ADVERTISEMENT

"വല്ലാത്തൊരു ദിവസം." പിറുപിറുത്തുകൊണ്ട് ഡോ. കുരുവിള തന്റെ കൺസൾട്ടിങ് റൂമിന്റെ ബാൽക്കണിയിലേക്ക് തുറക്കുന്ന വാതിലിന്റെ കൊളുത്തുകൾ വിടർത്തി. വാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങിയ അയാളെ രാത്രി അതിന്റെ കറുപ്പു കൊണ്ടും നേർത്ത മുരൾച്ച കൊണ്ടും അഭിവാദ്യം ചെയ്തു. ബാൽക്കണിയിലെ ലൈറ്റിടാതെ അയാൾ അവിടെക്കിടന്നിരുന്ന ഒരു പഴയ സോഫയിലേക്ക് വീണു. പുരാതനമായ ആ ഇരിപ്പിടം അയാളുടെ ഭാരമേൽപ്പിച്ച വേദന സഹിക്കാൻ കഴിയാതെ ദയനീയവും അസ്പഷ്ടവുമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ഒരു ദീർഘനിശ്വാസത്തോടെ അയാൾ മിഴികൾ പൂട്ടി. വിയർത്തതും വിറയാർന്നതുമായ അയാളുടെ ശരീരത്തിൽ കൊതുകുകൾ നൃത്തം ചെയ്യാനാരംഭിച്ചു. ചരിത്രമുറങ്ങുന്ന മദ്രാസ് മെഡിക്കൽ കോളജിന്റെ പൗരാണീകവും പ്രൗഢഗംഭീരവുമായ ന്യൂറോളജി ബ്ലോക്കിന്റെ മൂന്നാം നിലയിലെ ഇരുട്ട് വീണ ബാൽക്കണിയിൽ മിഴികൾ പൂട്ടി അയാൾ ചിന്തിച്ചത് മരണത്തെക്കുറിച്ചായിരുന്നു. അതിന്റെ നിഗൂഢതയേയും ശൂന്യതയേയും കാളിമയേയും കുറിച്ചായിരുന്നു. ആ യാഥാർഥ്യത്തിന്റെ ആകസ്മീകതയെക്കുറിച്ചും പൊരുളുകളെക്കുറിച്ചുമായിരുന്നു. തീർച്ചയായും ജീവിതത്തിലാദ്യമായിട്ടായിരുന്നു അയാളിൽ മരണചിന്ത പടർന്നുകയറുന്നത്. ജീവിതത്തിന്റെ വർണ, വൈവിധ്യ, വിസ്മയങ്ങളെക്കുറിച്ചു മാത്രമായിരുന്നു അന്നോളം അയാൾ ചിന്തിച്ചതും പഠിച്ചതും എഴുതിയതുമെല്ലാം. മരണം അയാളെ സംബന്ധിച്ച് ഒരു വിദൂരസാധ്യത മാത്രമായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ എണ്ണമറ്റ മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടായിരുന്നു അയാൾക്ക്. മാതാപിതാക്കളടക്കം വേണ്ടപ്പെട്ട നിരവധിയാളുകൾ അയാളെ വിട്ടുപോയിട്ടുണ്ട്. എന്നാലതൊന്നും അയാളിൽ മരണചിന്തയെ ജ്വലിപ്പിച്ചില്ല. മരണഭീതി ജനിപ്പിച്ചില്ല. ജീവിതം അതിമനോഹരമായി കൊണ്ടാടുക എന്നത് മാത്രമായിരുന്നു ആ മനസ്സ് നിറയെ. ഭൂമിയിലൂടെ സഞ്ചരിക്കുക. ദൈവമെന്ന ശിൽപിയുടെ കരവിരുതുകൾ കണ്ണുനിറച്ച് കാണുക. ഭൂമി ജീവജാലങ്ങൾക്കായി ഒരുക്കിവെച്ചിട്ടുള്ള രുചികളും മണങ്ങളും ആസ്വദിക്കുക. ഇതിലൊക്കെയായിരുന്നു അയാളുടെ ശ്രദ്ധ. ദൈവവിശ്വാസിയായിരുന്നെങ്കിലും ആത്മീയതയോട് അയാൾക്കത്ര പ്രതിപത്തി ഉണ്ടായിരുന്നില്ല. ആത്മീയത ജീവിതത്തെ വിരസമാക്കും എന്നായിരുന്നു അയാളുടെ ഒരു കാഴ്ചപ്പാട്. എന്നാൽ ആ ദിവസം അയാളെ വല്ലാതെ സ്വാധീനിച്ചു കളഞ്ഞു. പേക്കിനാവുകളെ വെല്ലുന്ന നിനവുകളിലൂടെയായിരുന്നു അയാൾ കടന്നു പോയത്. ജീവിതത്തിൽ അന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത അവസ്ഥകളിലൂടെയായിരുന്നു കടന്നു പോയത്. അന്നോളം അപരിചിതമായിരുന്ന മനഃസംഘർഷങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയുമായിരുന്നു കടന്നു പോയത്. ഒടുക്കം കലിംഗയിലെ കബന്ധങ്ങൾ കണ്ട അശോകനെപ്പോലെ തളർന്നിരുന്നു പോയിരിക്കുന്നു അയാൾ. നേരം വെളുത്താലുടൻ അയാൾ തന്റെ രാജിക്കത്ത് സമർപ്പിക്കും. മെഡിക്കൽ കോളജിന്റെ പടികളിറങ്ങും. ഇരുപത്തിയഞ്ചു വർഷമായി ചെയ്തു വരുന്ന തൊഴിൽ ഉപേക്ഷിക്കുക കഠിനമാണ്. എന്നാൽ അയാളത് ചെയ്യും. ഇനി ഒരു ഡോക്ടറായി ജീവിക്കാൻ അയാൾ ഒരുക്കമല്ല. മദ്രാസ് മെഡിക്കൽ കോളജിന്റെ 1662-മുതലുള്ള ചരിത്രത്തിൽ വന്ന അന്ന് തന്നെ ജോലി മതിയാക്കി മടങ്ങുന്ന ആദ്യത്തെ ന്യൂറോ സർജനായിരിക്കാം ഒരുപക്ഷെ അയാൾ.

നേരത്തേ ഉറക്കം തുടങ്ങിയ മഹാനഗരത്തിന്റെ അരികുകളിൽ ജീവിതം ആഘോഷിക്കുന്നവരുടെ ഭ്രാന്തമായ സംഗീതം അവിടമാകെ വീണു ചിതറി. നിഴലുകളും പദചലനങ്ങളും അബദ്ധങ്ങൾ നിറഞ്ഞതും ക്രമം തെറ്റിയതുമായ കുഴഞ്ഞ സംഭാഷണങ്ങളും അകന്നകന്നു പോയി. കഴിഞ്ഞ ദിവസം ഇതേ സമയത്ത് താൻ ട്രെയിനിലായിരുന്നു എന്നയാളോർത്തു. ട്രെയിൽ മദ്രാസ് ലക്ഷ്യമാക്കി അതിവേഗം പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മദ്രാസ് എത്താൻ അയാളിലെ യാത്രികൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. അയാൾ സന്തുഷ്ടനും ഉല്ലാസവാനുമായിരുന്നു. അപരിചിതരായ സഹയാത്രികരോട് കുശലം പറഞ്ഞും ഇടക്കിടെ തമാശകൾ പൊട്ടിച്ചും കടല കൊറിച്ചും മൂളിപ്പാട്ടുകൾ പാടിയും അയാളൊരു കൗമാരക്കാരനേക്കാൾ ഊർജ്ജസ്വലനായിക്കാണപ്പെട്ടു. അത്രയേറെ ആനന്ദതുന്തിലമായ മനസ്സോടെയാണയാൾ മദ്രാസിലേക്കുള്ള വണ്ടി പിടിച്ചത്. പുതിയ സ്ഥലം മാറ്റം മദ്രാസിലേക്കാണെന്നറിഞ്ഞ നിമിഷം അയാൾ സന്തോഷത്താൽ സ്വയം മറന്നു. തന്റെ പ്രായവും പദവിയും സ്ഥലകാലങ്ങളുമെല്ലാം മറന്ന് തുള്ളിച്ചാടുകയായിരുന്നു അയാൾ. അയാളിലെ ചലച്ചിത്ര പ്രേമിയാണ് അയാളെക്കൊണ്ടതൊക്കെ ചെയ്യിച്ചതെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. സിനിമ അയാൾക്കൊരു ലഹരിയായിരുന്നു. എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു. നടീനടന്മാരോട് ഭ്രാന്തമായ ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കണമെന്നൊക്കെയായിരുന്നു കൊച്ചു നാളു മുതലേയുള്ള മോഹം. എന്നാൽ കാലം അയാൾക്കായി കാത്തുവെച്ചത് മറ്റൊരു കർമ്മമണ്ഡലമായിരുന്നു. ആ കർമ്മ മേഖലയിൽ അയാൾ കഴിവ് തെളിയിച്ചു എന്ന് നിസ്സംശയം പറയാം. അയാൾ തന്റെ ജീവിതസന്ധാരണമാർഗത്തെ അതിരറ്റ് സ്നേഹിച്ചു. ജോലിയിൽ സത്യസന്ധത പുലർത്തി. നിഷ്‌ഠ സൂക്ഷിച്ചു. തൃപ്തി കണ്ടെത്തി. എന്നാൽ ഭിഷഗ്വര സപര്യ, ആ ഒരു നിയോഗം, അയാളിലെ സിനിമാകമ്പക്കാരനെ ഒതുക്കിക്കളഞ്ഞില്ല. സിനിമാക്കാരനാകാൻ കഴിയാത്തതിലുള്ള അസ്തിത്വ ദുഃഖം മറക്കാൻ അയാൾ ഒരു നല്ല സിനിമാ ആസ്വാദകനും നിരൂപകനുമായി. മദ്രാസ് എന്നും അയാളെ മോഹിപ്പിച്ചു. ഒരു മഹാനഗരം എന്ന നിലയിലല്ല. സിനിമാഫാക്ടറി എന്ന നിലയിൽ. ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ പ്രസവമുറി എന്ന നിലയിൽ. പലപ്പോഴും തന്റെ സ്വപ്ന നഗരിയിലേക്ക് യാത്ര പോകാൻ അയാൾ പദ്ധതിയിട്ടു. എന്നാൽ പലകാരണങ്ങൾകൊണ്ടും അതൊക്കെ മുടങ്ങിപ്പോകുകയും ചെയ്തു. അതുകൊണ്ടാണ് സ്ഥലം മാറ്റം മദ്രാസിലേക്കായപ്പോൾ അയാൾക്ക് ഇരട്ടി സന്തോഷം തോന്നിയത്. യാത്രക്കൊരുങ്ങവേ അയാൾ ഭാര്യയോട് പറഞ്ഞതിപ്രകാരമാണ്: "സിനിമാക്കാരുടെ ഏദൻതോട്ടമായ കോടമ്പാക്കത്തെ തെരുവുകളിലൂടെ ഞാൻ അലഞ്ഞു നടക്കും. അവിടത്തെ കാഴ്ചകൾ ഞാനെന്റെ കണ്ണുകളിലൂടെ ആത്മാവിൽ നിറയ്ക്കും. അവിടത്തെ അനുഭവങ്ങൾ ഞാൻ പത്രങ്ങളുടെ കോളങ്ങളിലൂടെ ജനമനസ്സുകളിലേക്കെത്തിക്കും."

കോടമ്പാക്കത്തെ തെരുവുകളിൽ താനൊരു ഡോക്ടറായിരിക്കില്ല എന്നയാൾക്കുറപ്പുണ്ടായിരുന്നു. അവിടെ അയാൾ ഒരു സിനിമാപ്രേമി മാത്രമായിരിക്കും. സ്‌ക്രീനിൽ മാത്രം കണ്ടിട്ടുള്ള രൂപങ്ങളെ നേരിൽക്കാണാൻ ആഗ്രഹിക്കുന്ന, അവരുടെ ഓട്ടോഗ്രാഫ് വാങ്ങാനാഗ്രഹിക്കുന്ന, അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനാഗ്രഹിക്കുന്ന ഒരു സിനിമാപ്രേമി. അരുണാചലത്തിലും ഭരണിയിലും എ.വി.എമ്മിലുമെല്ലാം സെക്യൂരിറ്റി ഗാർഡുകളുടെ കണ്ണുവെട്ടിച്ചകത്തുകയറി ഷൂട്ടിങ് കണ്ട് മതിമറന്ന് നിൽക്കുന്ന ഒരു സിനിമാപ്രേമി. പഠിക്കാനുള്ള മിടുക്കു കൊണ്ട് വാരിക്കൂട്ടിയ മെഡിക്കൽ ബിരുദങ്ങളുടെ, ബിരുദാനന്തരബിരുദങ്ങളുടെ അതുമൂലം തരമായ ജോലിയുടെ ഔന്നിത്യത്തിന്റെ, രാത്രികളിലുറങ്ങാതെ നെയ്തെടുത്ത ഗവേഷണപ്രബന്ധങ്ങളുടെ, ലേഖനപരമ്പരകളുടെ ജാടകളും നാട്യങ്ങളുമില്ലാത്ത ഒരു സിനിമാപ്രേമി. കൊടാമ്പക്കത്തെത്തിയാൽ പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ് അയാൾ പ്രാമുഖ്യം നൽകാൻ ഉദ്ദേശിച്ചത്. ഒന്ന് സൂപ്പർസ്റ്റാർ ശങ്കർ ആദിത്യയെ നേരിൽക്കാണുക. മലയാളത്തിലെ മൂല്യവും തിളക്കവും തിരക്കുമുള്ള ആക്ഷൻ ഹീറോ ആയ അദ്ദേഹത്തെ ഒന്ന് സ്പർശിക്കുക. തരുണീമണികൾ മോഹിക്കുകയും കാമിക്കുകയും ചെയ്യുന്ന, ടാക്കീസുകളെ കോരിത്തരിപ്പിക്കുന്ന ആ ഉറച്ച വടിവൊത്ത ശരീരത്തെ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന അസംഖ്യം ആളുകളിൽ ഒരാളായിരുന്നു ഡോ.കുരുവിള. രണ്ടാമത്തെ കാര്യം, സംവിധായകരെ കാണാനും സംസാരിക്കാനുമുള്ള അവസരം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. ഇത് ദക്ഷിണേന്ത്യൻ സിനിമക്ക് വേണ്ടി പൊതുവിലും മലയാള സിനിമക്കായി പ്രത്യേകിച്ചും തന്റെ ഭാഗത്തുനിന്നുമുള്ള ബൗദ്ധീകവും തന്ത്രപരവുമായ ഒരു നീക്കമാണെന്നയാൾ സ്വയം വിശ്വസിച്ചു. 

സംവിധായകരോട് ഇപ്രകാരം സംസാരിക്കാൻ അയാൾ ആഗ്രഹിച്ചു: "എന്തുകൊണ്ട് സ്റ്റുഡിയോകൾക്ക് പുറത്ത് സിനിമകൾ ഷൂട്ട് ചെയ്യാൻ നിങ്ങൾ തയാറാകുന്നില്ല. ബജറ്റ് ഒരു പ്രശ്നം തന്നെ. എന്നാൽ ഇവിടെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന നിർമ്മാണക്കമ്പനികളില്ലേ? സമ്പന്നമായ പശ്ചാത്തലമുള്ള നിർമാതാക്കളില്ലേ? ഇവരിലാരെങ്കിലുമൊക്കെ മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നം മാത്രമാണത്. മാറുന്ന വിപണി മൂല്യത്തെക്കുറിച്ചും കച്ചവട തന്ത്രങ്ങളെക്കുറിച്ചും അവരെ ബോധവത്ക്കരിക്കണമെന്ന് മാത്രം. കാരണം ഒരു ശതമാനം പോലും യാഥാർഥ്യത്തെ ദ്യോതിപ്പിക്കാത്ത, ആസ്വാദന നിലവാരത്തെ പരിഹസിക്കുന്ന കൃത്രിമമായ സെറ്റുകളിൽ നിങ്ങൾ വിരിയിച്ചെടുക്കുന്ന സിനിമകൾ ജനം ആർത്തിയോടെ കണ്ടിരുന്ന അറുപതുകളല്ല ഇത്. എൺപതുകളുടെ ആരംഭമാണ്. കാലം മാറാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങളും അവരുടെ ജീവിതശൈലികളും അഭിരുചികളും ചിന്താധാരകളും ആസ്വാദനക്ഷമതയും മാറുകയാണ്. ആധുനീകത സംഗീതത്തേയും സാഹിത്യത്തേയും മാത്രമല്ല ജനജീവിതത്തിന്റെ സമസ്തമേഖലകളേയും ആവേശിച്ചു കഴിഞ്ഞു. കാറുകളും കെട്ടിടങ്ങളും മാറാൻ തുടങ്ങിയിരിക്കുന്നു. വ്യാപാരവും രാഷ്ട്രീയവും മാറാൻ തുടങ്ങിയിരിക്കുന്നു. മഹാനഗരങ്ങളും കൂറ്റൻ സ്തൂപങ്ങളും ഉയരാൻ തുടങ്ങിയിരിക്കുന്നു. കൊളോണിയലിസത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിക്കൊണ്ട് സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ ഉണ്ടാകുന്നു. വിദേശഭാഷാ സിനിമകളും, ഹിന്ദി സിനിമകളും അലകും പിടിയും മാറ്റി മുന്നോട്ട് കുതിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ സിനിമ മാത്രം നിന്നിടത്തു തന്നെ എന്ന അവസ്ഥ ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. പൂക്കളേയും പൂമ്പാറ്റകളേയും ആരാമങ്ങളേയും നദികളേയും താഴ്‌വാരങ്ങളേയുമെല്ലാം ഒരുക്കിവെച്ച് പ്രകൃതി നിങ്ങളെ മാടി വിളിക്കുന്നുണ്ട്. സ്റ്റുഡിയോ ഫ്ലോറുകളിൽ ഇവ പുനഃസൃഷ്ടിക്കുന്ന നേരത്ത് പ്രകൃതിയുടെ വിളിയാളം കേൾക്കൂ. ക്യാമറയുമെടുത്ത് പുറത്തേക്കിറങ്ങൂ. അതൊരു വിപ്ലവമായിരിക്കും. വിപ്ലവങ്ങൾ നല്ലതാണ്. അത് വിപുലീകരണത്തെ, വിമലീകരണത്തെ പിന്താങ്ങുന്നു."

മദ്രാസിൽ വണ്ടിയിറങ്ങിയ അയാൾ ആദ്യം തന്നെ തന്റെ ആരാധനാമൂർത്തിയായ ശങ്കർ ആദിത്യയുടെ 'ധൂമം' എന്ന സിനിമ കാണാൻ തീരുമാനിച്ചു. തന്റെ സ്വപ്നനഗരിയിലെ ആദ്യ പരിപാടി സ്വപ്നനായകന്റെ വിജയകരമായി പ്രദർശനം തുടരുന്ന സിനിമ കാണലാവട്ടെ എന്ന് തീരുമാനിച്ചു. കൊട്ടക ഹൗസ് ഫുൾ ആയിരുന്നു. അദ്ദേഹത്തിന്റെ മുഖം ഓരോ വട്ടം സ്‌ക്രീനിൽ തെളിയുമ്പോഴും ജനം ആർത്തു വിളിച്ചു. ആ ഗംഭീര ശബ്ദം ഓരോരുത്തരുടേയും സിരകളിൽ ആവേശത്തിന്റെ തരംഗങ്ങളുണർത്തി വിട്ടു. ആർത്തു വിളിക്കുന്ന ജനക്കൂട്ടത്തിൽ മലയാളികൾക്ക് പുറമെ തദ്ദേശീയരായ തമിഴന്മാർ മുതൽ ജീവിത പ്രശ്നങ്ങളുമായി മദ്രാസിലെത്തിപ്പെട്ട കൊങ്ങിണികളും തെലുങ്കന്മാരും മാർവാടികളും വരെ ഉണ്ടായിരുന്നു. കല ഭാഷയുടേയും സംസ്ക്കാരത്തിന്റെയും അതിർവരമ്പുകൾ മായ്ക്കുന്നു. ബഹുസ്വര സമൂഹത്തിന്റെ ആസ്വാദനവും ആശീർവാദവും വേണ്ടുവോളം ലഭിക്കുന്ന അദ്ദേഹം ഭാഗ്യവാനായ കലാകാരനാണെന്നയാൾ ചിന്തിച്ചു. സകലരാലും അംഗീകരിക്കപ്പെടുകയും അനുമോദനങ്ങൾക്ക് പാത്രമാവുകയും ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല. കലയിൽ ജയിക്കാൻ കഴിവും പ്രാഗത്ഭ്യവും മാത്രം പോരാ, ഭാഗ്യം കൂടി വേണം എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ശങ്കർ ആദിത്യ എന്ന സൂപ്പർതാരം എന്ന് പലപ്പോഴും അയാൾക്ക് തോന്നിയിട്ടുണ്ട്. മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ നേവിയിൽ നിന്നും ചീഫ് പെറ്റി ഓഫീസറായി വിരമിച്ച അദ്ദേഹം കുറഞ്ഞ വർഷങ്ങൾക്കൊണ്ടാണ് മലയാള സിനിമയുടെ ഉത്തുംഗതയിലേക്കെത്തിയത്. കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും ഒപ്പം ഭാഗ്യം കൂടി ചേർന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തി അദ്ദേഹം. ആരെയും അസൂയപ്പെടുത്തുന്ന വിജയങ്ങൾക്കുടമയായി. സ്വന്തം കുറവുകളോ പരിമിതികളോ പ്രായമോ ചെറുവേഷങ്ങൾ ചെയ്ത ഭൂതകാലമോ ഒന്നും അതിന് തടസ്സമായില്ല. അദ്ദേഹം സിംഹാസനസ്ഥനാവുക തന്നെ ചെയ്തു. 

വ്യത്യസ്തമായ പ്രോജക്ടുകളുമായി നിർമ്മാണക്കമ്പനികൾ അദ്ദേഹത്തിന്റെ പടിക്കൽ വരി നിൽക്കാൻ തുടങ്ങിയതാണ്. അദ്ദേഹം വെറുതെ മുഖം കാണിക്കുക മാത്രം ചെയ്ത ചിത്രങ്ങളിലെ നായകന്മാർക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മുഖം കാണിച്ചു പോകേണ്ട അവസ്ഥ എത്തിയതാണ്. മലയാള സിനിമ ഒരേ ഒരു നായക നടനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ്. വ്യവസായത്തെ നിലനിർത്താനും വ്യവസായത്തെ നിലനിർത്താനും വളർത്താനും കെൽപ്പും ധിഷണയുമുള്ള ഒരു നായകനടനെ മലയാള സിനിമ കണ്ടെത്തിയതാണ്. എന്നാൽ മകരത്തിലെ ഈ ദിനം.. മഴയിലൊടുങ്ങിയ നശിച്ച പകൽ....! താൻ മദ്രാസ് മെഡിക്കൽ കോളേജിൽ സീനിയർ ന്യൂറോ സർജനായി ചാർജെടുത്ത ഈ ദിനം മലയാള സിനിമയെ ഒരു വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. അടുത്ത നൂറു വർഷത്തിനിടയിൽ ഒരിക്കൽ പോലും അഭിമുഖീകരിക്കേണ്ടി വരില്ല എന്നുറപ്പുള്ള ഒരു പ്രതിസന്ധി. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ മദ്രാസ് മെഡിക്കൽ കോളജിലേക്ക് കുതിച്ചെത്തിയ ഇളം നീല ഫിയറ്റ് കാറിൽ നിന്ന് നാല് പേർ ചേർന്ന് താങ്ങിയെടുത്തു കൊണ്ടുവന്ന വ്യക്തിയെക്കണ്ട് ഞെട്ടിത്തരിച്ച് പോകാത്തവരായി ആരുമുണ്ടായിരുന്നില്ല. പൊട്ടിത്തകർന്ന തലയും മുഖവും ഒടിഞ്ഞു തൂങ്ങിയ കാലുമായി ജീവനുവേണ്ടി പിടഞ്ഞു കൊണ്ടിരിക്കുകയായിരുന്നു മലയാള സിനിമയുടെ ന്യൂക്ലിയസ്! സൂപ്പർ താരം ശങ്കർ ആദിത്യ!!! ഡോ. കുരുവിളയുടെ കണ്ണുകളിൽ ഇരുട്ട് കയറി. താനൊരു ദുഃസ്വപ്നം കാണുക മാത്രമാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു. കേവലമായൊരു വിഫലശ്രമം. യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടാൻ ആർക്കാണ് സാധിക്കുക? അയാളുടെ ശരീരം വിറച്ചു. വായ വരണ്ടു. തണുത്ത കാലാവസ്ഥയായിരുന്നിട്ടും, പുറത്ത് നല്ല മഴയും കാറ്റുമുണ്ടായിരുന്നിട്ടും അയാൾ വിയർപ്പിൽ മുങ്ങി. തലയിൽ പെരുപ്പ്. നാഡികളിൽ തളർച്ച. താൻ വീണു പോയേക്കുമോ എന്നയാൾ ശങ്കിച്ചു. ആശുപത്രി ജീവനക്കാരും അദ്ദേഹത്തെ മെഡിക്കൽ കോളജിലെത്തിച്ച സിനിമാ പ്രവർത്തകരും ഉറ്റുനോക്കുന്നത് തന്നെയാണ്, തന്നെ മാത്രമാണ് എന്നയാൾക്കറിയാമായിരുന്നു. അവരുടെ കണ്ണുകളിൽ അയാൾ കണ്ടത് ഒരു ജനതയുടെ പ്രാർഥനയാണ്. യാചനയാണ്. തന്റെ കൈകളിലാണ്, തന്റെ വിജ്ഞാനത്തിലും, വൈദഗ്ധ്യത്തിലുമാണ് താരരാജാവിന്റെ ജീവൻ! "മലയാളിക്ക്, അല്ല, ഇന്ത്യൻ സിനിമക്ക്, ഒരു മണിക്കൂർ മുൻപ് വരെ ഊർജ്ജസ്വലതയോടെ ക്യാമറക്ക് മുന്നിൽ നിന്ന സാഹസികനായ ശങ്കർ ആദിത്യയെ താങ്കൾ തിരികെ കൊടുക്കണം." സിനിമാ പ്രവർത്തകരിലൊരാൾ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ഡോ. കുരുവിള ആരോടും ചോദിച്ചില്ല. എന്തു സംഭവിച്ചതായാലും അരുതാത്തത് നടന്നിരിക്കുന്നു. ആപത്ത് പിണഞ്ഞിരിക്കുന്നു. ഇനി എത്രയും വേഗം ആ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. അതീവ ഗുരുതരാവസ്ഥയിൽ, തന്റെ ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന മനുഷ്യൻ സൂപ്പർസ്റ്റാർ ശങ്കർ ആദിത്യയാണെന്ന് താൻ തൽക്കാലം മറക്കേണ്ടിയിരിക്കുന്നു. താനദ്ദേഹത്തിന്റെ ഒരാരാധകനാണെന്നും. വികാരത്തെ അമർച്ച ചെയ്യാനും അതിജീവിക്കാനും സാധിച്ചില്ലെങ്കിൽ താൻ നിഷ്ക്രിയനായിപ്പോകുമെന്ന് അയാൾക്കറിയാം. "ഒരു നിമിഷം ഡോക്ടർ..." ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറുന്നതിന് തൊട്ട് മുൻപ് രണ്ടു തമിഴന്മാർ, അരോഗദൃഢഗാത്രരായ രണ്ടുപേർ അയാൾക്കരികിലേക്ക് വേഗത്തിൽ നടന്നെത്തി. കട്ടക്കറുപ്പും, കനത്ത ശബ്ദവുമുള്ളവർ. "ആദിത്യക്ക് ഒരൽപ്പജീവൻ ബാക്കിയുണ്ടെന്നറിഞ്ഞാണ് ഞങ്ങൾ വന്നത്. നോക്കൂ ഡോക്ടർ, ഇതൊരു ക്വട്ടേഷനാണ്. ആദിത്യ ഒരു ജീവച്ഛവമായിപ്പോലും ജീവിച്ചിരുന്നു കൂടായെന്ന് ക്വട്ടേഷൻ ഏൽപിച്ചയാൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് ഡോക്ടറായിട്ട് അവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരരുത്. വെറുതെ വേണ്ട. പ്രതിഫലമായി ലഭിക്കുക ലക്ഷങ്ങളാണ്. അനുസരിക്കുക മാത്രം ചെയ്യുക. അനുസരണക്കേടിനുള്ള ശിക്ഷ മരണമാണ്." കുറ്റകരമായ അനാസ്ഥ കാണിക്കുക. മെഡിക്കൽ എത്തിക്സിന് കടകവിരുദ്ധമായി പ്രവർത്തിക്കുക. പ്രതിഫലമായി ലക്ഷങ്ങൾ വാങ്ങുക. രക്തം തിളച്ചതാണ്. നാവ് ചൊറിഞ്ഞു വന്നതാണ്. എന്നാൽ ഒന്നും പറഞ്ഞില്ല. സംയമനം പാലിച്ചു.ഒ രു ഡോക്ടറാണയാൾ. പ്രലോഭനങ്ങളും പ്രകോപനങ്ങളുമുണ്ടാകും. ഇളകാതെ നിൽക്കണം. അവിടെ, അപ്പോൾ, അവരുമായി ഒരേറ്റുമുട്ടൽ നടത്തുകയല്ല താൻ വേണ്ടതെന്ന് അയാൾക്ക് നന്നായറിയാമായിരുന്നു. അയാളതിന് മുതിർന്നാൽ അയാൾക്ക് അതിലൂടെ നഷ്ടമാവുക സമയമാണ്. മനസ്സിന്റെ ധ്യാനവും പ്രാർഥനയുമാണ്.അയാൾ അടിയന്തിര ശസ്ത്രക്രിയക്ക് കോപ്പുകൂട്ടി. അനുഗ്രഹീതനായ ഒരു കലാകാരനെ കൊന്നു കളഞ്ഞിട്ട് ആർക്ക് എന്ത് നേടാനാണ്? ആർക്കാണദ്ദേഹത്തോട് ഇത്ര ശത്രുത? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാൾക്കുള്ളിൽ മുട്ടിത്തിരിഞ്ഞുകൊണ്ടിരുന്നു. സിനിമാ മേഖലയുടെ പിന്നാമ്പുറം മലീമസമാണെന്നും ഉള്ളുകള്ളികൾ കേട്ടാലറക്കുന്നതാണെന്നുമൊക്കെയാണ് ജനസംസാരം. സ്ക്രീനിലേ ധാവള്യമുള്ളൂ. പിന്നിൽ ഘോരാന്ധകാരമാണത്രെ. അതൊക്കെയും ശരിയാണെന്ന് അയാൾക്ക് തോന്നി. അത്തരമൊരു അനുഭവത്തിലൂടെയാണല്ലോ അയാൾ കടന്നു പോകുന്നത്. തണുപ്പും സീൽക്കാരവുമില്ലാത്ത ഒരു കാറ്റ് അതിലേ കടന്നു പോയി. അതിന്റെ ഫലമായി മെഡിക്കൽ കോളജിന്റെ ഓടയുടെ ദുർഗന്ധം അവിടമാകെ പരന്നു. അസഹ്യമായ നാറ്റത്തിൽ അയാൾ ഓക്കാനിച്ചു. അയാൾ സോഫയിൽ നിന്നും ബാൽക്കണിയുടെ മൊസൈക്ക് തറയിലേക്ക് കുമിഞ്ഞു വീണു. അയാൾ തിരക്കിട്ടെഴുന്നേൽക്കുകയോ, ദേഹത്ത് പറ്റിയ പൊടി തട്ടിക്കളയുകയോ ചെയ്തില്ല. അവിടെത്തന്നെ കിടക്കാനാണ് അയാൾക്ക് തോന്നിയത്. ആ കിടപ്പിൽ നിർന്നിമേഷവും നിശബ്ദവുമായ രാത്രി പൊടുന്നനെ ശബ്ദമുഖരിതമാകുന്നതയാളറിഞ്ഞു. 

അൽപ്പം മുൻപ് താൻ പുറത്തു വിട്ട വാർത്ത ജനങ്ങളിലേക്കെത്തിയിരിക്കുന്നു. 'ആദിത്യ ഈസ് നോ മോർ...!' എന്ന തന്റെ വാചകത്തിന്റെ നാനാർഥങ്ങൾ ടാക്കീസുകളിലെ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ട സ്ലെയിഡുകളിലൂടെ ജനങ്ങളിലേക്കെത്തിയിരിക്കുന്നു. ജനം തെരുവുകളിലൂടെ നിലവിളിച്ചു കൊണ്ടോടുന്നു. അക്രമികൾ അവരെ പിന്തുടർന്നിട്ടല്ല. ബോംബ് സ്ഫോടനമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുമല്ല. അവർക്ക് അവരുടെ നാഥനെ നഷ്ടമായിരിക്കുന്നു. ഓരോ മലയാളിക്കും ആരെയൊക്കെയോ നഷ്ടമായിരിക്കുന്നു. ശസ്ത്രക്രിയ ഏതാണ്ട് പൂർത്തിയായപ്പോൾ തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ ഇനി ദൈവത്തിനു മാത്രമേ കഴിയൂ എന്നയാൾ തിരിച്ചറിഞ്ഞിരുന്നു. ബോധം തെളിഞ്ഞേക്കാം. എന്നാൽ ഏറിയാൽ രണ്ടോ മൂന്നോ മണിക്കൂർ. അതിനപ്പുറം ആ ഹൃദയം സ്പന്ദിക്കില്ലെന്ന് വേദനയോടെ അയാൾ മനസ്സിലാക്കിയിരുന്നു. ഡോക്ടറുദ്യോഗം രാജിവെക്കണമെന്നത് അപ്പോഴെടുത്ത തീരുമാനമാണ്. തന്റെ ആരാധനാ മൂർത്തിയുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത വൈദ്യശാസ്ത്രത്തിന്റെ ഉപാസകനായി ഇനി തനിക്ക് ജീവിക്കാനാവില്ല എന്നയാൾക്ക് ബോധ്യമുണ്ടായിരുന്നു. നൂറ്റാണ്ടിന്റെ നഷ്ടം തന്റെ കൈകളിലൂടെയാണല്ലോ എന്നോർത്തയാൾ വിതുമ്പി. പുറത്ത് കാത്തു നിൽക്കുന്നവരുടെ ആകാംക്ഷയിലേക്ക് ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്ന് ആ കറുത്ത യാഥാർഥ്യം വെളിപ്പെടുത്തിയതും എവിടെ നിന്നോ ആ രണ്ടുപേർ തമിഴന്മാർ അയാളുടെ ദൃഷ്ടിപഥത്തിലേക്കെത്തി. കൂട്ട നിലവിളി ഉയരവെ, പലരും തളർന്നു വീഴവേ അവർ അയാളെ നോക്കി കണ്ണിറുക്കിച്ചിരിച്ചു. കനമേറിയ ഒരു തുകൽ സഞ്ചി തന്റെ കൺസൾട്ടിങ് റൂമിലെ മേശക്കടിയിൽ നിക്ഷേപിച്ച് അവരെങ്ങോട്ടോ നടന്നു മറയുന്നത് അയാൾ കണ്ടു. അവരിൽ നിന്നും ക്വട്ടേഷന്റെ ബാറ്റൺ വാങ്ങിയോടി താൻ ലക്ഷ്യം കണ്ടിരിക്കുന്നുവെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞത് അവരുടെ ക്യാമ്പിലെങ്കിലും തന്നെ അവർക്ക് വിലക്കെടുക്കാൻ സാധിച്ചു എന്ന ധാരണ നിലനിൽക്കും. ആത്മനിന്ദ തോന്നിയ നിമിഷങ്ങളായിരുന്നു അയാൾക്കത്. സമാനമായ ആവശ്യവുമായി അൽപ്പം കൂടി ഉറച്ച ചുവടുകളോടെ ഇനിയും അവർ തനിക്കരികിലെത്തിയേക്കാം! എന്തൊരു പരാജയം. എത്ര വലിയ പതനം. എത്ര മാരകമായ ദുരന്തം!! നടന്നതെല്ലാം പൊലീസിൽ പറയണമെന്നയാൾ മനസ്സിൽ കുറിച്ചു. ആദിത്യയുടെ പ്രതിയോഗികൾ പ്രബലരായിരിക്കാം. ശക്തരായിരിക്കാം. നിയമത്തിനും ഭരണകൂടത്തിനുമെല്ലാം അതീതരായിരിക്കാം. വാദിയെ പ്രതിയാക്കാൻ കെൽപുള്ളവരായിരിക്കാം. അവർ അയാളെ കാരാഗൃഹത്തിലടച്ചേക്കാം. രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റിയേക്കാം. ജയിൽവാസമായാലും ജീവത്യാഗമായാലും അയാൾ പുഞ്ചിരിയോടെ സ്വീകരിക്കും. അയാൾ ഒന്നിനേയും ഭയപ്പെടുന്നവനായിരുന്നില്ല. തനിക്ക് ശരി എന്ന് ഉറപ്പും ബോധ്യവുമുള്ള വഴിയിലൂടെ സഞ്ചരിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്നേക്കാവുന്ന പ്രയാസങ്ങളെക്കുറിച്ചയാൾ വ്യഥിതനല്ല. ചകിതനുമല്ല.

ജനക്കൂട്ടത്തിന്റെ, വ്യസനമനുഭവിക്കുന്ന പുരുഷാരത്തിന്റെ അലർച്ചകളേയും അട്ടഹാസങ്ങളേയും അപ്പാടെ വിഴുങ്ങുന്ന ഇരമ്പലുമായി മഴ പെയ്യാൻ തുടങ്ങി. വൈകുന്നേരം ഒന്നുൾവലിഞ്ഞ് രാത്രി പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയിരിക്കുന്നു. അതിരാവിലെ മുതൽ തിമിർത്തു പെയ്യുന്ന മഴയിൽ നഗരം വെള്ളക്കെട്ടിലായിക്കഴിഞ്ഞിരുന്നു. അതിനെത്തുടർന്നുണ്ടായ ട്രാഫിക്ക് ബ്ലോക്കാണ് ശങ്കർ ആദിത്യ എന്ന സൂപ്പർ സ്റ്റാറിന് വിനയായത്. അൽപ്പംകൂടി നേരത്തെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു. ഇനി പറഞ്ഞിട്ടെന്ത്? എല്ലാം കഴിഞ്ഞിരിക്കുന്നു. ആരാധകരെ കൊതിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ആ ഉരുക്കു ശരീരം ചേതനയറ്റു കിടക്കുന്നു! അയാളിൽ നിന്നും കൊടിയ നിരാശയുടെ, വല്ലാത്തൊരു നഷ്ടബോധത്തിന്റെ ദീർഘനിശ്വാസമുതിർന്നു. ആ ദിവസത്തിന്റെ ഓർമകളുടെ വിങ്ങലിൽ നിന്ന്, ശ്വാസം മുട്ടലിൽ നിന്ന് എപ്രകാരം മുക്തനാകാൻ കഴിയുമെന്നതിനേക്കുറിച്ച്‌ അയാൾക്ക് ഒരു രൂപവുമില്ലായിരുന്നു. തന്റെ സ്വപ്നനഗരിയും സ്വപ്നനായകനുമേകിയ ഉഗ്രവിഷാദത്തിന്റെ ഗ്രീഷ്മവെയിൽ ഒരിക്കലും തന്നിൽ അസ്തമിക്കില്ലെന്ന് അയാൾക്ക് തോന്നി. അല്ലെങ്കിലും എങ്ങനെയാണയാൾ എല്ലാം മറക്കുക? പ്രത്യേകിച്ച് അദ്ദേഹത്തിന് ബോധം തെളിഞ്ഞതിന് ശേഷമുള്ള കാര്യങ്ങൾ...! ശസ്ത്രക്രിയക്ക് ശേഷം ബോധം തെളിഞ്ഞ ഉടനെ അദ്ദേഹം ആവശ്യപ്പെട്ടത് ഒരു കണ്ണാടിയാണ്. ടാക്കീസുകളെ ഇളക്കിമറിച്ച ഗംഭീരസ്വരത്തിലല്ല. ഒരു മരണാസന്നന്റെ അതീവ ദുർബലമായ ശബ്ദത്തിൽ. ഒരു ഡോക്ടറെന്ന നിലയിൽ സമ്മിശ്രവികാരങ്ങളുടെ തുരങ്കത്തിൽ സ്വയം നഷ്ടപ്പെട്ടു പോയിരുന്നു ആ സമയത്തയാൾ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ മനുഷ്യന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടയും എന്ന വസ്തുതയുടെ നോവ്. താൻ പഠിക്കുകയും പരിശീലിക്കുകയും വിശ്വസിക്കുകയും കർമ്മ മണ്ഡലമായി പൊരുത്തപ്പെടുകയും, ജീവിത സന്ധാരണ മാർഗമായി തിരഞ്ഞെടുക്കുകയും ചെയ്ത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾക്ക് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത. അദ്ദേഹത്തിനായി സാധ്യമാവുന്നതെല്ലാം ചെയ്യുകയും പരമാവധി ശ്രമിക്കുകയും ചെയ്തു എന്ന ചാരിതാർഥ്യം. താൻ കൈക്കൊണ്ട തീരുമാനങ്ങളും തിരഞ്ഞെടുത്ത രീതികളും അദ്ദേഹത്തിന്റെ സംസാരശേഷിക്കും ഓർമ്മശക്തിക്കും കോട്ടം തട്ടാതെ കാത്തു എന്നതിന്റെ ആഹ്ലാദം. സംതൃപ്തി. അങ്ങനെയങ്ങനെ എണ്ണമറ്റ വികാരങ്ങളുടെ വിസ്ഫോടനാത്മകമായ വന്നു പോവലുകൾ!

കണ്ണാടിയിൽ പൊട്ടിത്തകർന്നതും വികൃതവുമായ തന്റെ മുഖം കണ്ട് ഒന്നുറക്കെ കരയാൻ പോലുമാകാതെ അദ്ദേഹം ഞെരങ്ങി. "എന്റെ മുഖം... എന്റെ മുഖം ഇനി പഴയതു പോലെയാകുമോ ഡോക്ടർ?" നീറ്റലോടെയുള്ള ചോദ്യം. അയാൾ മുരടനക്കി. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഉള്ളിലെ സങ്കടം തൊണ്ടക്കുഴിയിലൊരു പിടുത്തമിട്ടിരിക്കുന്നു. "പ്ലാസ്റ്റിക് സർജറി പോലുള്ള ചില സംവിധാനങ്ങൾ ഉണ്ട്. എന്നാൽ അതെത്ര മാത്രം..." ഒരു വിധമാണ് അത്രയും പറഞ്ഞൊപ്പിച്ചത്. അർദ്ധോക്തിയിൽ നിർത്താനാണ് തോന്നിയത്. "മനസ്സിലായി ഡോക്ടർ. മെഡിക്കൽ സയൻസിന്റെ ലിമിറ്റേഷനെക്കുറിച്ച് എനിക്കറിയാം." ഇതും പറഞ്ഞ് അദ്ദേഹം കണ്ണുകൾ പൂട്ടി. ദീർഘമായി ശ്വാസോച്ഛാസം ചെയ്തു. അതോ അദ്ദേഹം തേങ്ങുകയായിരുന്നോ? കണ്ണ് നിറഞ്ഞിരുന്നതിനാൽ അയാൾക്ക് കാഴ്ച അവ്യക്തമായിരുന്നു. "എന്നെയൊന്ന് കൊന്നു തരൂ." അൽപ്പം കഴിഞ്ഞ് വല്ലാത്തൊരു യാചനയോടെ അദ്ദേഹം ഇത് പറഞ്ഞതും അയാൾക്ക് തന്റെ സകല നിയന്ത്രണവും നഷ്ടമായി. അയാൾ പൊട്ടിപ്പൊട്ടിക്കരയാൻ തുടങ്ങി. "ദൈവത്തെയോർത്ത് ഇങ്ങനെയൊന്നും പറയാതിരിക്കൂ സർ." അയാൾ കേണു. "ചുമ്മാ നിന്ന് കരയാതെ ഡോക്ടർ. കരയുന്നവരെ എനിക്കിഷ്ടമല്ല." "ഞാനെങ്ങനെ കരയാതിരിക്കും? ഡോക്ടറാണെങ്കിലും ഞാനുമൊരു മനുഷ്യനാണ്. ഒരു സാധാരണക്കാരനാണ്. മറ്റു പലരേയും എന്ന പോലെ ഞാനും അങ്ങയുടെ ആരാധകനാണ്. ഒന്ന് നേരിൽക്കാണാൻ ആശിച്ചുമോഹിച്ചു കാത്തിരുന്നിട്ടുണ്ട് ഞാൻ. ഒടുവിലത് ഇപ്രകാരമായിപ്പോയതിന്റെ സങ്കടം നെഞ്ച് തകർക്കുമ്പോൾ എനിക്കെങ്ങനെ കരയാതിരിക്കാനാകും?!" "ഡോക്ടർ,ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ. അടുത്ത പത്തു കൊല്ലത്തേക്കുള്ള ഡേറ്റുകൾ നിർമ്മാതാക്കൾക്ക് നൽകിക്കഴിഞ്ഞ ഒരു നടനാണ് ഞാൻ. നിരവധി സംവിധായകരും നിർമ്മാതാക്കളും അവരുടെ സ്വപ്നപദ്ധതികളുമായി എന്നെ കാത്തിരിക്കുന്നു. എന്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി ജനം അക്ഷമയോടെ കാത്തിരിക്കുന്നു. ഞാനെന്തു ചെയ്യണം? നിങ്ങൾ പറയൂ. ആ പഴയ ഞാനാവാൻ എനിക്ക് ഇനി സാധിക്കില്ലെങ്കിൽ ഞാനില്ലാതാകുന്നതാണ് നല്ലത്. കാരണം നല്ല ശബ്ദവും, ആകാരഭംഗിയും, മുഖകാന്തിയും, ആരോഗ്യവുമില്ലാത്ത എന്നെ ആർക്കും വേണ്ടായിരിക്കും. വൈരൂപ്യവും വൈകല്യവും ജരാനരകളുമായി തെരുവിൽ ലോട്ടറി വിറ്റലയാൻ എനിക്കാവില്ല. അത്യുന്നതങ്ങളിൽ നിന്നും അത്യഗാധതകളിലേക്കുള്ള ഒരു പതനം ഉൾക്കൊള്ളാനുള്ള വലുപ്പമോ ക്ഷമയോ എന്റെ മനസ്സിനില്ല. അതുകൊണ്ട് എന്നെ തീർത്തുകളഞ്ഞേക്കൂ. ഇതെന്റെ അപേക്ഷയാണ്. യാചനയാണ്. ഡോക്ടർക്ക് എന്നോട് കാട്ടാവുന്ന ഏറ്റവും വലിയ ദയയാണത്. ഡോക്ടർക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പുണ്യവും." താൻ അനുനിമിഷം മരിച്ചു കൊണ്ടിരിക്കുകയാണെന്നറിയാതെ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു. ഉരിയാടാനാവാതെ പ്രതിമ പോലെ നിൽക്കുകയായിരുന്നു അയാൾ. ഒരു ഡോക്ടറെന്ന നിലയിൽ അദ്ദേഹത്തിന്റെ ആവശ്യം ശിരസ്സാവഹിക്കാൻ അയാൾക്കാവില്ലായിരുന്നു. അദ്ദേഹം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് തുറന്നു പറയാനും.

"സമയം പോകുന്നു ഡോക്ടർ. എനിക്ക് ബോധം തെളിഞ്ഞത് സകലരും അറിയുന്നതിന് മുൻപ് ചെയ്യേണ്ടത് ചെയ്യൂ. എന്നെ വാഴ്ത്തിപ്പാടിയവർക്കും ഞാനില്ലാതാവണമെന്നാഗ്രഹിച്ചവർക്കും മുന്നിൽ അപഹാസ്യമായ ഒരു പുഴുജീവിതം നയിക്കാനെനിക്ക് വയ്യ ഡോക്ടർ. ദയവായി എന്നെ തീർത്തു തരൂ. പകരമായി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ഞാൻ തരിക. എന്റെ കാറിൽ അത്രയും തുകയുണ്ട്." പണം എന്ന വാക്കിനോടും  പണ കേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥിതികളോടും പുച്ഛം തോന്നിയ നിമിഷങ്ങൾ. തമിഴന്മാർ ആദ്യം. ഇപ്പോൾ അദ്ദേഹവും. കുറ്റകരമായ അനാസ്ഥക്ക് വാഗ്ദാനം ചെയ്യുന്നത് ലക്ഷങ്ങളാണ്. തന്റെ മുഖം ഒരു പണക്കൊതിയന്റേതായതുകൊണ്ടാണോ അതെന്ന് അയാൾ സംശയിച്ചു. പണത്തിനു വേണ്ടി ആരും എന്തും ചെയ്യുമെന്ന പൊതുധാരണയിൽ നിന്നാവാം ഇത്തരം അനുഭവങ്ങളുടെ ആവിർഭാവം എന്നയാൾ ചിന്തിച്ചു. പാലായിലെ, പണം കണ്ട് മടുത്ത, പേരുകേട്ട തറവാട്ടിൽ നിന്നാണയാൾ വരുന്നത്. തന്റെ ആസ്തിയെക്കുറിച്ചോ, സ്വത്തുസമ്പാദ്യങ്ങളെക്കുറിച്ചോ ഇവർക്കൊന്നും ഒന്നും അറിഞ്ഞു കൂടാ. അയാൾ ചുണ്ടു കോട്ടി. താനെത്തിപ്പെട്ട അവസ്ഥയിൽ മനം നൊന്തും അതിനു കാരണക്കാരായവരെക്കുറിച്ച് മൗനം പാലിച്ചും എന്നാൽ അവരെ ശപിച്ചും ദയാവധത്തിനായി യാചിച്ചും പതിയെ പതിയെ അബോധാവസ്ഥയിലേക്ക് വഴുതി അദ്ദേഹം. താമസിയാതെ സ്നേഹബഹുമാനാദരവുകളോടെ അദ്ദേഹത്തെ മരണം തന്റെ ഇരുണ്ട വൻകരയിലേക്ക് കൂട്ടിക്കൊണ്ടു പോയി....! ആ കണ്ണുകളടഞ്ഞതോടെ ഗോസിപ്പുകളുടെ വസന്ത കാലം അസ്തമിച്ചു എന്ന് വേണം കരുതാൻ. ഇനി പാപ്പരാസികൾ എന്തു ചെയ്യും? ആശയദാരിദ്ര്യം അനുഭവിക്കുന്ന കവികളെപ്പോലെ അവർ അസ്വസ്ഥരാകും. വായനക്കാരന്റെ ഉറക്കം കെടുത്തുന്ന മാദകഗാഥകൾ ഇനി അവർ ആരിൽ ആരോപിക്കും? സിനിമാവാരികകളുടെ വർണത്താളുകൾ ഇനി ശൂന്യമാവും. അതിലെ ലിപികളിൽ ഉന്മത്തരായി അലഞ്ഞിരുന്ന കൗമാരയൗവനങ്ങൾ നിരാശരാകും. നോക്കൂ, തന്റെ മരണം കൊണ്ട് സകലതിനേയും നിശ്ചലമാക്കിയിരിക്കുന്നു അദ്ദേഹം. സകലരേയും അനാഥരാക്കിയിരിക്കുന്നു. ഒരിക്കൽ ലോകം അവസാനിക്കുമെന്ന് കേൾക്കുന്നു. എങ്കിലത്‌ ഉടനെയുണ്ടാകുന്നതാവും നല്ലത്. ആ മനുഷ്യനില്ലാത്ത ലോകത്തിന് നിറവും മണവുമില്ല. സാഹസീകതയും വീരഗാഥകളുമില്ല. ആസ്വാദനങ്ങളും ആവിഷ്ക്കാരങ്ങളുമില്ല. ഒടുവിൽ... ഏറ്റവുമൊടുവിൽ ബോധത്തിന്റെ അവസാനത്തെ മാത്രയിൽ എന്താവും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക? തന്റെ താരസിംഹാസനത്തെക്കുറിച്ച്? താനില്ലാതാകുന്നതോടെ സിനിമാവ്യവസായത്തിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്? താനില്ലാതായാൽ തനിച്ചായിപ്പോകുന്ന അമ്മയെക്കുറിച്ച്? അദ്ദേഹത്തിന് മാത്രമറിയാവുന്ന അദ്ദേഹത്തിന്റെ പ്രതിയോഗികളെക്കുറിച്ച്? ഇതൊന്നുമല്ലാതെ... പണത്തിനു വേണ്ടി താനദ്ദേഹത്തിന്റെ മരണം അനായാസമാക്കാൻ വേണ്ടത് ചെയ്തു എന്നോ മറ്റോ.. ഈ ചിന്ത പൊടുന്നനെയെന്നോണം അയാളിലേക്ക് ഒരു തീപ്പൊരി പോലെ പാറി വീണു. അതു തീർത്ത അഗ്നിബാധയിൽ അയാൾ അടിമുടി ഉലഞ്ഞു പോവുകയും ഒരു ഹൃദയസ്തംഭനത്തിന്റെ വക്കിലെത്തുകയും ചെയ്തു....! മഴ ശമിച്ചിരുന്നില്ല. തെരുവിന്റെ വിലാപവും.

Content Summary: Malayalam Short Story ' 16 November 1980 - Madras ' Written by Abdul Basith Kuttimakkal