ഉടൽക്കൂന – സലോമി ജോൺ വൽസൻ എഴുതിയ കവിത

malayalam-story-ezhuthitheeratha-jeevitham
Photo Credit: GNT STUDIO/Shutterstock.com
SHARE

ഏതോ ഉടമ്പടിക്കായ്

ഉടയോൻ തന്നൊരുടൽ

ഉഷ്ണംപേറി ഒടുവിൽ

തണുത്തുറഞ്ഞു

ജീവനറ്റ് ആശയറ്റ്

പാതാളത്തിൽ

മൂടപ്പെട്ടു മണ്ണടിയുവോളം

ചുമന്നു നീങ്ങുന്നു

വിഫലം, വൃഥാ നാം.
 

ആത്മാവിനെ തോളേറ്റി 

ചുമക്കുവാൻ വിധിക്കപ്പെട്ടു 

ഉലഞ്ഞു നീങ്ങവേ

കാലം കയ്യൊപ്പാൽ

സ്പുടം ചെയ്തു

വിധിക്കപ്പെട്ട ഭ്രമണപഥങ്ങളിലേക്ക്

വലിച്ചിഴയ്ക്കുന്നു!
 

ആരൊക്കെയോ സ്നേഹിച്ചു 

വെറുപ്പിന്റെ വെടിമരുന്ന് നിറച്ച്

വിലാപത്തിന്റെ വിസ്ഫോട- 

നങ്ങളാൽ തിലോദകം ഒരുക്കി

ഉടൽക്കൂടിനെ അലങ്കരിക്കുന്നു...
 

ഉടലിനു പറയാനേറെയുണ്ട്...

പിഞ്ഞി പഴകും മുൻപേ

ഒഴിമുറി വെച്ച് പിൻവാങ്ങി

ജന്മകാണ്ഠ വഴിയിൽ

വിഭ്രാന്തിയുടെ വേഗങ്ങളിൽ

കാലിടറി കുഴഞ്ഞു

വീഴും മുൻപേ...!!!
 

ഉണ്ടുറങ്ങി ഉണർന്നു

ജീവൻ ചുമന്നൊടുങ്ങുവോളം 

ജീവിതമെന്ന തട്ടകത്തിൽ

സന്ധി ചെയ്ത് 

ഉടൽ കളിയാട്ടം തുടരുന്നു.....
 

എന്റേതെന്ന ഊറ്റത്തിൽ

സ്വയം അഭിരമിച്ചു

അഹങ്കരിച്ചു

ഉടൽ നിറഞ്ഞാടുകയാണ്...

കല്പിത കോശങ്ങളുടെ

സമരസപ്പെട്ട സംത്രാസങ്ങളുടെ 

ഒടുക്കം, സ്വയംകൃതമല്ലാത്ത 

ഉടൽ  പിറുപിറുക്കുന്നു

നീ ഒരു കടംകഥയാണ്

പൊരുളഴിയാത്ത കടംകഥ....! 
 

കരളിന്റെ കനൽ നേരങ്ങളിൽ

ഉടലുരുകിയൊഴുകി....

ഉടൽക്കാവിൽ ആത്മാവിന്

നെയ്‌ത്തിരി നേരുന്നു..., 

ഉടയാടകളിൽ ഉടൽ

ഉന്മാദം പൂണ്ട് ആടിയാറാടി 

ബലിപിണ്ഡമാകുവോളം!!
 

ഉടൽച്ചോരയിൽ ജീവന്റെ

തൂലിക മുക്കി ഉടലുരുകിയുരുകി 

ജീവിതമെഴുതും...

മറ്റു ചിലപ്പോൾ

ഉടൽ ഉടവാളായ്

അപരർ അണിയൊരുക്കുന്ന 

ഉള്ളുരുക്കങ്ങൾക്ക് 

പ്രതിരോധമൊരുക്കി നമ്മെ താങ്ങുന്നു...
 

ഒടുക്കം 

വ്യകാരണമൊരുക്കി 

പര്യായമെഴുതി, 

വിപരീതവൃത്തമെഴുതി

തകർച്ചയുടെ

വിനാഴികകൾ കാത്തു നിൽക്കെ 

ഉടൽ മൗനമാകും

ഉദകക്രിയ പുൽകുവോളം, 

ഉടൽക്കൂന മണ്ണോടു

മണ്ണായ് അലിയുവോളം ...!
 

Content Summary: Malayalam Poem ' Udalkkoona ' Written by Salomi John Valsan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS