ADVERTISEMENT

മൊബൈൽ ചുരണ്ടി നേരം കളയുന്നതിനിടയിൽ അവിചാരിതമായി ആണ് ആ ഷോർട് ശ്രദ്ധയിൽ പെട്ടത് " ഒരു പട്ടി കടിക്കാൻ വന്നാൽ നിങ്ങൾ എന്ത് ചെയ്യും? മൂന്ന് തരത്തിൽ ആണ് നിങ്ങൾ പ്രതികരിക്കുക അത് മൂന്ന് F ആണ്. ആദ്യത്തേത് ഫ്രീസ്. എന്റമ്മോ എന്ന് വിളിച്ചു ഫ്രീസ് ആവും, പിന്നെത്തേതു ഫ്ലൈ. ഒന്നും നോക്കാതെ ഓടുക, പിന്നെ പട്ടിയെ ഫൈറ്റ് ചെയ്തു തോൽപ്പിക്കുക.  നിങ്ങളുടെ ഫിയർ ആണ് നിങ്ങളുടെ ശത്രു, പട്ടി അല്ല. മോട്ടിവേഷൻ ക്ലാസ്  തകർക്കുകയാണ് ചിരിച്ചാസ്വദിച്ചു സദസ്സും. എന്നെ അത്ഭുതപ്പെടുത്തിയത് ആ മോട്ടിവേറ്റർ ആണ്. കണ്ടു മറന്ന മുഖം,  പേര്. നോക്കിയപ്പോൾ പിന്നെ ഉറപ്പിച്ചു, ഇത് അവൻ തന്നെ കൊട്ടപ്പടി..  ഷാനവാസ് കൊട്ടപ്പടി. എന്റെ സഹപാഠി, സന്തതസഹചാരി, ഉപേദഷ്ടാവ് അങ്ങനെ പലതും. എന്റെ ഓർമ്മകൾ 10Bയിലെ ബെഞ്ചിൽ ഷാനുവിനെ തിരയുകയായിരുന്നു. പേരിൽ കോട്ടപ്പടി എന്ന സ്ഥലപേര് ചേർത്തത്, അവൻ തന്നെയായിരുന്നു. പല വലിയ ആൾക്കാരും സ്ഥലപ്പേര് പേരിനോട് ചേർത്തിട്ടില്ലേ? പിന്നെന്താ? എന്ന് എന്നോട് ചോദിച്ചു. അങ്ങിനെ അവൻ കോട്ടപ്പടിയായി, ഷാനവാസ് എന്ന പേര് എല്ലാരും മറന്നു സാറന്മാര് പോലും. 

എനിക്ക് പൊതുവെ എല്ലാം പേടിയായിരുന്നു, പരീക്ഷ പേടി, പെൺകുട്ടികളോട് സംസാരിക്കാൻ പേടി, സാറന്മാരെ പേടി, വഴിയരികിലെ പറമ്പിലെ മൂവാണ്ടൻ മാങ്ങ കട്ടു തിന്നാൻ അങ്ങനെ പലതും. അവൻ തന്നെയാണ് പരിഹാരം നിർദേശിച്ചത് ഡാ ഗഡീ നി അത്യാവശ്യമായി ഒരു ആനവാൽ മോതിരം ഇടണം പിന്നെ നീ വേറെ ലെവൽ ആയിരിക്കും. ഒരു ആനവാൽ കിട്ടുമോ എന്ന് അവനോടു ചോദിച്ചപ്പോൾ തൽക്കാല പരിഹാരമായി കിട്ടിയ ഉപദേശമാണ് മയിൽ‌പീലി സൂത്രം. നീ ഈ മയിൽ പീലി തണ്ടു മനസ്സിൽ നടക്കേണ്ട കാര്യം വിചാരിച്ചു ബുക്കിൽ ഭദ്രമായി വെക്കണം അത്  രണ്ടായിട്ടുണ്ടെങ്കിൽ അത് പ്രസവിച്ചു എന്നുറപ്പിക്കാം, നീ മനസ്സിൽ വിചാരിച്ച കാര്യം നടക്കുകയും ചെയ്യും. ഈ ക്ലാസ്സിലെ പല പെൺകുട്ടികളുടെ ബുക്കിലും നിനക്ക് മയിൽ‌പീലി കാണാം കുട്ടികൂറ പൗഡറിൽ ഭദ്രമായി കിടക്കുന്ന മയിൽ പീലി.  ഞാൻ ചോദിച്ചു, മയിൽ പീലി പ്രസവിക്കുമോ? “പ്രസവിക്കുമോന്നോ.. ദാ സ്കൂൾ മുറ്റത്തെ ആ ആൽമരം കണ്ടോ? അത് വരെ പ്രസവിക്കും. പിന്നെയാ. പക്ഷെ അടച്ചു വെക്കണം” അവൻ തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു, " ഗുരുവായൂരെ ഒരു ഗടിയുണ്ട് അവന്റെ അപ്പൻ ആനപാപ്പാനാണ്. നീ പേടിക്കേണ്ട ആനവാൽ നമ്മുക്ക് സംഘടിപ്പിക്കാം. പക്ഷെ കാശിറക്കണം " മയിൽ‌പീലി പ്രസവിച്ചാൽ പിന്നെ നിനക്ക് ആനവാൽ ആവശ്യമില്ലല്ലോ. അത് കൊണ്ട്  കാത്തിരിക്കാൻ ഞാൻ  തയ്യാറായി. 

ദിവസങ്ങൾ കഴിഞ്ഞുപോയി. എന്റെ പേടി കൂടി കൊണ്ടേ ഇരുന്നു 8C യിലെ ഗായത്രിക്കു എഴുതി വെച്ച പ്രേമലേഖനം കണക്കു പുസ്തകത്തിന്റെ കവറിനുള്ളിൽ വിശ്രമിക്കുന്നു. എന്റെ പേടി ഷാനവാസ്  അറിയാതെ എങ്ങിനെ അവൾക്കത് കൈമാറാം എന്നതായിരുന്നു. കാരണം ഗായത്രിക്കു വേണ്ടി ഷാനവാസിന്റെ ബുക്കിൽ പ്രസവം കാത്തു നിൽക്കുന്ന മയിൽ പീലി തന്നെ. എല്ലാ ദിവസവും ഞാൻ അവനോടു തിരക്കും, ഇല്ല  പ്രസവിച്ചില്ല എന്ന മറുപടി എന്നെ സന്തോഷിപ്പിച്ചു. അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്ന് നമ്മൾ മടങ്ങുന്ന വഴി അടുത്ത അമ്പലത്തിലേക്ക് പൂരത്തിന്   ആനയെ കൊണ്ടുപോവുന്നു. എന്റെ നിർബന്ധത്തിനു വഴങ്ങി ആനവാൽ സംഘടിപ്പിക്കുന്ന കാര്യം കോട്ടപ്പടി ഏറ്റെടുത്തു "നാളെ ഇതിനു ഒരു തീരുമാനമുണ്ടാകും കോട്ടപ്പടിയുടെ വാക്കാണ് " എനിക്ക് അവനിൽ പൂർണ വിശ്വാസമായിരുന്നു. അന്ന് രാത്രി പതിവ് പോലെ അമ്മയും അമ്മൂമ്മയും നേരെത്തെ പണിയൊക്കെ തീർത്തു സീരിയലിൽ മുഴുകി,  ഇന്ന് കാര്യമായിട്ടെന്തോ കഥയിൽ സംഭവിക്കാനുണ്ട് എന്ന് എനിക്ക്  തോന്നി. അനിയത്തികുട്ടി എന്നെത്തെയും പോലെ പുസ്തകങ്ങൾ കരണ്ടു തിന്നുവാൻ തുടങ്ങി. ഒരു ചെറിയ ജിജ്ഞാസ പുറത്തു മയില്പീലിയെ അഡ്മിറ്റ് ചെയ്ത പുസ്തകം പതിയെ തുറന്നതും "ഇതിന്നും പ്രസവിച്ചില്ലേ? " അമ്മയുടെ ചോദ്യം കേട്ടതും പെട്ടന്ന് ഞാൻ പുസ്തകം അടച്ചു. ഇതെങ്ങിനെ 'അമ്മ അറിഞ്ഞു? പിന്നാലെ വന്നു അമ്മൂമ്മയുടെ ഡയലോഗ്  " ഇനി തിങ്കളാഴ്ച നോക്കാം " അപ്പോഴാ മനസ്സിലായത് സീരിയലിലും എന്റെ മയിൽ പീലി പോലെ എന്തോ സംഭവം നടക്കുന്നു. എങ്ങിനെയോ ആ ദിവസം തള്ളി നീക്കി ഞാൻ ആനവാലിനായി കാത്തിരുന്നു. 

പിറ്റേ ദിവസം ഒരു പത്രക്കടലാസ്സിൽ പൊതിഞ്ഞു സംഭവം എത്തി ഒരു ആനവാൽ ചോദിച്ച എനിക്ക് അഞ്ചാറു എണ്ണം പിരിയായി കിട്ടി. " മോതിരമാക്കേണ്ടെ കറുത്ത കയറിൽ ചേർത്ത് പിരിച്ചു കയ്യിൽ കെട്ടിക്കോ " എന്നവൻ പറഞ്ഞപ്പോൾ ഞാൻ അവനെ കെട്ടി പിടിച്ചു ചോദിച്ചു, നിനക്ക് വേണ്ടേ? " ആദ്യം നിന്റെ കാര്യം സാധിക്കട്ടെ എന്നിട്ടു നോക്കാം" എന്ന് പറഞ്ഞു. കൂട്ടുകാരനെ ചതിക്കുകയാണല്ലോ എന്നോർത്ത് ഞാൻ വേദനിച്ചു.  ഇതൊക്കെ അവനും ആഗ്രഹിക്കുന്ന ഗായത്രിയോട് തന്റെ ഇഷ്ടം അറിയിക്കാനുള്ളതിനാണല്ലോ? അത് കൊണ്ട് ആ സത്യം ആ മയിൽ പീലിക്കൊപ്പം മൂടി വെച്ചു. ഒരിക്കൽ അവൻ എന്നോട് പറഞ്ഞു ഡാ ഗെഡീ 8C യിലെ ഗായത്രിക്കു എന്നോട് വളരെ ഇഷ്ടാ പക്ഷെ നമ്മൊളൊക്കെ ആണുങ്ങളല്ലേ പെട്ടന്ന് എടുത്തു ചാടരുത്,  കാത്തിരിക്കണം നീ ചൂണ്ട ഇടുന്ന കണ്ടിട്ടില്ലേ? ഞാൻ തലയാട്ടി. ഞാൻ എന്റെ കയ്യിൽ കെട്ടിയ ആനവാലിൽ തലോടി.. ഇവനും ഇതിന്റെ ആവശ്യമുണ്ട്. പക്ഷെ സമ്മതിക്കില്ല വല്യ ധൈര്യശാലി ആണെന്നാ വിചാരം. ചൂണ്ടയുമായി അവനരികിൽ ഞാനും ഇരിക്കുന്ന കാര്യം അവനറിഞ്ഞില്ല.

പത്താം ക്ലാസ് പരീക്ഷ അടുത്തെത്തി ആനവാലിന്റെ ധൈര്യത്തിൽ ആയിരുന്നു എന്റെ പഠിത്തം ഇതിനിടയിൽ അനിയത്തികുട്ടിയുടെ പേടി മാറ്റാനായി കുറച്ചെണ്ണം അവളുടെ കയ്യിലും എത്തി ആരോടും പറയുരുതെന്ന് സത്യം ചെയ്യിച്ചെങ്കിലും, ആനവാൽ കഥ വളരെ പെട്ടന്ന് തന്നെ 'അമ്മ അറിഞ്ഞു. “അച്ഛൻ വരട്ടെ ശരിയാക്കിത്തരാം രണ്ടിനെയും”, അമ്മയുടെ ഭീഷണിയിൽ ഒരു പോലീസുകാരിയുടെ ഭാഷ ഉണ്ടായിരുന്നു ; ടീവിയിൽ സേതു രാമയ്യർ ഓടി കൊണ്ടിരിക്കുന്നു അൽപ നേരത്തിനുള്ളിൽ അച്ഛൻ എത്തി. 'അമ്മ  FIR അണു വിട കൂടാതെ അച്ഛന്റെ ചെവിട്ടിൽ എത്തിച്ചു, ചോദ്യം ചെയ്യലിന് തയ്യാറായി നമ്മളും. അമ്മ നീട്ടിവിളിച്ചതും പ്രതികൾ ഹാജർ. അച്ഛൻ കൈ പിറകിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു സേതു രാമയ്യരെ പോലെ. തൊണ്ടിമുതൽ ഹാജരാക്കാൻ ഉത്തരവിട്ടു. കേസ് വന്യമൃഗ പീഡനം, വന്യമൃഗ അവശിഷ്ടങ്ങൾ സൂക്ഷിക്കൽ അങ്ങനെ പലതും ഉണ്ടാവാം. അച്ഛൻ തന്റെ സോഡാ കുപ്പി കണ്ണട എടുത്തു ഒരു ഫോറൻസിക് ഓഫീസറെ പോലെ സൂക്ഷിച്ചു നോക്കി, പിന്നെ നിലത്തിട്ടു ഉരച്ചു. പിന്നെ നമ്മളെ നോക്കി, മാപ്പു സാക്ഷിയായ കൂടപ്പിറപ്പു കരച്ചിലിന്റെ വക്കത്താണ്. " ഇത് വെറും ചകിരി നൂല് ചായം തേച്ചതാ; അങ്ങനെ ആ കേസ് തള്ളിപ്പോയി. കയറുപിരിയിൽ കറുത്ത ചായം തേച്ചു ആനവാലാക്കി, എനിക്ക് എല്ലാ പരീക്ഷയിലും ധൈര്യം പകർന്ന മഹാ മാന്ദ്രീകൻ. എന്റെ എല്ലാം എല്ലാമായ കൊട്ടപടിയെ അതിനു ശേഷം കണ്ടില്ല. ഇപ്പോൾ ഇതാ വലിയ മോട്ടിവേഷൻ സ്പീക്കറായി.

മാസങ്ങൾ കടന്നു പോയി മോളുടെ ചോറൂണ് ഗുരുവായൂർ വച്ച് നടത്തണം എന്ന ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കാനായി രണ്ടു ദിവസത്തെ ലീവ് നേവൽ ഓഫീസിൽ നേരത്തെ എഴുതി കൊടുത്തിരുന്നു. രാവിലേ എറണാകുളത്തുനിന്നും 8.45ന്റെ ട്രെയിനിൽ ഗുരുവായൂരേക്കു പുറപ്പെട്ടു. എപ്പോഴോ മയങ്ങിപ്പോയ എനിക്ക് മുൻപിൽ ഇരിക്കുന്നു സാക്ഷാൽ കോട്ടപ്പള്ളി. ഷാനവാസ് കോട്ടപ്പള്ളി. ഞാൻ ആശ്ചര്യത്തോടെ നോക്കിയപ്പോൾ ഹാലോ പറഞ്ഞു " വീഡിയോസ് കാണാറുണ്ട് " സന്തോഷം എന്ന് പറഞ്ഞു. "മോട്ടിവേഷൻ ഈസ് മൈ ബിസിനസ് " സംസാരത്തിൽ ഭാര്യയും കുട്ടികളുമൊക്കെയായി ഗുരുവായൂരിലാണെന്നു മനസ്സിലായി. താങ്കളുടെ വീഡിയോയിൽ ഒരു തിരുത്തു ഞാൻ ആവശ്യപെടുന്നു, പട്ടി കടിക്കാൻ വന്നാൽ ചിലർ മരത്തിൽ ചാടി കയറും, അതുകൊണ്ടു അതു കൂടെ ചേർക്കണം എന്ന് പറഞ്ഞു. കോട്ടപ്പള്ളി കുറെ ചിരിച്ചു. എന്റെ അടുത്ത പ്രോഗ്രാമിൽ അത് കൂടെ ചേർക്കാം എന്ന് പറഞ്ഞു.

കോട്ടപ്പള്ളിക്ക് എന്നെ മനസ്സിലായില്ല എന്നെനിക്കു മനസ്സിലായി. ട്രെയിൻ സ്റ്റേഷനുകൾ താണ്ടി കുതിക്കുകയായിരുന്നു ഞാൻ പറഞ്ഞു. മിസ്റ്റർ കോട്ടപ്പള്ളി, ഒരിക്കൽ മൂവാണ്ടൻ മാങ്ങ പറിക്കാൻ വഴിയരികിലെ പറമ്പിൽ കയറിയ നിങ്ങളെ പട്ടി ഓടിച്ചതോർമ്മയുണ്ടോ? മരത്തിൽ കയറി കോട്ടപ്പള്ളി രക്ഷപെട്ടു. കൂട്ടത്തിലുള്ള ഈ ഞാൻ ഓടി രക്ഷപെട്ടു. നമ്മളാരും ഫൈറ്റ് ചെയ്തില്ല, കോട്ടപ്പള്ളി തന്ന ആനവാലിന്റെ ധൈര്യത്തിൽ 10 പാസായ ഈ എന്നെ ഓർക്കുന്നോ പ്രിയ സുഹൃത്തേ? നിന്റെ സ്വന്തം മാധവൻ, ഇപ്പോൾ ക്യാപ്റ്റൻ മാധവൻ. നീ തന്ന മയിൽ പീലി ഞാൻ വര്‍ഷങ്ങളോളം പുസ്തകത്തിൽ സൂക്ഷിച്ചു, വര്‍ഷങ്ങൾക്കു ശേഷം അത് പ്രസവിച്ചു. ബൈ ദി ബൈ ദിസ് ഈസ് ഗായത്രി, ഗായത്രി മാധവ്, നമ്മുടെ 8സിയിലെ ഗായത്രി. "ഗായത്രി ഇത് എന്റെ എല്ലാമെല്ലാമായ ഷാനവാസ് കോട്ടപ്പള്ളി. ഗായത്രി കഥയറിയാതെ ചിരിച്ചു. ട്രെയിൻ ഗുരുവായൂർ സ്റ്റേഷനിലേക്ക് അടുത്തു. ഇറങ്ങുന്നതിനു മുൻപ് ഞാൻ ചോദിച്ചു. ഡാ ഗഡി, ഒരു ആനവാൽ കിട്ടുമോ നമ്മുടെ കിടാവിന്? കോട്ടപ്പള്ളി പറഞ്ഞു "സംഘടിപ്പിക്കാം പക്ഷെ കാശിറക്കണം" നമ്മൾ രണ്ടുപേരും ഉറക്കെ ചിരിച്ചു. യാത്രപറയാനായി അവൻ എന്നെ ആശ്ലേഷിച്ചു അതിനിടയിൽ ഗായത്രി  കേൾക്കാതെ എന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു " ഡാ, ഗഡി,  വര്‍ഷങ്ങൾക്കു മുൻപ്, അവിചാരിതമായി, നിന്റെ പുസ്തകത്തിൽ നീ ഒളിപ്പിച്ചു വെച്ച കത്ത് കണ്ടതും, ഞാൻ എന്റെ പുസ്തകത്തിൽ സൂക്ഷിച്ച ആ മയിൽ പീലി ദൂരെ എറിഞ്ഞിരുന്നു, നിനക്ക് വേണ്ടി.... 

എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു  അവൻ നടന്നു നടന്നു ദൂരെ എന്റെ കണ്ണീരിൽ അലിഞ്ഞു.

Content Summary: Malayalam Story ' Oru Mayilpeeli Peeli ' written by Naveen Pochappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com