ഡ്രൈവിങ് ലൈസൻസ് – ഗ്രീഷ്മ മഠത്തിൽ എഴുതിയ കഥ
Mail This Article
അന്നൊരു ഞായറാഴ്ച ഉച്ച കഴിഞ്ഞു ഒരു മൂന്നു മൂന്നര സമയത്ത് വെറുതെ ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് കാറും എടുത്തു ഒരു റൗണ്ടടിച്ചാലോന്ന് തോന്നിയത്. എന്നാപ്പിന്നെ വൈകണ്ട, ചാവിയും എടുത്തു ഓടിച്ചാടി ഇടതു കാൽ വെച്ച് ഐശ്വര്യമായി കാറിൽ കയറി. മുറ്റത്തെ മാവിൻചോട്ടിൽ സുഖമായി ഉച്ചമയക്കത്തിൽ ആയിരുന്ന ചെങ്ങായിയെ എടുത്ത് റോഡിലേക്ക് ഇറക്കിയപ്പോ എന്തൊരാശ്വാസം. കഷ്ടിച്ചു ഒരു വണ്ടിക്ക് മാത്രം പോവാനുള്ള വീതിയിൽ നെൽപ്പാടത്തിനു നടുവിലൂടെ ഉള്ള റോഡ് ആണ്. ഈ പണിക്ക് ഇപ്പോ ഇറങ്ങണോ? ഉള്ളിൽ നിന്നൊരു അശരീരി വന്നില്ലേ. ഏയ്യ്, അങ്ങനെ ഒന്നും ഇല്ല. ഇങ്ങനെ വീട്ടിൽ അടച്ചിരുന്നാൽ എനിക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടിയ വിവരം നാലാൾ അറിയുമോ. ന്നാപ്പിന്നെ എന്താ ഇത്ര വൈക്ലഭ്യം, അങ്ങോട്ട് നട കാറേന്നും പറഞ്ഞു ആക്‌സിലറേറ്റർ ആഞ്ഞു ചവിട്ടി. ഒന്നു രണ്ട് റൗണ്ട് മെയിൻ റോഡ് വരെ പോയി വന്ന ഓവർ കോൺഫിഡൻസിൽ മൂന്നാം റൗണ്ടിനിറങ്ങി. മെയിൻ റോഡു വരെ പോയി തിരിച്ചു വീട്ടിലേക്കുള്ള വളവെത്തിയപ്പോൾ വണ്ടി ചെറുതായൊന്നു പാളിയോ.. ഇല്ല.. എല്ലാം വെറും തോന്നൽ മാത്രം എന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കി ആക്‌സിലറേറ്ററിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു..
ദേ കെടക്കുന്നു കാർ പാടത്തു.. അയ്യോ പണി പാളിയോ.. ആരും കാണുന്നേനു മുന്നേ എങ്ങനെ എങ്കിലും ഇതിനെ ഒന്നു കരയ്ക്ക് കയറ്റി തരണേ ദൈവമേ.. എല്ലാ ദൈവങ്ങളേയും കാറി വിളിച്ചു പിന്നേം ആക്‌സിലറേറ്റർ ചവിട്ടി നോക്കി. എവിടെ, കുഴമ്പു പരുവത്തിൽ ഉള്ള വയലിലെ ചെളിയിൽ ടയർ പൂണ്ടു പോയി. ഒരു രക്ഷയും ഇല്ല. വീട്ടിൽ വിളിച്ചു കാര്യം പറയാം എന്ന് തീരുമാനം ആയി നോക്കിയപ്പോ ഫോൺ എടുത്തിട്ടില്ല. ഇനി ഇപ്പോ പാടത്തെറങ്ങി നടക്കുക തന്നെ. അങ്ങനെ ചെളിയിലൂടെ ഒരുവിധം നടന്നു നീന്തി റോഡിൽ കയറി ഓടി വീട്ടിൽ ചെന്നു മെല്ലെ കാളിങ് ബെൽ അമർത്തി. ശബ്ദം കേട്ട് വാതിൽ തുറന്നു പുറത്തു വന്ന പൊന്നാങ്ങള ആംഗ്യഭാഷയിൽ കാര്യം തിരക്കി. ഒന്നും മിണ്ടാതെ കാർ ഇരിക്കുന്ന ഭാഗത്തേക്ക് ചൂണ്ടികാണിച്ചു ഞാനും നിന്നു. പുറത്തിറങ്ങി കാറിന്റെ ആ കിടപ്പ് നോക്കി അട്ടഹസിക്കുന്ന അവനെ ഒറ്റ ചവിട്ടിനു ആ പാടത്തേക്ക് തള്ളിയിടാൻ ആണ് തോന്നിയത്. എങ്ങനെ എങ്കിലും താഴെ കിടക്കുന്ന കാറിനെ കരയ്ക്ക് കയറ്റാൻ നോക്കാണ്ട് ഇളിച്ചോണ്ട് നിക്കുന്നു ദുഷ്ടൻ.. "ഡാ ദുഷ്ടാ, കാഴ്ച്ച കണ്ട് നിക്കാണ്ട് ആരെങ്കിലും വരുന്നേനു മുന്നേ അതിനെ കരയ്ക്ക് കയറ്റാൻ സഹായിക്ക്.." ഓ എന്തിന് എന്നൊരു ഭാവത്തിൽ എന്നെ നോക്കി നിൽക്കുകയാണ് മൂപ്പർ. കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ. അഞ്ചാറു സോപ്പ് കട്ട ഒന്നിച്ചു പതപ്പിച്ചു വീണ്ടും സഹായിക്കാൻ പറഞ്ഞു.. ശരി എന്നും പറഞ്ഞു ഫോൺ എടുത്തു മൂപ്പർ ആരെയോ വിളിച്ചു.. പത്തു മിനിറ്റ് കഴിഞ്ഞപ്പോ റെസിഡൻസ് അസോസിയേഷനിലെ യുവകോമളന്മാർ എല്ലാം വീടിനു മുന്നിൽ ഹാജർ. തകൃതിയായി ചർച്ചകൾ, പലതരം ഐഡിയകൾ. അവസാനം അതി നൂതനമായ ആശയവുമായി കാറ് കരയ്ക്ക് കയറ്റൽ യജ്ഞത്തിനിറങ്ങി.
അങ്ങനെ വീണ്ടും ഞാൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. രണ്ടു കൊല്ലത്തോളം ആയിട്ട് വീട്ടിൽ വെള്ളം കോരാൻ എടുക്കുന്നതാ.. വല്ലതും നടക്കുമോ എന്തോ.. പടച്ചോനെ ഇങ്ങള് കാത്തോളിന്ന് പറഞ്ഞു ആക്‌സിലറേറ്റർ ആഞ്ഞു ചവിട്ടി. പെട്ടെന്നാണ് പടക്കം പൊട്ടുന്ന പോലൊരു ശബ്ദം കേട്ടത്. അപ്രതീക്ഷിതമായ ഒച്ചയിൽ ഞെട്ടിപ്പോയ ഞാൻ കണ്ണ് ഇറുക്കി അടച്ചു ചെവിയും പൊത്തിപ്പിടിച്ചു ഇരുന്നു.. ദൈവമേ എന്താ സംഭവിക്കുന്നത്.. കാറിന്റെ ടയർ എങ്ങാനും പൊട്ടിയോ എന്നാണ് ആദ്യം തോന്നിയത്. പിന്നെ കാർ കെട്ടി വലിച്ച കയർ പൊട്ടി ചെളിയിൽ വീണ് കിടക്കുന്ന കമ്പവലിക്കാരെ കണ്ടപ്പോഴാണ് കാര്യം മനസിലായത്.. അവർക്ക് ആ കയറിന്റെ പ്രായത്തെ പറ്റി നല്ല ധാരണ ഇല്ലായിരുന്നു എന്നു തോന്നുന്നു. ചീറ്റിപ്പോയ ഐഡിയയും കൊണ്ട് ചെളിയിൽ ഇരിക്കുന്നവരെ കണ്ടപ്പോ ചിരി വന്നെങ്കിലും ചിരിച്ചാൽ പണി കിട്ടും എന്നുള്ളത് കൊണ്ട് ഞാൻ ഗൗരവത്തിൽ തന്നെ ഇരുന്നു. ഇതിന് ഇടയ്ക്കു വിവരം കേട്ട് നാട്ടിലെ ഒരുമാതിരിപ്പെട്ട ആൾക്കാർ ഒക്കെ വന്നു ഫോണും പിടിച്ചു നിൽക്കുന്നുണ്ട്.. എനിക്ക് ലൈസൻസ് കിട്ടിയ വിവരം അങ്ങ് ബംഗാളിൽ വരെ അറിഞ്ഞൂന്നാ തോന്നുന്നെ. അടുത്ത വീട്ടിൽ പണിക്ക് വന്ന ബംഗാളി വരെ വീഡിയോ എടുക്കാൻ വന്നിട്ടുണ്ട്.. ഈശ്വരാ ഇത്രേം പ്രശസ്തി വേണ്ടായിരുന്നു!!..
ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പുതിയ കയറും ജീപ്പും ആയി വന്നു വീണ്ടും കാർ കെട്ടി വലിക്കാൻ തുടങ്ങി റെസിഡൻസിലെ പയ്യൻസ്. റോഡിലേക്ക് കയറി- കയറിയില്ല എന്നൊരു അവസ്ഥയിൽ ആ കയറും പൊട്ടി ഞാനും കാറും വീണ്ടും പാടത്തു എത്തി.. ഇനിയും ഒരു പരീക്ഷണത്തിന് പ്രസക്തി ഇല്ലാന്ന് തോന്നിയത് കൊണ്ടാണോ എന്തോ ഞങ്ങളെ കണ്ട ഭാവം നടിക്കാതെ വന്നവരിൽ പലരും പിരിഞ്ഞു പോവാൻ തുടങ്ങി.. കമ്പ വലിയിൽ തോറ്റുപോയ പാവങ്ങൾ ക്രെയിൻ വിളിക്കാൻ പോയ കാര്യം ഞാൻ ഒഴികെ ബാക്കി എല്ലാർക്കും അറിയാമായിരുന്നു എന്ന് ആ സാധനം വന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ആഹ് ക്രെയിൻ എങ്കിൽ അത്.. എങ്ങനെ എങ്കിലും ഇതൊന്ന് കരയ്ക്ക് കയറ്റിയാൽ മതിയെന്ന് മാത്രേ അപ്പൊ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. അങ്ങനെ ക്രെയിൻ വന്നു സിംപിൾ ആയിട്ട് എന്നേം കാറിനേം കോരി എടുത്തു റോഡിൽ വെച്ചു.. ആഹാ അന്തസ്സ്.. ഇതിനൊക്കെ ഒരു യോഗം വേണമെടാ.. അതും പറഞ്ഞു വീഡിയോ എടുക്കുന്ന ബംഗാളിയെ നോക്കി കൊഞ്ഞനം കാട്ടി..
ക്രെയിൻ പൊക്കി എടുക്കുമ്പോൾ പണ്ട് സ്കൂളിൽ പഠിച്ച കഥയിലെ ചിറക് മുളച്ച ആനയെപോലെ പാറിപറന്ന ഞാൻ അവരുടെ ബില്ല് കിട്ടിയപ്പൊ ചിറകു മുറിഞ്ഞു താഴെ വീണു കൈയ്യും കാലും ഒടിഞ്ഞ പോലെ ആയി.. ബിൽ പേയ്‌മെന്റ് എങ്ങാനും തലയിൽ ആവുമോ എന്നൊരു ആപത്ത് ഭയന്ന പൊന്നാങ്ങള കാറും എടുത്തു നൈസ് ആയിട്ട് വീട്ടിൽ പോയി. ഇത്രേം ചെറിയ പണിക്ക് ഇത്രേം വലിയ ബില്ലോ? ക്രെയിൻ മുതലാളിയോട് അങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അയാളുടെ വായിലിരിക്കുന്നത് കേക്കണ്ടല്ലോ എന്ന് വിചാരിച്ചു ആ മൂവായിരത്തി എഴുന്നൂറ്റി അമ്പത് രൂപ ക്രെയിൻ സർവീസിന്റെ അക്കൗണ്ടിലേക്ക് അപ്പോൾ തന്നെ ഗൂഗിൾ പേ ചെയ്തു കൊടുത്തു. എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴാണ് രാവിലെ പത്രത്തിൽ വാരഫലം വായിച്ചത് ഓർമ വന്നത്.. ഇതിന്റെ ഒക്കെ വല്ല ആവശ്യോം ഉണ്ടായിരുന്നോ.. ഇനി പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല.. എന്തായാലും ഈ ആഴ്ചയിലെ നക്ഷത്രഫലം വളരെ വളരെ ശരിയാണ്.. ധനനഷ്ടം.. മാനഹാനി.. എന്താ ലേ..
Content Summary: Malayalam Short Story ' Driving Licence ' Written by Greeshma Madathil