ADVERTISEMENT

ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന്, മുറുക്കാന്റെ പെട്ടി തുറന്ന് വെറ്റില എടുത്ത് നന്നായി തുടച്ചു, അതിലേക്ക് ചുണ്ണാമ്പ് തേച്ച്, ഒരു കഷ്ണം അടക്ക കൂടെ വെച്ച്, നാലായി മടക്കി അതിനു മുകളിലേക്ക് പുകയില വെച്ച് വായിലേക്ക് ഇടാൻ നോക്കുമ്പോൾ ആണ് ഉമ്മറ പടി കടന്ന് ആരോ വരുന്നത് കണ്ടത്. തലയ്ക്ക് മീതെ കൈ വെച്ച് ഒന്നൂടെ സൂക്ഷിച്ചു നോക്കി. വെയിൽ കാരണം ശെരിക്ക് കാണാൻ പറ്റുന്നില്ല. മാളു.. നീട്ടി വിളിച്ചു. മാളു ഓടി എത്തി. 'ആരാ വരുന്നത്.' 'അത്‌ നമ്മുടെ മോളാണ് മാലിനി. മാതുമ്മക്ക് കണ്ണ് കാണുന്നില്ലേ?' 'ആണോ എന്തോ വിശേഷം ഉണ്ടല്ലോ,! അല്ലാതെ ഓഫിസ് ലീവ് ആക്കി അവൾ വരില്ല. നീ പോയി സദ്യക്കുള്ള ഏർപ്പാട് ഉണ്ടാക്കുക. അവളെ ഇവിടെ നിർത്തിയാൽ ശരിയാവില്ല.' വെളുത്തു തടിച്ച കുട്ടിയായിരുന്നു മാലിനി. ഇപ്പം കണ്ടാൽ ഇല്ലത്തെ കുട്ടി ആണ് എന്ന് ആരും പറയില്ല. മകളെ പോലെ നോക്കിയതാ. മരുമകൾ ആണെങ്കിലും മകൾ തന്നെ. മാലിനിയുടെ കൈയ്യിൽ ഒരു വലിയ കവർ ഉണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി ബാഗ് ആണ്. എന്തോ പ്രശ്നം ഉണ്ടല്ലോ.. ഈശ്വരാ ഇന്നേ വരെ ഒരു പരാതിയും അവൾ പറഞ്ഞിട്ടില്ല. അവൾക്ക് എന്തോ പ്രശ്നമുണ്ട്.

മാലിനി ഉമ്മറത്ത് കേറിയപ്പോൾ മാതുമ്മ കോളാമ്പിയിൽ വായിലുള്ളത് മുഴുവൻ തുപ്പി. വായിൽ രണ്ട് തവണ വെള്ളം ഒഴിച്ച്  തുപ്പി കളയുകയും ചെയ്തു. ഇതൊന്നും ഇഷ്ടമാവാതെ മാലിനി മുഖം കറുപ്പിച്ചു. 'മോൾ ഇരിക്ക്' മാതുമ്മ പറഞ്ഞു. മാലിനി ഉമ്മറത്ത് തന്നെ ഇരുന്നു. മോര് കലക്കിയ വെള്ളം ഒരു ഗ്ലാസ്‌ എടുത്ത് മാളു വന്നിരുന്നു. അത്‌ വാങ്ങി മാലിനി വലിച്ചു കുടിച്ചു. വല്ലാത്ത ദാഹം. 'മോൾ എന്താ ഈ വഴി.' 'ഒരു പ്രശ്നമുണ്ട് അമ്മേ. അമ്മ രണ്ട് ദിവസം അവിടെ വന്ന് നിൽക്കണം. ബാലേട്ടൻ ആളാകെ മാറി പോയി. അമ്മ വന്ന് സംസാരിക്കണം.' 'എന്താ പ്രശ്നം?' ചാരുകസേര മാലിനിയുടെ അടുത്തേക്ക് വലിച്ചു നീട്ടി ഇട്ട് മാതുമ്മ ചോദിച്ചു. 'അങ്ങനെ ആണ് ലെ കാര്യങ്ങൾ. ഞാൻ വന്ന് ബാലനോട് സംസാരിക്കാം. ഞാൻ വരണോ? ഫോണിൽ പറഞ്ഞാൽ പോരെ?' 'പറ്റില്ല.' മാലിനി വാശിക്കാരിയായി. 'മോളെ എന്റെ ഈ മുറ്റവും, തുളസി തറയും, കുളവും, പാടവും, പറമ്പും കൃഷിയും, പത്തായ പുരയും, എലികളും, പൂച്ചയും, ഒടുവിൽ ഈ മുറുക്കലും തുപ്പലും ഒന്നും ഇല്ലാതെ ജീവിക്കാൻ കഴിയില്ല. അവിടെ വന്നാൽ ഒരു സമാധാനവും ഉണ്ടാവില്ല. തേങ്ങ വീണോ മാങ്ങാ വീണോ, കുരുമുളക് ഉണ്ടായോ അങ്ങനെ നൂറു നൂറു ചിന്തകൾ ഉണ്ടാവും. വെറുതെ ആദി പിടിച്ചു ഞാൻ അവിടെ നിൽക്കുന്നതിലും നല്ലത് ഇവിടെ തന്നയാണ്. രണ്ട് ദിവസം എനിക്ക് രണ്ട് മാസം പോലെ തോന്നും.' 'എന്നാൽ ഞാൻ ഇവിടെ നിൽക്കാം. ബാലേട്ടൻ ഇങ്ങോട്ട് വരട്ടെ.' 'അത്‌ നല്ല തീരുമാനം. ഞാൻ ബാലനെ ഒന്ന് വിളിക്കട്ടെ.'

Read also: ആട്ടുപാലത്തിന്റെ കേടുപാടുകൾ മാറ്റണം '; ഹെലികോപ്റ്റർ കാണാൻ കുട്ടികൾ പാലത്തിലേക്ക് ഓടിക്കയറി, ദുരന്തം

ഉച്ച തിരിഞ്ഞു ഒന്ന് മയങ്ങി പോയി. ഓട് കൊണ്ടുള്ള വീട് ആയത് കൊണ്ട് എന്തൊരു സുഖം. ചുറ്റിലും മരങ്ങൾ ഉള്ളത് കൊണ്ടാവാം ഇവിടെ ഇത്ര തണുപ്പ്. അമ്മ മരങ്ങൾക്ക് നല്ല പരിഗണന കൊടുക്കുന്നുണ്ട്. മുറ്റം നിറയെ ചെടികളും മരങ്ങളും ആണ്. ഒരു കാട്ടിലേക്ക് വരുന്നത് പോലെ ആണ് ഇങ്ങോട്ട് കേറി വരുമ്പോൾ. ബാലേട്ടൻ എത്ര തവണ പറഞ്ഞു വീട് വെട്ടി തെളിക്കാൻ. കേട്ടില്ല. ഇപ്പം തോന്നാണ് അമ്മ തന്നെയാ ശരി. ഈ വീട്ടിൽ എന്തൊരു സുഖമാണ്. നല്ല സുഗന്ധം പൂശുന്ന മണം. മുറ്റത്ത് മുല്ല പൂത്തിട്ടുണ്ട് തോന്നുന്നു. മണി അടിക്കുന്നത് കേട്ടാണ് മാലിനി കോലായിലേക്ക് വന്നത്. അമ്മയും എത്തി. മൂന്ന് പേരും ഉമ്മറത്ത് ഇരുന്നു. അമ്മ ബാലേട്ടനെ സൂക്ഷിച്ചു നോക്കി. 'നീ മുഴുവൻ സമയവും ഫോണിൽ ആണെന്നു കേട്ടു ശരിയാണോ?' 'അമ്മേ ഞാൻ പഠിച്ച ചിയ്യൂർ സ്കൂൾ ഇല്ലേ? ആ സ്കൂളിലെ കുട്ടികൾ എല്ലാവരും കൂടെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിട്ടുണ്ട്. അതിൽ പലരും ഇപ്പം ജോയിൻ ആയിട്ടുണ്ട്. അങ്ങനെ പഴയ ചങ്ങാതിമാരെ കണ്ടപ്പോൾ ഞാൻ ഫുൾ അതിൽ ആയി പോയി. അത്രയേ ഉള്ളു.'

മാലിനി കിതച്ചു കൊണ്ട് ചാടി എണീറ്റു. 'അമ്മേ മൂപ്പർ വീട്ടിലെ ഒരു കാര്യവും ശ്രദ്ധിക്കാറില്ല. മുഴുവൻ സമയവും ഫോണിൽ. കിടക്കുന്നത് തന്നെ പതിനൊന്ന് മണിക്ക്. എന്നെ അടുക്കളയിൽ തിരിഞ്ഞു നോക്കുന്നില്ല. ചായ കുടിക്കുമ്പോൾ ഫോൺ. പിന്നെ ടെറസിൽ പോയിരുന്നു സദാ ഫോൺ വിളി ആണ്. ഞാൻ വരുമ്പോൾ എന്തോ വിഷയം മാറ്റി സംസാരിക്കും. വയസാൻ കാലത്ത് ഞാൻ ഒറ്റയ്ക്ക് ആയത് പോലെ.' 'മെല്ലെ സംസാരിക്ക്' ബാലൻ ഒച്ചയിട്ടു. 'അവൾ സംസാരിക്കട്ടെ' മാതുമ്മ ഇടയിൽ കേറി ഇടപെട്ടു. 'അമ്മ ആണ് ഇവൾക്ക് വളം വെച്ചു കൊടുക്കുന്നത്' ബാലൻ വീണ്ടും പറഞ്ഞു. 'മോനെ ബാലാ നീ ഒരു കാര്യം മനസ്സിലാക്കണം. ഭാര്യ എന്നാൽ അടിമ അല്ല. നിന്റെ അച്ഛനെ പേടിച്ചിട്ട് ആണ് ഞാൻ ഇവിടെ ജീവിച്ചത്. അത്‌ നിനക്കും അറിയാലോ. ഒന്ന് ഒച്ച പൊന്തിയാൽ വീട്ടിൽ വലിയ ബഹളം ആയിരുന്നു. ഒന്ന് കരയാൻ പോലും അന്ന് എനിക്ക് കഴിഞ്ഞില്ല. അതെ സ്വഭാവം നീ കാട്ടരുത്. നിന്റെ ഭാര്യ ആണ് ഇത് നിന്നോട് കാട്ടിയത് എങ്കിൽ നീ എങ്ങനെ പ്രതികരിക്കും. മോനെ നീ ഒരു കാര്യം മനസിലാക്കണം. അവൾക്ക് സംസാരിക്കാൻ നീ മാത്രമേ ഉള്ളു. അവൾ മാത്രമേ നിനക്ക് കൂട്ട് ഉണ്ടാവുകയുള്ളൂ. ബാക്കിയൊക്കെ ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകര മാത്രമാണ്. ഭാര്യയെ സങ്കടപ്പെടുത്തി കൊണ്ട് നമ്മൾ ഒന്നും ചെയ്യരുത്. അവളാവണം നിന്റെ സന്തോഷവും സമാധാനവും. ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്, നല്ല ഭാര്യ എന്നാൽ കുറെ സമ്പത്തുള്ള ഭാര്യയെന്നല്ല മറിച്ചു സ്നേഹമുള്ള ഭാര്യ എന്നതും. ഭർത്താവിനെ അറിഞ്ഞു ജീവിക്കുന്ന ഭാര്യ എന്നുമാണ്. മാലിനി ഇന്നേ വരെ അങ്ങനെ ആണ്.'

Read also:'എന്റെ ഇഷ്ടം ഞാൻ അവളോടു പറഞ്ഞടാ, നാളെ മറുപടി കിട്ടും'; പിറ്റേന്ന് കണ്ടത് ചുവന്ന പട്ടിൽ പൊതിഞ്ഞ അവന്റെ ശരീരം

മാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. അവൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഞാൻ അവളെ സപ്പോർട്ട് ചെയ്തപ്പോൾ അവൾക്ക് ഉള്ളിൽ ഉണ്ടായ സന്തോഷമാവാം. സ്വന്തം അമ്മ എപ്പോഴും അവളെ കുറ്റപ്പെടുത്തീട്ടെ ഉള്ളു. സ്നേഹിക്കാൻ അവര് മറന്നു പോയി. ആൺകുട്ടികൾക്ക് പരിഗണന കൊടുത്തു. പെൺകുട്ടി ആയതിന്റെ പേരിൽ അവൾ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അവൾക്ക് അവളുടെ വീട്ടിൽ ഇല്ല. പെണ്ണായത് കൊണ്ട് എല്ലാവരെയും പേടിച്ചു ഓച്ചാനിച്ചു നിൽക്കണമായിരുന്നു. സ്വന്തം അമ്മയേക്കാൾ ഞാൻ അവളെ പരിഗണിച്ചപ്പോൾ ഒരു കുഞ്ഞു പൈതലിനെ പോലെ അവൾ എന്നിലേക്കു ചാഞ്ഞു. പാവം. അല്ലെങ്കിൽ ആരെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ എന്ന സമാധാനമാവാം. മാതുമ്മ തുടർന്ന് കൊണ്ടിരുന്നു. ഇടയ്ക്ക് ബാലനെ നോക്കുന്നുണ്ട്. 'തളരുമ്പോൾ ഒന്നു തലചായ്ക്കാൻ, ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, വീണുപോകുമ്പോൾ ചേർത്ത് നിർത്താൻ, കിതയ്ക്കുമ്പോൾ ഒന്നു തലോടാൻ അതിന് ഒരാൾ വേണം അതിന് ഭാര്യയെ മാത്രമേ കിട്ടുകയുള്ളു എന്ന് എപ്പോഴും ഓർമ്മ വേണം.'

'ഇല്ല അമ്മേ എനിക്ക് തെറ്റ് പറ്റി പോയി.' ബാലൻ സംസാരിക്കാൻ തുടങ്ങി. 'എന്റെ ജീവിതത്തിലും ഇങ്ങനെ ഒരു കുടുംബിനി തന്നെയാണ് മാലിനി. ഞാൻ കണ്ട ഏറ്റവും നല്ല സ്ത്രീയാണ് എന്റെ മാലിനി. ദൈവം പോലും തോറ്റു പോയിട്ടുണ്ടാവും ഞങ്ങളുടെ  സ്നേഹത്തിന് മുൻപിൽ.' അവളുടെ  മിഴികളിലേക്ക് ബാലൻ ഒന്ന് നോക്കി. ഒരു കുസൃതി ചിരി അവിടെ മിന്നായം പോലെ. പിണങ്ങുമ്പോൾ ഉള്ള ആ മുഖം. അവസാന ശ്വാസം വരെ ഇനി ഇങ്ങനെ ഇവളെ ഒഴിവാക്കില്ല അമ്മേ. എനിക്ക് തെറ്റ് മനസ്സിലായി. ജീവിതം ഒരുപാട് മനോഹര നിമിഷങ്ങൾ കൊണ്ട് ധന്യമാണ്. ഞങ്ങളുടെ ജീവിതം ഇന്ന് ഈ കാണുന്ന പോലെ ആയത് ഇവൾ കാരണമാണ്.. എല്ലാം ഇവൾ കാരണമാണ്. ഭാര്യക്ക് പകരം ഭാര്യ മാത്രം. കൂട്ടുകാരൊക്കെ അത്‌ കഴിഞ്ഞിട്ട്.'

Content Summary: Malayalam Short Story ' Amma Ammayiamma ' Written by Seena Nishad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com