' പേടി കാരണം ഭാര്യ വീടിന്റെ വാതിൽ തുറന്നില്ല, അന്നയാൾക്കു റെയിൽവേ സ്റ്റേഷനിൽ ഉറങ്ങേണ്ടി വന്നു..'
Mail This Article
പരീക്ഷ (കഥ)
ഓഫീസിലെ അന്നത്തെ / തലേ ദിവസത്തെ ജോലിയൊക്കെ കഴിഞ്ഞു വീട്ടിൽ എത്തിയത് രാവിലെ രണ്ടു മണിക്കാണ്. വളരെ അപകടം പിടിച്ച സമയം. ഇതു പോലെ വൈകിവരുന്നവർ മറ്റുള്ളവരെ പറ്റിക്കാനായ് പല സൂചനകൾ തരും. അതായത് അയാൾ ഓടിക്കുന്ന ബൈക്കിന്റെ ടയറിനു കാറ്റില്ലായെന്നോ അല്ലെങ്കിൽ മുന്നിൽ എന്തോ പ്രശ്‍നം ഉണ്ടെന്നോ ഉള്ള രീതിയിൽ. കുറച്ചു ദൂരം കഴിയുമ്പോൾ ഈ സൂചനകൾ തന്നവർ തന്നെ റോഡിൽ ഏതെങ്കിലും ഡിവൈഡറിൽ തട്ടി മലർന്നടിച്ചു വീണിട്ടുണ്ടാവും. പൊതുവെ ആരും ശ്രദ്ധിക്കില്ല. ബാങ്ക് മാനേജ്മെന്റാണെങ്കിൽ ഒരർഥത്തിൽ ജീവനക്കാരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ്. ഡൽഹിയിൽ ഏതെങ്കിലും ബ്രാഞ്ചിൽ ജോലി കുന്നു കൂടി കിടക്കുകയാണെന്ന് മനസ്സിലായാൽ ബാലകൃഷ്ണനെ അങ്ങോട്ടു വിടും. പിന്നെ അയാൾക്ക് വീടില്ല കുടുംബമില്ല. പത്തു മണിക്ക് മുന്നെ തുടങ്ങുന്ന ജോലി അടുത്ത ദിവസം രാവിലെ രണ്ടു മണി വരേയും ഇരുന്നയാൾ തീർക്കും. അതിനാൽ തന്നെ അയാൾക്ക് വ്യക്തിപരമായ ജീവിതം ഇല്ല തന്നെ. അയാളെ അറിയുന്ന ചില സഹപ്രവർത്തകർ വൈകുന്നേരം ഏഴു മണി ആകുമ്പോൾ അയാളോട് ചോദിക്കും "സർ ഞാൻ പോയിക്കോട്ടെ" അയാളാകട്ടെ സമ്മതം മൂളും. പിറ്റേന്ന് ആ സഹപ്രവർത്തകൻ എത്തുമ്പോഴേക്കും അവന്റെ കൂടി ജോലി അയാൾ ചെയ്തു തീർത്തിരിക്കും. അങ്ങനെ പെൻഡിങ്ങ് ആയ ജോലി തീരുമ്പോഴേക്കും മാനേജ്‌മന്റ് വേറെ ഏതെങ്കിലും ബ്രാഞ്ച് കണ്ടുവെച്ചിരിക്കും. പണി എടുക്കുന്നവരെ കമ്പനിക്ക് അറിയാം പക്ഷെ അതിനനുസരിച്ചു പ്രൊമോഷനോ ഇൻക്രിമെന്റോ ഇല്ല. മാത്രമല്ല പ്രാദേശികമായ മറ്റു പല വിവേചനങ്ങളും ഉണ്ട്. അതിലൊക്കെ നിരാശനാണെങ്കിലും അയാൾ ഒരു യന്ത്രം പോലെ ജോലി ചെയ്തുകൊണ്ടേയിരുന്നു.
എത്ര ശ്രമിച്ചിട്ടും ഒരു ട്രാൻസ്ഫർ പോലും സ്വന്തം നാട്ടിലേക്ക് അയാൾക്ക് കിട്ടിയില്ല. എന്നിട്ടും പതിവ് പോലെ ഏഴു മണിക്ക് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ടൈ എടുത്തു പോക്കറ്റിലിട്ടു, കാരണം ടൈ ഇട്ടു അയാൾക്ക് ശീലമില്ല മാത്രമല്ല ഇഷ്ടവുമല്ല. അതുകൊണ്ട് ബാങ്കിന്റെ പരിസരത്തെത്തിയാൽ അയാൾ ടൈ ധരിച്ച ശേഷമേ അകത്തു കയറൂ. മാനേജ്മെന്റിന്റെ ഓർഡർ തെറ്റിക്കാൻ പാടില്ലല്ലോ? ടൈ ധരിച്ചാൽ ഒരു എക്സിക്യൂട്ടീവ് ലുക്ക് ഉണ്ടാകും എന്നാണ് മാനേജ്മെന്റ് വിചാരിക്കുന്നത്, അതു വഴി കൂടുതൽ ബിസിനസ്സും മാത്രമല്ല കസ്റ്റമർക്കും തോന്നണ്ടേ ഇയാൾ എന്തോ സംഭവം ആണെന്ന്. ചിന്തകൾ അത്രയും ആയപ്പോഴേക്കും ഭാര്യ കട്ടൻ ചായയുമായി എത്തി. അത് ചൂടാറ്റി കുടിച്ചു. അടുത്ത പണി കുട്ടികളെ സ്കൂളിൽ എത്തിക്കലാണ്. അതു കഴിഞ്ഞു ഓഫീസിലേക്ക്. അയാൾക്ക് വീടും ഓഫീസും ഒക്കെ ഓഫീസ് തന്നെ. ഒന്നോ രണ്ടോ തവണ അന്നന്നത്തെ ജോലി തീർന്നതിനാൽ പതിവില്ലാതെ നേരത്തെ വന്നപ്പോൾ ഭാര്യ പേടി കാരണം വീടിന്റെ വാതിൽ തുറക്കാത്തതിനാൽ റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ പോയി കിടന്നുറങ്ങി രാത്രി പന്ത്രണ്ടു മണിക്ക് തിരിച്ചു വീട്ടിൽ പോയിട്ടുണ്ട്. അർദ്ധരാത്രിയിൽ വരുന്ന ട്രെയിനിൽ ഉറങ്ങിപ്പോയതിനാൽ സ്റ്റോപ്പിൽ ഇറങ്ങാതെ യാർഡിലെത്തിയ വണ്ടിയിൽ സ്ഥലകാല ബോധമില്ലാത്തതിനാൽ വണ്ടി പരിശോധിക്കാൻ വന്ന ജീവനക്കാരനോട് എവിടെയെത്തിയെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി പാകിസ്ഥാൻ എന്നായിരുന്നു. കാര്യം മനസ്സിലായപ്പോൾ അയാൾ പറഞ്ഞു "ഈ വണ്ടിയിൽ തന്നെ ഉറങ്ങിക്കോ ഇതാണ് രാവിലെ ആദ്യം പോകുക". അടുത്ത ദിവസം രാവിലെ അതെ വണ്ടിയിൽ തിരിച്ചു വന്നു. അങ്ങനെ എന്തൊക്കെ കഴിഞ്ഞു ജീവിതത്തിൽ. ജീവിക്കാൻ എന്തൊക്കെ വേഷങ്ങൾ !
പെട്ടെന്നയാൾ ഞെട്ടി പിറകിൽ കണ്ടക്ടർ അയാൾക്കിറങ്ങേണ്ട സ്റ്റോപ്പിന്റെ പേര് വിളിച്ചു പറയുന്നു. അയാൾ വേഗം എഴുന്നേറ്റ് വാതിലിനരികിലേക്ക് നടക്കുന്നതിനിടയിൽ ഒന്ന് രണ്ടു പേരോട് ചോദിച്ചു സ്ഥലം അയാൾക്കിറങ്ങേണ്ടത് തന്നെയെന്നുറപ്പ് വരുത്തി. കാരണം ഡൽഹിയിൽ അങ്ങനെയാണ് സ്ഥലം അറിയില്ലെങ്കിലും ആരോടെങ്കിലും വഴി ചോദിച്ചാൽ അറിയില്ലായെന്ന് പറയുന്നവർ ചുരുക്കമാണ്. അതു കേട്ട് പോയാൽ പോകുന്നവർ വട്ടം കറങ്ങും. അയാൾ ബസ്സിറങ്ങി കൈയ്യിലുള്ള അഡ്രസ്സ് എടുത്തുനോക്കി. മെയിൻ റോഡിൽ നിന്ന് കുറച്ചു ഉള്ളിലാണ്. സർവീസ് റോഡിൽ. ചുറ്റും നോക്കി പുറത്ത് ആരുമില്ല. കാളിംഗ് ബെല്ലിൽ വിരലമർത്തി. അകത്തു തത്തയുടെ കരച്ചിൽ കേൾക്കാം. പിന്നെ ആരും ഭയന്നു പോകുന്ന പട്ടിയുടെ ഭീകരമായ കുരയും. ഒരു നിമിഷം സംശയിച്ചു നരിമടയിലാണോ വന്നു പെട്ടത്? പുറത്തു നിന്ന് നോക്കുമ്പോൾ തന്നെയറിയാം ആള് വലിയ പണക്കാരനാണ്. പ്രധാന ഗെയ്റ്റിന് അരികിൽ തന്നെ ചെറിയ ഗെയ്റ്റുണ്ട് അത് കാൽനടയായി വരുന്നവരെ ഉദ്ദേശിച്ചാകാം. ഇന്നലെ വൈകുന്നേരമാണ് ബാലകൃഷ്ണനോട് മാനേജർ പറഞ്ഞത് "നാളെ ക്രിസ്തുമസ് കേക്കുമായി പോവുക. കേക്ക് കൊടുത്തതിനു ശേഷം ആശംസകൾ നൽകുക. അതിനു ശേഷം കാര്യം സംസാരിക്കുക." ചിന്തകൾ അത്രയും ആയപ്പോഴേക്കു ഒരു തടിയൻ വന്നു ചോദിച്ചു "എന്താ" "മുതലാളിയെക്കാണണം" "എന്തിനാ " "ക്രിസ്തുമസ് കേക്ക് കൊടുക്കാൻ" അയാളുടെ പേരും ബാങ്കിന്റെ പേരും പറഞ്ഞു. അയാൾ പോയി കുറച്ചു കഴിഞ്ഞിട്ടു തിരിച്ചു വന്നിട്ടു പറഞ്ഞു "വന്നോളൂ" അകത്തോട്ടു കയറി.
വീടിന്റെ ഒരു വശത്തായി ഭീകരൻമാരായ ശുനകൻമാർ അയാളെ കണ്ടപ്പോൾ കൂടു തകർക്കാൻ ശ്രമിച്ചു. അതെങ്ങാനും പുറത്തിറങ്ങിയാൽ അയാളുടെ പൊടിപോലും ഉണ്ടാകില്ലെന്നോർത്തു അയാളുടെ ഉള്ളൊന്നു കിടുങ്ങി. തടിയൻ കാണിച്ചു കൊടുത്ത വഴിയേ പോയി പുഷ് വാതിൽ തുറന്നു. അകത്തു നല്ല കുഷ്യൻ സീറ്റുകൾ. കണ്ണട ധരിച്ച കുറച്ചു പ്രായമുള്ള തടിച്ച ഒരാൾ അവിടെ ഇരിക്കുന്നു. കപൂർ ഇയാളായിരിക്കണം ബാലകൃഷ്ണൻ മനസ്സിലോർത്തു. "കപൂർ?" "അതേ ഞാൻ തന്നെ. ഇരിക്കൂ" തടിയൻ പറഞ്ഞു. ഇരിക്കുന്നതിനു മുന്നെ അയാൾ ക്രിസ്മസ് ആശംസകൾ നേർന്നു കൊണ്ട് കേക്ക് കൊടുത്തു. അപ്പോഴേക്ക് ഒരാൾ വെള്ളവുമായി എത്തി. വെള്ളം കുടിച്ചതിനു ശേഷം കാര്യത്തിലേക്ക് കടന്നു. "അപ്പോൾ നിങ്ങൾ ലോൺ തിരിച്ചടപ്പിക്കാൻ വന്നതാണ്" കപൂർ പുച്ഛത്തോടെ ചിരിച്ചു പിന്നെ ആരൊക്കെയോ വിളിച്ചു. അപ്പോൾ വേറെ രണ്ടു തടിയൻമാർ കൂടി വന്നു. "രവി/ ഗുഡ്ഡു ഈ സർ വന്നിരിക്കുന്നത് നമ്മൾ എടുത്ത ലോൺ തിരിച്ചു വാങ്ങാനാണ്." എന്തോ ഫലിതം കേട്ട പോലെ അവരും ചിരിക്കുകയാണ്. "ഏതായാലും സാറിന്റെ ലോൺ കൊടുത്തേക്ക്. പക്ഷെ സാറിനെ ഇത് പോലെ തിരിച്ചു വിടണം. കുപ്പായത്തിനു ഒരു ചുളിവ് പോലും വരുത്തരുത്. സർ കേക്കും കൊണ്ട് വന്നതല്ലേ?" "നടക്ക് സർ" കപൂർ അയാളെ നേരെ നോക്കിപ്പറഞ്ഞു "പോയിക്കോളൂ അവർ തരും" അയാളുടെ ചിരി അപ്പോഴും മാറിയിരുന്നില്ല. ബാലകൃഷ്ണന് അതിലെന്തോ പന്തികേടുപോലെ തോന്നി.
ഗെയ്റ്റിന് പുറത്തുണ്ടായിരുന്ന വലിയൊരു കറുത്ത വണ്ടിയിൽ ഒരുത്തൻ കയറി അവന്റെ പിറകെ അയാളേയും കയറ്റി അതിന്റെ പിറകിൽ രണ്ടാമത്തെ തടിയനും കയറി. വണ്ടി ഓടാൻ തുടങ്ങി. നഗരത്തിന്റെ വിവിധ റോഡുകളിൽ അതിങ്ങനെ ഓടിക്കൊണ്ടേയിരുന്നു. രണ്ടു വശത്തും രണ്ട് തടിമാടൻമാരാണ് ഇരിക്കുന്നത്. ഒന്നും ചെയ്യാൻ നിവൃത്തിയില്ല. ഇടയ്ക്കിടെ അയാളെ താക്കീത് ചെയ്തു കൊണ്ടേയിരുന്നു. കൂട്ടത്തിൽ തമാശ രൂപത്തിൽ പറയും "സാറിന് പൈസ വേണ്ടേ സാർ ഇരിക്ക്. ഈ പൈസയും കൊണ്ട് പോയാൽ സാറിന് പ്രൊമോഷൻ കിട്ടും അല്ലെ? പാർട്ടി തരണേ?" ദയനീയ ഭാവത്തിൽ ഒരുത്തൻ പറഞ്ഞു "പിന്നെ സാറെ ഇന്നേ വരെ ഞങ്ങളുടെ അടുത്ത് ലോൺ തിരിച്ചടക്കണമെന്ന് പറഞ്ഞു ഒരാളും വന്നിട്ടില്ല. ആരെങ്കിലും ഒന്ന് വിളിച്ചാലായി. ഇനി ഒരിക്കൽ വിളിച്ചവൻ രണ്ടാമത് വിളിക്കാറില്ല". ക്ഷീണവും ദാഹവും കാരണം ബാലകൃഷ്ണൻ അവശനായിത്തുടങ്ങി. ഇടയ്ക്ക് ഒന്നു രണ്ടു തവണ വണ്ടി നിർത്തിയെങ്കിലും
അയാളെ ആ തടിയൻമാർ അനങ്ങാൻ വിട്ടില്ല. ബാലകൃഷ്ണൻ സ്വയം പ്രാകാൻ തുടങ്ങി എന്തൊരു പരീക്ഷണം! ടൈയും കോട്ടുമിട്ട് ബാങ്കിലെ ജോലിയെന്ന് പറഞ്ഞാൽ ആൾക്കാർക്ക് നല്ല ഇഷ്ടമാണ് അവർക്കറിയില്ലല്ലോ സ്വകാര്യ ബാങ്കിൽ നടക്കുന്നതെന്താണെന്ന്. എന്തെല്ലാം ടാർഗെറ്റുകൾ, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ്, ക്രെഡിറ്റ് കാർഡ്, ലോൺ തിരിച്ചു പിടിക്കൽ അങ്ങനെ പലതും. ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ നല്ല ചീത്ത വിളി മുകളിൽ നിന്ന് കേൾക്കുമെന്ന് മാത്രമല്ല ജോലി ഇല്ലാതായെന്നും വരും. അയാളുടെ മനസ്സിലേക്ക് ഭയം നുഴഞ്ഞു കയറിത്തുടങ്ങി. ഇന്നിനി വീട്ടിൽ തിരിച്ചെത്തുമോയെന്നു സംശയമാണ്. ഇനി തനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ ആരും അറിയാനും പോകുന്നില്ല. വല്ല ആക്സിഡന്റ് കേസായി അവസാനിക്കും അത്ര തന്നെ.
അയാളോർത്തു പലയിടത്തും ലോൺ പിരിക്കാൻ പോയിട്ടുണ്ട്. ചിലയിടത്തു തെറി വിളിയാണ്. മറ്റു ചിലയിടത്തു ആത്മഹത്യാ ഭീഷണി. അടിക്കാൻ വന്നവരും പട്ടിയെ അഴിച്ചു വിട്ടവരും ഉണ്ട്. പക്ഷെ ഇങ്ങനെയൊരു പരീക്ഷ ആദ്യമായാണ്. സന്ധ്യ മയങ്ങിത്തുടങ്ങി അപ്പോഴേക്കും വണ്ടി ആ വലിയ വീടിന്റെ മുന്നിലെത്തി. അയാളേയും ഇറക്കിയിട്ട് ഒരു തടിയൻ പറഞ്ഞു. “സർ പൈസ ഞങ്ങൾ തരില്ല. അതും ചോദിച്ചു ഇങ്ങോട്ട് വന്നാൽ സർ തിരിച്ചു പോകില്ല. ഇന്ന് ഞങ്ങൾ വെറുതെ വിട്ടതാണ് ആദ്യത്തെ തവണ. ഇന്ന് കഴിഞ്ഞതൊക്കെ ഇവിടെ മറന്നിട്ട് പോകണം. ഒന്ന് കൂടി സാറിന്റെ ബാങ്കിന് ആരെങ്കിലും പൈസ തരാൻ ഉണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞേക്ക് വാങ്ങിത്തരാം. അതിന് പൈസ വേണ്ട. ഞങ്ങളുടെ നമ്പർ സർ നോട്ട് ചെയ്തോളൂ" എന്നു പറഞ്ഞു അവർ കൊടുത്ത നമ്പർ വാങ്ങിയിട്ട് ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഒന്നും പറയാനാകാതെ അയാൾ വീട്ടിലേക്ക് പോകാനായി അടുത്ത ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
Content Summary: Malayalam Short Story ' Pareeksha ' written by Nanu T.