എസി വാങ്ങാം, പക്ഷേ ചില നിബന്ധനകൾ പാലിക്കണമെന്ന് അച്ഛന്റെ ഓർഡർ; ഒടുവിൽ കറണ്ട് ബില്ല് വന്നപ്പോള്‍ കണ്ണ് തള്ളി

HIGHLIGHTS
  • തണുത്ത മുറിയിലെ ചൂട് (കഥ)
1487467176
Representative image. Photo Credit: coldsnowstorm/istockphoto.com
SHARE

വേനലിന്റെ കടുത്ത ചൂടിൽ നിന്നും രക്ഷ നേടാനായി സേതുവും കുടുംബവും വീട്ടിലെ രണ്ട് ബെഡ്റൂമുകൾ ഒന്ന് തണുപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു ബുധനാഴ്ച വൈകുന്നേരം സേതുവും കുടുംബവും നഗരത്തിലെ ഒരു ഹോം അപ്ലയൻസ് കടയിലേക്ക് ലക്ഷ്യം വച്ചു. സേതുവിന്റെ രണ്ട് ആണ്മക്കൾ കിടക്കുന്ന മുറിയിലും സേതുവും ഭാര്യ മിനിയും കിടക്കുന്ന മുറിയിലും ഓരോ എയർ കണ്ടീഷണർ ഘടിപ്പിച്ചു. അവയുടെ ഫാൻ കറങ്ങുന്ന ശബ്ദം ചില ദിവസങ്ങൾ രാത്രി സേതുവിനെ നേരിയ തോതിൽ ഭയപ്പെടുത്തിയെങ്കിലും അതുമായി പരിചിതമായപ്പോൾ ആ ഭയം അലിഞ്ഞ് ഇല്ലാതായി. പണം ചിലവഴിക്കുന്ന കാര്യത്തിൽ സേതു ഒരു പിശുക്കനാണ്. ആ പിശുക്ക് എയർ കണ്ടീഷണറിന്റെ കാര്യത്തിലും ഉണ്ടായിരുന്നു. മാസതവണകളായി പണം അടയ്ക്കാവുന്ന ഉടമ്പടിയിൽ വാങ്ങിയ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നതിനും സേതു ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ആവശ്യം കഴിഞ്ഞാൽ എസി ഓഫ് ചെയ്യണം, അൽപ നേരം തണുപ്പിച്ചിട്ട് പിന്നെ ഫാൻ ഇട്ടാൽ മതി, അനാവശ്യമായി എസി ഓൺ ആക്കരുത്, ഒന്നുകിൽ ഫാൻ അല്ലെങ്കിൽ എസി; രണ്ടും കൂടി ഒരുമിച്ച് ഇടരുത് തുടങ്ങിയ കർക്കശമായ ഉത്തരവുകൾ സേതു തന്റെ മക്കളോടും ഭാര്യയോടും പുറപ്പെടുവിച്ചു. 

സേതുവിന്റെ മൂത്ത മകൻ കാർത്തിക്കിന് സേതുവിനെ പേടിയാണ്. സേതു എന്ത് പറഞ്ഞാലും അതിനപ്പുറം വിട്ട് ഒന്നും കാർത്തിക്ക് പ്രവർത്തിക്കില്ല. പക്ഷേ ഇളയ മകൻ അഭിജിത്ത് നേരെ തിരിച്ചാണ്. സേതുവിനെ അൽപം ഭയമൊക്കെ ഉണ്ടെങ്കിലും സേതു ഒരു കാര്യം പറഞ്ഞാൽ അതിന് എതിരെ പ്രവർത്തിക്കുന്നവനാണ് അഭിജിത്ത്. രാവിലെ 8 മണിക്ക് സേതു ജോലിക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയാൽ പിന്നെ അഭിജിത്തിന് ഉത്സവമാണ്. അടുത്ത മാസത്തെ കറന്റ് ബില്ല് എത്രയായിരിക്കും എന്ന ചിന്ത എസി വാങ്ങിയ ശേഷം സേതുവിനെ അലട്ടിക്കൊണ്ടിരുന്നു. എസി മേടിച്ചത് ഒരു അനാവശ്യ ചെലവായോ എന്ന ചിന്ത പോലും സേതുവിന്റെ മനസ്സിൽ കടന്നു കയറി. പതിവ് പോലെ സേതു രാവിലെ 8 മണിക്ക് ജോലിക്ക് ഇറങ്ങി. വെക്കേഷൻ ക്ലാസിന് പോകാനായി അഭിജിത്ത് തന്റെ വസ്ത്രങ്ങൾ തേച്ച് തന്റെ മുറിയിലെ കിടക്കയിൽ അവയെല്ലാം നിവർത്തി വിരിച്ച് അവയെ തണുപ്പിക്കാനായി എസി ഓൺ ചെയ്തു. ശേഷം കുളി കഴിഞ്ഞ് പ്രാതൽ കഴിച്ച ശേഷം വസ്ത്രം മാറാനായി മുറിയിലേക്ക് കയറി വാതിലടച്ചു. മുറിയിൽ ഇപ്പോൾ നല്ല തണുപ്പ്. അര മണിക്കൂറായി എസി പ്രവർത്തിക്കുന്നു. വസ്ത്രം മാറിയ ശേഷം എസി ഓഫ് ചെയ്ത് അഭിജിത്ത് ക്ലാസിലേക്ക് പോയി. ഞായറാഴ്ച്ച ഒഴികെ ബാക്കിയുള്ള ദിവസങ്ങളിൽ അഭിജിത്തിന്റെ ഈ പ്രക്രിയ ആവർത്തിച്ചു. ഇതെല്ലാം കാർത്തിക്ക് നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും അനിയനെ ഉപദേശിക്കാനൊന്നും കാർത്തിക്കിന് താൽപര്യമുണ്ടായിരുന്നില്ല. രാത്രി കിടക്കാൻ നേരം ഒരു മണിക്കൂർ എസിയുടെ തണുപ്പ് കൊള്ളും എന്നല്ലാതെ സേതുവും മിനിയും എസി ഉപയോഗിക്കാറില്ല. കാർത്തിക്കിന് എസിയിൽ കിടന്നാൽ ജലദോഷം വരാൻ സാധ്യതയുള്ളതിനാൽ എസി ഉപയോഗം കാർത്തിക്കിന് വളരെ അപൂർവമായി മാത്രമേ ഉള്ളൂ. 

Read also: ബുക്ക് ചെയ്ത കോട്ടേജ് കണ്ട് എല്ലാവരും അന്തംവിട്ടു, ഭാര്യ കലിപ്പിൽ, ചിരിച്ച് മറിഞ്ഞ് കൂട്ടുകാരൻ; പ്രശ്നങ്ങളുടെ പെരുമഴ

ദിവസങ്ങൾ കടന്നു പോയി. കറന്റ് ബില്ല് വന്നു. എസി വെക്കുന്നതിന് മുൻപ് 1100 രൂപയായിരുന്നു ബില്ല്. ആ തുകയിൽ വന്ന വ്യത്യാസം കണ്ട് മിനി ഒന്ന് ഞെട്ടി. ഇത് കണ്ടാലുള്ള സേതുവിന്റെ പ്രതികരണം ആലോചിച്ച് മിനി അസ്വസ്ഥയായി. ജോലി കഴിഞ്ഞു വന്ന സേതുവിന്റെ കൈയ്യിൽ മിനി കറന്റ് ബില്ല് കൊടുത്തു. ബിൽ തുക കൂടുമെന്ന് ഉറപ്പായിരുന്നെങ്കിലും സേതു കണക്കുകൂട്ടിയിരുന്ന ഒരു ഏകദേശ തുക സേതുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ആ തുക ഇപ്പോൾ വന്ന ബില്ലിലെ തുകയേക്കാൾ ഒത്തിരി താഴെയായിരുന്നു. 1100 രൂപ കറന്റ് ബിൽ വന്നുകൊണ്ടിരുന്ന സേതുവിന്റെ വീട്ടിലെ ഈ മാസത്തെ കറന്റ് ബിൽ 3100 രൂപ. ആ 2000 രൂപയുടെ വ്യത്യാസം കണ്ടപ്പോൾ സേതുവിന്റെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വന്നത് തന്റെ രണ്ടാമത്തെ മകന്റെ മുഖമാണ്. സേതുവിന്റെ നാവിൽ നിന്നും പുറത്തു വന്ന മധുര മനോഹര സ്വരങ്ങൾ കേട്ടുകൊണ്ട് ഒരു കൂസലുമില്ലാതെ അഭിജിത്ത് വടി പോലെ നിന്നു. 6 മിനിറ്റ് നേരത്തെ തേനൂറുന്ന സംഭാഷണ ശകലങ്ങൾ ഉരുവിട്ട ശേഷം പറമ്പിലേക്ക് പോകാനായി സേതു അടുക്കള ഭാഗത്തുകൂടെ നടന്നു. അടുക്കളയിൽ എത്തിയപ്പോൾ തന്റെയത്ര ഉയരത്തിൽ നെഞ്ചും വിരിച്ച് നിൽക്കുന്ന ഫ്രിഡ്ജിനെ കണ്ട് സേതുവിന് കലി കയറി. ഓൺ ആയിക്കിടന്നിരുന്ന ഫ്രിഡ്ജിന്റെ സ്വിച്ച് ദേഷ്യത്തോടെ ഓഫ് ആക്കിയ ശേഷം സേതു അടുത്ത മാസത്തെ കറന്റ് ബിൽ തുകയെക്കുറിച്ച് ആലോചിച്ച് പറമ്പിലേക്ക് നടന്നു.

Content Summary: Malayalam Short Story ' Thanutha Muriyile Choodu ' Written by Rahul Shaji

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS