ADVERTISEMENT

കാലം 2003 ഡിസംബർ 15. റെയിൽവെ സ്റ്റേഷന്റെ പ്ലേറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു വിനയനും അവന്റെ അനിയത്തി കമലയും. ട്രെയിൻ വരാൻ ഇനിയും പത്തിരുപത് മിനിറ്റെടുക്കും. കമലയ്ക്ക് ദാഹിക്കുന്നുണ്ടായിരുന്നു. അവൾ ചേട്ടനോട് വെള്ളം വേണമെന്ന് പറഞ്ഞു. വ്യാപാരികളുടെ പണിമുടക്കായിരുന്നത് കൊണ്ട് പ്ലാറ്റ്ഫോമിലെ കടകളൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വിനയൻ കാഴ്ചയില്ലാത്ത ബുദ്ധിക്ക് മന്ദതയുള്ള അനിയത്തിയെ പ്ലാറ്റ്ഫോം സീറ്റിലിരുത്തി "ചേട്ടനിപ്പോൾ വരാം അടുത്തേതെങ്കിലും വീട്ടിൽനിന്നും വെള്ളം കിട്ടുമോയെന്ന് ചോദിക്കാം." എന്നുപറഞ്ഞ് കൈയ്യിലെ കാലികുപ്പിയുമായി ഇറങ്ങി. ചേട്ടൻ വരുന്നതുവരെ ഇവിടെ തന്നെ ഇരുന്നോണമെന്നും വിനയൻ അനിയത്തിയോട് പറഞ്ഞു. അവൾ തലയാട്ടി കുസൃതിചിരി ചിരിച്ചു.

വിനയൻ റോഡ്മുറിച്ച് കടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു കാറിടിച്ചു തെറിച്ചുവീണു. ആകാശത്തേയ്ക്ക് പറന്നുയർന്ന കാലികുപ്പിയും ഭൂമിയിലേക്ക് തലയിടിച്ച് നിലംപതിച്ച് ചോര വാർന്നൊലിക്കുന്ന വിനയനും റോഡിന്റെ രണ്ടിടങ്ങളിലായി മാറി. ഇടിച്ചിട്ട വണ്ടി നിർത്താതെപോയി. മണിക്കൂറുകളോളം രക്തംവാർന്നു വിനയൻ റോഡിൽകിടന്നു. അവസാനം ആരോ ഒരാൾ ആശുപത്രിയിൽ എത്തിച്ചിട്ട് പോയി. 

രണ്ട് ദിവസങ്ങൾക്കു ശേഷം വിനയൻ കണ്ണുതുറന്നു. ആശുപത്രി കിടക്കയിൽവച്ച് ഒന്ന് നേരെ സംസാരിക്കാൻ പോലും അവന് പറ്റുന്നുണ്ടായിരുന്നില്ല. വാക്കുകൾ മുറിയുന്നു. ഓർമ്മകൾ മങ്ങുന്നു. ചുറ്റിലും പരിചിതമില്ലാത്ത മുഖങ്ങൾ. ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. ഡോക്ടർ വന്നു നോക്കി, എന്തൊക്കെയോ ചോദിച്ചു. അവനൊന്നും മനസ്സിലായില്ല. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതും തലച്ചോറിലെ ബ്ലഡ്‌ ക്ലോട്ടായതും ഓർമ്മ ഭാഗികമായി നശിക്കാൻ കാരണമായി. പിന്നീടെപ്പോഴോ കണ്ണ്തുറന്നപ്പോൾ അവന് അനിയത്തിയെകുറിച്ച് ഓർമ്മവന്നു. പക്ഷെ മനസ്സിലെ അനിയത്തിയുടെ രൂപം 18 കാരി കമലയുടെ ആയിരുന്നില്ല. കുഞ്ഞുനാളിൽ തന്റെ കൈപിടിച്ചു അനാഥാലയത്തിൽ വളർന്ന അഞ്ചുവയസ്സുകാരി കമലയുടെയായിരുന്നു. പിന്നെ ട്രെയിനിന്റെ ശബ്ദം കാതിലും തലയിലുമായി ഇരച്ചുവന്നു. ആ ശബ്ദം അവന് സഹിക്കാൻ കഴിഞ്ഞില്ല. അനാഥാലയത്തിലെ തങ്ങളെ രണ്ടുപേരെയും ഏറ്റെടുത്ത ഒരു മദറിന്റെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു. ആഹ്... നിലവിളിച്ചുകൊണ്ട് അവൻ അലറി. ഞാനെവിടെയാണ്, എനിക്കെന്താണ് പറ്റിയത്. അവൻ ഡോക്ടറോട് ചോദിച്ചു. ആക്സിഡന്റ് പറ്റിയ നിങ്ങളെ ആരോ ഒരാൾ ഇവിടെയെത്തിച്ചു. എനിക്കെന്താണ് പറ്റിയത്. ഷോർട് ടൈം മെമ്മറി ലോസ്. പേടിക്കേണ്ട 90% കേസുകളിലും ട്രീറ്റ്മെന്റിലൂടെയും കൗൺസിലിങ്ങിലൂടെയും മാറ്റിയെടുക്കാൻ സാധിക്കും. എന്റെ അനിയത്തിയെവിടെ. ഡോക്ടർ ഒന്നും മിണ്ടിയില്ല. ഏതോ ഒരു റെയിൽവെ പ്ലാറ്റ്ഫോമും അവിടെയിരിക്കുന്ന എന്റെ അഞ്ചുവയസ്സുള്ള അനിയത്തിയെയും മാത്രം എനിക്കോർമയുണ്ട്. എന്നെ സഹായിക്കണം ഡോക്ടർ, അവൾക്കു കണ്ണുകാണില്ല. 

ഡോക്ടർ അവനെ ആശ്വസിപ്പിച്ചിട്ട് തന്റെ മുറിയിലേക്ക്പോയി. ടിവി ഓൺ ചെയ്ത് ന്യൂസ്ചാനൽ വച്ചു. രണ്ട് ദിവസമായി റെയിൽവെ പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന അന്ധയും ബുദ്ധിക്ക് സ്ഥിരതയുമില്ലാത്ത യുവതിയെ പൊലീസുകാരുടെ സംയോജിതമായ ഇടപെടൽമൂലം വനിതാസംരക്ഷകർ ഏറ്റെടുത്തു. ന്യൂസ്‌ കണ്ട ഡോക്ടർ വിനയൻ പറഞ്ഞ കാര്യങ്ങളുമായി കണക്ട് ചെയ്തു. ഓർമ്മയ്ക്ക് തകരാർ വന്നതുകൊണ്ടാവണം അഞ്ചുവയസ്സ് എന്ന് പറഞ്ഞത്. ഡോക്ടർ ചിന്തിച്ചു. ഡോക്ടർ വനിതാ കമ്മീഷനെയും പൊലീസിനെയും കോൺടാക്ട് ചെയ്തു. വിനയനെ പൊലീസ് പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു. പക്ഷെ തിരിച്ചറിഞ്ഞില്ല. അനിയത്തിക്ക് അഞ്ചുവയസ്സാണെന്നു അവൻ പൊലീസിനോട് പറഞ്ഞു. ഡോക്ടർ പൊലീസിനോട് ചോദിച്ചു നേരിൽ കാണിക്കാൻ പറ്റുമോ. അങ്ങനെ ഡോക്ടറുടെ കാറിൽ പൊലീസിന്റെ അകമ്പടിയോടെ വിനയൻ താത്കാലികമായി കമലയെ മാറ്റി പാർപ്പിച്ചിരിക്കുന്നിടത്തേക്ക് പോയി. ഒരു സ്ത്രീ കമലയെ കൈപിടിച്ച് കൊണ്ടുവന്നു. കമല നടന്നുവരുന്നത് കണ്ടപ്പോൾ വിനയന് അവന്റെ ഓർമ്മയിലെ അഞ്ചുവയസുകാരി അനിയത്തിയെ ഓർമവന്നു. ചേട്ടൻ വന്നിട്ടുണ്ട് എന്നുപറഞ്ഞാണ് കൈപിടിച്ച് കൊണ്ടുവന്ന സ്ത്രീ വിനയന്റെ അടുത്തേയ്ക്ക് കമലയെ വിട്ടത്. അവൾ "ചേട്ടാ.. ചേട്ടാ" എന്നുവിളിച്ചു വിനയനെ കെട്ടിപ്പിടിച്ചു മണത്തുനോക്കി. തന്റെ ചേട്ടനെ കമല മണത്തറിഞ്ഞു. കമല വിനയനെ കെട്ടിപ്പിടിച്ചു കരഞ്ഞു "ചേട്ടാ... ചേട്ടൻ വന്നു."

Content Summary: Malayalam Short Story ' Rakthabandhangal Thedi ' written by Aromal M. Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com