ADVERTISEMENT

ഇനി ഒരു തിരിച്ചു വരവില്ലെന്നറിയാം. എങ്കിലും ചിലപ്പോഴൊക്കെ പ്രതീക്ഷയോടെ ഈ പൊന്നുമോൾ കാത്തിരിക്കാറുണ്ട്. ചീന ചീന എന്നാ വിളി കാതിൽ മുഴങ്ങാറുണ്ട്. എന്റെ കണ്ണുനീർ കൊണ്ട് ഒന്നും നേടാനില്ലെന്നറിയാം. ഒരുപാട് തവണ നിങ്ങളെ ഓർത്തു എന്റെ മനസും കണ്ണും നിറയാറുണ്ട്. എങ്കിലും പ്രതീക്ഷയുണ്ട്. മറ്റൊരു ലോകത്ത് എന്റെ പൊന്നുപ്പ എന്നെ കാത്തിരിപ്പുണ്ടെന്ന്. അടക്കി വെക്കാനാവാത്ത കണ്ണുനീരിന് മുന്നിൽ ആഗ്രഹിച്ചു പോകുന്നു കണ്ണ് തുടച്ചു സാന്ത്വനമേകാൻ എന്റെ പൊന്നുപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന്. കൊറോണ വാർഡിലെ നിലവിളി ഒരു മായാത്ത കാഴ്ചയാണ്. കണ്ടില്ലെങ്കിലും കണ്ട പോലെ ഒരു പൊന്നാങ്ങളയുടെ സങ്കടം നിറഞ്ഞ വാക്കുകൾ. തൊട്ടടുത്ത് ഉണ്ടായിട്ട് വിലക്കുകൾ തടസ്സമായി, മനം ഇടറിയപ്പോൾ ഓടി പോയി, ആരും കാണാതെ കണ്ണീർ വാർക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ പോയ ചില നിമിഷങ്ങൾ. പലപ്പോഴും പ്രാർഥിച്ചു പോകാറുണ്ട് ഒരാൾക്കും കൊറോണ വന്നിട്ട് ഇത് പോലെ ഒരു അവസ്ഥ കൊടുക്കല്ലേ എന്ന്. കൊറോണ വന്നത് മുതൽ മനസ്സിൽ വല്ലാത്ത ആധി ആയിരുന്നു. ഉപ്പാക്ക് പ്രായമായി. ഉപ്പാക്ക് കൊറോണ വരുമോ എന്ന ചിന്ത എന്നെ വല്ലാത്ത സങ്കട കടലിൽ ആഴ്ത്തി കൊണ്ടിരുന്നു.

എല്ലാവർക്കും അവരുടെ ഉപ്പ സൂപ്പർ ഹീറോ ആയിരിക്കും. അതെ പോലെ തന്നെ എനിക്കും. ഞാനും അനുജനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്‌ കൊണ്ട് ഉമ്മയ്ക്ക് എന്നെ അങ്ങനെ ശ്രദ്ധിക്കാൻ പറ്റിയില്ല. എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് ഉപ്പയാണ്. എന്നെ ഉറക്കിയതും, ഊട്ടിയതും, കുളിപ്പിച്ചതും ഉപ്പയാണ്. എല്ലാവരും ഉറക്കി തരാൻ ഉമ്മയെ വിളിക്കുമ്പോൾ ഞാൻ ഉപ്പയെ ആയിരുന്നു വിളിക്കുക. പെൺകുട്ടി ആയതിന്റെ ഒരു അവഗണനയും ഉപ്പ എനിക്ക് തന്നിട്ടില്ല. രണ്ട് ആൺകുട്ടികളെ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും എനിക്കും നൽകിയിരുന്നു. ചില കാര്യങ്ങളിൽ ഉപ്പാക്ക് പ്രത്യേക നിലപാട് ഉണ്ടായിരുന്നു. ഓർമ്മയിലേക്ക് വന്ന ഒരു കാര്യം പറയട്ടെ. ഉപ്പാക്ക് എന്നോടുള്ള സാമ്പത്തിക ഇടപാട് ഓർത്തു പോയി. ഉപ്പ എനിക്ക് ഒരു മാസത്തേക്കുള്ള പോക്കറ്റ് മണി ഒരുമിച്ച് തരും, അതിൽ മിച്ചം വെച്ചാൽ നമുക്ക് ഉപയോഗിക്കാം. ഇനി തികയാതെ വന്നാൽ ഉപ്പയോട് ക്യാഷ് ചോദിക്കാൻ പാടില്ല. ഏത് കാര്യത്തിനും ശക്തമായ നിലപാട് ഉണ്ടായിരുന്നു. ആറ് മാസത്തിൽ ഒരിക്കൽ ചെരുപ്പ് വാങ്ങാൻ പൈസ തരും. ചെരുപ്പ് വാങ്ങേണ്ട എങ്കിലും എനിക്ക് ആ പൈസ തരും. ചെരുപ്പ് നന്നായി സൂക്ഷിച്ചാൽ ആ പൈസ എനിക്ക് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം. അങ്ങനെ ഞാൻ സമ്പാദിക്കാനും ചെലവഴിക്കാനും പഠിച്ചത്. ഇന്നും ജീവിതത്തിലെ ഏറ്റവും വലിയ മുതൽ കൂട്ട്.

Read also: ഒളിഞ്ഞുനോട്ടം, മദ്യപാനം, മടി; ഫ്ലാറ്റിലെ സെക്യൂരിറ്റിമാരുടെ സ്വഭാവം കെങ്കേമം, താമസക്കാർക്ക് ടെൻഷൻ

നാട്ടുകാർക്ക് ഉപ്പ അഉക്ക ആണ്. സ്നേഹത്തോടെ എല്ലാവരും അങ്ങനെ ആണ് ഉപ്പയെ വിളിക്കുന്നത്. അഞ്ച് പൈസയുടെ കഥകൾ പറയും ഉപ്പയുടെ സ്നേഹം. പണ്ടൊക്കെ ഉപ്പ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മിഠായി വാങ്ങാൻ അഞ്ച് പൈസ കൊടുക്കുമായിരുന്നു. അത്രയും സ്നേഹം കാണിച്ച ഉപ്പയോട് നാട്ടിലെ സകല കുട്ടികൾക്കും വലിയ ബഹുമാനമാണ്. അത്‌ കൊണ്ട് തന്നെ അവർക്ക് ജോലി കിട്ടിയാലും, കല്യാണം കഴിഞ്ഞാലും വീട്ടിൽ വന്നിട്ട് സ്നേഹ സമ്മാനം ഉപ്പാക്ക് കൊടുക്കുമായിരുന്നു. ഇടയ്ക്ക് ഉപ്പാക്ക് സ്ട്രോക് വന്നിട്ട് വീട്ടിൽ കിടപ്പിൽ ആയിരുന്നു. അപ്പം ഈ നാട്ടിലെ ഏത് കല്യാണം നടന്നാലും ഉപ്പാക്ക് മൂന്ന് ദിവസത്തെ ഭക്ഷണം അവിടെ നിന്ന് വരുമായിരുന്നു. കുടുംബക്കാർക്ക് ഉപ്പ ഇക്കാക്ക ആയിരുന്നു. വീട്ടിലെ മൂത്ത കാരണവർ. എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്ന ഉപ്പ. ആരോടും വെറുപ്പ് ഇല്ലാത്ത എന്നാൽ നിഷ്കളങ്ക സ്നേഹത്തിന് ഉടമ. ഉപ്പാനെ കാണാൻ പല കുടുംബക്കാരും വീട്ടിൽ വരുമായിരുന്നു. ഒരുപാട് സ്നേഹത്തിൽ ചാലിച്ച പഴയ കഥകൾ അവരും പറയുമായിരുന്നു. ഇടയ്ക്ക് വരുന്ന പനി അല്ലാതെ കാര്യമായിട്ടുള്ള ഒരസുഖവും ഉപ്പാക്ക് ഇല്ലായിരുന്നു.

ഒരു ദിവസം പനി വന്നത് ആയിരുന്നു. പനി മാറാത്തത് കൊണ്ട് കൊറോണ ടെസ്റ്റ്‌ ചെയ്തു. കൊറോണ പോസിറ്റീവ് ആയിരുന്നു. അനുജൻ എന്നോട് ഇത് വിളിച്ചു പറഞ്ഞപ്പോൾ ഉപ്പ രക്ഷപ്പെടും എന്ന് തന്നെയായിരുന്നു എന്റെ പ്രതീക്ഷ. മൊടക്കല്ലൂര് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ഉപ്പാനെ മാറ്റി. ഉപ്പാന്റെ കൂടെ അനുജനും നിന്നു. ഓർമ്മ പോകുന്നതിന് മുന്നെ വരെ എന്നെ അന്വേഷിച്ചിരുന്നു. അവിടെ നിന്ന് ഐ സി യു വിലേക്ക് പിന്നെ വെന്റിലേറ്റർ. മൂക്കിൽ ട്യൂബ് ഇടാൻ ഒരുപാട് ശ്രമിച്ചു കഴിഞ്ഞില്ല. അങ്ങനെ ആയുസ് അവസാനിച്ചു. അന്നൊരു നട്ടപാതിരാ നേരമായിരുന്നു. രണ്ട് മണിക്ക് എന്റെ ഇക്കാന്റെ ഫോണിലേക്ക് കാൾ വന്നു. എന്നോട് ഒന്നും പറയാതെ എണീറ്റു പോയി. എനിക്ക് തോന്നിയിരുന്നു. ഉപ്പ ഞങ്ങളെ വിട്ട് പോയെന്ന്. അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടമുണ്ടായിരുന്നു. അങ്ങനെ ആരുടെയൊക്കെയോ കാല് പിടിച്ചിട്ട് എനിക്ക് മാത്രം കിട്ടി ഒരവസരം ഉപ്പാനെ കാണാൻ. ഞാൻ പി പി കിറ്റ് ധരിച്ചു ഉപ്പാനെ കാണാൻ പോയി. കുറെ നേരം മോർച്ചറിക്ക് മുന്നിൽ കാത്തു നിന്നു. അവസാനം എന്നെ ഉള്ളിൽ കേറ്റി. ഒരു കട്ടിലിൽ ഒരു വെള്ള തുണിയിൽ പൊതിഞ്ഞു, മൂക്കിൽ പഞ്ഞി വെച്ച മയ്യത്ത് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ ഒരു മൂലക്ക്, ഒരു പ്ലാസ്റ്റിക് കവറിൽ ചുരുട്ടി നിലത്ത് കിടത്തിയ എന്റെ ഉപ്പാനെ കണ്ടപ്പോൾ ഹൃദയം നൂറായി പിടഞ്ഞു പോയി. അതിലേറെ സങ്കടം ആയത് ആ സെക്യൂരിറ്റി ഒരു കരുണയും ഇല്ലാതെ ഉപ്പാന്റെ മുഖത്ത് ഒട്ടിച്ച ടാപ് വലിച്ചു ഊരി. ഉപ്പാക്ക് വേദന ആയി എന്ന് എനിക്ക് തോന്നി പോയി. ഞാൻ കണ്ട ഉപ്പാനെ അല്ല അവിടെ കണ്ടത്. ഉപ്പാന്റെ രൂപമോ കോലമോ ആ മയ്യത്തിന് ഇല്ലായിരുന്നു. എന്തോ പൂശിയ പോലൊരു തോന്നൽ. കൂടുതൽ പറയാൻ എനിക്ക് കഴിയുന്നില്ല.

Read also: ഭര്‍ത്താവ് എപ്പോഴും മൊബൈലിൽ, തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഭാര്യ; പ്രശ്നം പരിഹരിച്ച് അമ്മായിയമ്മ

പിന്നെ വീട്ടിൽ വന്നിട്ടും ഈയൊരു കാഴ്ച്ച മറക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു. അനുജൻ ഉപ്പാനെ കബറടക്കി വീട്ടിലേക്ക് ഒറ്റയ്ക്ക് കേറി വന്നപ്പോൾ ഇവിടെ ഉള്ളവരുടെ അവസ്ഥ ആലോചിച്ചിട്ട് എന്റെ ഉള്ളം പിടഞ്ഞു പോയി. ഒരാളുടെ സഹായവും ഇല്ലാതെ മരിച്ച വീട്ടിൽ നമ്മൾ മാത്രമാകുന്ന അവസ്ഥ എത്ര ദയനീയമാണ്. ഒരാൾക്കും ഇങ്ങനെ വരുത്തല്ലേ..

Content Summary: Malayalam Memoir Written by Seenath Nafih

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com