ADVERTISEMENT

രംഗം – 1

ഒരു വീട്. നാല് കുടുംബാംഗങ്ങൾ. മൂന്ന് പുരുഷന്മാരും, ഒരു സ്ത്രീയും. ഇതിലെ ആ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. സഹായത്തിന് ചില ബന്ധുക്കളെ മാറി മാറി വിളിച്ചപ്പോൾ ചിലർക്ക് വരാൻ നിവൃത്തിയില്ല, സൗകര്യപ്പെടില്ല, മറ്റു ചിലർക്ക് വരാതിരിക്കാനുള്ള അവരുടേതായ ചില ന്യായങ്ങൾ. ആരേയും കാത്ത് നിന്നിട്ട് കാര്യമില്ലെന്നറിഞ്ഞപ്പോൾ പുറപ്പെട്ടു.

രംഗം – 2

ആശുപത്രി. രോഗിയെ പ്രവേശിപ്പിച്ചു. പരിശോധന കഴിഞ്ഞ് പ്രസ്തുത രോഗിയെ മുറിയിലേക്ക് മാറ്റി. മരുന്നും, ഭക്ഷണവും മറ്റും മേടിക്കാനും കുടുംബാംഗങ്ങളുണ്ടെങ്കിലും, സ്ത്രീയായ രോഗിയെ പരിചരിക്കാനും, പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനും മറ്റും ഒരു സ്ത്രീയെ തന്നെ വേണമെന്നതിനാൽ, ഒരിക്കൽ കൂടി പല ബന്ധുക്കളെ വിളിക്കുന്നു. പക്ഷേ, ആർക്കും സൗകര്യമില്ല. നിരാശ തന്നെ ഫലം. പരസഹായത്തിന് ഒരു സ്ത്രീയെ കിട്ടുമോന്നറിയാൻ, അവർ നാട്ടുകാരിയായ ഒരു കല്ല്യാണി ചേച്ചിയെ വിളിച്ചു. അപ്പോൾ അവർ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു "എന്തിനാ വേറാളെ നോക്കണേ? ഞാൻ വരാലോ". അത്യാവശ്യം തുണികളെല്ലാം പെറുക്കി അവർ പ്രസ്തുത രോഗിയെ പരിചരിക്കാനെത്തി. ഹാവൂ! ആശ്വാസം! ഒരു ആശുപത്രി കേസ് വന്നാൽ, എത്ര ആളെ കിട്ടിയാലും മതിയാവാത്ത അവസ്ഥയാണ്. അപ്പോഴാണ് ആപദ്ബാന്ധവയായി ഈ നാട്ടുകാരി ഒന്നും പ്രതീക്ഷിക്കാതെ, രോഗിക്ക് കൂട്ടായി വന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജായി.

രംഗം – 3

ഒരു ബന്ധുവിന്റെ പിറന്നാളാഘോഷം. അതിന്റെ ഭാഗമായി അവർ പലരേം ക്ഷണിക്കുന്നതിനിടെ, പ്രസ്തുത വീട്ടുകാരോട് ഒരു ബന്ധു "അപ്പോ എല്ലാരും വരണം. ഇങ്ങനെള്ള അവസരങ്ങളിലല്ലേ, നമ്മള് ബന്ധുക്കള് ഒത്തുകൂടണ്ടത്? നാട്ടാർടെ മുന്നില് നമുക്കൊരു വില വേണ്ടേ? നമ്മള് ബന്ധുക്കള് ഒറ്റക്കെട്ടാന്ന് ബോധ്യപ്പെടുത്തണ്ടേ?" "അപ്പോ.. കല്ല്യാണി ചേച്ചിയെ വിളിക്കണില്ലേ?" "എന്തിന്? എങ്ങോട്ടും പോവാത്ത ആ പിന്തിരിപ്പിയെ ആർക്ക് വേണം? എന്നാലും വിളിച്ചേക്കാം. ങാ! പിന്നെ.. മെയിൻ ആയി നമ്മള് ബന്ധുക്കൾടെ ആഘോഷാണല്ലോ. ഈ രക്തബന്ധത്തിലുള്ളോർടെ"

അപ്പോൾ ആ രോഗിയായ സ്ത്രീ "ഹും! രക്തബന്ധം. ചാവാൻ കിടന്നപ്പൊ, ഈ പറഞ്ഞ ബന്ധുക്കളാന്നും ഉണ്ടായില്ലല്ലോ? എന്നിട്ടിപ്പൊ ബന്ധം പറഞ്ഞ് വന്നിരിക്ക്യാ. തിന്നാനും, കുടിക്കാനും ആഘോഷിക്കാനും മാത്രം ഒത്തുകൂടണ ചെല ബന്ധുക്കള്. ആളുകൾടെ മുന്നില് കാണിച്ചുകൂട്ടാൻ ഓരോരോ.." ഇത് കേട്ടതും അയാൾ സ്ഥലം വിട്ടു.

രംഗം – 4

ബന്ധു വീട്ടിലെ ആഘോഷം കഴിഞ്ഞു. ഇതിൽ പങ്കെടുക്കാത്ത, പ്രസ്തുത കുടുംബത്തിലെ ഒരു അംഗത്തെ കണ്ട ഒരാൾ ചോദിച്ചു "ഹയ്! എന്താത്? നല്ല പണിയാ കാണിച്ചേ. എല്ലാരും പോകണ്ടേ? ബന്ധുക്കളായാ ഒത്ത് കൂടണ്ടേ? ഇങ്ങനെ മാറി നിന്നാലെങ്ങനെയാ? എന്നാലേ നമ്മള് മനുഷ്യര് സാമൂഹ്യ ജീവിയാവൂ. കല്ല്യാണി ചേച്ചീടെ കൂടെ കൂടി ഇപ്പൊ, നിങ്ങളും അങ്ങനെയായല്ലേ? സമ്പർക്ക ഗുണം". ഇത് കേട്ട ആ കുടുംബാംഗം പറഞ്ഞു "മനുഷ്യത്ത്വല്ല്യാതെ മനുഷ്യ രൂപം മാത്രണ്ടായിട്ടെന്താ കാര്യം? ഈ ആഘോഷം നടത്തിയവരൊന്നും, ആശുപത്രി കേസിന് കൂടെണ്ടാവില്ലല്ലോ? ഇപ്പൊ ഈ തീറ്റേം, കുടീം നടത്തിയ ബന്ധുക്കള് സാമൂഹ്യ ജീവികള്. കഷ്ടകാലത്തിന് കൂടെണ്ടായ കല്ല്യാണി ചേച്ചി പിന്തിരിപ്പിയുമല്ലേ? അടിപൊളി.."

Content Summary: Malayalam Short Story ' Bandhu Puranam ' Written by Aswin M. Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com