ADVERTISEMENT

ശങ്കുണ്ണിപ്പണിക്കര്‍ നാട്ടില്‍ പ്രസിദ്ധനാണ്. അറുപതു വയസ്സിനടുത്ത് പ്രായം. രോമാവൃതമായ മെലിഞ്ഞ ശരീരം. സ്വൽപം നീണ്ട വലിയ ശിരസ്സ്. അതിന്മേല്‍ ഒരു രോമം പോലുമില്ല. ചോക്ലേറ്റ് വര്‍ണ്ണം. നെറ്റിയില്‍ മൂന്നു വിരലാല്‍ കളഭം ചാര്‍ത്തിയിരിക്കും നെടുനീളത്തില്‍. വലതു ചെവിമുതല്‍ ഇടതു ചെവി വരെ കാലകത്തിയിരിക്കുന്ന മൂന്നു 'റ' കള്‍ അട്ടിയിട്ടത് പോലെ. അതിനു നടുവില്‍ നീളത്തില്‍ ഒരു ചുവന്ന  ഗോപി. മാറിലും കൈയ്യിലും മൂന്ന് വരകളുടെ സെറ്റുകളായി കുറി വരച്ചിരിക്കും. കഞ്ഞിയും നീലവും മുക്കിയ ഒറ്റമുണ്ടുടുത്ത് ചുമലില്‍ ഒരു തോര്‍ത്തും ഇട്ട് അമര്‍ത്തിച്ചവിട്ടി കാല്‍ നീട്ടിവച്ചു കൈയ്യും വീശി രാവിലെ അമ്പലത്തില്‍ നിന്ന് ഒരു വരവുണ്ട്. ഒരു തുളസിയിലയും തെച്ചിപ്പൂവും വീട് എത്തുന്നത് വരെ വീണു പോവാതെ ശിരസ്സിനുമുകളില്‍ ബാലന്‍സ് ചെയ്തു വരുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. മെലിഞ്ഞ ശരീരവും, വലിയ തലയും നിറയെ കുറികളും മൂലം ഇദ്ദേഹം അകലെ നിന്ന് വരുന്നത് കണ്ടാല്‍, പളനി ആണ്ടവന്റെ കൈയ്യിലെ വേല്‍ ഇറങ്ങി നടന്നു വരുന്നത് പോലെ തോന്നുമത്രേ. 

രണ്ടു ആണ്മക്കള്‍ മുംബൈയില്‍ ആണ്. ഭാര്യ മരിച്ച ശേഷം പണിക്കര്‍ ഒറ്റത്തടിയായി കഴിയുന്നു. ഓടിട്ടൊരു ചെറിയ വീട് അറുപതു സെന്റോളം വരുന്ന പറമ്പിനു നടുവില്‍ സ്ഥിതി ചെയ്യുന്നു. മുന്‍ഭാഗം വീതി കുറഞ്ഞ് നീളത്തില്‍ ഒരു പൂമുഖം. മേല്‍ക്കൂരയെ താങ്ങാനായി പൂമുഖത്ത് നാല് തടിച്ചുരുണ്ട തൂണുകള്‍. റോഡില്‍ നിന്ന് മുറ്റം വരെ ഒരു നേര്‍രേഖയായി വീതി കൂടിയ നടവഴി. മതിലോ ഗെയ്റ്റോ ഒന്നുമില്ല. വഴിക്ക് നേരെ, നടുവിലെ രണ്ടു തൂണുകള്‍ക്ക് മധ്യത്തിലായി കാണപ്പെടും വിധം പൂമുഖത്തേക്ക് തുറക്കുന്ന വാതില്‍. വാതില്‍ തുറന്നിട്ടിരിക്കും. വാതില്‍ കടന്നാല്‍ നേരെ തളത്തിലേക്ക് കയറാം. തളത്തിനു നടുവില്‍ എപ്പോഴും ഒരു നിലവിളക്ക് കത്തുന്നുണ്ടായിരിക്കും. അതിനു മുന്നില്‍ രാശികളെ തടവിലാക്കിയ പലക. കുറച്ചു കവടികള്‍ പലകയില്‍ ഇരിക്കും. ബാക്കിയുള്ളവ ഒരു സഞ്ചിയില്‍ വച്ചിരിക്കുന്നു. പലകയ്ക്ക് അപ്പുറം പണിക്കര്‍ ചമ്രം പടിഞ്ഞിരിക്കും. അമ്പലത്തില്‍ നിന്ന് വന്നാല്‍ അവിടെയിരുന്നു ചില്ലറ പ്രാർഥനയൊക്കെ ഉണ്ട്. നിലവിളക്കിന്റെ വെളിച്ചത്തില്‍ സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന ഭാഗവതം വായിക്കുന്ന പണിക്കരെ നമുക്ക് കാണാവുന്നതാണ്. റോഡില്‍ നിന്ന് നോക്കിയാല്‍ ചന്ദനം ചാര്‍ത്തിയ ശിവലിംഗം പോലെ ഇദ്ദേഹം കാണപ്പെടുമത്രേ. ഇരുണ്ടമുറിയില്‍ നിലവിളക്കിന്റെ പ്രകാശത്തില്‍ പണിക്കരുടെ ഇരുണ്ട നിറവും, ശിരസ്സിന്റെ ആകൃതിയും മിനുമിനുപ്പും, അതിനു മുകളില്‍ കുറികളുടെ തിളക്കവും ആണ് പണി പറ്റിക്കുന്നത്. രൂപവും ചില്ലറ കൈയ്യിലിരുപ്പുകളും മൂലം നാട്ടുകാര്‍ രഹസ്യമായി ഇദ്ദേഹത്തെ കരിങ്കുട്ടിപ്പണിക്കര്‍ എന്നും വിളിക്കാറുണ്ടത്രേ.

Read also: വഴിതെറ്റി എത്തിയത് കാട്ടിനകത്തെ പഴയ തറവാട്ടിൽ; ഇരുളിൽ തിളങ്ങുന്ന കണ്ണുകൾ, ദുരൂഹതകൾ. 

നാട്ടിലെ മുതലാളിക്കൊരു പെണ്‍കുഞ്ഞ് ജനിച്ചതോടെയാണ് പണിക്കരുടെ പ്രശസ്തി റോക്കറ്റ്‌ പോലെ ഉയര്‍ന്നത്. മുതലാളിക്കും, അനിയനും രണ്ടു വീതം ആണ്‍കുട്ടികള്‍ ആയിരുന്നു. ഭാര്യ മൂന്നാമതും ഗര്‍ഭം ധരിച്ചതോടെ മുതലാളി പണിക്കരുടെ അടുത്തെത്തി. ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്നറിയണം. ശങ്കുണ്ണിപ്പണിക്കര്‍ കവടി നിരത്തി. പുള്ളി ആലോചിക്കയായിരുന്നു. മുതലാളിയുടെ തറവാട്ടില്‍ മുഴുവന്‍ ആണ്‍കുട്ടികള്‍ ആണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും, രണ്ടു സഹോദരിമാര്‍ക്കും ആണ്‍കുട്ടികള്‍ ആണ്. കവടി നിരത്തി ഭാഗിച്ചു മന്ത്രം ചൊല്ലി പണിക്കര്‍ പ്രവചിച്ചു. "ചാല്‍ ചത്താലും ആണ്‍കുട്ടി തന്നെ.."  (അതിനര്‍ഥം എന്ത് ചെയ്താലും ആണ്‍കുട്ടിയെ ജനിക്കൂ എന്നതാണ്.) മുതലാളി വാടി. പണിക്കര്‍ക്കും തോന്നി അത്രയ്ക്കങ്ങട് ഉറപ്പിച്ചു വേണ്ടായിരുന്നു. ജനിക്കുന്നത് പെണ്ണായാല്‍ നാണക്കേടാവും. പണിക്കര്‍ ഒന്ന് കൂടി ഗണിച്ചു. തുടര്‍ന്നു പ്രവചിച്ചു "വല്യേ പ്രതീക്ഷയൊന്നും ഇല്ല. എന്നാലും ചില പ്രതിവിധികള്‍ നമുക്ക് നോക്കാം. നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തണം. ആലത്തിയൂര്‍ ഹനുമാന് അവില്‍ നിവേദ്യം കഴിക്കണം. ഗരുഡന്‍ കാവില്‍ കനത്തില്‍ വഴിപാടുകള്‍ ചെയ്യുക. നാഗങ്ങളെ പിണക്കരുത് മണ്ണാറശ്ശാല പോയി തൊഴുത്‌ വഴിപാടുകള്‍ ചെയ്യുക. ദേവപ്രീതിക്കായി ചില പൂജകള്‍ ചെയ്യണം. അതിവിടെ ചെയ്യാം."

എട്ടുമാസത്തിലധികം പൂജ ചെയ്യാനുള്ള അഡ്വാന്‍സും നല്‍കി മുതലാളി തീര്‍ഥയാത്രകള്‍ക്കായി പുറപ്പെട്ടു. എല്ലായിടത്തും പോയി വഴിപാടുകളും മറ്റും കഴിച്ചു മുതലാളി തിരിച്ചെത്തി. ഇടയ്ക്കിടയ്ക്ക് പണിക്കരെ വന്നു കാണും. മുതലാളി പടിക്കല്‍ എത്തിയാല്‍ അകത്തു എന്തെങ്കിലുമൊക്കെ പുകച്ച് പണിക്കര്‍ പുക നിറയ്ക്കും. കടുത്ത പൂജകള്‍ നടക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്ന മുതലാളി ആശ്വാസത്തിലാവും. പതിയെ പുറത്തു വന്നു തിണ്ണയില്‍ ഇരുന്നു മുതലാളിയെ സ്വീകരിക്കും. ഗ്രഹങ്ങള്‍ തീര്‍ക്കുന്ന പ്രതിരോധത്തെ കുറിച്ച് വാചാലനാവും. മുതലാളി ടെന്‍ഷന്‍ അടിക്കും. ഭയപ്പെടേണ്ട, കഴിവിന്റെ പരമാവധി താന്‍ ശ്രമിക്കുന്നുണ്ട് എന്ന് ഒരു ഉറപ്പും മുതലാളിക്ക് കൊടുത്തു അദ്ദേഹത്തെ യാത്രയാക്കും. യഥാസമയം മുതലാളിയുടെ ഭാര്യ പ്രസവിച്ചു. പണിക്കര്‍ക്ക് നല്ല കാലം ആയതിനാല്‍ അതൊരു പെണ്‍കുട്ടിയായി. മുതലാളി പണിക്കരെ വേണ്ടവിധം കണ്ടു. അതിനേക്കാള്‍ കൂടുതല്‍ ഒരു സഞ്ചരിക്കുന്ന സിനിമാപരസ്യ വണ്ടി പോലെ പോകുന്നിടത്തെല്ലാം പണിക്കരെ പൊക്കിപ്പറഞ്ഞു പരസ്യം കൊടുത്തു. പറയുന്നത് മുതലാളി ആയതിനാല്‍ നാട്ടുകാര്‍ക്കൊക്കെ വിശ്വാസവുമായി. വന്നു വന്നു അസുഖം വന്നാല്‍ ഡോക്ടറെ കാണുന്നതിനു വരെ സമയം കുറിക്കാന്‍ പണിക്കരെ കാണാന്‍ നാട്ടുകാരും, അയല്‍ നാട്ടുകാരും എത്തിത്തുടങ്ങി. പണിക്കര്‍ പച്ച പിടിച്ചു. ഗള്‍ഫില്‍ നിന്ന് വരുന്ന വിശ്വാസികള്‍ പണിക്കര്‍ക്ക് ഒരു കുപ്പി  കരുതാന്‍ തുടങ്ങി. പകലടി പണിക്കര്‍ക്ക് പതിവില്ല.  ഇരുട്ടത്താണ് വീരഭദ്ര സേവ. വെള്ളത്തിനൊപ്പം എന്ത് കിട്ടിയാലും തിന്നും. എന്ത് തിന്നാലും ദഹിക്കും. അങ്ങനെ ഒരു ടൈപ്പ് ആണ് പണിക്കര്‍.

Read also: ചാറ്റിങ് പ്രണയമായി, വീട്ടുകാരെ കൂട്ടി പെണ്ണ് കാണാൻ വന്നപ്പോഴാണ് ആ സത്യം അറിഞ്ഞത്; ഒരു 'ആക്സിഡന്റ'ൽ പ്രണയം.

അങ്ങനെയിരിക്കെ ഒരു പ്രവാസി വരുന്ന വഴി പണിക്കര്‍ക്കൊരു ബോട്ടില്‍ ജാക്ക് ഡാനിയേല്‍സ് സിംഗിള്‍ ബാരല്‍ കൊടുത്തു. ആദ്യായിട്ടാണ്‌ ആ ഉശിരന്‍ സാധനം കിട്ടുന്നത്. അത് ഷോകേസില്‍ വച്ച് അതിലേക്ക് നോക്കി ബെവ്കോ വക മാന്‍ഷന്‍ ഹൗസും, ഹണീബീയും ഒക്കെ കുടിക്കാന്‍ തുടങ്ങി. കുറെ നാള്‍ ഈ നിലയ്ക്ക് പോയ പണിക്കര്‍ക്ക് ബോറടിച്ചു. അന്ന് വൈകിട്ട് ജാക്കിനെ തട്ടണം എന്ന് ഉറപ്പിച്ചു. അതിലേക്കായി ആടിന്റെ കരള്‍ വാങ്ങി ചെറിയ കഷ്ണങ്ങളാക്കി മറ്റു മസാലകളും കുരുമുളകും ചേര്‍ത്തു കുഴച്ചു പാകമാക്കി ഒരു മണിക്കൂര്‍ വച്ചു. ശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചെറുചൂടില്‍ നന്നായി വറുത്തു കോരി. കൂട്ടത്തില്‍ കറിവേപ്പിലയും, സവാള അരിഞ്ഞതും വറുത്തു കോരി സംഭവത്തെ അലങ്കരിച്ചു. വലിയ പരന്ന വെളുത്ത ഒരു പ്ലേറ്റില്‍ കലാരൂപത്തെ നിരത്തിയപ്പോള്‍ പണിക്കര്‍ക്ക് വായില്‍ വെള്ളമൂറി. സ്വയം ശിക്ഷപോലെ നിർദാക്ഷിണ്യം പ്ലേറ്റ് മൂടി വച്ചു. "മോന്ത്യാവട്ടെ അത് വരെ അവിടെ ഇരി" എന്ന് പിറുപിറുത്തു പുറത്തേക്കിറങ്ങി. അരിവാള്‍ തോട്ടി എടുത്ത് ഉയരം കുറഞ്ഞ തെങ്ങില്‍ നിന്ന് മൂന്നു ഇളനീരും വലിച്ചിട്ടു ചെത്തി ശരിയാക്കി വച്ചു. അന്ന് സൂര്യന്‍ പതിവിലും പതുക്കെ സഞ്ചരിക്കുന്നതായി പണിക്കര്‍ക്ക് തോന്നി. 

ഏഴുമണി കഴിഞ്ഞതോടെ ഇരുട്ട് പരന്നിരുന്നു. പ്രാര്‍ഥനയും മറ്റും കഴിഞ്ഞ ശേഷം സാമഗ്രികള്‍ എടുത്ത് പുറത്തു വന്നു. ഇളനീര്‍ മൂന്നും ചെത്തി ഒരു കിണ്ടിയില്‍ ഒഴിച്ച് വച്ചിരുന്നു. ഒരു ഗ്ലാസും, കരള്‍ വറുത്തത് ഉള്ള പ്ലേറ്റും, കിണ്ടിയും പൂമുഖത്തൊരു മൂലയ്ക്ക് കിടക്കുന്ന മേശക്കടിയില്‍ വച്ച പണിക്കര്‍ അകത്തു കയറി ഡാനിയേല്‍സിനെ എടുത്തു കൊണ്ട് വന്നു പുറത്തു കടന്നു വാതില്‍ ചാരി. മേശയ്ക്കടുത്തുവന്നു നിലത്ത് വിരിച്ച പുല്‍പ്പായില്‍ ഇരുന്നു. പൂമുഖത്ത് ലൈറ്റ് ഇല്ലായിരുന്നു. പിശുക്കനായ പണിക്കര്‍ ഓട്ടിന്‍പുറത്തു ഫിറ്റ് ചെയ്തിട്ടുള്ള മൈനസ് മൂന്ന് വാട്ടിന്റെ സി എഫ് എല്‍ ബള്‍ബില്‍ നിന്നുള്ള പ്രകാശം മുറ്റത്തു ചെറുതായി പരന്നിരുന്നു. പക്ഷെ നിലാവിനായിരുന്നു വോള്‍ട്ടേജ് കൂടുതല്‍. റോഡില്‍ നിന്ന് നോക്കുന്നവര്‍ക്ക് പണിക്കര്‍ ഉറങ്ങി എന്ന് തോന്നുന്ന രീതിയില്‍ ആയിരുന്നു സെറ്റപ്പ്. മൂലയ്ക്കുള്ള ആ ഇരുപ്പില്‍ പണിക്കര്‍ക്ക് റോഡ്‌ വരെ കാണാം. എന്നാല്‍ പണിക്കരെ ആരും കാണുകയുമില്ല. ട്രെഞ്ചില്‍ ഇരിക്കുന്ന പട്ടാളക്കാരനെ പോലെ തോന്നി പണിക്കര്‍ക്ക്. ഡാനിയേല്‍സ് ഒരു ബോഫേഴ്സ് തോക്കായും. അവനില്‍ നിന്നുതിരാന്‍ പോകുന്ന മയക്കുവെടികളെ കുറിച്ച് ചിന്തിച്ച് കുപ്പി തിരിച്ചു പിടിച്ചു കൈമുട്ട് കൊണ്ട് കുപ്പിക്കടിയില്‍ ഒരു തട്ട് തട്ടി. ശേഷം കുപ്പി നേരെ പിടിച്ചു അപ്രദക്ഷിണദിശയില്‍ ഒരു തിരി. ഗ്ലാസ്‌ എടുത്തു നിലാവിനെ സാക്ഷി നിര്‍ത്തി മൂന്ന് വിരല്‍ ഉയരത്തില്‍ ഡാനിയേല്‍ അവര്‍കളെ പാര്‍ന്നു. കിണ്ടിയെടുത്തു മുക്കാല്‍ ഗ്ലാസ് ആവുന്നത് വരെ ഇളനീര്‍ ഒഴിച്ചു.  ഒരൊറ്റ വലിയില്‍ അരഗ്ലാസ് അകത്താക്കി. ഫുട്ട് വാല്‍വില്‍ എയര്‍ കുടുങ്ങിയ പമ്പ് ഉണ്ടാക്കുന്നത്‌ പോലുള്ള ഒരു ശബ്ദം പണിക്കരില്‍ നിന്നുയര്‍ന്നു. ഒരു എഞ്ചിന്റെ പിസ്റ്റണ്‍ പോലെ പണിക്കരുടെ കൈ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ലിവര്‍ ഫ്രൈ കഷണങ്ങള്‍ പണിക്കരുടെ ഉദരത്തിലേക്കുള്ള ഘോഷയാത്ര തുടങ്ങി. ചം ചം ഗ്ലും ചം ചം ചം ചം ഗ്ലും. ഒരു മണിക്കൂറോളം ഒരേ താളം ആയിരുന്നു.

തെങ്ങിലിരുന്ന മൂങ്ങ ഒന്ന് ചാഞ്ഞു നോക്കിയ ശേഷം മൂളി "ഉം... ഊം". കുപ്പി മുക്കാലായിരുന്നു. അകലെയൊരു കാലന്‍ കോഴി കൂവി "ഗുളു ഗുളു ഗുള്വാ.." ആ ശബ്ദത്തില്‍ പണിക്കര്‍ ഞെട്ടി. ആടിയാടി അകത്തു പോയി നിലവിളക്ക് തിരി നീട്ടി വച്ചു. കാലന്‍ കോഴി എന്തിനു കൂവി. പണിക്കര്‍ ജീവിതത്തില്‍ ആദ്യമായി സ്വന്തം ഫലം ഗണിക്കാന്‍ തുടങ്ങി. ഡാനിയേല്‍സിന്റെ സഹായത്താല്‍ സംഗതി എളുപ്പമായിരുന്നു. ആരൂഡം (ലഗ്നാധിപന്‍ എത്രാംഭാവത്തില്‍ നില്‍ക്കുന്നുവോ അവിടെനിന്ന് അത്രയും എണ്ണിയാല്‍ വരുന്ന രാശി) തെളിഞ്ഞ് ഫലമറിഞ്ഞ പണിക്കര്‍ ആരൂഡം (പുരയുടെ മോന്തായത്തിനു താഴെയുള്ള ഉത്തരം) നോക്കിയിരുന്നു പോയി. തനിക്കിപ്പം കണ്ടകശ്ശനിയാണ്. ഒരു നിവൃത്തിയുമില്ലാത്ത ചുറ്റുപാട്. സമയം അടുത്തിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ആ കാലന്‍ കോഴി തനിക്കു വേണ്ടി മാത്രമായി കൂവേണ്ട കാര്യമില്ല. പണിക്കര്‍ക്ക് മരിക്കാന്‍ മടിയൊന്നും തോന്നിയില്ല. ജീവിതം നന്നായി ജീവിച്ചു തീര്‍ത്ത കൂട്ടത്തിലാണ് താന്‍. സമയമായെങ്കില്‍ പോവുക തന്നെ. ഒരു കടലാസ്സ്‌ എടുത്ത് അതില്‍ വൃത്തിയുള്ള കൈപ്പടയാല്‍ എഴുതി. "മക്കളെ, ഞാന്‍ മരിച്ചാല്‍ എന്നെ ചെറുതുരുത്തിയില്‍ കൊണ്ട് പോയി ദഹിപ്പിക്കുക. അച്ഛന് വേറെ ആഗ്രഹങ്ങള്‍ ഒന്നുമില്ല. നിങ്ങള്‍ക്ക് നല്ലതു വരട്ടെ." മക്കള്‍ മുംബൈയില്‍ ഹൈടെക് ജോലികളില്‍ ആണ്. പക്ഷെ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ നാട്ടുകാരെ കടത്തി വെട്ടുന്ന ടൈപ്പുകള്‍ ആണ്. ഒരു ആവേശത്തില്‍ തന്നെ സ്പുടം ചെയ്തു പറമ്പില്‍ ഒരു തറ കെട്ടിയാല്‍ പിന്നെ പറമ്പ് വിറ്റുപോവാന്‍ ബുദ്ധിമുട്ടാവും. വിലയും കുറയും. അതൊഴിവാക്കാനാണ് കുശാഗ്രബുദ്ധിയായ പണിക്കര്‍ ഇങ്ങനെ ഒരു എഴുത്തെഴുതിയത്. കിട്ടുന്നത് മക്കള്‍ക്ക് കിട്ടട്ടെ. മരപ്പെട്ടി തുറന്നു അലക്കി മടക്കി വച്ച ഒരു വെള്ളമുണ്ട് പുറത്തെടുത്തു. നിലവിളക്കിനടുത്തു എഴുത്ത് നിവര്‍ത്തി വച്ച് അതിനു മുകളില്‍ ഒരു വലിയ കവടി വച്ചു. പുറത്തു കടന്ന് കുപ്പി അങ്ങനെ തന്നെ കിണ്ടിയിലേക്ക് കമഴ്ത്തി. ഫ്രൈ മുഴുവന്‍ തീര്‍ന്നതോടെ കിണ്ടി വായിലേക്ക് കമഴ്ത്തി ബാക്കിയുള്ളത് മുഴുവന്‍ കുടിച്ചു തീര്‍ത്തു. കുപ്പിയെടുത്തു പറമ്പിലേക്കെറിഞ്ഞു. പ്ലേറ്റും കിണ്ടിയും കമഴ്ത്തി വച്ച് അകത്തു കയറി. വാതില്‍ ചാരിയിട്ടു. നിലവിളക്കിനു മുന്നില്‍ തെക്കോട്ട്‌ തലവച്ചു കിടന്ന പണിക്കര്‍ വെള്ളമുണ്ട് കൊണ്ട് സ്വയം മൂടി.

പിറ്റേന്ന് പത്തുമണി ആയിട്ടും പണിക്കരെ പുറത്തു കാണാത്തതിനാല്‍ ആരോ വന്നു നോക്കി. വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനാല്‍ ചാരിയിട്ട വാതില്‍ തള്ളിത്തുറന്നു അകത്തു കയറി. നീണ്ടു നിവർന്നു കിടക്കുന്ന പണിക്കരെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. വിളക്കിനടുത്തു കണ്ട എഴുത്ത് വായിച്ച അയല്‍വാസി ഞെട്ടി. പണിക്കരുടെ ശരീരം തറയില്‍ കിടന്നു തണുത്തു മരവിച്ചിരുന്നു. പിന്നെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. നെഞ്ചത്തടിക്കാനും നിലവിളിക്കാനും ആരുമില്ലായിരുന്നു. മുതലാളി മാത്രം പറഞ്ഞു "സ്വന്തം മരണം വരെ അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നു. ജോല്‍സ്യത്തിന്റെ മറുകര കണ്ട ദേഹം". മൂന്നു മണിയോടെ മക്കള്‍ നാട്ടിലെത്തി. അവര്‍ വസ്ത്രം മാറി മുണ്ടുടുത്ത് വന്ന ശേഷം നമസ്കരിച്ചു. അന്നേരം കാര്‍മ്മികനെ കാത്തിരുന്നു ക്ഷമകെട്ട ആരോ പുറത്തു നിന്ന് വിളിച്ചു ചോദിച്ചു. "ആ ദാമോദരന്റെ നമ്പര്‍ ആരുടെയെങ്കിലും കൈയ്യിലുണ്ടോ?" നോക്ക്ഔട്ട്‌ ആയി കിടന്നിരുന്ന പണിക്കര്‍ അത് കേട്ടു. വെള്ളത്തുണിക്കടിയില്‍ നിന്നും പതിഞ്ഞൊരു ശബ്ദമുയര്‍ന്നു. "ഞാന്‍ ജീവിച്ചിരുന്ന കാലത്ത് നമ്പർ ഡയറിയിൽ എഴുതിയിട്ടിരുന്നു."

Content Summary: Malayalam Short Story ' Aaroodam ' Written by Suresh V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com