സഹോദരിമാരുടെ വിവാഹം ഒരുമിച്ച്; കല്യാണപ്പന്തലിൽ കൺഫ്യൂഷൻ, സുന്ദരിയെ മതിയെന്ന് വരന്മാർ
Mail This Article
അന്നും പതിവുപോലെ നാല് മണിക്ക് സ്കൂള്‍ ബെല്ലടിച്ചു. ചേച്ചി സൗദാമിനി മുഖം മിനുക്കുന്ന തിരക്കിലായിരിക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു. അന്ന് എന്താണെന്നറിയില്ല, വല്ലാത്ത വയറു വേദനയായിരുന്നു ഉച്ചക്ക് ശേഷം. വേദന കടിച്ചു പിടിച്ചാണ് രണ്ടു മണിക്കൂര്‍ ക്ലാസ്സില്‍ ഇരുന്നത്. ഇടയ്ക്കുള്ള ഫിസിക്കല്‍ എജുകേഷന്‍ ക്ലാസ് സമയത്ത് പുറത്തു പോയി സ്ഥിരം കളിക്കാറുള്ള വോളിബോള്‍ കളിക്കാതെ ക്ലാസ്സില്‍ തന്നെ ഇരുന്നു അവള്‍. ആര്‍ത്തവ സമയത്ത് വിശ്രമിക്കുന്ന പെണ്‍കുട്ടികളെ അര്‍ത്ഥംവെച്ച് നോക്കുന്ന ടീച്ചര്‍ പക്ഷെ അന്നവളെ ഗൗനിക്കാന്‍ നിന്നില്ല. മീന മാസത്തില്‍ ഖോഖോ പരിശീലിപ്പിക്കുന്ന ടീച്ചര്‍ അതിന്‍റെ തലവേദനയിലായിരുന്നു. ഖോഖോ കളിക്കാതെ വോളിബോള്‍ കളിക്കുന്ന ഇന്ദുലക്ഷ്മിയെ അല്ലെങ്കിലും ടീച്ചര്‍ അധികം ഗൗനിച്ചിരുന്നില്ല.
വെളുത്ത് തുടുത്തിരിക്കുന്ന സൗദാമിനിയെ ഒരു നോക്ക് കാണാന്‍ അവിടങ്ങളില്‍ ആണുങ്ങള്‍ കാത്ത് നില്‍ക്കുമായിരുന്നു. പഠിപ്പിക്കുന്ന സാറുന്മാര്‍ അടക്കം ആ ആകാരശ്രേഷ്ടതയില്‍ ആകര്‍ഷിതരായി. സ്കൂളില്‍ നിന്നും വീട്ടിലേക്ക് സുമാര്‍ പത്ത് മിനിറ്റ് നടത്തം കാണും. അതിനിടയില്‍ സൗദാമിനിയെ ഒരു നോക്ക് കാണാന്‍ വെമ്പല്‍ കൊള്ളുന്ന കാല്‍നടക്കാരും സൈക്കിള്‍ സവാരിക്കാരും ഇന്ദുവിന് പുത്തരിയല്ലായിരുന്നു. പകല്‍ സമയത്തെ ചന്ദ്രനെയെന്നോണം തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യവുമായി അവള്‍ ഇണങ്ങി ചേര്‍ന്നു.
ഇന്ത്യക്കാരന്റെ, പ്രത്യേകിച്ച് മലയാളിയുടെ, തൊലിവെളുപ്പിനോടുള്ള അത്യാര്‍ത്തി അവള്‍ പിന്നീടുള്ള കുറച്ച് വര്‍ഷങ്ങളില്‍ പൂര്‍ണമായും തിരിച്ചറിഞ്ഞു. പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യങ്ങള്‍ ആയാലും, കല്യാണ ബ്രോക്കര്‍ക്കുള്ള ആണുങ്ങളുടെ നിബന്ധനകള്‍ ആയാലും തൊലി വെളുപ്പ് ഒരു അഭിവാജ്യ ഘടകം തന്നെയായി. അവരുടെ അമ്മമാര്‍ കറുത്തതാണെന്നിരിക്കെപ്പോലും എല്ലാവർക്കും വെളുത്ത പെണ്ണ് മതി.
സൗന്ദര്യം കൂടുതല്ലുളവര്‍ സ്വതവേ പ്രേമതല്പരര്‍ ആയിരിക്കും എന്ന് പറയുന്നു. അതിനെ സാധൂകരിക്കുന്ന രീതിയില്‍ തന്നെ സൗദാമിനി അധികം വൈകാതെ പ്രണയപരവശയായി.
അറുപതുകളുടെ അവസാനം. കമ്മ്യുണിസം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ജാതിയുടെയും ദൈവങ്ങളുടെയും കൈച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് യുവത്വത്തിന്റെ പ്രതീകങ്ങള്‍ ആവാന്‍ വെമ്പല്‍ കൊള്ളുന്ന പുതിയ തലമുറ. നീട്ടി വളര്‍ത്തിയ താടിയും, കാജ ബീഡിയും , അലങ്കോലമായി കിടക്കുന്ന വേഷവിധാനങ്ങളും. മന്നാ ഡെയുടെ പാട്ടുകളും, കെ പി എ സിയുടെ നാടകങ്ങളും, ഒരിത്തിരി വാറ്റ് ചാരായവും. ദിവസങ്ങളായി കുളിക്കാതെയുള്ള ദുര്‍ഗന്ധവും. എന്നാല്‍ സൗദാമിനിയുടെ കമിതാവ് ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരനായിരുന്നു. എണ്ണയൊലിക്കുന്ന തലമുടിയും, ചന്ദനക്കുറിയും, തേച്ച് വടിവൊത്ത ഡബിള്‍ മുണ്ടും, പിന്നെ ഒരു പൂവാലന്‍ ചിരിയും. ശ്വേത വസ്ത്രങ്ങള്‍ മാത്രം അണിഞ്ഞിരുന്ന അയാള്‍ ഏത് നിമിഷവും വിവാഹ പന്തലില്‍ കയറാന്‍ തയ്യാറായി നടക്കുകയാണ് എന്ന തോന്നല്‍ ഉളവാക്കി. സ്നാനതല്പരരല്ലാത്ത ചെറുപ്പക്കാരിലെ ദുര്‍ഗന്ധത്തെ അത്ര കണ്ട് വെറുത്തിരുന്ന സൗദാമിനി അയാളുടെ വ്യതസ്തതയില്‍ വീണ് പോയി.
വൃക്കരോഗിയായ അച്ഛന്റെ വലിയൊരു തലവേദനയാണ് മകളായി ഇല്ലാതാക്കിയത്. മകള്‍ക്ക് അനുയോജ്യനായ വരനെ കണ്ട് പിടിക്കുകയെന്നത് ഏതൊരച്ചനും ആയാസകരമായ ജോലിയാണ്. ജാതി ചിന്തകള്‍ കൊടുമ്പിരി കൊണ്ടിരുന്ന ആ സമയങ്ങളില്‍ മകള്‍ അന്യ ജാതിക്കാരന്റെ കൂടെ പോകുമോ എന്ന ആദി വേറെയും. പാവപെട്ടവനാണെങ്കിലും കൂടി സ്വജ്ജാതിക്കാരനെ തന്നെ മകള്‍ തേടി പിടിച്ചതില്‍ യാഥാസ്ഥിതികനായ ആ പിതാവ് മനസ്സാല്‍ ആനന്ദിച്ചു. വെളുത്ത് തുടുത്ത് ഹിന്ദി നടി നര്‍ഗീസിനെ പോലിരുന്ന തന്‍റെ മൂത്ത മകള്‍ക്ക് ഒരാളെ തേടി പിടിക്കുകയെന്നത് തികച്ചും എളുപ്പമായ കാര്യമാണെന്നും അവള്‍ തന്നെ ബുദ്ധിമുട്ടിക്കില്ലായെന്നും അയാള്‍ക്ക് നേരത്തെ തന്നെ ഒരു അനുമാനം ഉണ്ടായിരുന്നു. പക്ഷെ അയാളെ അലട്ടിയിരുന്നത് ഇളയ മകളുടെ കാര്യമായിരുന്നു. കറുമ്പിയായ അവളുടെ കൈ ആര് ചോദിച്ചു വരും എന്ന ചിന്ത അയാളെ തെല്ലൊന്നുമല്ല അലസോരപ്പെടുത്തിയത്.
ദിവസങ്ങള്‍ എണ്ണികഴിഞ്ഞിരുന്ന അയാളുടെ ഒരു സ്വപ്നമായിരുന്നു രണ്ടു പുത്രിമാരുടെയും വിവാഹം ഒരേ വേദിയില്‍ ഒരുമിച്ച് നടത്തുക എന്നത്. ഒരുപക്ഷെ ആ ഒരു കാഴ്ച കാണുവാന്‍ വേണ്ടി മാത്രമാണ് ഭഗവാന്‍ തന്നെ ഇപ്പോഴും ജീവനോടെ നിലനിര്‍ത്തിയിരിക്കുന്നത് എന്നയാള്‍ ഉറച്ചു വിശ്വസിച്ചു. അങ്ങനെയാണ് ഇളയവള്‍ക്കായി കല്യാണാലോചനകള്‍ ധൃതി പിടിച്ചു അയാള്‍ നോക്കുവാന്‍ തുടങ്ങിയത്. അത് സംബന്ധമായി പെണ്ണ് കാണുവാന്‍ ഒരുവന്‍ ആ വീട്ടില്‍ വരികയും, പൊടുന്നനെ വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു. അറുപതുകളില്‍ പെണ്ണിന്റെയും ആണിന്റെയും ഫോട്ടോ കൈമാറുന്ന സമ്പ്രദായമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തേത് പോലെ പെണ്ണ് കാണുന്നതിനിടിയില്‍ ആണും പെണ്ണും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളും ഉണ്ടായിരുന്നില്ല.
ജ്യേഷ്ടത്തി അനുജത്തിമാര്‍ ഒരേ വേദിയില്‍ സുമംഗലികള്‍ ആവുന്ന തന്‍റെ സ്വപ്നം സാക്ഷാല്‍കരിക്കുന്ന മുഹൂര്ത്തത്തില്‍ അയാള്‍ അത്യധികം ആനന്ദിച്ചു.
എന്നാല്‍ വേദിയില്‍ രണ്ടു വരന്മാരും സൗദാമിനിയോട് അടുത്ത് നില്‍ക്കുവാന്‍ ശണ്ട കൂടുന്നത് കണ്ട് എന്താണ് കശപിശ എന്ന് തിരക്കിയ അയാള്‍ ഞെട്ടി പോയി. പെണ്ണ് കാണുന്നതിനിടയില്‍ തന്‍റെ അനുജത്തിയോട് തൊട്ടു നിന്നിരുന്ന സൗദാമിനിയാണ് പെണ്ണെന്ന് കരുതിയാണ് ചെറുക്കന്‍ സമ്മതം മൂളിയതത്രെ. ഇടുത്തീ പോലെ വീണ ഈ അപമാനം കേട്ടിട്ടും അവള്‍ക്ക് കുലുക്കമുണ്ടായില്ല. കാരണം ഇത് തന്‍റെ അച്ഛനില്‍ എന്ത് ആഘാതം ഉളവാക്കും എന്ന ആന്തല്‍ ആയിരുന്നു അവളുടെ ഉള്ളില്‍. അവള്‍ ഭയപ്പെട്ടത് പോലെ തന്നെ അയാള്‍ വെട്ടിയിട്ട വാഴപോലെ അരങ്ങില്‍ തളര്‍ന്നു വീണു.
ഹൃദയാഘാതം വന്ന വൃക്കരോഗിയുടെ നില അതീവ ഗുരുതരം ആയിരുന്നു. അതീവ രക്തസ്രാവത്താലും, ഗുളികകളുടെയും മറ്റ് മരുന്നുകളുടെയും അതിപ്രസരത്താലും വൃക്കകള്‍ രണ്ടും പ്രവര്‍ത്തനരഹിതമായി. ഡയാലിസിസ് എന്നത് അമേരിക്കയില്‍ മാത്രം നടന്നിരുന്ന ഒരു പ്രക്രിയയായിരുന്നു അന്ന് ഇന്ത്യക്കാര്‍ക്ക്. ഡയാലിസിസ് എന്ന പദത്തിന് അന്ന് ഇന്ത്യയില്‍ കേട്ടുകേള്‍വി പോലുമില്ല. വെല്ലൂര്‍ ക്രിസ്ത്യന്‍ മിഷന്‍ ആശുപത്രിയില്‍ മാത്രം അന്നും വൃക്ക മാറ്റി വെക്കുമായിരുന്നു. എന്നാല്‍ വളരെ അടുത്ത ബന്ധത്തില്‍ പെട്ടവരുടെ വൃക്കകള്‍ മാത്രമാണ് സ്വീകരിച്ചിരുന്നത്. വൃക്ക മാറ്റി വെക്കലിനെ സംബന്ധിച്ച് ഒരുവക ഒച്ചപാടുകള്‍ക്കും ആശുപത്രിക്കാര്‍ ഒരുക്കമായിരുന്നില്ല എന്നതായിരുന്നു കാരണം.
അച്ഛന്റെ രോഗവും ചികിത്സയെ കുറിച്ചുള്ള അനിശ്ചിതത്വവും സൗദാമിനിയെ വേദനിപ്പിച്ചു. അച്ഛനെ കുറിച്ചോര്‍ത്തായിരുന്നില്ല അവളുടെ ആധി. തന്‍റെ കമിതാവിന്റെ സംഭാവനയായി ലഭിച്ച വളര്‍ന്നു വരുന്ന വയറായിരുന്നു അവളെ അലട്ടിയിരുന്നത്. എന്നാല്‍ ഇതെങ്ങനെ പുറത്ത് പറയും, വേറൊരു വഴി അവള്‍ തിരഞ്ഞു പിടിച്ചു. മകളുടെ മംഗല്യം നടന്നു കാണുകയെന്നത് അച്ഛന്റെ ഏറ്റവും വലിയ അഭിലാഷമാണെന്നും, ഇനി എത്ര കാലം ജീവിക്കുമെന്ന് ഉറപ്പില്ലാത്ത അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തിട്ട് മതി അതി സാഹസികമായ വൃക്ക മാറ്റിവെക്കല്‍ എന്നും അവള്‍ വീട്ടില്‍ ശക്തമായി വാദിച്ചു. തന്‍റെ ആഗ്രഹം സാധിച്ചു കിട്ടുവാന്‍ എന്ത് കടുംകൈയ്യും കാണിക്കുവാന്‍ മടിക്കാത്ത അവളുടെ വാക്കുകള്‍ ധിക്കരിക്കുവാന്‍ ആ വീട്ടില്‍ ആരും മെനക്കിടാറില്ല. അങ്ങനെ വീല്‍ചെയറില്‍ ഇരുന്ന അച്ഛന്റെ സാനിദ്ധ്യത്തില്‍ ആ വിവാഹം നടന്നു.
തീരെ അവശനായിരുന്ന അച്ഛന്റെ വൃക്കയുമായി താദാത്മ്യമുള്ള വൃക്ക കേവലം ഇന്ദുലക്ഷ്മിയുടെത് മാത്രമായിരുന്നു. ഭാര്യയുടെതോ, സഹോദരങ്ങളുടെതോ വൃക്കകള്‍ ചേര്‍ച്ചയുള്ളതായിരുന്നില്ല. സൗദാമിനിയാകട്ടെ, തന്റെ ഭര്‍ത്താവിന്റെ സമ്മതമില്ലാത്തതിനാല്‍ ചേര്‍ച്ച നോക്കുവാന്‍ തന്നെ തയ്യാറായില്ല. ജീവിതത്തിന്റെ മധു നുകരുന്നതിനിടയില്‍ ഒരു കിഴവന്റെ ജീവന്‍ രക്ഷിക്കുക എന്നത് അവള്‍ക്ക് ഒരു പരിഗണിക്കേണ്ട വിഷയമേ ആയിരുന്നില്ല.
അച്ഛന്‍ നെല്ലും പരിശും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തൊലി വെളുപ്പ് സ്വന്തം മാതാപിതാക്കളെ വരെ സ്വാധീനിച്ചിരുന്നു. ഓണ പുടവയായാലും, വിഷു കൈനീട്ടമായാലും, എന്തിന് വലിയ മാങ്ങാ പൂളായാലും, തൊലിവെളുത്ത കിടാവിന് മുന്‍ഗണന. അവഗണന അനുഭവിക്കുന്ന കുട്ടിയുടെ മനോവേദന അച്ഛനമ്മമാര്‍ ഗ്രഹിക്കാതെ പോകുന്നു. പിന്നീട് “സിബ്ലിംഗ് രൈവല്രി” അഥവാ സഹോദരങ്ങള്‍ തമ്മിലുള്ള വൈര്യം എന്ന അവസ്ഥയിലേക്ക് ഇത് കൊണ്ടെത്തിക്കുന്നു. മിക്ക വീടുകളിലും ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്.
വീല്‍ചെയറില്‍ ആശുപത്രിയില്‍ തിരിച്ചെത്തിയ ആ പിതാവ് പതിവിലേറെ ചിന്താമഗ്നനായി കാണപെട്ടു. തന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി പോയല്ലോ എന്നോര്‍ത്താവണം ആ മൂകത. അതൊരു നിതാന്ത മൂകതയായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത് പിറ്റേന്ന് രാവിലെയായിരുന്നു. രാത്രിയിലെ നിദ്രയില്‍ ഏതോ ഒരു നിമിഷത്തില്‍ ആ ഹൃദയമിടിപ്പ് നിലച്ചിരുന്നു. താന്‍ നിമിത്തം ഇനിയും തന്‍റെ കറുത്ത മുത്തിന് ഒരു വിഷമവും വന്നുകൂടാ എന്ന് ആ പിതാവ് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കാണും.
അച്ഛന്റെ ഒന്നാം ശ്രാദ്ധ ദിനത്തിന്‍റെ പതിനഞ്ചാം നാള്‍ ഇന്ദുലക്ഷ്മിയുടെ മംഗല്യം നടന്നു. ദൈവഭയം തീരെയില്ലാത്ത, തലമുടി നീട്ടിവളര്‍ത്തിയ, ബീഡി മണക്കുന്ന, ദിവസവും കുളിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലാതിരുന്ന, കറുപ്പിന് നൂറഴക് എന്ന് വിശ്വസിച്ചിരുന്ന, കറകളഞ്ഞ കമ്യുണിസ്റ്റുകാരന്‍ ആയിരുന്നു വരന്‍.
Content Summary: Malayalam Story Karutha Muthu written by V T Rakesh