ദുരഭിമാനം – ഷിജു കെ. പി. എഴുതിയ കഥ
Mail This Article
അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം നാല് മണി. പുറത്ത് കോരിച്ചൊരിയുന്ന മഴ. പക്ഷേ അവളാകെ വിയർത്തിരുന്നു. ഇനിയും എത്ര കാലമെടുക്കും ഈ ഭൂതകാല സ്മരണകളിൽ നിന്ന് രക്ഷപ്പെടാൻ. ശബ്ദം കേട്ട് അപ്പുറത്തെ മുറിയിൽ നിന്ന് അമ്മ എണീറ്റ് വന്നു. ഞാൻ പറഞ്ഞതല്ലേ മോളെ ഞാൻ കൂടെ കിടക്കാം എന്ന്. നിനക്ക് ഒറ്റയ്ക്ക് കിടക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അപ്പുറത്ത് പോയി കിടന്നത്. നേരം പുലരാറാവുന്നതെയുള്ളു. ഞാൻ ഇവിടെ കിടക്കാം. അമ്മ അവളെ കെട്ടിപ്പിടിച്ചു കിടന്നു. ഇന്നലെ വരെ ഇങ്ങനെ തന്നെയാണ് കിടന്നിരുന്നത്. കഴിഞ്ഞ തവണ പോയപ്പോൾ കൗൺസിലർ ആണ് പറഞ്ഞത് ഇനി ഒറ്റയ്ക്ക് കിടന്ന് നോക്കാം എന്ന്. ഒരു മാസം ആവാറായില്ലെ. ഇനി പതുക്കെ പഴയ ജീവിതത്തിലേക്ക് കടന്നു വരണം എന്ന്. അമ്മ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. അവൾ ഓരോന്ന് ആലോചിച്ച് അറിയാതെയുറങ്ങിപോയി.
കൃഷ്ണ രാവിലെ എണീക്കാൻ ഒരുപാട് വൈകി. അമ്മ വന്ന് എട്ട് മണിയായി എന്ന് പറഞ്ഞപ്പോഴാണ് അവളുണർന്നത്. "അച്ഛൻ ഓഫിസിൽ പോയോ അമ്മേ.?" "പോകാൻ റെഡിയാവുന്നു. നീ വേഗം പോയി കുളിച്ചു റെഡിയായി വാ. ഇന്ന് കോളജിൽ പോകണ്ടെ?" "ഞാനില്ല അമ്മേ. നാളെ പോകാം. ഇന്നിത്ര വൈകിയില്ലെ." "അതൊന്നും സാരമില്ല. നീ പോയി കുളിക്ക്." അമ്മ നിർബന്ധിച്ച് മുറിയിലേക്ക് തള്ളി വിട്ടു. അവളാകെ ആശയ കുഴപ്പത്തിലായി. കൈയ്യിലെ മുറിവ് ഉണങ്ങി വരുന്നുള്ളൂ. മനസ്സ് ഇപ്പോഴും ചില സമയങ്ങളിൽ കൈ വിട്ട് പോകുന്നുണ്ട്. ഞാൻ എല്ലാവരെയും ഫേസ് ചെയ്യാൻ റെഡിയായോ. തിരിച്ച് പോയാൽ അവിടെ എല്ലാവരും എന്നെ എങ്ങനെയാ കാണുക. ആൺകുട്ടികളുടെ കൂടെ നടന്നു മദ്യപിച്ച് പൊലീസ് പിടിച്ചപ്പോൾ മാനസിക നില തെറ്റി ആത്മഹത്യക്ക് ശ്രമിച്ച കുട്ടി. അതല്ലേ ഞാൻ. ഇനിയെന്തായാലും അങ്ങോട്ടില്ല എന്ന് കരുതിയിരുന്നതാണ്. അപ്പോഴാണ് കൗൺസിലർ പറഞ്ഞത് എന്റെ നിരപരാധിത്വം എല്ലാവരും അറിയണം. അതേ കോളജിൽ തന്നെ പോയി കോഴ്സ് കംപ്ലീറ്റ് ചെയ്യണം എന്ന്. പേടിച്ചോടാൻ തുടങ്ങിയാൽ കാടുണ്ടാവില്ല ഒളിക്കാൻ. ശരി. വരുന്നിടത്ത് വെച്ച് കാണാം. അവൾ തീരുമാനിച്ചു.
കാറിൽ കയറിയപ്പോൾ മുതൽ അച്ഛൻ ഒന്നും മിണ്ടുന്നില്ല. ഒരു മാസമായി അച്ഛൻ ആകെ മാറിപോയി. എന്നോട് പഴയ പോലെ ഒന്നും മിണ്ടുന്നില്ല ഗൗരവം ആണ്.
അമ്മയോട് ഞാൻ എല്ലാ കാര്യങ്ങളും പറയാറുണ്ട്. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ അമ്മ എന്റെ കൂടെ നിന്നു. കൂട്ടുകാരുടെ കൂടെ ഇടയ്ക്ക് ഞാൻ കാറിൽ കറങ്ങാൻ പോകാറുണ്ട്. അന്ന് പൊലീസ് കൈ കാണിച്ചപ്പോൾ അവന്മാർ പരുങ്ങുന്നത് കണ്ടപ്പോഴാണ് എന്തോ കുഴപ്പം ഉണ്ടെന്ന് മനസ്സിലായത്. ഡിക്കിയിൽ കുപ്പിയുണ്ടായിരുന്നു. അതും ഏഴ് കുപ്പികൾ. ഞങ്ങൾ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും. വരുൺ മാത്രമേ പതിനെട്ട് കഴിഞ്ഞ ഒരാൾ ഉണ്ടായുള്ളൂ. അവനാ വണ്ടി ഓടിച്ചിരുന്നത്. ഞങ്ങളെ പിടിച്ച് കൊണ്ട് പോകുമ്പോൾ കുറേ ചേട്ടന്മാർ മൊബൈലിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നുണ്ടായിരുന്നു. അതാണ് എല്ലാവരുടെയും ഫോണിലേക്ക് പോയിട്ടുള്ളത്. ഹോട്ട് ന്യൂസ് എന്ന് പറഞ്ഞ്. ഇതിൽ ഞാൻ എന്ത് തെറ്റ് ചെയ്തു.
പൊലീസ് സ്റ്റേഷനിൽ വെച്ച് ഞാൻ വീട്ടിൽ പോണം എന്ന് പറഞ്ഞു ഒച്ച വെച്ചപ്പോൾ വനിതാ പൊലീസ് എന്റെ കരണത്തടിച്ചു. പിന്നെ വരുണിന്റെ കൈയ്യിലെ കീചെയ്ൻ തട്ടി പറിച്ച് കൈയ്യിൽ വരഞ്ഞതെ ഓർമയുള്ളു. ബോധം വരുമ്പോൾ അമ്മയുണ്ട് മുന്നിൽ. അച്ഛൻ ആരെയൊക്കെയോ വിളിച്ച് പറയപ്പിച്ച് എന്റെ പേരിലെ കേസ് പിൻവലിച്ചു എന്ന് അമ്മ പറഞ്ഞു. അവന്മാരെല്ലം അകത്താണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മയോട് ആണയിട്ട് പറഞ്ഞു കൊണ്ടേയിരുന്നു. അമ്മ എന്നെ വിശ്വസിച്ചു. അച്ഛൻ എന്നെ വിശ്വസിച്ച മട്ടില്ല. അച്ഛൻ ഒരു പഴയ ആളാണ്. ഞാൻ ആൺകുട്ടികളുടെ കൂടെ നടക്കുന്നതൊന്നും ആൾക്ക് ഇഷ്ടമല്ല. അമ്മ പറഞ്ഞു അച്ഛനോട് എല്ലാം പറഞ്ഞു ശരിയാക്കാം എന്ന്. അത് മതി. അല്ലെങ്കിൽ അച്ഛൻ എന്നെ കൊന്നു കളഞ്ഞേനെ. അച്ഛനെ അതിന് ശേഷം ആദ്യമായാണ് ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നത്.
"അച്ഛാ.." അവൾ വിളിച്ചു. "നിനക്കറിയോ നിന്റെ മാലതി ചിറ്റയെ എന്തിനാ വീട്ടിൽ നിന്ന് പുറത്താക്കിയതെന്ന്. അവൾക്കിഷ്ടമുള്ള ഒരുത്തന്റെ കൂടെ പോയതിനാ. അച്ഛൻ മരിച്ചതിന് ശേഷം അമ്മ അവളെ വീട്ടിൽ കയറ്റി. പിന്നെ ഞാൻ തറവാടിന്റെ പടി ചവിട്ടിയിട്ടില്ല. ആ എന്റെ മകളെയാണ്.." അച്ഛന്റെ ശബ്ദം ഉയർന്നുയർന്ന് വന്നു. "അച്ഛാ അതിന് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലാ. അതൊന്നും ഉപയോഗിച്ചിട്ടില്ല." "എടീ.." അച്ഛന്റെ നോട്ടത്തിൽ അവൾ ദഹിച്ച് പോയി. കണ്ട ചെക്കന്മാരുടെ കൂടെ കാറിൽ കറങ്ങി നടന്ന് പൊലീസ് പിടിക്കുക പിന്നെ ചാവാൻ നോക്കുക. ഞാൻ അഭിമാനി കൃഷ്ണപിള്ളയുടെ മോനാടീ. മോഹന കൃഷ്ണൻ." കാറിന്റെ സ്പീഡ് കൂടി കൂടി വന്നു. പെട്ടെന്നൊരു ലോറിയുടെ മുന്നിലേക്ക് മോഹനകൃഷ്ണൻ കാറോടിച്ച് കയറ്റി. വലിയൊരു ശബ്ദം കേട്ട് റോഡിൽ നിന്ന ആളുകൾ ഓടിക്കൂടി.
കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. കാർ ഓടിച്ചിരുന്നയാൾ മനഃപൂർവം ലോറിയുടെ മുന്നിലേക്ക് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലതയുടെ ഫോണിൽ ഓൺലൈൻ ന്യൂസ് നോട്ടിഫിക്കേഷൻ വന്നു. വൈകിട്ട് കൃഷ്ണ വരുമ്പോൾ എന്ത് ഉണ്ടാക്കി വെക്കണം എന്നാലോചിച്ച് അടുക്കളയിൽ തിരക്കിലായിരുന്നു അപ്പോൾ ലത.
Content Summary: Malayalam Short Story ' Durabhimanam ' Written by Shiju K. P.