
‘‘ഞാൻ പറഞ്ഞില്ലേ ഇതിനൊക്കെ ഒരു ട്രിക്കുണ്ടെന്ന്. നീ നോക്ക് ഭാനുമതിയുടെ ഫേസ് ബുക്ക് ഐഡിയുടെ പേരെന്താണ് ?
‘ഭാനു വാസു’
‘‘അപ്പോള്‍ നിന്റെയോ’’
‘‘ചന്ദ്രികാ മണിയന്‍’’
‘‘അതാണ് കുഴപ്പം. നിന്‍റെ പേരിന് ഒരു ഗും ഇല്ല. ചന്ദ്രികാ മണിയന്‍ എന്ന പേരൊക്കെ കണ്ടാല്‍ ആരും തിരിഞ്ഞുനോക്കില്ല. അതുകൊണ്ട് നമ്മൾ പേര് മാറ്റുന്നു. വീട്ടുപേരും ചേര്‍ത്ത് ചന്ദ്രോത്ത് ചന്ദ്രി അത് മതി ഫേസ്ബുക്കിൽ നിന്‍റെ പേര് ’’
‘‘ഇതൊക്കെ നേരുത്തെ പറഞ്ഞുതരണ്ടായിരുന്നോ മനുഷ്യാ’’
മണ്ഡരിബാദിച്ച തെങ്ങുപോലെ പോലെ വികൃതമായിരുന്ന ചന്ദ്രികയുടെ മുഖം വിടര്‍ന്ന താമരമൊട്ട് പോലെ തെളിഞ്ഞുവന്നു .
‘‘ഇനിയുമുണ്ട് ട്രിക്കുകള്‍ കേള്‍ക്ക് നീ’’
വീണ്ടും മണിയന്‍ തന്‍റെ മിഷന്‍ ലൈക്ക് ആന്‍ഡ് കമന്റ് പ്രോഗ്രാമിന്‍റെ പദ്ധതികള്‍ വിശദമായി തന്നെ ചന്ദ്രികാ സമക്ഷം അവതരിപ്പിച്ചു,
‘‘നീ ഒരേ തരം ഫോട്ടോകള്‍ ഇട്ടു ആളുകളെ വെറുപ്പിക്കുന്നത് നിര്‍ത്തണം. പകരം ദിവസവും നടക്കുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പോസ്റ്റ് ചെയ്യണം. ഉദാഹരണത്തിന് നീ ഉച്ചക്ക് കറിയായി ചമ്മന്തി അരച്ചത് ആണ് ഉണ്ടാക്കിയത് എങ്കിലും റ്റുഡെയ്സ് സ്പെഷ്യല്‍ ‘‘കോക്കനട്ട് പൗഡര്‍ കോക്കാണിക്കോ എന്നൊക്കെ വെച്ച് താങ്ങണം ലൈക്കുകൾ പെട്രോൾ വിലപോലെ അടിക്കടി മേലേക്ക് കുതിക്കും’’
‘‘എന്നാല്‍ ഇപ്പോള്‍ തന്നെ ഒരു സാമ്പിള്‍ വെടി പൊട്ടിച്ചേക്കാം’’
മണിയന്‍റെ ക്ലാസ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചന്ദ്രോത്ത് ചന്ദ്രിയായി മാറിയ ചന്ദ്രിക ദോശചുടാനുള്ള ദൗത്യം മണിയനെ ഏല്‍പ്പിച്ചു മുഖപുസ്തകത്തിലേക്ക് ചാഞ്ഞപ്പോൾ റിലേ മത്സരത്തില്‍ കൈമാറിക്കിട്ടിയ ബാറ്റന്‍ പോലെ ചന്ദ്രിക കൈമാറിയ ദോശ തിരിച്ചിടാനുള്ള ചട്ടുകത്തെ നോക്കി കണ്ണും തള്ളി നില്‍ക്കാനേ മണിയന് കഴിഞ്ഞുള്ളൂ.
ഏറെ വൈകാതെ ചന്ദ്രോത്ത്ചന്ദ്രിയുടെ ആദ്യപരീക്ഷണം മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തു .
‘‘ ചൂട് ചായ വായ്‌പൊള്ളിച്ചു - ഫീലിംഗ് പെയിന്‍ ’’
ചന്ദ്രോത്ത് ചന്ദ്രിയുടെ ആദ്യ പോസ്റ്റിനെ തേടി മിനിറ്റുകള്‍ക്ക് ഉള്ളില്‍ത്തന്നെ ലൈക്കുകളും കമന്‍റുകളും മഴവെള്ളപ്പാച്ചില്‍ പോലെ വന്നുകൊണ്ടേയിരുന്നു .
‘‘അയ്യോ ചന്ദ്രു എന്ത് പറ്റി ഡിയര്‍’’
പത്രക്കാരന്‍ പാര്‍ഥന്‍ ആശങ്ക അറിയിച്ചു കമന്റിട്ടപ്പോള്‍.
‘‘ചായയൊക്കെ ശ്രദ്ധിച്ചു വേണ്ടേ കുടിക്കാൻ. വേദനയുണ്ടേല്‍ ഈ കുട്ടപ്പായി ഊതി തരാം ’’ അയല്‍വാസി കുട്ടപ്പന്‍ വക സന്മനസ്സ് കമന്റ് .
‘‘വാട്ട് ഹാപ്പണ്ട് ചന്ദ്രു. ഡോണ്ട് വറി ഡാര്‍ലിങ്’’ - വാസു വക ആശ്വസിപ്പിക്കല്‍ കമന്‍റ് അങ്ങനെ അങ്ങനെ പലവേര്‍ഷനിലുള്ള കമന്‍റുകള്‍ ചന്ദ്രുവിന്റെ പോസ്റ്റിനു കീഴെ നിരനിരയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി .
ലൈക്കുകളും കമന്‍റുകളും ഹിമാലയം കയറുന്നത് കണ്ട് ചന്ദ്രിക ആത്മരതിയില്‍ ആറാടവേ അബദ്ധം പറ്റിയ മനസ്സുമായി ചന്ദ്രിക പാതിക്ക് ഇട്ടേച്ചു പോയ ദോശചുടല്‍ കര്‍മ്മം പൂര്‍ത്തികരിക്കുന്നതിനിടയിലാണ് മണിയനെ തേടി വാസുവിന്‍റെ സന്ദേശമെത്തുന്നത് .
‘‘നീയും പെട്ടു അല്ലേ? സന്തോഷമായി മണിയാ സന്തോഷമായി’’
English Summary : Chandrothu Chandru Reloaded Short Story By K.R Rajesh