സഹപാഠിയിൽ നിന്ന് നിരന്തരം കളിയാക്കൽ, പക പ്രതികാരത്തിനു വഴിമാറി; ട്രെയിനിലെ അപരിചിതന്റെ ജീവിതകഥ
Mail This Article
ചില ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ് ഞാൻ ബാംഗ്ലൂരിൽ വന്നത്. മടങ്ങാനായി രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തി, അവിടെ കാന്റീനിൽ നിന്ന് ഭക്ഷണവും കഴിച്ച് ട്രെയിനകത്തുകയറി. ആരൊക്കെയാണ് തന്റെ സഹയാത്രികർ എന്നു നോക്കി; വെറുതെ ഒരു കൗതുകത്തിന്. മൂന്നാല് ഐടി പിള്ളേരാണ്. എല്ലാവരും മൊബൈലിൽ ഒട്ടകപക്ഷിയെ പോലെ തലപൂഴ്ത്തി ഇരിപ്പുണ്ട്. നേരെ മുമ്പിൽ നരച്ച താടിയും മുടിയും നീട്ടി വളർത്തി ജീൻസും ജുബ്ബയും ധരിച്ച് വിഷാദ രോഗിയെ പോലെ ഒരാൾ. പ്രായംകൊണ്ട് ഏകദേശം അയാൾ തനിക്ക് മാച്ച് ആണെങ്കിലും ഇദ്ദേഹത്തോട് ഒന്നിച്ചുള്ള യാത്ര! എത്ര അരോചകമായിരിക്കുമെന്ന് ഞാൻ വെറുതെ ആലോചിച്ചു. ഇപ്പോൾ എല്ലാവരും കിടന്നുറങ്ങും. നേരം വെളുത്ത്, ഉച്ചകഴിഞ്ഞ് മാത്രമേ ട്രെയിൻ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. നാളെ പകൽ മുഴുവൻ ഈ മനുഷ്യൻ ഒന്നിച്ചുള്ള യാത്ര.
സഹയാത്രികനെ പരിചയപ്പെട്ട് കൈകൊടുത്ത് അവരവരുടെ ബർത്തിൽ ഉറങ്ങാൻ കിടന്നു എങ്കിലും ഞാൻ ഈ പുതിയ സുഹൃത്ത് സെബിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജപമാല ചൊല്ലുന്നു, ബൈബിൾ വായിക്കുന്നു, ചില പ്രാർഥനകൾ ചൊല്ലുന്നു, ധ്യാനിച്ച് ഇരിക്കുന്നു, അങ്ങനെയങ്ങനെ.. എനിക്ക് കാര്യം പിടികിട്ടി. ദൈവമേ ഇദ്ദേഹം വൈദികനാണ്. യാത്രയ്ക്കുള്ള സൗകര്യത്തിനു ളോഹ ഉപേക്ഷിച്ച് ട്രെയിനിൽ കയറിയിരിക്കുകയാണ്. പള്ളിയിൽ പോയിട്ടും കുമ്പസാരിച്ചിട്ടും കുർബാന കൈകൊണ്ടിട്ടും നാളു കുറച്ചായി. ബിസിനസ്സിന്റെ ഓരോരോ തിരക്കുകൾ കാരണം സാധിച്ചില്ല. എന്റെ ഈശോയെ നാളെ പകൽ മുഴുവനും ഈ പാതിരിയുടെ സാരോപദേശം കേൾക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ടി ടി ആർ വരുമ്പോൾ ഈ സീറ്റ് തന്നെ മാറി ഇവിടുന്ന് പോയാലോ എന്ന് ആലോചിച്ചു. രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോഴും സെബി രാത്രി ചെയ്ത അതേ കാര്യങ്ങൾ ചെയ്യുന്നു. ബ്രേക്ഫാസ്റ്റ് കഴിഞ്ഞതോടെ സമപ്രായക്കാരായ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.
തിരുവനന്തപുരത്ത് എവിടെയാണ് എന്ന് ചോദിച്ചപ്പോൾ, സെബിയുടെ മറുപടി. “എനിക്ക് വീട് ഇല്ല. അവിടെ എവിടെയെങ്കിലും എന്റെ ഭാര്യയും മക്കളും ഉണ്ടാകും. ഇനി വേണം കണ്ടുപിടിക്കാൻ”. അതെന്താ അങ്ങനെ എന്ന എന്റെ ചോദ്യത്തിന് സെബി അദ്ദേഹത്തിന്റെ ജീവിതകഥയുടെ ചുരുളഴിച്ചു. നെടുമങ്ങാട്ടെ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായ അച്ഛന്റെ ഏക പുത്രനായിരുന്നു അദ്ദേഹം. അവിടെ അടുത്തുള്ള സ്കൂളിലെ ഏറ്റവും നല്ല വിദ്യാർഥി. പഠിക്കാനും പാടാനും വരയ്ക്കാനും അഭിനയിക്കാനും എല്ലാം കഴിവുകളുള്ള സൽഗുണ സമ്പന്നനായ പുത്രൻ. സ്കൂൾ ലീഡർ. അധ്യാപകരുടെയും സഹപാഠികളുടെയും കണ്ണിലുണ്ണി. ആ നാട്ടിലെ മാതൃകാ വിദ്യാർഥി. കവിതാപാരായണം, പ്രസംഗ മത്സരം.. അങ്ങനെ കലോത്സവത്തിന് സമ്മാനങ്ങൾ വാരിക്കൂട്ടി കൊണ്ടുവന്നിരുന്ന സെബി ആ സ്കൂളിന്റെ അഭിമാനസ്തംഭം.
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ സെബിയുടെ കൂടി സൗകര്യം കണക്കിലെടുത്ത് അച്ഛൻ തിരുവനന്തപുരത്തേക്ക് ഉദ്യോഗമാറ്റം വാങ്ങി സെബിക്ക് പ്രശസ്ത കോളജിൽ അഡ്മിഷൻ എടുത്ത് താമസവും തിരുവനന്തപുരത്തേക്ക് മാറ്റി. അവിടുന്ന് തൊട്ട് സംഗതികൾ ആകെ തകിടം മറിഞ്ഞു. നെടുമങ്ങാട് സ്കൂളിൽ വലിയ താര പരിവേഷത്തോടെയും ആരാധകവൃന്ദത്തിനും നടുവിൽ നിന്നിരുന്ന സെബിക്ക് അവിടെ നല്ലൊരു സുഹൃത്തിനെ പോലും കിട്ടിയില്ല. സഹപാഠികൾ ഒക്കെ തന്നെക്കാൾ കഴിവുള്ളവരും പഠിത്തക്കാരും സമ്പന്നരും വലിയ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മക്കളും. സെബിക്ക് ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. കോളജ് ജീവിതം ആസ്വദിക്കാൻ പറ്റുന്നില്ല എന്നത് പോകട്ടെ കോളജും ക്യാംപസും വെറുക്കുന്ന ഒരു അവസ്ഥയിലെത്തി കാര്യങ്ങൾ.
കൂട്ടത്തിൽ ഏറ്റവും സുന്ദരനും സമ്പന്നനും ടെന്നീസ് കളിക്കാരനുമായിരുന്ന റോണി തോമസ് ചെമ്പുകണ്ടത്തിൽ എന്ന പയ്യനോട് തീർത്താൽ തീരാത്ത പകയും അസൂയയും മാത്രമായി. അതിന് ആക്കം കൂട്ടുന്ന ഒന്ന് രണ്ട് നിസാര സംഭവങ്ങൾ കൂടി ഉണ്ടായപ്പോൾ പക പ്രതികാരത്തിന് വഴിമാറി. ആദ്യത്തെ സെഷനൽ ടെസ്റ്റിന്റെ മാർക്ക് അധ്യാപകൻ ക്ലാസിൽ വിളിച്ചുപറഞ്ഞപ്പോൾ “അയ്യോ! നമ്മുടെ പഠിപ്പിസ്റ്റിന് ഇത്രയും കുറച്ചു മാർക്കേ കിട്ടിയൊള്ളോ? ഞാൻ കരുതി ഇവൻ നൂറിൽ നൂറ് വാങ്ങും എന്ന്. മുഴുവൻ നേരം പുസ്തകത്തിൽ കയറി അട ഇരുന്നിട്ടും കിട്ടിയത് ഇരുപത് മാർക്ക് അമ്പതിൽ ജയിച്ചു ഭാഗ്യം” എന്ന് പറഞ്ഞ് പെൺകുട്ടികളുടെ മുമ്പിൽ വെച്ച് റോണി കളിയാക്കുക കൂടി ചെയ്തു. എസ്റ്റേറ്റ് മുതലാളിയുടെ മകനായ റോണിക്ക് അടുത്തുള്ള മുറുക്കാൻ കടയിൽ അക്കൗണ്ട് ആണ്. അയാളുടെ കൂട്ടുകാരുടെ സിഗരറ്റ് വലിയും സോഡയും എല്ലാം റോണിയുടെ പറ്റിലാണ്. സിഗരറ്റ് വലി, മദ്യപാനം ഒന്നുമില്ലാത്ത പഠിപ്പിസ്റ്റ് ആയ സെബിക്ക് ഒരു ദിവസം ഇതൊക്കെ ഓഫർ ചെയ്തത് നിരസിച്ചതും ആ ഗാങ്ങിന്റ ശത്രുതയ്ക്ക് കാരണമായി.
ഈ നിസാര സംഭവങ്ങൾ സെബിയുടെ ഉള്ളിലെ അപകർഷതാബോധം ഇരട്ടിയാക്കി. ഒരു ദിവസം പക മൂത്ത് റോണിയെ വകവരുത്താൻ തന്നെ സെബി തീരുമാനിച്ചു. അയാളൊരു വടിവാൾ കൊണ്ടുവന്ന് മുറുക്കാൻ കടയുടെ പുറകിൽ ഒളിപ്പിച്ചുവെച്ചു കാത്തിരുന്നു. ഹർത്താൽ ആയിരുന്നു അന്ന്. രാത്രിയോടെ റോണിയെ അപ്പൻ കോളജിൽ കൊണ്ട് ഇറക്കി വേഗത്തിൽ കാറോടിച്ചു പോയി. റോണി ഇറങ്ങിയതും കുറേപേർ “റോണി, വേഗം ഓടിക്കോ, ഓടി കോളജ് ഹോസ്റ്റലിൽ കയറ്.” എന്ന് പറഞ്ഞ് ഒരു ബഹളം. ഹർത്താലിനോട് അനുബന്ധമായിട്ടുള്ള സാമൂഹ്യവിരുദ്ധർ ആയിരിക്കും എന്ന് കരുതി റോണി ഓടി കോളജ് ഹോസ്റ്റലിൽ കയറി. ആ സമയത്ത് മുറുക്കാൻ കടക്കാരൻ കടയുടെ പുറകിൽ നിന്ന് റോണിയുടെ നേരെ പാഞ്ഞടുത്ത സെബിയെ വട്ടംകെട്ടിപിടിച്ചു തടഞ്ഞു വയ്ക്കുക ആയിരുന്നു. റോണി ഇതൊന്നും ശ്രദ്ധിച്ചിട്ട് തന്നെ ഉണ്ടായിരുന്നില്ല. മുറുക്കാൻ കടക്കാരൻ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ വിവരം റോണിയെയും കൂട്ടുകാരെയും അറിയിച്ചില്ല. സെബിയുടെ അച്ഛനെ മാത്രം വിവരം അറിയിച്ചു.
കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ സെബിയുടെ അവിടുത്തെ പഠനം നിർത്തി അച്ഛനും അമ്മയും അവരുടെ സ്വന്തം നാടായ നെടുമങ്ങാട്ടേക്ക് തന്നെ തിരിച്ചു പോയി. അവിടെ ഒരു ട്യൂട്ടോറിയൽ കോളജിൽ പഠനം പൂർത്തിയാക്കി ചെറിയൊരു ജോലിയും സംഘടിപ്പിച്ചു. പക്ഷേ സെബിക്ക് യൗവനത്തിൽ ഏറ്റ ആ മുറിപ്പാടുകൾ ഒരിക്കലും കരിഞ്ഞിരുന്നില്ല. വിവാഹിതനായി, രണ്ടു കുട്ടികളായി, അപ്പോഴേക്കും തികഞ്ഞ മദ്യപാനിയും ലഹരിക്ക് അടിമയും ആയിത്തീർന്നു. തിരുവനന്തപുരത്തുകാരിയായ ഭാര്യ കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. അമ്മ കൂടി മരിച്ചതോടെ സെബി തീർത്തും ഒറ്റപ്പെട്ടു. വീട്ടിൽ നിന്നിറങ്ങി ഏതൊക്കെയോ സുഹൃത്തുക്കളുടെ കൂടെയായി താമസം. കൂട്ടിന് കള്ളും കഞ്ചാവും. വൃദ്ധനായ അച്ഛനെ ആരൊക്കെയോ വിവരമറിയിച്ചതനുസരിച്ച് സെബിയെ പിടിച്ചു കെട്ടി ബാംഗ്ലൂരിലുള്ള ഒരു ധ്യാനകേന്ദ്രത്തിൽ കൊണ്ടാക്കി. അവിടത്തെ ഒരു മാസത്തെ ധ്യാനവും പ്രാർഥനയും ചികിത്സയും എന്നെ പുതിയൊരു മനുഷ്യനാക്കി. സെബി പറഞ്ഞുനിർത്തി. ഇനി കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കണം. അതാണ് ആഗ്രഹം.
അതെന്ത് ചികിത്സയായിരുന്നു അവിടെ ചെയ്തത് എന്ന് ഞാൻ ചോദിച്ചു. അത്ര ഗുരുതരമല്ല എന്നുള്ള ധാരണയിൽ ആരും പുറത്തു പറയാതിരിക്കുന്ന, എന്നാൽ ഗുരുതരാവസ്ഥയിൽ ഉള്ളതുമായ ഒരു വ്യക്തിത്വക്കറയാണ് അസൂയ. കൂടെ പഠിക്കുന്നവരോടും സഹോദരങ്ങളോടും തോന്നുന്ന ഒരു ‘മനക്കടി’. ‘ജലസി മാനേജ്മെന്റ്’ എന്ന മനഃശാസ്ത്ര ചികിത്സ ആണ് അവർ എനിക്ക് നിർദേശിച്ചത്. ചികിത്സാരീതി ഇങ്ങനെയായിരുന്നു. ഒരാളോട് അസൂയ തോന്നുമ്പോൾ അഞ്ചുതവണ ദീർഘമായി ശ്വാസം എടുക്കുകയും ശാന്തമായി പുറത്തു വിടുകയും ചെയ്യുക. മനസ്സ് ശാന്തമാകും. ചിന്തകൾ പോസിറ്റീവും. മറ്റൊരാളുടെ നേട്ടത്തെ അംഗീകരിക്കുക. അത് മറ്റുള്ളവരെ ഉടനെ അറിയിക്കുക. നമ്മൾ ആദരണീയരാകും. പിന്നെ മറ്റൊരാളെ അഭിനന്ദിക്കാൻ പിശുക്കു കാണിക്കാതിരിക്കുക. കഥയെല്ലാം കേട്ട് അമ്പരന്ന ഞാൻ സെബിയോട് പറഞ്ഞു. “നിങ്ങൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കു, ഇത് ഞാനാണ്. റോണി തോമസ് ചെമ്പുകണ്ടത്തിൽ. കഷണ്ടിയും കുടവയറും കാരണം നിങ്ങൾക്കെന്നെ മനസ്സിലാകാത്തതാണ്.” എന്ന്.
എത്രയോ നാളായി എന്റെ മനസ്സിൽ ഒരു തീപോലെ പടർന്നിരുന്ന നിങ്ങളെ എനിക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. ഒരു മൂന്നു മാസം മുമ്പ് നമ്മൾ ഇതു പോലെ അവിചാരിതമായി കണ്ടുമുട്ടിയിരുന്നെങ്കിൽ ഇതായിരിക്കുമായിരുന്നില്ല നിങ്ങളുടെ അവസ്ഥ എന്ന് സെബി മറുപടി പറഞ്ഞു. ഞാൻ അന്ന് നിർദോഷമായി ചെയ്തിരുന്ന കാര്യങ്ങൾ ഇത്രയും വലിയ ഒരു ആപത്തിൽ കൊണ്ടെത്തിക്കും എന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല. ഈ കഥകളൊക്കെ ഇപ്പോൾ മാത്രമാണ് അറിയുന്നത്. പിന്നെ സെബി വിചാരിക്കുന്നയത്ര സമ്പന്നൻ ഒന്നുമല്ല ഞാൻ. നൂറോളം ഏക്കർ എസ്റ്റേറ്റ് ഉണ്ടായിരുന്ന അപ്പന്റെ വീതം കിട്ടിയതിൽ നിന്ന് നല്ലൊരു ഭാഗം വിറ്റ് അതെടുത്ത് കോൺട്രാക്ട് ബിസിനസ് ചെയ്ത് കുറെ നഷ്ടം വന്നു. ഇപ്പോൾ ആകെ ഉള്ളത് വളരെ കുറച്ച് മാത്രം. എന്നും തൊഴിൽ പ്രശ്നങ്ങളും നൂലാമാലകളും തന്നെ. മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയിട്ട് തന്നെ നാളുകളായി. ബാങ്കിലെ കടം ഒരു ഭാഗത്ത്. നമ്മൾ പുറമെ നിന്നു കാണുന്നതുപോലെയൊന്നുമല്ല കാര്യങ്ങൾ. പുറമെ ചിരിച്ചു കളിച്ചു നടക്കുന്നവർ ഉള്ളിൽ നീറി കൊണ്ടിരിക്കുന്ന ആയിരം പ്രശ്നങ്ങൾ മറക്കാൻ വേണ്ടിയങ്ങനെ ചെയ്യുന്നവരാകാം.
ഏതായാലും 30 വർഷങ്ങൾക്കിപ്പുറമുള്ള രണ്ടുപേരുടെയും യാദൃശ്ചികമായ കണ്ടുമുട്ടൽ, കുറെ തുറന്നുപറച്ചിലുകൾക്കും തിരിച്ചറിവുകൾക്കും പുതിയ ചികിത്സാ രീതികളെ കുറിച്ച് ഒക്കെയുള്ള അറിവിനും കാരണമായി. കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ല എന്നാണ് നമ്മൾ ഇതുവരെ കരുതിയിരുന്നത് അല്ലേ? പക്ഷേ അസൂയയ്ക്ക് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. ‘ജലസി മാനേജ്മെന്റ്’ എന്ന മനഃശാസ്ത്ര ചികിത്സ. ഒരു സെബി നമ്മളിലും ഉണ്ടോ? ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
Content Summary: Malayalam Short Story ' Thiricharivukal ' Written by Mary Josy Malayil