തിരിച്ചുവരവ് – അംബിക പി. മേനോൻ എഴുതിയ കഥ
Mail This Article
"മുറിക്കുള്ളിൽ ഘനീഭവിച്ചുപോയ കാലങ്ങളുടെ മുറിപ്പാടുകൾ സാക്ഷിയാണ്.. കാരണങ്ങൾ അന്വേഷിക്കരുത്.. അതിന് പുതുമയില്ല.. കേട്ടു തഴമ്പിച്ച കാരണങ്ങൾ തന്നെ... കാലങ്ങൾ എത്ര കഴിഞ്ഞാലും,, പരിഹാരമില്ലാത്തവ..." വല്യമ്മയുടെ കത്തിലെ വരികൾ.. അസ്വാതന്ത്ര്യത്തിന്റെ കൽവിളക്കിൽ കരിന്തിരി കത്തി പൊലിഞ്ഞുപോയ നാളം.. വർഷങ്ങൾക്കു ശേഷമാണ് ഒരു തീവണ്ടി യാത്ര... കൊതിതീരാക്കാഴ്ചകളായി പിന്നോട്ട് പായുന്ന ചിത്രങ്ങളായിരുന്നു ഒരിക്കൽ അതെല്ലാം.. എന്നാൽ ഇന്ന് അലസമായി ഒഴുകിക്കൊണ്ടിരിക്കുന്നു ഈ പുറംകാഴ്ചകളും.. ഓഫീസിലെ ഇടമുറിയാത്ത ജോലിയും ഉറക്കക്ഷീണവും വല്ലാതെ തളർത്തിയിരുന്നു. വേണ്ടതൊന്നും ഓർക്കാൻ അനുവദിക്കാതെ തിരക്കുകൾ അനുനിമിഷം കൂടി വന്നു. ആരോട് മത്സരിക്കാനായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. കൊഴിഞ്ഞു പോയത്, കുറേയേറെ വർത്തമാനങ്ങൾ പറയാൻ കാത്തിരുന്ന, സ്നേഹം കിട്ടാതെ വറ്റി വരണ്ടുപോയ ശബ്ദങ്ങളാണ്.. വഴിക്കണ്ണുമായി കാത്തിരുന്നവർ.. ആർക്കുവേണ്ടിയായിരുന്നോ അതെല്ലാം...
നഗരത്തിലെ ജനപ്രളയത്തിൽ കുത്തിയൊഴുകുന്ന ജീവിതങ്ങൾ.. അതറിയാൻ നിൽക്കാതെ ആർത്തട്ടഹസിക്കുന്ന, കാലം.. എല്ലാവരും തുല്യത തേടുന്നത് സുഖങ്ങളിലും സൗകര്യങ്ങളിലും.. സ്വാതന്ത്ര്യം നേടാതെ ഇപ്പോഴും അവകാശക്കൊടികൾ പാറിപ്പറക്കുന്നതേയുള്ളു.. സന്ദേശങ്ങൾ കാറ്റിൽ അലിഞ്ഞു നേർത്തുപോകുന്നു.. എത്തേണ്ടയിടത്തു എത്താതെ.. ഏതോ അവ്യക്ത കാരണങ്ങളാൽ വൈകിയോടിക്കൊണ്ടിരുന്ന ട്രെയിൻ എവിടെയോ നിർത്തി.. പിന്നോട്ട് പാഞ്ഞുപോകുന്ന പുറത്തെ വഴിയോരക്കാഴ്ചകൾക്കൊപ്പം കാടും പടലും നിറഞ്ഞ ചിന്തകളും അതോടെ നിലച്ചു.. ഉയരങ്ങളിൽ നിന്നു താഴേക്കു പതിക്കുന്ന ജലപാതം താഴെത്തട്ടി ചിന്നിച്ചിതറുന്ന കാഴ്ച ജനലിലൂടെ കണ്ടു.. ഒരേ കാഴ്ചയ്ക്ക് കാലം വരുത്തുന്ന കാഴ്ചപ്പാടുകൾ എത്രയോ വ്യത്യസ്തം.. പുറത്തെ പല വാണിജ്യ ശബ്ദങ്ങൾ.. എങ്കിലും അറിയണം എന്ന് മനസ്സിലുള്ളവ എത്ര വേഗം തിരിച്ചറിയുന്നു..
ഉച്ചഭക്ഷണം പുറത്ത് നിന്ന് വാങ്ങി സൈഡ്സീറ്റിൽ വന്നു ഇരുന്നതേയുള്ളു.. പെട്ടെന്ന് കൈക്കുമുകളിൽ നനുത്ത സ്പർശം.. ഒരു വല്യമ്മയും കൊച്ചുമോളുമാണ്.. ഇത് ഞങ്ങളുടെ സീറ്റ് ആണ്.. നമ്പർ 37.. വല്യമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അവർക്കായി സീറ്റ് മാറിയിരുന്നുകൊടുക്കുമ്പോൾ അവരുടെ സ്പർശവും ശബ്ദവും മനസ്സിൽ പണ്ടെങ്ങോ മുറിവുണ്ടാക്കി, പിണങ്ങിപ്പോയതെന്തോ ചികയുകയായിരുന്നു.. എത്രയോ തവണ ഒരു വാക്കിനായി മുമ്പിൽ എത്തിയിരിക്കുന്നു.. സിസ്റ്റത്തിൽ നിന്ന് തല ഉയർത്താതെ ആംഗ്യത്താൽ വിലക്കേണ്ടി വന്നിട്ടുണ്ട്.. "മീറ്റിംഗ് ആണ്, വീഡിയോ ഓൺ ആണ്.. അകത്തു കടക്കരുത്." വീട്ടിലിരുന്നു ജോലി ചെയ്യുന്ന മകന്റെ എന്നുമുള്ള ജൽപ്പനങ്ങൾ. അമ്മ അകത്തു ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുമ്പോഴും കോർപ്പറേറ്റ് മീറ്റിംഗുകളിലെ തലകൾക്കുള്ളിൽ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു..
അതിനുശേഷം, പത്തു ദിവസവും വല്യമ്മ മൗനത്തിലായിരുന്നു.. പതിനൊന്നാമത്തെ ദിവസം അണപൊട്ടിയൊഴുകിയ സങ്കടക്കടലിൽ നിലയില്ലാതെ വല്യമ്മയ്‌ക്കൊപ്പം ഞാനും ചേട്ടനും മുങ്ങി.. കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച്.. സ്വയം ജീവിക്കാൻ മറന്നുപോയ അനിയത്തിക്കുവേണ്ടി അന്നുവരെ കേൾക്കാത്ത ശബ്ദത്തിൽ അലറിക്കൊണ്ടിരുന്നു. അതിന് മറുപടി പറയാൻ കഴിയാതെ വീണ്ടും ഞങ്ങൾ പലായനം ചെയ്തു. ഞങ്ങളുടെ ലോകത്തേക്ക്.. പക്ഷേ എല്ലാ ഒളിത്താവളങ്ങളും മനസ്സാക്ഷിക്കവാടത്തിനു മുന്നിൽ ഒരിക്കൽ തുറക്കപ്പെടും.. കൂട്ടയോട്ടം നടത്തുന്നവരുടെ ഇടയിൽ പോലും ഒന്നാമത്തെ സ്ഥാനം വേണം... ലക്ഷ്യം അതുമാത്രം.. സ്വയം നഷ്ടപ്പെട്ടു പോകുന്നത് അറിയാതെയുള്ള പാച്ചിൽ.. തിരിഞ്ഞു നോക്കുമ്പോൾ കൂടെ ആരുമില്ല.. എന്തിന് വേണ്ടി ഓടി.. ആരുമില്ലാതെ ഒന്നാമതെത്തുമോ.. എവിടെ താരാട്ടു പാടിയവർ.. ഉറക്കിയവർ... കൈത്താങ്ങായവർ... അവർക്കു വേണ്ടി ഒന്ന് തിരിഞ്ഞു നിന്നുവോ.. ഒന്നും വേണ്ട.. സ്വന്തം പെറ്റമ്മയോടെങ്കിലും...
വിവരം കിട്ടിയപ്പോൾ ഒരു നിമിഷം പോലും പാഴാക്കിയില്ല.. ഉടൻ പുറപ്പെട്ടു.. പ്രായശ്ചിത്തം ചെയ്യണം... ആരോട്.. എന്തിന്... എന്തെങ്കിലും തിരിച്ചു കിട്ടുമോ.. അതോ മുന്നോട്ടുള്ള ജീവിതം ഭയന്നിട്ടോ... നദിയൊഴുകും പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീട്ടിലേക്കുള്ള വഴി തിരിഞ്ഞു.. മുളങ്കാടുകൾ തിങ്ങി നിൽക്കുന്ന വഴികളിൽ തന്റെ ബാല്യം തന്നെ നോക്കി പല്ലിളിക്കുന്നുവെന്ന് തോന്നി.. ബലിയും തർപ്പണവും ഒന്നും വിശ്വാസം ഇല്ലെങ്കിലും തന്ത്രി പറഞ്ഞത് ഓർമ്മ വന്നു.. ജീവിച്ചിരിക്കുമ്പോൾ ഒരു നിമിഷം പോലും ഉറ്റവർക്കു വേണ്ടി അന്നം നൽകി അവരെ സന്തോഷിപ്പിച്ചിട്ടില്ലല്ലോ.. ഇപ്പോഴാണ് നേരം കിട്ടീത് ല്ലേ.. നന്നായിട്ടങ്ങട് ധ്യാനിച്ചോള്വാ... ഓർമ്മകളിൽ വല്യമ്മയും അമ്മയും ചിറ്റയും അമ്മാവന്മാരും എല്ലാരും തെളിഞ്ഞു.. അറിയാതെ കണ്ണു നിറഞ്ഞൊഴുകി... പണ്ട് അലസമായി കേട്ടുകൊണ്ടിരുന്ന വല്യമ്മയുടെ വാക്കുകൾ കൂടുതൽ തെളിഞ്ഞു മുന്നോട്ടു വന്ന് ഇന്നുകളെ മങ്ങിപ്പിച്ചു "പോയോരെല്ലാരും ഇവിടുത്തെ മരങ്ങളും ചെടികളും ഒക്കെയായി പുനർജ്ജനിക്കും.. അവറ്റകളെ സംരക്ഷിക്കണം. മിണ്ടാപ്രണികളാണ് അവരും.. അവരുടെ രോദനം, അവരെ സ്നേഹിക്കുന്നവർക്ക് മാത്രമേ കേൾക്കാനാവൂ"
പറമ്പിലെ മരോട്ടിച്ചോടും മരം പോലെ വളർന്നു വലുതായ ചെത്തിപ്പൂമരവും അരികിലേക്ക് വിളിച്ചെന്നു തോന്നി.. മുതുമുത്തച്ഛനായ പൂമരവും.. "ഏയ്.. വെറുതെ ഓരോ തോന്നലുകൾ.. കാലത്തിനൊപ്പം നീങ്ങാതെ പറ്റുമോ." എല്ലാരുടേയും മുഖം രക്ഷിക്കാൻ ശ്രമം നടത്തിക്കൊണ്ട്, ചെറിയച്ഛൻ വയസ്സായോരെ ചികിൽസിച്ചതിന്റെയും, ശുശ്രൂഷിച്ചതിന്റെയും കണക്കുകൾ നിരത്തുമ്പോൾ നിസ്സംഗതയോടെ എല്ലാം നോക്കിക്കാണുകയായിരുന്നു.. മുറ്റത്തു ബാക്കി നിന്ന നാട്ടുമാവ് തന്നെ വെട്ടിയിരിക്കുന്നു.. ഇലകൾ വീണ് ടൈൽസ് ഇട്ട മുറ്റത്തു കറ വീഴുന്നുവെന്നുള്ള എന്നത്തേയും പരാതിയും ഇതോടെ തീർന്നു.. മരം വെട്ടുകാരനും പറഞ്ഞു, "അല്ലെങ്കിൽ വീട്ടിലെ മതിലിലൂടെ വേര് കയറും.. ചെറിയച്ഛനും അതേ അഭിപ്രായം... മരം അറക്കുന്ന യന്ത്രവും കൊണ്ട്, വീടു വീടാന്തരം നടക്കുന്നവർ, ഒരു ബിസിനസ് വിപ്ലവം തന്നെ തീർത്തിരിക്കുന്നു ഗ്രാമത്തിലിപ്പോൾ.."
കനാൽ പാലത്തിനടുത്തു ആളുകൾ തടിച്ചു കൂടിയിരിക്കുന്നു.. എല്ലാവർക്കും പറയാനുള്ളത്, ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്ന കാര്യങ്ങൾ മാത്രം... ഇനിയെങ്കിലും.. മുമ്പേ ഗമിച്ചവരെ ഓർത്തുകൊണ്ട് വല്യമ്മയോട് വാക്ക് പറഞ്ഞ മണ്ണിലേക്ക് ഉറച്ച തീരുമാനങ്ങളോടെ തിരിച്ചു നടക്കുമ്പോൾ, ഞാവൽ മരത്തിലേക്ക് വിരുന്ന് വരാറുള്ള നീണ്ട കൊക്കുള്ള പേര് അറിയാത്ത കുഞ്ഞിക്കിളികൾ എവിടെയോ ഇരുന്ന് കലപില കൂട്ടുന്നതും ഇടയ്ക്ക് അടക്കം പറയുന്നതും കേൾക്കാമായിരുന്നു...
Content Summary: Malayalam Short Story ' Thirichuvaravu ' written by Ambika P. Menon