ADVERTISEMENT

തിയേറ്ററിൽ നിന്ന് നെഗറ്റീവ് റെസ്പോൺസ് കിട്ടിതുടങ്ങിയപ്പോൾ അസ്വസ്ഥനായില്ല സംവിധായകൻ ആനന്ദ് ശങ്കർ. തന്റെ മനസ്സിലുള്ള കാഴ്ചകളെ പ്രേക്ഷകന്റെ ഹൃദയത്തിലേക്കു എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തന്റെ പരാജയം തന്നെയാണ്. പദ്മരാജന്റെ പിൻഗാമി എന്ന് സിനിമാലോകം വിശേഷിപ്പിച്ച ആളാണ് ആനന്ദ്. തുടർച്ചയായ രണ്ടു പരീക്ഷണ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനാൽ ഫീൽഡിൽ നിന്ന് ഒരു ബ്രേക്ക്‌ എടുക്കാൻ തീരുമാനിച്ചു അയാൾ. സിനിമാക്കാർ പൊതുവെ അന്ധവിശ്വാസികൾ ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനൊരപവാദമാണ് ആനന്ദ്. തന്റെ സിനിമ പരാജയപ്പെട്ടത് സമയദോഷം ആണെന്ന് വിശ്വസിക്കാൻ അയാൾ തയാറല്ല. ഇതുവരെ മറ്റു കഥാകൃത്തുക്കളെ ആശ്രയിച്ചിരുന്ന രീതി മാറ്റി അടുത്തതവണ സ്വന്തമായി എഴുതാൻ തീരുമാനിച്ചു. ഹോട്ടൽ റൂമിലിരുന്നാൽ കഥ രൂപപ്പെട്ടു വരില്ലെന്ന് രണ്ടു മൂന്ന് ദിവസം കൊണ്ട് ആനന്ദിനു മനസ്സിലായി. ഒരു തിങ്കളാഴ്ച റൂം എടുത്തതാണ്. വ്യാഴാഴ്ച ആയിട്ടും ഒരു വരി പോലും എഴുതാൻ കഴിഞ്ഞില്ല. അതിനിടെ അറ്റൻഡ് ചെയ്യുന്ന നിരവധി ഫോൺ കോളുകളിൽ പ്രൊഡ്യൂസറുമായുള്ള ഡിസ്കഷനും അഭിനയമോഹികളുടെ അഭ്യർഥനയും എല്ലാമുണ്ടാകും. "ഇങ്ങനെ പോയാൽ നടക്കില്ല. കഥയെഴുതാൻ പറ്റിയ ഏകാന്തമായ സ്ഥലം കണ്ടുപിടിക്കണം" 

അന്ന് വൈകിട്ട് ഉറ്റസുഹൃത്ത് ഇന്ദുഗോപൻ വിളിച്ചു. ഹൃദയ സംബന്ധിയായ അസുഖത്താൽ ആശുപത്രിവാസം കഴിഞ്ഞു വിശ്രമത്തിലാണ് ഇന്ദുഗോപൻ. ആളൊരു നാടക പ്രവർത്തകനാണ്. ദാമ്പത്യത്തിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടും ഭാര്യ ശാലിനിയുടെ ആത്മഹത്യ അവന്റെ മനസ്സ്‌ തകർത്തു. ആത്മഹത്യയുടെ കാരണമറിയാതെ അവൻ കുഴങ്ങി. ആ വിഷമം ഇന്ദുഗോപനെ മദ്യപാനത്തിലേക്ക് തള്ളിവിട്ടു. ഇപ്പോൾ ഒറ്റയ്ക്കാണ് താമസം. "ഡാ നിനക്കിപ്പോൾ എങ്ങനെയുണ്ട്?. നിനക്കറിയാലോ എന്റെ തിരക്ക്. ഈ സിനിമയുടെ വർക്ക്‌ കാരണം എനിക്കങ്ങോട്ട് വരാൻ പറ്റിയില്ലെടാ" ആനന്ദ് തന്റെ വിഷമം അറിയിച്ചു. "ഇപ്പൊ വലിയ കുഴപ്പമില്ല. മരുന്ന് കഴിക്കുന്നുണ്ട്. ഉടനെ കീറിമുറിക്കേണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അതുപോട്ടെ, എന്താ അടുത്ത പടം" "കഥയൊന്നും ശരിയായില്ലെടാ. ഇങ്ങനെ പോയാൽ ഉള്ള പ്രൊഡ്യൂസറും കൈവിട്ടു പോകും" ആനന്ദ് ആകുലപ്പെട്ടു. നീ വിഷമിക്കാതെ, എന്റെ സുഹൃത്തിന്റെ ഒരു വീട് ഉണ്ട്. കുറച്ചു ദൂരെയാണ്. അവരൊക്കെ അമേരിക്കയിൽ സെറ്റിൽഡ് ആണ്. രണ്ടാഴ്ച അവിടെ താമസിച്ച് കഥയെഴുതിക്കോ. നല്ല ആമ്പിയൻസ് ഉള്ള സ്ഥലം. നമുക്ക് ഒരുമിച്ചു പോകാം." "വയ്യാത്ത നിന്നെകൊണ്ട് പോകാനോ, വേണ്ട" ആനന്ദ് നിരസിച്ചു. "അത് കുഴപ്പമില്ല. എനിക്കും ഒരു ചേഞ്ച്‌ ആകും. മരുന്നൊക്കെ എടുത്തോളാം. നാളെ പോകാം."

ആനന്ദ് രണ്ടാഴ്ചത്തേക്കുള്ള സാധനങ്ങൾ പായ്ക്ക് ചെയ്ത് തന്റെ പ്രിയപ്പെട്ട ഫോർച്ചുണറിൽ ഒരു മണിക്കൂർ യാത്ര ചെയ്ത് ഇന്ദുഗോപന്റെ വീടിനടുത്തു എത്താറായപ്പോൾ അവൻ ഫോണിൽ വിളിച്ചു. "നീ വീട്ടിൽ കയറേണ്ട. ഞാൻ വെളുപ്പിന് ഇങ്ങ് എത്തി. നേരെ ഇങ്ങോട്ടു വരൂ" എന്നിട്ട് വഴി പറഞ്ഞ് കൊടുത്തു. "ഡാ ഇന്ദു, താനെന്താടോ നേരത്തെ പോയത്?" ആനന്ദ് ചോദിച്ചുവെങ്കിലും മറുപടി പറയാതെ വേഗം എത്താൻ അവൻ അവശ്യപ്പെട്ടു. നീണ്ട യാത്രയ്ക്കൊടുവിൽ വണ്ടി ഒരു മൺപാതയിലേക്ക് പ്രവേശിച്ചു. സമയം സന്ധ്യ കഴിഞ്ഞിരുന്നു. ഇന്ദുഗോപൻ പറഞ്ഞ് കൊടുത്ത വഴിയിലൂടെ സഞ്ചരിച്ച് ഒരു വലിയ വീടിനു മുന്നിലെത്തി. അവനെ കാത്ത് ഇന്ദുഗോപനും ഒരു മധ്യവയസ്കയായ സ്ത്രീയും കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ തൊട്ടടുത്ത വീട്ടിലെ താമസക്കാരി ഭാനുമതി ചേച്ചി ആണെന്ന് ഇന്ദുഗോപൻ പരിചയപ്പെടുത്തി. അവന്റെ ക്ഷീണിച്ച രൂപം കണ്ടിട്ട് ആനന്ദിന് വിഷമം തോന്നി. മരുന്നിന്റെ സൈഡ് എഫക്ട് ആകാം. നീളൻ വരാന്തയും നടുമുറ്റവുമൊക്കെയുള്ള ഒരു പഴയ വീട്. പടിപ്പുരയ്ക്ക് പുറത്തു നോക്കെത്തദൂരത്തോളമുള്ള പാടത്തിനരികെ തൊട്ടുരുമ്മി നിൽക്കുന്ന അടയ്ക്ക മരങ്ങളുടെ സൗന്ദര്യം ഇടയ്ക്കിടെ മിന്നലിൽ കാണാം.

"കൊള്ളാം, ഈ ആമ്പിയൻസ് എനിക്ക് ഇഷ്ടപ്പെട്ടെടാ. ഞാനിവിടിരുന്നു രണ്ടു കഥയെഴുതും" ആനന്ദിന് സന്തോഷം അടക്കാനായില്ല. "സാറുമ്മാരു കഴിക്കാൻ വന്നാട്ടെ" ചൂട് കഞ്ഞിയും കപ്പ പുഴുങ്ങിയതും ഉടച്ച പച്ചമുളക് ചമ്മന്തിയും പപ്പടവും എടുത്തു വച്ചു കൊണ്ട് ഭാനുമതി ചേച്ചി പറഞ്ഞു. ഒരുപാട് കാലമായി ഈ കോമ്പിനേഷൻ നാടൻ ഭക്ഷണം കഴിച്ചിട്ട്. "നീ കഴിച്ചോളൂ, ഞാൻ ഒന്ന് കുളിച്ചിട്ട് വരാം"  അകത്തു നിന്ന് ഇന്ദുഗോപന്റെ ശബ്ദം. അവനും കൂടി വരട്ടെയെന്നു കരുതി പൂമുഖത്തെ ചാരുകസേരയിൽ ഇരുന്നു. മഴയുടെ മുന്നോടിയെന്നോണം നേർത്ത തണുത്ത കാറ്റ് വീശി. തവളകളുടെയും ചീവിടുകളുടെയും സംഗീതം അയാളുടെ കാതിൽ ഒഴുകിയെത്തി. നീണ്ട യാത്രയുടെ ആലസ്യത്താൽ ആനന്ദിന് ഉറക്കം വരുന്നുണ്ടായിരുന്നു. മെല്ലെ കസേരയിലേക്ക് തല ചായ്ച്ചു. മഴ പെയ്തു തുടങ്ങി. അകത്ത് നിന്ന് ഇന്ദുഗോപൻ വന്ന് അവന്റെ അരികിലിരുന്നു. "നിനക്ക് ഞാനൊരു കഥ പറയാം, വേണമെങ്കിൽ ഡെവലപ്പ് ചെയ്ത് സിനിമയാക്കിക്കോ" "നീ പറയെടാ". ഇന്ദു കഥ പറയാൻ ആരംഭിച്ചു. പാതി മയക്കത്തിലായിരുന്ന ആനന്ദ് എന്തൊക്കെയോ കേട്ടു.

മൊബൈൽ ഫോണിന്റെ ബെൽ കേട്ട് ആനന്ദ് ഞെട്ടിയുണർന്നു. സമയം രാവിലെ ഏഴു മണി. ഫോണിൽ സുഹൃത്ത്‌ അനീഷ്. "ഡാ നീയറിഞ്ഞോ, നമ്മുടെ ഇന്ദു മരിച്ചു, ഇന്നലെ വെളുപ്പിന്. പക്ഷെ ഇന്നലെ ആരും അറിഞ്ഞില്ല. ഇന്ന് വെളുപ്പിന് അവന്റെ അനുജൻ വീട്ടിൽ ചെന്നപ്പോഴാണ് അറിഞ്ഞത്. അറ്റാക്ക് ആയിരുന്നെടാ" അനീഷ് ഒരു വിധം പറഞ്ഞു തീർത്തു. ആനന്ദിന് ചിരി വന്നു "ഇന്നലെ വൈകിട്ട് മുതൽ എന്നോടൊപ്പം ഉണ്ടായിരുന്ന ഇന്ദുഗോപന്റെ കാര്യമാണോ നീ പറയുന്നത്." "നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. വേഗം വാ. നാളെയാണ് അടക്കം" അത് പറഞ്ഞ് അനീഷ് കോൾ കട്ട്‌ ചെയ്തു. ഉറക്കച്ചടവ് മാറിയ ആനന്ദ് വേഗം എഴുന്നേറ്റ് ആ വീടാകെ പരതിയെങ്കിലും ആരുടെയും ഒരു പ്രതികരണവും ഉണ്ടായില്ല. തൊട്ടടുത്ത വീട്ടിലെ ഭാനുമതി ചേച്ചിയോട് ചോദിക്കാനായി അവൻ പുറത്തിറങ്ങി. പുറത്തെ കാഴ്ച ആനന്ദിനെ അമ്പരപ്പിച്ചു. അടുത്തെങ്ങും ഒരു വീട് പോലുമില്ല. നോക്കെത്താ ദൂരത്തു കിടക്കുന്ന പുരയിടത്തിനു നടുവിലാ വലിയ വീട് മാത്രം. താൻ സ്വപ്നം കാണുകയാണോയെന്ന് ശങ്കിച്ച് കോൾ ലിസ്റ്റ് എടുത്തുനോക്കി അനീഷിനെ വിളിച്ചു. "നീ ഉടനെ എത്തണെ, അസ്വഭാവിക മരണമായതിനാൽ പോസ്റ്റ്മോർട്ടം ഒക്കെ ഉണ്ടാകുമെന്നാ പറയണെ.' അനീഷ് കോൾ കട്ട്‌ ചെയ്തു.

ഒന്നും പറയാനാവാത്ത അവസ്ഥയിൽ വരാന്തയിൽ ഇരുന്ന അവന്റെ മുഖത്ത് ഭയമോ അമ്പരപ്പോ കലർന്ന സങ്കടമായിരുന്നു. അതിലുപരി തന്റെ ഇത്രനാളത്തെ ചിന്താഗതികളെ വെല്ലുവിളിക്കുന്ന അനുഭവവും. വേഗം റൂമിൽ ചെന്ന് ബാഗ് എടുത്തു ഹാളിൽ എത്തിയപ്പോൾ ഭിത്തിയിൽ ശാലിനിയുടെ മാലയിട്ട ഫോട്ടോ ആനന്ദിന്റെ കണ്ണിൽ പെട്ടു. ശാലിനിയുടെ വീട് ആയിരിക്കുമോ. ആനന്ദിന്റെ അമ്പരപ്പ് വർധിച്ചു. തന്നെ ഇവിടെ കൂട്ടികൊണ്ട് വന്ന് ശാലിനിയുടെ മരണത്തെ കുറിച്ചുള്ള സംശയങ്ങൾ തന്നോട് പങ്കുവയ്ക്കുവാൻ അവൻ ശ്രമിച്ചതാകാം. കഥയിൽ പോലും യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ അവതരിപ്പിക്കാത്ത ആനന്ദിന് തന്റെ കണ്മുന്നിൽ നടന്നത് യഥാർഥ്യമാണോ മിഥ്യയാണോ എന്ന തീരുമാനത്തിലെത്താൻ കഴിയാതെ കുഴങ്ങി. പ്രശസ്ത സ്വിറ്റ്സർലൻഡ് മനഃശാസ്ത്രഞ്ജനായ കാൾ ഗുസ്താവ് യൂങ്ങിനു ഉണ്ടായ അനുഭവം പണ്ടെങ്ങോ വായിച്ച കാര്യം അവൻ ഓർത്തു. തന്റെ മരിച്ചു പോയ സുഹൃത്ത്‌ യുങ്ങിന്റെ മുന്നിൽ കുറച്ചു നേരത്തേക്ക് പ്രത്യക്ഷപ്പെട്ടതു വഴി ഒരു കേസ് തെളിഞ്ഞ സംഭവം തന്റെ കുറിപ്പിൽ എഴുതി വച്ചിരുന്നു. തിരികെ പോകുമ്പോൾ ആനന്ദ് ശങ്കർ എന്ന സംവിധായകന്റെ മനസ്സ് ഒട്ടേറെ ചിന്തകളാൽ നിറഞ്ഞിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കാത്ത കാര്യം തന്റെ മനസ്സിൽ തന്നെയിരിക്കട്ടെ എന്ന് കരുതി. ആനന്ദ് അവിടെയെത്തുമ്പോൾ സംസ്കാര ചടങ്ങുകൾ ഏകദേശം പൂർത്തിയായിരുന്നു. ആദരാഞ്ജലി അർപ്പിക്കാനായി തന്റെ പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്ന ആനന്ദിന്റെ കണ്ണുകൾ വെറുതെയെങ്കിലും ആൾക്കൂട്ടത്തിനിടയിൽ പരതുകയായിരുന്നു. ഇന്ദുഗോപൻ എന്നെ നോക്കി നിൽക്കുന്നുണ്ടാവുമോ. ഒരിക്കൽ കൂടി കഥ പറയുവാനായി.

Content Summary: Malayalam Short Story ' Kelkkathe Poya Katha ' written by Sunil Kumar S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com