ചിത്രം പകർത്താത്ത നിമിഷങ്ങൾ – സുനൈസ് ടി. എസ്. എഴുതിയ ചെറുകഥ

HIGHLIGHTS
  • ചിത്രം പകർത്താത്ത നിമിഷങ്ങൾ (ചെറുകഥ)
malayalam-story-chithram-pakarthatha-nimishangal
Representative image. Photo Credit: lemono/istockphoto.com
SHARE

രാവിലെ ചാരുകസേരയിലിരുന്നു പത്രം നോക്കുകയായിരുന്നു. കാപ്പിയുമായി താര വന്നു അടുത്തിരുന്നു. "അതേയ്, അമ്മൂന് കാനഡയിൽ നിന്ന് ഒരു ഓഫർ വന്നിട്ടുണ്ട് പിജി ചെയ്യാൻ. സ്കോളർഷിപ് ഒക്കെ കിട്ടുംന്നാ പറയുന്നേ.." ചെടികൾക്ക് വെള്ളമൊഴിക്കുന്നുവെന്ന വ്യാജേന ഞങ്ങൾ സംസാരിക്കുന്നിടത്തേക്ക് കാത് കൂർപ്പിച്ചു മകൾ അമൃത മുറ്റത്തൂടെ നടക്കുന്നു. "അമ്മൂ.. ഇവിടെ വാ" വെള്ളമൊഴിക്കുന്ന പാത്രം താഴെ വെച്ച് അവൾ പരുങ്ങി മുന്നിലേക്ക് വന്നു.. പത്രം ചാരുകസേരയ്ക്കരികിലെ ടീപ്പോയുടെ മുകളിലേക്കിട്ട് ഞാൻ അമ്മുവിനോട് ചോദിച്ചു. "ഞാൻ നിന്റെ ആരാണ് അമ്മു?" "അപ്പ" അവൾ നിന്നു വിയർക്കുന്നു. പൂർണ്ണ ഗൗരവത്തോടെ ഞാൻ വീണ്ടും ചോദിച്ചു. "നിന്റെ ലൈഫിൽ ഒരു പുതിയ കാര്യം ആലോചിക്കുന്നുണ്ടെങ്കിൽ നീ ആദ്യം എന്നോട് പറയണ്ടേ?" നിശബ്ദത. "താരെ, നിന്റെ മോൾക്കെന്താ നാവില്ലേ?" ഞാൻ ശബ്ദം കനപ്പിച്ചു. "ഞാൻ അമ്മുവിനോടാണു സംസാരിക്കുന്നത്.." അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു. പതിയെ പതിയെ അവ നിറഞ്ഞുതൂവി.. ഞാൻ ഗൗരവം വിട്ടില്ല.

അമ്മു കരഞ്ഞുകൊണ്ട് പറഞ്ഞു തുടങ്ങി. "അപ്പയോട് പറഞ്ഞാ അപ്പ ആദ്യം തന്നെ അത്രേം ദൂരമൊക്കെ പോണോ അമ്മൂന്നു ചോദിച്ചു എന്റെ ഇൻട്രസ്റ്റ് കളയും. അപ്പ സ്നേഹം കൊണ്ട് പറയുന്നതാണ് ന്ന് എനിക്കും അറിയാം.. എന്നാലും എനിക്ക് പോണം അപ്പാ.." "അമ്മൂ, ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ ഈ ലോകത്ത് മറ്റാരെയും സ്നേഹിക്കുന്നില്ല. എനിക്ക് നിന്നെ അത്രയ്ക്കും ഇഷ്ടാണ്. നിന്റമ്മയെ പ്രപ്പോസ് ചെയ്യാൻ മുട്ടു കുത്തി നിന്നതൊഴിച്ചാൽ പിന്നീട് ഞാൻ മറ്റൊരു പെൺകുട്ടിയുടെ മുന്നിൽ മുട്ടു കുത്തുന്നത് നിന്റെ സ്കൂൾ ഷൂവിന്റെ ലേസ് കെട്ടാനാണ്. ഞങ്ങള് മറ്റൊരു കുഞ്ഞ് വേണ്ടാന്ന് വച്ചതുപോലും നിനക്കുള്ള സ്നേഹം പകുത്തുപോകുമോ എന്ന ഭയം കൊണ്ടാണ്." ഞാൻ പറഞ്ഞുകൊണ്ടിരിക്കെ അമ്മു ഇടയ്ക്ക് കയറി. "ഇതാണ് അപ്പയുടെ കുഴപ്പം. എന്തേലും കാര്യമായിട്ട് പറയുമ്പോ ഇങ്ങനെ എന്നേലും പറഞ്ഞു ഇമോഷണൽ ലോക്ക് ഇടും. പിന്നെ ഞാൻ മിണ്ടില്ലല്ലോ അല്ലെ.." അമ്മു നിന്ന് ചിണുങ്ങി. ഞാൻ എഴുന്നേറ്റ് ചെന്ന് അമ്മു താഴെ വച്ച പാത്രമെടുത്തു ബാക്കി ചെടികൾ നനച്ചുകൊണ്ടു പറഞ്ഞു. "കുഞ്ഞേ, അപ്പ എന്നും നിന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിന്നിട്ടേ ഉള്ളൂ. ഇനിയും അങ്ങനെതന്നെയെ ഉണ്ടാകൂ, അത് നിനക്കും അറിയാലോ.. പിന്നെ.. ഇഷ്ടക്കൂടുതൽ കൊണ്ട് മോൻ അപ്പാടെ കണ്‍വെട്ടത്ത് ന്ന് ദൂരേക്ക് പോകുവാണ് ന്ന് തോന്നിയാ ചിലപ്പോ വിടാതിരിക്കാൻ ഒരു ശ്രമം നടത്തി നോക്കും. ഒരു അച്ഛന്റെ സ്വർഥതയായി കണ്ടാ മതി." ഞാൻ പറഞ്ഞു നിർത്തി. 

അമ്മു ഓടി വന്നു പിന്നിലൂടെ കെട്ടിപിടിച്ചു. "അപ്പായി, എനിക്കും ഇവിടുന്ന് പോണംന്നില്ല.. പക്ഷെ ഇത് നല്ല ഓഫർ ആണ്.. ഞാൻ ഒറ്റയ്ക്ക് നിങ്ങള് രണ്ടാളും ഇല്ലാതെ വേറൊരു രാജ്യത്ത് എങ്ങനെ ജീവിക്കും ന്നൊക്കെ ഉള്ള ചിന്തയും ടെന്ഷനുമൊക്കെ എനിക്കും ഉണ്ട്. എന്നാലും പോണം അപ്പായീ.." "അവള് പോട്ടെഡോ, താനിങ്ങനെ കടുംപിടുത്തം പിടിച്ചു നിന്നാ അവൾക്ക് അവളുടെതായ ഒരു ജീവിതം വേണ്ടേ?" താരയും മകളെ സപ്പോർട്ട് ചെയ്തു കൊണ്ട് എന്റടുത്തേക്ക് വന്നു. "പൊക്കോട്ടെ.. ഞാനതിന് എതിര് വല്ലോം പറഞ്ഞോ?" ഞാൻ ശബ്ദത്തിലെ പതർച്ച മറച്ചു കപടഗൗരവത്തിൽ ചോദിച്ചു. "ലോകത്തൊരു മകളും ഇത്രയും സ്നേഹിക്കപ്പെട്ടിട്ടില്ല എന്ന് തോന്നാൻ പാകത്തിന് എന്റെ അപ്പായി എന്നെ സ്നേഹിക്കുന്നുണ്ട് ന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ കളഞ്ഞിട്ട് പോകുന്നതൊന്നും അല്ലാലോ.., രണ്ടു വർഷം അതു കഴിഞ്ഞാ ഞാനിങ്ങു വരില്ലേ?" അമ്മു ചോദിച്ചു. "സമ്മതിക്കെടാ.. അവള് പോട്ടെ." താരയും മകളെ പിന്തുണച്ചു പറഞ്ഞു. ഞാൻ സമ്മതമെന്ന പോലെ പതിയെ തലയാട്ടി.. "താങ്ക് യൂ അപ്പാ.. ഞാനെന്നാ ഇപ്പൊതന്നെ ആപ്ലിക്കേഷൻ പ്രിപയർ ചെയ്യട്ടെ" എന്നും പറഞ്ഞു എന്റെ കവിളിൽ ഒരു മുത്തവും തന്ന് അമ്മു അകത്തേക്ക് പോയി.

ഞാൻ വീണ്ടും കസേരയിൽ പോയിരുന്നു പത്രം തുറന്നു. കണ്ണുകൾ നിറഞ്ഞിരിക്കുന്ന കാരണം ഒന്നും കാണാൻ വയ്യ. തോളിൽ ഒരു കൈ അമർന്നു. താരയാണ്. "അവള് പോട്ടെടാ.. നമ്മുടെ കുഞ്ഞല്ലേ.. പെട്ടെന്ന് കോഴ്‌സ് തീർത്ത് അവളിങ്ങു വരും. നിന്റെ കൂടെ ഞാനില്ലേ.." "അതാ എന്റെ പേടി.." ഞാൻ ചിരിച്ചു. മൃദുവായി ചെവിയിൽ കടിച്ച് "നീയിനി താരാന്നും വിളിച്ചു പുന്നാരിച്ചു വാ ബാക്കി അപ്പൊ പറയാം" എന്ന് രഹസ്യം പോലെ പറഞ്ഞ് താര കുശുമ്പെടുത്ത് അകത്തേക്ക് കയറിപ്പോയി. ഞാൻ വീണ്ടും പത്രത്തിലേക്ക് മുഖം താഴ്ത്തി. പെയ്യാൻ കാത്തുനിന്നപോലെ ഒരു മഴ പതിയെ ചാറി പെയ്തുതുടങ്ങി.

Content Summary: Malayalam Short Story ' Chithram Pakarthatha Nimishangal ' written by Sunais T. S.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS