ADVERTISEMENT

ഹസൻ കുട്ടിയേയും പെൺമക്കളേയും ഒന്നിച്ചിരുത്തിയും ഒറ്റക്കൊറ്റക്കും വിശദമായി ചോദ്യം ചെയ്ത ആ ദിവസം രാത്രി അന്വേഷണ സംഘത്തിലെ ആരും തന്നെ അവരവരുടെ വീടുകളിലേക്കോ ക്വാർട്ടേഴ്‌സുകളിലേക്കോ പോയില്ല. അവർക്ക് തിരക്കിട്ട് ചെയ്ത് തീർക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരെല്ലാവരും പൊലീസ് ക്ലബ്ബിൽ സമ്മേളിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി അനിത കൃഷ്ണമൂർത്തി അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി അവിടെ എത്തിച്ചേർന്നു. ഡി.വൈ.എസ്.പി ജയകുമാർ അന്വേഷണ സംഘത്തിന്റെ അതുവരേയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശേഷം അനിത കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഹസൻ കുട്ടിയേയും പെൺകുട്ടികളേയും ചോദ്യം ചെയ്തതിന്റെ മൊബൈൽ ഫോൺ റെക്കോർഡുകൾ ആവർത്തിച്ച് കേട്ട്, അന്നോളം ചോദ്യം ചെയ്ത മറ്റുള്ള അനേകം പേരുടെ മൊഴികളുമായി ഒത്ത് നോക്കി തുമ്പുകളും സൂചനകളുമെല്ലാം കൃത്യമായി ക്രോഡീകരിച്ചു. അതോടെ അവർക്ക് മുന്നിൽ അന്വേഷണ വഴി തെളിഞ്ഞു വന്നു. ഏറെ താമസിയാതെ അന്വേഷണം വിജയകരമായി പൂർത്തിയാക്കാമെന്നും അധികമൊന്നും ഇരുട്ടിൽ തപ്പേണ്ടി വരില്ല എന്നുമൊക്കെയുള്ള ഒരു ആത്മവിശ്വാസം ഉദ്യോഗസ്ഥരിലുണ്ടായി. തുടർന്നുള്ള അന്വേഷണത്തിൽ എന്തെന്ത് കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും എന്ത് നിലപാടുകൾ സ്വീകരിക്കണമെന്നുമൊക്കെയുള്ള വ്യക്തമായ ബോധം അവരിലുണ്ടായി. അവർക്കിപ്പോൾ സംശയിക്കാൻ പ്രതിസ്ഥാനത്ത് ഒരാളുണ്ട്. ഹസൻ കുട്ടി! ഭാര്യയുടെ ദുർനടപ്പിൽ അപമാനിതനും പ്രകോപിതനുമായിരുന്നല്ലോ അയാൾ. അവളെ തീർത്ത് കളയാമെന്ന് ഏതെങ്കിലുമൊരു പൈശാചിക നിമിഷത്തിൽ അയാൾക്ക് തോന്നിയിരിക്കാം എന്ന ചിന്ത ടീമിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ഉണ്ടായിരുന്നു. അവർ അതുവരേയുള്ള കാര്യങ്ങൾ കോർത്തിണക്കി വളരെ വിശദമായി കേസ് ഡയറി എഴുതി. ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ പ്രത്യേകം രേഖപ്പെടുത്തി. ഉത്തരങ്ങളിലേക്കെത്തുന്നതിന് വേണ്ട കാര്യങ്ങളുടെയും, കണ്ട് സംസാരിക്കേണ്ടവരുടേയും ലിസ്റ്റുകൾ തയാറാക്കി. 

അന്വേഷണത്തിന്റെ ആ രണ്ടാം ഘട്ടത്തിൽ അന്വേഷണ സംഘം ആദ്യം ചെയ്തത് 'ഗംഗോത്രി' ബസിന്റെ വിവരങ്ങൾ ശേഖരിക്കലാണ്. ആർ.ടി.ഒയുടെ ഓഫിസിൽ വിളിച്ച് ആ ബസിനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും അവർ കുറിച്ചെടുത്തു. ബസ് കുന്നുമ്പുറത്തെ ഒരു രാജേന്ദ്ര പ്രസാദ് എന്നയാളുടേതായിരുന്നു. അനിത കൃഷ്ണമൂർത്തി അയാളെ ഫോണിൽ വിളിച്ച് ആ രാത്രി തന്നെ ബസുമായി പൊലീസ് ക്ലബ്ബിലെത്താൻ ആവശ്യപ്പെട്ടു. അതുപ്രകാരം അധികം വൈകാതെ അയാൾ ബസുമായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഉദ്യോഗസ്ഥർ ബസിന്റെ പേപ്പറുകൾ പരിശോധിച്ച് പകർപ്പുകളെടുത്തു. വണ്ടിയുടെ ഫോട്ടോയും എടുത്തു. "ബസിൽ സി.സി.ടി.വി ക്യാമറകൾ ഉണ്ടല്ലോ. അല്ലെ ?" അനിത കൃഷ്ണമൂർത്തി ഗൗരവത്തോടെ രാജേന്ദ്ര പ്രസാദിനോട് ചോദിച്ചു. "ഉണ്ട് മാഡം." അയാൾ താഴ്മയോടെ പറഞ്ഞു. "കഴിഞ്ഞ ഒരാഴ്ചത്തെ ക്യാമറാ ഫൂട്ടേജുകൾ ഞങ്ങൾക്ക് വേണം." അവർ പറഞ്ഞു. "മാഡം അതെങ്ങനെയാണ് എടുക്കേണ്ടതെന്ന് എനിക്കറിയില്ല. അതിന് ടെക്‌നീഷ്യൻ വരേണ്ടി വരും." "ടെക്‌നീഷ്യനൊന്നും വരേണ്ട രാജേന്ദ്ര പ്രസാദ്. ഞങ്ങൾ എടുത്തോളാം." ഇതും പറഞ്ഞ് അനിത കൃഷ്ണമൂർത്തി സി.പി.ഓ ഗിരീഷിനെ നോക്കി. "ഇയാൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ എക്സ്പെർട്ടാണ്." അനിത കൃഷ്ണമൂർത്തി പറഞ്ഞു. ഗിരീഷ് പാസ് വേർഡ് റീസെറ്റ് ചെയ്ത് ക്യാമറാ ആക്സസ് കണ്ടെത്തി ഫൂട്ടേജുകൾ തന്റെ മൊബൈലിൽ ശേഖരിച്ചു. "ശരി. ഇനി നിങ്ങൾക്ക് പോകാം രാജേന്ദ്ര പ്രസാദ്. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വിളിക്കും." അനിത കൃഷ്ണമൂർത്തി ബസിന്റെ കടലാസുകൾ മടക്കിക്കൊടുത്തു കൊണ്ട് അയാളോട് പറഞ്ഞു. "ഓ.കെ മാഡം." അയാൾ അപ്പോൾ തന്നെ ബസ്സുമായി മടങ്ങി.

സി.പി.ഓ ഗിരീഷ് സാജിദ ആലപ്പുഴക്ക് പോകാനിറങ്ങി എന്ന് പറയപ്പെടുന്ന ദിവസത്തെ സി.സി.ടി.വി ഫൂട്ടേജുകൾ സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്തു. രാവിലെ ആറേകാലിന് സാജിദ ബസിൽ കയറുന്ന ദൃശ്യങ്ങൾ അതിൽ നിന്നും ലഭിച്ചു. ബസിന്റെ ആ ട്രിപ്പിന്റെ സഞ്ചാരപഥത്തിലൂടെ അന്വേഷണ ഉദ്യോഗസ്ഥരും യാത്ര ചെയ്യാൻ തുടങ്ങി. ഒരു വെർച്വൽ യാത്ര! അങ്ങനെ ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ സാജിദ ഇറങ്ങാനായി എഴുന്നേൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി.

Read also: നോക്കുവാൻ ഏൽപ്പിച്ച ചാക്കുകെട്ടുമായി വീട്ടിലെത്തി, തുറന്നപ്പോൾ കണ്ടത്...

"വീഡിയോ പോസ് ചെയ്യൂ." അനിത കൃഷ്ണമൂർത്തി പറഞ്ഞു. സി.പി.ഓ ഗിരീഷ് ഉടൻ വീഡിയോ നിർത്തി വെച്ചു. അവർ രാജേന്ദ്ര പ്രസാദിനെ വിളിച്ചു. "പാതാളം കവലയിൽ നിന്നും പുറപ്പെടുന്ന നിങ്ങളുടെ ബസ് ഏകദേശം മുപ്പത് മിനിറ്റുകൾകൊണ്ട് ഓടിയെത്തുക ഏത് സ്ഥലത്തായിരിക്കും?" അവർ ചോദിച്ചു. "കുന്നുമ്പുറത്താണ് മാഡം. അമൃതാ ഹോസ്പിറ്റൽ ജംഗ്ഷനിൽ." അയാൾ സംശയമേതുമില്ലാതെ പറഞ്ഞു. "ശരി. താങ്ക്സ്." അവർ ഫോൺ കട്ട് ചെയ്തു. ശേഷം പറഞ്ഞു: "നോക്കൂ, ആലപ്പുഴക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സാജിദ കുന്നുമ്പുറത്ത് ബസിറങ്ങുന്നു. ആലപ്പുഴക്കുള്ള കെ.എസ്.ആർ.ടി.സി പിടിക്കാൻ ഇടപ്പള്ളി കവലയിലാണ് ഇറങ്ങേണ്ടതെന്നിരിക്കെ അവരെന്തിന് കുന്നുമ്പുറത്തിറങ്ങി? അവർ അവിടെ ഇറങ്ങി എങ്ങോട്ട് പോയി എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം മിസ്റ്റർ ജയകുമാർ എനിക്ക് നാളെ രാവിലെ പതിനൊന്നിനുള്ളിൽ കിട്ടണം." "ശരി.മാഡം." ജയകുമാർ തലയാട്ടിക്കൊണ്ട് പറഞ്ഞു. ജയകുമാറും സംഘവും അത് സംബന്ധിച്ച ചർച്ചകളിൽ മുഴുകിയപ്പോൾ അനിത കൃഷ്ണമൂർത്തി രണ്ട് കോളുകൾ ചെയ്തു. ഒന്ന്, ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ രാമനാഥനും, മറ്റേത് ക്രൈംബ്രാഞ്ച് എസ്. പി. എബി കുര്യാക്കോസിനുമായിരുന്നു.

രണ്ട്

അടുത്ത ദിവസം രാവിലെ പത്തരയോടെ ഷെഹബാനയുടെ അമ്പലപ്പുഴയിലെ വീട്ടിലും മുട്ടത്തെ അവരുടെ ഭർത്താവിന്റെ വീട്ടിലും, ഹാർഡ് വെയർ ഷോപ്പിലും, ബ്യൂട്ടിപാർലറിലും ഒരേ സമയം ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റേയും, ക്രൈംബ്രാഞ്ചിന്റെയും ഒരു സംയുക്ത റെയ്ഡ് അരങ്ങേറി. വളരെ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ. പുറമേക്ക് ഒരാളും അറിയാത്ത വിധം മണിക്കൂറുകൾക്കുള്ളിൽ അവർ വിജയകരമായി റെയ്ഡ് പൂർത്തിയാക്കി. നിരവധി ഫയലുകളും കംപ്യൂട്ടറുകളും, ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അനാശാസ്യത്തിനായി എത്തിയ കരുനാഗപ്പള്ളിക്കാരായ രണ്ട്പേരേയും, ഷെഹബാനയേയും, അവളുടെ മാനേജർ സെബ ക്രിസ്റ്റിയേയും ക്രൈംബ്രാഞ്ച് ബ്യൂട്ടിപാർലറിൽ നിന്നും അറസ്റ്റ് ചെയ്തു. ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേന വാണിഭത്തിനായി എത്തിച്ച നാല് നാഗാ പെൺകുട്ടികളെ ക്രൈംബ്രാഞ്ച് വനിതാ സംരക്ഷണ സമിതിയുടെ ആലുവയിലെ ഹെഡ് ക്വാർട്ടേഴ്സിൽ എത്തിച്ചു. ഷെഹബാനയുടെ ഹാർഡ് വെയർ ഷോപ്പും, ബ്യൂട്ടിപാർലറും ഉദ്യോഗസ്ഥർ അടച്ചു പൂട്ടി സീൽ വെച്ചു. ഷെഹബാനയുടെ ലക്ഷോപലക്ഷങ്ങളുടെ നികുതി വെട്ടിപ്പും, സാമ്പത്തിക ക്രമക്കേടുകളും കുറഞ്ഞ സമയത്തെ പരിശോധനയിൽത്തന്നെ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. "ഇവള് ചെറിയ പുള്ളിയൊന്നുമല്ല."-ഉദ്യോഗസ്ഥർ പരസ്പരം പറഞ്ഞു. "ഇവളെ ഇപ്പോഴേ പിടിച്ച് അകത്തിട്ടില്ലെങ്കിൽ ഇവള് വളരും. വളർന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. നാടിനാപത്തുമാണ്." അവർ അഭിപ്രായപ്പെട്ടു.

ഇന്റലിജൻസും ക്രൈംബ്രാഞ്ചും പഴുതടച്ച രീതിയിലുള്ള റിപ്പോർട്ടുകൾ വളരെ വേഗത്തിൽ തയാറാക്കി. ഷെഹബാനയെ കോടതി റിമാൻഡ് ചെയ്തു. അവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനുള്ള അനുമതിക്കായി സാജിദ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ അപേക്ഷ നൽകി. ഷെഹബാനക്കെതിരായ നീക്കങ്ങൾ കൃത്യമായി അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്ന റൂറൽ ജില്ലാ പൊലീസ് മേധാവി അനിത കൃഷ്ണമൂർത്തിയുടെ നിർദേശ പ്രകാരമായിരുന്നു അത്. കോടതിയിൽ നിന്നും അനുകൂല വിധി വന്നതറിഞ്ഞ ഉടൻ അനിത കൃഷ്ണമൂർത്തി ഡി.വൈ.എസ്.പി ജയകുമാറിനെ തന്റെ കാബിനിലേക്ക് വിളിച്ചു. "ഷെഹബാനയെ വിശദമായി ചോദ്യം ചെയ്യണം. ജയകുമാർ ഈസയേയും കൂട്ടി പോകണം. സി.പി.ഓ ലതയും വന്നോട്ടെ. നമുക്കറിയേണ്ട സാജിദയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അവളിൽ നിന്നും ചോദിച്ചറിയണം. അവൾ ഏതെങ്കിലും തരത്തിലുള്ള നിസ്സഹകരണം കാണിച്ചാൽ എനിക്ക് വിവരം തരണം. ഞാൻ ജയിലറെ വിളിച്ച് മൂന്നാം മുറക്കുള്ള സൗകര്യം ചെയ്ത് തരാം." അവർ പറഞ്ഞു. "ശരി.മാഡം" ജയകുമാറും ഈസയും ലതയും അപ്പോൾ തന്നെ ആലുവ സബ്ജയിലിലേക്ക് പുറപ്പെട്ടു. അവർ പോയതിന് പിന്നാലെ സബ് ഇൻസ്‌പെക്ടർ തഫ്‌സീയ ഹമീദും, സി.പി.ഓ ഗിരീഷും അനിത കൃഷ്ണമൂർത്തിയുടെ കാബിനിലേക്കെത്തി. അവർ രണ്ടു പേരും അനിത കൃഷ്ണമൂർത്തിയെ സല്യൂട്ട് ചെയ്തു. "പറയൂ തഫ്‌സീയ... എന്തായി കാര്യങ്ങൾ?" അനിത കൃഷ്ണമൂർത്തി ചോദിച്ചു. "മാഡം, ഞങ്ങൾ കുന്നുമ്പുറത്ത് പോയിരുന്നു. അവിടെയുള്ള ഒരു ബേക്കറിയുടേയും സൂപ്പർമാർക്കറ്റിന്റെയും ഗേറ്റിലേയും മുൻവശത്തെ പാർക്കിങ്ങിലെയും സി.സി.ടി.വി ഫൂട്ടേജുകളിൽ നിന്നും കുന്നുമ്പുറം സ്റ്റോപ്പിൽ ബസിറങ്ങുന്ന സാജിദയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്." തഫ്‌സീയ പറഞ്ഞു. "വെരി ഗുഡ്...!" അനിത കൃഷ്ണമൂർത്തി ആവേശത്തോടെ ഡെസ്കിലടിച്ചു.

Read Also : അച്ഛന്റെ മരണം, അമ്മയുടെ രണ്ടാം വിവാഹം; ഒറ്റപ്പെട്ട് മകൾ...

"എന്നിട്ട്...? നിങ്ങളത് പരിശോധിച്ചോ? ബസിറങ്ങിയ അവരുടെ തുടർന്നുള്ള പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായോ?" മുന്നോട്ടാഞ്ഞിരുന്ന് ആകാംക്ഷയോടെ അനിത കൃഷ്ണമൂർത്തി ചോദിച്ചു. "പരിശോധിച്ചു മാഡം. ബസിറങ്ങിയ സാജിദ ഒരു വയലറ്റ് നിറത്തിലുള്ള ഇന്നോവയിൽ കയറിപ്പോകുന്നത് വീഡിയോയിൽ കാണാം. വണ്ടി നമ്പർ വ്യക്തമാണ്. ആ നമ്പർ ട്രാക്ക് ചെയ്ത് വണ്ടിയുടെ ഉടമയെ ഞങ്ങൾ കണ്ടെത്തി. അയാൾ ചേരാനല്ലൂരുകാരനാണ്. ഒരു ഷെൽട്ടൻ ജോസഫ്. ഞങ്ങൾ അയാളുടെ വീട്ടിൽ പോയി അയാളെ കണ്ടു. ആ ദിവസം ഇന്നോവ സുഹൃത്തായ മുബാറക്ക് എന്നയാൾ ഒരു അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് എടുത്തു കൊണ്ട് പോയതായി അയാൾ പറഞ്ഞു. അയാളുടെ പക്കൽ നിന്നും മുബാറക്കിന്റെ നമ്പർ വാങ്ങി ഞങ്ങൾ വിളിച്ചു നോക്കി. എന്നാൽ ആ നമ്പർ സ്വിച്ച് ഓഫാണ്." തഫ്‌സീയ പറഞ്ഞു. "ഹസൻ കുട്ടിയും ഈ മുബാറക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. ഹസൻ കുട്ടിക്ക് വേണ്ടി മുബാറക്കാണ് കൃത്യം നടത്തിയതെങ്കിലോ?" "അങ്ങനെയൊരു സാധ്യത ഉണ്ട് മാഡം. മുബാറക്ക് ആ ദിവസത്തിന് ശേഷം മിസിങ്ങാണ്. ഇന്നോവ അന്ന് രാത്രി തന്നെ ഇടപ്പള്ളിയിലെ മറ്റൊരു സുഹൃത്തിന്റെ കൈവശം കൊടുത്തു വിട്ട് അയാൾ എങ്ങോട്ടോ മുങ്ങി." "കൃത്യം നടത്തി, ജഡം ബിനാനിപുരത്ത് ഉപേക്ഷിച്ച്, ഇന്നോവ കൈമാറി അയാൾ കടന്നു കളഞ്ഞു എന്ന് വേണം കരുതാൻ." "വൈകിട്ട് ഏഴു മണി കഴിഞ്ഞാൽ വിജനമാകുന്ന ബിനാനിപുരത്ത് രാത്രി ഒരു മൃതശരീരം ഉപേക്ഷിക്കുക എന്നത് വളരെ എളുപ്പമാണ്. ആ ഭാഗത്താണെങ്കിൽ ക്യാമറകളുമില്ല." "ശരിയാണ്. പക്ഷെ... ആരാണ് ഈ മുബാറക്ക്?" "മുബാറക്കിനെക്കുറിച്ച് ആർക്കും അധികമൊന്നും അറിയില്ല മാഡം. സുഹൃത്തുക്കൾക്ക് പോലും. കൊണ്ടോട്ടിക്കാരനാണെന്ന് മാത്രമറിയാം. ചേരാനല്ലൂർ പള്ളിക്ക് പടിഞ്ഞാറ് വശത്ത് ഒരു ഒറ്റ മുറി വാടക വീട്ടിലാണ് അയാൾ താമസിച്ചു വരുന്നത്. അവിടെ അടുത്തുള്ള ഒരു വർക്ക് ഷോപ്പിൽ വെൽഡറാണ് അയാൾ." "ഉം...." അനിത കൃഷ്ണമൂർത്തി ഒന്നമർത്തി മൂളി.പിന്നെ മൊബൈലെടുത്ത് ഒരു നമ്പർ സെലെക്റ്റ് ചെയ്ത് കോൾ ബട്ടണിൽ വിരലമർത്തി.

"ഹലോ മാഡം...." മറുതലക്കൽ ഒരു സ്ത്രീ സ്വരം. "സോഫിയാ... ചേരാനല്ലൂർ ഭാഗത്ത് നിനക്ക് പരിചയമുള്ള ആരെങ്കിലുമുണ്ടോ?" അനിത കൃഷ്ണമൂർത്തി ചോദിച്ചു.

"ഉണ്ട് മാഡം. അവിടെയൊരു ശാലി ഡിക്രൂസ് ഉണ്ട്. കൊച്ചു പെണ്ണാണ്. അതുകൊണ്ട് റേറ്റ് അൽപ്പം കൂടുതലാണ്. എന്താ മാഡം, സാറന്മാര് ആരെങ്കിലും വരുന്നുണ്ടോ?" "ഛീ.. നാവടക്കടീ... ഞാൻ പിമ്പിങ് തുടങ്ങിയിട്ടില്ല. തുടങ്ങാൻ ഉദ്ദേശിക്കുന്നുമില്ല. ഇത് മറ്റൊരു കാര്യത്തിനാണ്. നീ വേഗം ഈ ശാലി ഡിക്രൂസിന്റെ നമ്പറും വിലാസവും എനിക്ക് വാട്ട്സാപ്പ് ചെയ്യ്. വേഗം വേണം. കേട്ടല്ലോ." "ശരി മാഡം." ഫോൺ കട്ടായി. "ഒറ്റയ്ക്ക് താമസിക്കുന്നവൻ. നല്ല പോലെ പണിയെടുക്കുന്നവൻ. അങ്ങനെയുള്ള ഒരാൾ തൊട്ടടുത്ത അഭിസാരികയെ സന്ധിക്കാതിരിക്കില്ല. മുബാറക്ക് ശാലി ഡിക്രൂസിന്റെ അടുത്ത് പോകുന്നവനാണെങ്കിൽ തീർച്ചയായും അവനെക്കുറിച്ചുള്ള എന്തെങ്കിലും ഒരു തുമ്പ് അവളിൽ നിന്നും നമുക്ക് ലഭിക്കും. അഭിസാരികയോട് രഹസ്യം പറയാത്തവർ കുറവാണ്." അനിത കൃഷ്ണമൂർത്തി തഫ്‌സിയ ഹമീദിനോടും, ഗിരീഷിനോടുമായി പറഞ്ഞു.

മൂന്ന്

ഷെഹബാനയെ ജയിലിൽ ചോദ്യം ചെയ്തതിന് ശേഷം ഡി.വൈ.എസ്.പി ജയകുമാറും, ഇൻസ്‌പെക്ടർ ഈസയും അനിത കൃഷ്ണമൂർത്തിയുടെ ക്യാബിനിലെത്തി. തൊട്ടു പിന്നാലെ ശാലി ഡിക്രൂസിനെ ചേരാനല്ലൂരുള്ള അവളുടെ വീട്ടിൽ ചെന്ന് ചോദ്യം ചെയ്തതിന് ശേഷം സബ് ഇൻസ്‌പെക്ടർ തഫ്‌സീയ ഹമീദും അവിടെ വന്നു ചേർന്നു. "പറയൂ.. എന്താണ് അപ്ഡേറ്റ്സ്?" അനിത കൃഷ്ണമൂർത്തി ആദ്യം പരിഗണിച്ചത് ജയകുമാറിനെയാണ്. "ഷെഹബാന കുറ്റസമ്മതം നടത്തി മാഡം. ബ്യൂട്ടീപാർലർ കേന്ദ്രീകരിച്ച് അവൾ നടത്തി വന്ന പെൺവാണിഭത്തിൽ ഒരു പിമ്പിന്റെ റോളാണ് സാജിദ ചെയ്ത് വന്നത്. അതിനവർ പ്രതിഫലം വാങ്ങിയിരുന്നു. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഷെഹബാനയുടെ ബിസിനസിന് വേണ്ടി സാജിദ ബ്യൂട്ടിപാർലറിൽ എത്തിച്ചു നൽകിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പിന്നെ അപരിചിതരായ പുരുഷന്മാർക്കൊപ്പമുള്ള സാജിദയുടെ യാത്രകൾ അത് നമ്മൾ ഊഹിച്ച പോലെ അനാശാസ്യത്തിന് വേണ്ടിത്തന്നെയാണ് മാഡം. ഷെഹബാനയുടെ മൊഴികൾ ഇക്കാര്യം സ്ഥിരപ്പെടുത്തുന്നതാണ്." ജയകുമാർ പറഞ്ഞു. "സാജിദ ഈ രീതിയിലൊക്കെ പണം സമ്പാദിച്ചെങ്കിൽ ആ കുടുംബം എങ്ങനെ ദരിദ്രമായി തുടരും? അമ്പലപ്പുഴയിലെ ഉപ്പയുടെ സഹായം തേടേണ്ട അവസ്ഥയെ മറികടക്കുമായിരുന്നില്ലേ?" അനിത കൃഷ്ണമൂർത്തി ചിന്താധീനയായി. "മാഡം, ചെയ്ത് കൊടുക്കുന്ന കാര്യങ്ങൾക്ക് ഷെഹബാന അവർക്ക് നൽകിയിരുന്നത് തുച്ഛമായ പ്രതിഫലമാണ്. അതിന്റെ വൗച്ചറുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. പിന്നെ നാൽപ്പത്തിയെട്ട് വയസ്സുള്ള ഒരു സ്ത്രീയാണവര്. ഉയരമോ മാദകത്വമോ അവർക്കില്ല. നല്ല വെളുത്തിട്ടാണെങ്കിലും കോങ്കണ്ണുണ്ട്. ഇങ്ങനെയൊരു സ്ത്രീക്ക് ഈ തൊഴിലിൽ പരമാവധി എന്ത് കിട്ടുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ." ജയകുമാർ ഇത് പറഞ്ഞപ്പോൾ ശരിയാണ് എന്ന അർഥത്തിൽ അനിത കൃഷ്ണമൂർത്തി തലയാട്ടി. ശേഷം അവർ തഫ്‌സിയ ഹമീദിനെ നോക്കി.

"പറയൂ തഫ്‌സിയാ.. ശാലി ഡിക്രൂസിനെ കണ്ടോ?" അവർ ചോദിച്ചു. "കണ്ടു മാഡം. അവളെ വിശദമായി ചോദ്യം ചെയ്തു. മുബാറക്ക് എന്ന് പറഞ്ഞപ്പോൾ അവൾക്ക് മനസ്സിലായില്ല. പിന്നെ വർക്ക് ഷോപ്പ് മുതലാളിയിൽ നിന്നും വാങ്ങിയ അവന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് അവൾക്ക് ആളെ പിടി കിട്ടിയത്. ഇടയ്ക്കിടെ അവിടെ ചെല്ലാറുണ്ടെന്ന് പറഞ്ഞു. ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ അവൾ അവനെക്കുറിച്ച് അധികമാർക്കുമറിയാത്ത ഒരു കാര്യം പറയുകയും ചെയ്തു." "എന്താണത്?" ആകാംക്ഷയോടെ അനിത കൃഷ്ണമൂർത്തി ചോദിച്ചു. അതേ ആകാംക്ഷയിലായിരുന്നു ജയകുമാറും ഈസയും. "അവനൊരു പെങ്ങളുണ്ട്. അവന്റെ ബാപ്പക്ക് മറ്റൊരു സ്ത്രീയിലുണ്ടായ മകളാണ്. അവളെ അടിമാലിയിലേക്കാണ് കെട്ടിച്ചിരിക്കുന്നത്. ഭർത്താവ് മിലിട്ടറിക്കാരനാണ്. അയാൾ സ്ഥിരമായി സ്ഥലത്തുണ്ടാവാത്തത് കൊണ്ട് അവിടത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അവനാണ്. പെങ്ങളെന്ന് പറഞ്ഞാൽ അവന് ജീവനാണ്. അതുകൊണ്ടുതന്നെ അവൻ എവിടേക്കെങ്കിലും മാറി നിന്നിട്ടുണ്ടെങ്കിൽ അത് അടിമാലിയിലാവാനാണ് സാധ്യത." "ഓ.കെ... ജയകുമാർ, ശാലിയുടെ ഇൻകമിങ് ഔട്ട്ഗോയിങ് കോളുകൾ, മെസേജസ്, സോഷ്യൽ മീഡിയ എല്ലാം നമ്മുടെ നിരീക്ഷണത്തിലായിരിക്കണം. നമ്മൾ ചോദിച്ചതും അവൾ പറഞ്ഞതുമായ കാര്യങ്ങൾ അവളിൽ നിന്നും ഒരു കാരണവശാലും ലീക്കാകാൻ പാടില്ല." അനിത കൃഷ്ണമൂർത്തി കർശനമായി പറഞ്ഞു. "ശരി മാഡം." ജയകുമാർ തല കുലുക്കി. "പിന്നെ.. ഉടൻ അടിമാലിക്ക് തിരിക്കണം. മുബാറക്ക് അവിടെയുണ്ടെങ്കിൽ അവനെ കൈയ്യോടെ പൊക്കണം." "അങ്ങനെയാകാം മാഡം." ജയകുമാറും സംഘവും അപ്പോൾ തന്നെ അടിമാലിയിലേക്ക് പുറപ്പെട്ടു. രണ്ടര മണിക്കൂർ യാത്രക്കൊടുവിൽ സന്ധ്യയോടെയാണ് സംഘം അടിമാലിയിലെത്തിയത്. എല്ലാവരും മഫ്ടിയിലായിരുന്നു. അന്വേഷിച്ച് കണ്ടു പിടിക്കാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും ഒടുക്കം അവർ മുബാറക്കിന്റെ പെങ്ങളുടെ വീട്ടിലേക്ക് എത്തി. പൊലീസ് ജീപ്പ് ദൂരെ മാറ്റിയിട്ട് നടന്നാണ് അവർ പുരയിടത്തിൽ പ്രവേശിച്ചത്. 

കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് ഒരു സ്ത്രീയായിരുന്നു. "മുബാറക്കിന്റെ സഹോദരിയല്ലേ?" ജയകുമാർ ഒരുപാട് അടുപ്പമുള്ള ഒരാളെപ്പോലെ പുഞ്ചിരിയോടെ ചോദിച്ചു. "അതേലോ..." ആ സ്ത്രീ മറുപടി പറഞ്ഞു. "ഞങ്ങൾ കൊച്ചിയിൽ നിന്ന് വരികയാ. മുബാറക്കിന്റെ സുഹൃത്തുക്കളാണ്. ഹൈറേഞ്ചിലൊരു കല്യാണം കൂടിയിട്ടുള്ള വരവാണ്. എന്നാൽ പിന്നെ ഒന്നിവിടെ കയറി മുബാറക്കിനെ കണ്ടിട്ട് പോകാമെന്ന് കരുതി." ജയകുമാറിലെ തന്ത്രജ്ഞൻ ഉണർന്നു. "കയറിയിരിക്ക്.. ഇക്ക അടിവാരത്ത് ജാറത്തിൽ പോയിരിക്കുകയാ. ഇന്നവിടെ നേർച്ചപ്പെരുന്നാളാ. ഞാൻ വരാൻ വിളിച്ചു പറയാം." അവൾ പറഞ്ഞു. "വേണ്ട പെങ്ങളേ, ഞങ്ങൾ അവനെ അവിടെ ചെന്ന് കാണാം." പൊലീസ് സംഘം ആ വീട്ടിൽ നിന്നും ഇറങ്ങി. അവർ അടിവാരത്തേക്ക് ചെന്നു. ജാറത്തിൽ വലിയ ഉത്സവമായിരുന്നു. ആളും ഉച്ചത്തിലുള്ള പ്രാർഥനാ ഗാനങ്ങളും കച്ചവടവുമെല്ലാം പൊടിപൊടിക്കുന്നുണ്ടായിരുന്നു. അവിടെയൊക്കെ കറങ്ങി നടന്ന് ഒടുവിൽ അവർ മുബാറക്കിനെ കണ്ടെത്തുക തന്നെ ചെയ്തു. ചായമക്കാനിയിൽ ഒരു സുലൈമാനിയുടെ സുഖത്തിലിരിക്കുകയായിരുന്ന അയാൾക്കടുത്തേക്ക് ഈസയാണ് ചെന്നത്. മറ്റുള്ളവർ നിശ്ചിത അകലങ്ങളിൽ പലയിടത്തായി നിലയുറപ്പിച്ചിരുന്നു. ഓടിയാൽ പിടിക്കാൻ പാകത്തിന്.ഈസ അയാൾക്കടുത്ത് ചെന്നിരുന്നു. ശേഷം അയാൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു: "മുബാറക്ക്, ഞാൻ പൊലീസുകാരനാണ്. നിനക്ക് ചുറ്റും പൊലീസാണ്. ഞങ്ങൾക്കൊപ്പം അനുസരണയോടെ വന്നാൽ ഒരു സീനൊഴിവാക്കാം. അറ്റ്ലീസ്റ്റ് നിന്നെ പൊലീസ് പിടിച്ച കാര്യം തൽക്കാലം പെങ്ങളും കുടുംബവും അറിയാതെ കഴിക്കുകയെങ്കിലുമാവാം. ഓടാനോ ഞങ്ങളെ ആക്രമിക്കാനോ ആണ് പരിപാടിയെങ്കിൽ ഞങ്ങൾ പൊലീസ് മുറ പുറത്തെടുക്കും. എന്ത് പറയുന്നു?" അയാളുടെ കണ്ണുകളിൽ ഭയം നിറയുന്നത് ഈസ കണ്ടു. "ഞാൻ വരാം സർ." അയാൾ എഴുന്നേറ്റു. ഈസക്കൊപ്പം അയാൾ പൊലീസ് വാഹനത്തിനടുത്തേക്ക് നടന്നു. സംഘത്തിലെ മറ്റുള്ളവർ നിശ്ചിത അകലത്തിൽ അവരെ അനുഗമിച്ചു. "എന്താണ് സാർ ഞാൻ ചെയ്ത കുറ്റം? എന്തിനാണെന്നെ പിടികൂടിയിരിക്കുന്നത് ?" പൊലീസ് വാഹനത്തിലേക്ക് കയറുന്നതിനിടെ മുബാറക്ക് ചോദിച്ചു. "പറയാം. ആലുവയിലെത്തിയിട്ട് നിന്നോടെല്ലാം പറയാം." ജയകുമാർ പറഞ്ഞു. പൊലീസ് വാഹനം അതിവേഗം മുന്നോട്ട് നീങ്ങി.

നാല്

ആലുവാ പൊലീസ് ക്ലബ്ബിന്റെ അകത്തെ മുറിയിലേക്ക് പൊലീസ് സംഘം മുബാറക്കിനെ നയിച്ചു. അവിടെ അനിത കൃഷ്ണമൂർത്തി കാത്തു നിൽക്കുന്നുണ്ടായിരുന്നു. മുബാറക്കിനെ അകത്തു കയറ്റി വാതിലടച്ചതും അനിത കൃഷ്ണമൂർത്തി മുബാറക്കിന്റെ ചെകിട്ടത്തൊരു ഇടി കൊടുത്തു! ആ വനിതാ ഓഫിസറുടെ പഞ്ചിന് അസാധ്യ കരുത്തുണ്ടായിരുന്നു. അതിന്റെ ആഘാതത്തിൽ മുബാറക്ക് നിലവിളിയോടെ നിലം പതിച്ചു. അനിത കൃഷ്ണമൂർത്തി മേശപ്പുറത്തു നിന്നും സർവീസ് റിവോൾവർ എടുത്ത് അയാൾക്ക് നേരെ ചൂണ്ടിക്കൊണ്ട് അലറി: "പറയെടാ.. നിനക്ക് ഹസൻകുട്ടിയുമായി എന്താ ബന്ധം? അയാൾ പറഞ്ഞിട്ടല്ലേ നീ സാജിദയെ കൊന്നത്? അതിന് പ്രതിഫലമായി അയാൾ നിനക്കെന്ത് തന്നു? ഈ നിമിഷം എനിക്ക് മറുപടി കിട്ടണം. ഇല്ലെങ്കിൽ ഞാൻ ട്രിഗർ വലിക്കും." മുബാറക്ക് വിരണ്ടു പോയി! വിറയാർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു: "ഹസൻ കുട്ടി എന്നയാളെ എനിക്കറിയില്ല മാഡം. സാജിദയെ കൊല്ലാനുള്ള പ്ലാൻ എനിക്കുണ്ടായിരുന്നു. അതാർക്കും വേണ്ടിയായിരുന്നില്ല. സത്യമായിട്ടും ആ സ്ത്രീയെ കൊന്നത് ഞാനല്ല." "കൊന്നത് നീയല്ലെങ്കിൽ പിന്നെ ആരാ? കുന്നുമ്പുറത്ത് നിന്നും നീയല്ലേ അവരെ ഇന്നോവയിൽ കയറ്റിക്കൊണ്ടുപോയത്? അതായിരുന്നു അവരുടെ അവസാന യാത്ര. പറയ്... നീ അല്ലെങ്കിൽ പിന്നെ ആര്? നിനക്കൊപ്പമുള്ള അവരുടെ യാത്രയ്ക്ക് എന്ത് സംഭവിച്ചു?" അയാളുടെ മടിക്കുത്തിന് പിടിച്ച് അയാളെ എഴുന്നേൽപ്പിച്ച് ചുമരിലേക്ക് ചാരി നിർത്തിക്കൊണ്ട് അനിത കൃഷ്ണമൂർത്തി ചോദിച്ചു. "വസൂരി സുബൈറും, നൂരിയ എന്ന് പേരുള്ള ഒരു പെണ്ണും ചേർന്നാണ് സാജിദയെ കൊന്നത്...!" പൊലീസുകാർ അമ്പരപ്പോടെ പരസ്പരം നോക്കി. അതുവരെ അന്വേഷണപരിധിയിൽ ഇല്ലാത്ത രണ്ടു പേർ...! വസൂരി സുബൈറെന്ന് കേട്ടപ്പോൾ ജയകുമാറിന്റേയും ഈസയുടേയും തഫ്‌സീയ ഹമീദിന്റെയുമൊക്കെ മുഖത്ത് ഭയത്തിന്റെ അരുണിമ പടരുന്നത് അനിത കൃഷ്ണമൂർത്തി കണ്ടു.

Read also : മരുന്ന് കഴിച്ചതേ ഓർമ്മയുള്ളൂ; പിന്നെ സംഭവിച്ചത് കണ്ട് വീട്ടുകാർ ഞെട്ടി...

"അവിടെയിരിക്ക്." അവർ മുബാറക്കിനെ അവിടെക്കിടന്ന ഒരു സ്റ്റൂളിലേക്കിരുത്തി. കുടിക്കാൻ വെള്ളം നൽകി. റിവോൾവർ മേശപ്പുറത്തേക്കിട്ടു. "പറയ്... ആ രണ്ടു പേരാണ് സാജിദയെ കൊന്നതെന്ന് നിനക്കെങ്ങനെ അറിയാം? നീ കണ്ടോ? വസൂരി സുബൈർ എന്ന ക്രിമിനലുമായി നിനക്കെന്താണ് ബന്ധം? ആരാണ് അയാൾക്കൊപ്പമുള്ള നൂരിയ? നിനക്കെന്താണ് സാജിദയോട് ഇത്ര പക? നീ എന്തിന് അവരെ കൊല്ലാൻ പദ്ധതിയിട്ടു?" അനിത കൃഷ്ണമൂർത്തിയുടെ ഉറച്ച ശബ്ദത്തിലുള്ള ചോദ്യങ്ങളിൽ പൊലീസ് ക്ലബ്ബ് കുലുങ്ങി. "എന്റെ അടിമാലിയിലെ പെങ്ങൾക്ക് ഒരു മകളുണ്ട് മാഡം. റിഹാന. പതിനെട്ട് വയസ്സേ ഉള്ളൂ അവൾക്ക്. പ്ലസ്‌ടു കഴിഞ്ഞപ്പോൾ ഞാൻ അവളെ ആലുവയിലെ സഭയുടെ കോളജിൽ ഡിഗ്രിക്ക് ചേർത്തു. പാതാളം കവലയിലെ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസവും ഏർപ്പാടാക്കി. ഒരിക്കൽ ബസ്റ്റോപ്പിൽ വെച്ച് സാജിദ അവളെ കണ്ടു. പരിചയപ്പെട്ടു. അങ്ങനെ സ്നേഹവും സൗഹൃദവും ഭാവിച്ച് സാജിദ അവളുടെ അടുത്ത് കൂടി. വളരെ വേഗം അവളുടെ വിശ്വാസം നേടിയെടുത്തു. ഒരു ദിവസം സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് അവർ ആ കുട്ടിയെ പുതിയ റോട്ടിലുള്ള ഒരു നാട്ടുപ്രമാണിയുടെ ബംഗ്ലാവിൽ കൊണ്ട് പോയി. കൂട്ടിക്കൊടുപ്പിന്റെ പ്രതിഫലവും വാങ്ങി അവർ പോയപ്പോൾ എന്റെ കൊച്ചിനെ ആ മനുഷ്യനും അയാളുടെ സുഹൃത്തുക്കളും ജോലിക്കാരുമൊക്കെ ചേർന്ന് ദിവസങ്ങളോളം പിച്ചിച്ചീന്തി. ഇന്നും എന്റെ പൊന്നു മോള് അതിന്റെ ട്രോമയിൽ നിന്നും മോചിതയായിട്ടില്ല. നന്നായി പഠിക്കുന്ന ഒരു മോളായിരുന്നു. പക്ഷെ അവളുടെ ഭാവി തകർന്നില്ലേ മാഡം? അവളുടെ ജീവിതം ഇരുട്ടിലായില്ലേ? ആ സംഭവത്തിന് ശേഷം ഞങ്ങളാരും ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല. മനസ്സറിഞ്ഞൊന്ന് ചിരിച്ചിട്ടില്ല. പണം കിട്ടാൻ വേണ്ടി സാജിദ എന്ന സ്ത്രീ ഞങ്ങളെ കുറേ പേരെ നശിപ്പിക്കുകയല്ലേ മാഡം ചെയ്തത്? ആ ഒരു പക എന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഞാനവരെ കൊല്ലാൻ പദ്ധതിയിട്ടു."

"അപ്പോൾ അവളെ നശിപ്പിച്ച ആളുകളോ? അവരെ ആരെയെങ്കിലും ഇതിനകം നീ കൊന്നോ? അല്ലെങ്കിൽ അതിനുള്ള പ്ലാനുണ്ടോ?" "ആ നാട്ടുപ്രമാണി ഈയടുത്ത് അറ്റാക്ക് വന്ന് മരിച്ചു. ബാക്കിയുള്ളവരെ ഞാൻ സ്കെച്ച് ചെയ്തിട്ടുണ്ട്." "തക്കം കിട്ടിയാൽ നീ അവരെ കൊന്ന് തള്ളും. നിനക്ക് നിയമത്തിൽ വിശ്വാസമില്ല എന്ന് മനസ്സിലായി. കോടതിയും ആരാച്ചാരുമൊക്കെ നീ തന്നെ. അല്ലെ?" "അതെ മാഡം." അത് പറയുമ്പോൾ ഒരു സൈക്കോ തിളക്കം അനിത കൃഷ്ണമൂർത്തി അയാളുടെ കണ്ണിൽ കണ്ടു. "ഉം... ബാക്കി പറയ്..." അവർ ശബ്ദമുയർത്തി. "വൈപ്പിനിലെ ഒച്ചാന്തുരുത്ത് ഭാഗത്തെ കാട്ടിൽ വെച്ച് സാജിദയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്താനായിരുന്നു എന്റെ പ്ലാൻ. അതിനായി ആദ്യം വൻതുക ഓഫർ ചെയ്ത് ഒരു ആവശ്യക്കാരനെപ്പോലെ ഞാനവരെ വിളിച്ചു. അടുത്ത ദിവസം തന്നെ കൂടെ വരാം എന്നവർ സമ്മതിച്ചു. അവർ കുന്നുമ്പുറത്ത് വരാമെന്ന് പറഞ്ഞത് പ്രകാരം കൂട്ടുകാരന്റെ ഇന്നോവയും വാങ്ങി ഞാൻ കാത്തു നിന്നു. പറഞ്ഞ സമയത്ത് തന്നെ അവർ വന്നു. ഞാനവരേയും കയറ്റി വണ്ടി വൈപ്പിനിലേക്ക്‌ വിട്ടു. ഗോശ്രീ പാലം കയറുന്നതിന് തൊട്ട് മുൻപ് ഒരാൾ വണ്ടിക്ക് കൈകാണിച്ചു. അത് വസൂരി സുബൈറായിരുന്നു. സുബൈറിനെ ഞാൻ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. അയാൾ കളമശ്ശേരി, ചേരാനല്ലൂർ, പാതാളം, എടയാർ, പാനായിക്കുളം ഭാഗത്തൊക്കെ കുപ്രസിദ്ധനാണ്. എന്നാൽ സാജിദക്ക് അയാളെ പിടികിട്ടിയില്ല എന്ന് തോന്നി. തന്റെ വണ്ടി ബ്രേക്ക് ഡൗണായെന്നും ലിഫ്റ്റ് വേണമെന്നും ഗോശ്രീ പാലമിറങ്ങിച്ചെല്ലുന്ന കവലയിൽ തനിക്കൊരു ബേക്കറിയുണ്ടെന്നും അവിടെയിറങ്ങിക്കൊള്ളാമെന്നും സുബൈർ പറഞ്ഞു." മുബാറക്ക് ഒന്ന് നിർത്തി. അയാൾ അൽപ്പം വെള്ളമെടുത്ത് കുടിച്ചു. "എന്നിട്ട്?" ആകാംക്ഷയോടെയും അക്ഷമയോടെയും അനിത കൃഷ്ണമൂർത്തി ചോദിച്ചു. തുടർന്നുള്ള കാര്യങ്ങൾ മുബാറക്കിന്റെ മസ്തിഷ്‌കത്തിൽ ഒരു ഐരാവതമായ് ചിന്നം വിളിച്ചു. അയാൾ ആ കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞു...

അഞ്ച്

'എവർ ഗ്രീൻ' എന്ന സുബൈറിന്റെ ബേക്കറിക്ക് മുന്നിൽ മുബാറക്ക് ഇന്നോവ ഒതുക്കി. "വാ മുബാറക്കേ ഓരോ ചായ കുടിച്ചിട്ട് പോകാം. എന്റെ ബേക്കറിയിലെ ചായ കിടിലോസ്കിയാണ്." ഡോർ തുറന്ന് പുറത്തേക്കിറങ്ങുന്നതിനിടെ വസൂരി സുബൈർ പറഞ്ഞു. "വേണ്ട സുബൈറേ... ഞങ്ങൾ ഒരിടത്തേക്ക് ഒരാവശ്യത്തിന് പോകുന്ന വഴിയാണ്. അൽപ്പം തിരക്കുണ്ട്." മുബാറക്ക് ഒഴിഞ്ഞു മാറി. "അത് നീ ഫോർമാലിറ്റിക്ക് പറയുന്നതാണ്. ലിഫ്റ്റ് തന്നതിന് പ്രത്യുപകാരമായിട്ടൊന്നുമല്ല കേട്ടോ ഈ ക്ഷണം. പരിചയപ്പെട്ടു വന്നപ്പോൾ നമ്മളൊക്കെ ഒരേ പ്രദേശത്തു നിന്നുള്ളവരാണ്. നാട്ടുകാരാണ്. അതിന്റെ ഒരു സന്തോഷം.അത്രേയുള്ളൂ." സ്നേഹ മസൃണമായ ആ നിർബന്ധത്തിന് വഴങ്ങി ഓരോ ചായ കുടിച്ചിട്ട് പോകാം എന്ന് മുബാറക്ക് തീരുമാനിച്ചു. "വാ ചായ കുടിച്ചിട്ട് പോകാം." അയാൾ സാജിദയോട് പറഞ്ഞു. രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി സുബൈറിനൊപ്പം ബേക്കറിയിലേക്ക് ചെന്നു. അയാൾ രണ്ടുപേരേയും മുകൾ നിലയിലെ ഫാമിലി മുറിയിൽ കൊണ്ടുപോയിരുത്തി. ഒട്ടും വൈകാതെ കപ്പുകളിൽ ചായ വന്നു. സാജിദ ചായ കുടിക്കാൻ തുടങ്ങി. പൊടുന്നനെ സാജിദയുടെ പിറകു വശത്ത് മുറിക്ക് വെളിയിൽ നൂരിയ പ്രത്യക്ഷപ്പെട്ടു. മുബാറക്ക് കപ്പ് ചുണ്ടോടടുപ്പിക്കുകയായിരുന്നു. കുടിക്കരുതെന്ന് നൂരിയ ആംഗ്യം കാട്ടി. സാജിദ ഇത് കാണുന്നില്ല. അവർ ആ വലിയ കപ്പിലെ ചായ മുഴുവൻ കുടിച്ചു തീർത്തു. നൂരിയ മുബാറക്കിനെ കൈകാട്ടി വിളിച്ചു കൊണ്ട് അവിടെ നിന്നും താഴേക്ക് പോയി. "ഞാനിപ്പോൾ വരാം" എന്ന് പറഞ്ഞു കൊണ്ട് മുബാറക്ക് അവൾക്ക് പിന്നാലെ ചെന്നു. അവൾ കൗണ്ടറിന് പിന്നിലെ സുബൈറിന്റെ ഓഫിസിലേക്കാണ് മുബാറക്കിനെ നയിച്ചത്.

"ഇത് നൂരിയ. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്." സുബൈർ അവളെ മുബാറക്കിന് പരിചയപ്പെടുത്തി. "നീ ഇരിക്ക്." അയാൾ കസേരയിലേക്ക് കൈകാണിച്ചു. മുബാറക്ക് ഇരുന്നു. ഓഫിസ് മുറിയുടെ കോണിലുള്ള സോഫയിൽ നൂരിയയും ഇരുന്നു. "വണ്ടിയിൽ വെച്ച് പരിചയപ്പെട്ടപ്പോൾ നീ എന്താ പറഞ്ഞത്, സാജിദ നിന്റെ കസിൻ സിസ്റ്ററാണെന്ന്. അല്ലേ? മുബാറക്കേ, അവർ നമ്മുടെ ഭാഗത്തെ ഒരു പൂമാലയാണെന്ന് എനിക്കറിയാം. നീ ചേരാനല്ലൂരെ വർക്ക് ഷോപ്പിൽ പണിക്ക് നിൽക്കുന്ന മെക്കാനിക്കാണെന്നും അറിയാം. നീയൊക്കെ ആരാണെന്നും എന്താണെന്നും മിനിറ്റുകൾക്കുള്ളിൽ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ നെറ്റ്‌വർക്കിന്റെ ഗുണം. അതുകൊണ്ട് പടച്ചവനോട് കള്ളം പറഞ്ഞാലും എന്നോട് പറയരുത്." സുബൈർ ഒരു സിഗരറ്റിന് തിരി കൊളുത്തി. അയാൾ സിനിമാ സ്റ്റൈലിൽ പുകയൂതി വിട്ടു. ശേഷം പറഞ്ഞു: "സത്യത്തിൽ ഗോശ്രീ പാലത്തിനടുത്ത് വെച്ച് നമ്മൾ കണ്ടു മുട്ടിയത് യാദൃശ്ചികമല്ല. സാജിദയെ ഇവിടെയെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ആ കണ്ടുമുട്ടൽ." മുബാറക്ക് അമ്പരന്നു! എന്തൊക്കെയാണ് സംഭവിക്കുന്നത്?! മുന്നിൽ ഇരിക്കുന്നത് ഒരു കൊടും ക്രിമിനലാണ്. എന്തും ചെയ്യാൻ മടിക്കാത്തവൻ. അതുകൊണ്ടു തന്നെ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നുമൊന്നുമുള്ള ഒരു ധാരണയും അയാൾക്കുണ്ടായിരുന്നില്ല. സുബൈർ തുടർന്നു: "ഞാൻ സാജിദയെ കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. അങ്ങനെ തക്കം പാർത്തിരിക്കുമ്പോഴാണ് അവർ നിനക്കൊപ്പം ഇന്നോവയിൽ കയറിയത് ശ്രദ്ധിച്ചത്. എന്റെ ആളുകൾ നിന്റെ വണ്ടിയെ പിന്തുടർന്നു. ശരിയായ സമയം വന്നു കഴിഞ്ഞെന്ന് ഞാൻ കണക്ക്കൂട്ടി. എന്തിനുള്ള ശരിയായ സമയം എന്നല്ലേ? അവരെ കൊന്നു തള്ളാനുള്ള ശരിയായ സമയം. നീ എന്തിനാണവരെ കൂട്ടിക്കൊണ്ട് പോയതെന്ന് ഞാൻ ചോദിക്കുന്നില്ല. എന്നാൽ ഞാനവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് കൊല്ലാനാണ്." സുബൈർ ഇത് പറയുമ്പോൾ മേലെ കസേര മറിയുന്ന ശബ്ദം കേട്ടു. ഞെട്ടലോടെ മുബാറക്ക് മേലേക്ക് നോക്കി. "കണ്ടോ അവർ വീണു..! വിഷം കലർന്ന ചായ കഴിച്ച് സാജിദ തീർന്നു. നൂരിയ നിന്നോട് ചായ കുടിക്കരുതെന്ന് പറഞ്ഞതെന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? വിഷം കലർന്ന ചായ കുടിച്ചാൽ ആരായാലും മരിച്ചു പോകും." ചിരിയോടെ സുബൈർ പറഞ്ഞു. 

"നീ പേടിക്കേണ്ട. ഇതൊന്നും പുറത്ത് പറയാതിരുന്നാൽ നിന്റെ ജീവിതം സാധാരണ നിലയിലായിരിക്കും. നീ സുരക്ഷിതനും സ്വസ്ഥതയുള്ളവനുമായി ജീവിക്കും." മുബാറക്ക് നൂരിയക്ക് നേരെ വിരൽ ചൂണ്ടിപ്പറഞ്ഞു: "നീ ഈ നൂരിയയെ നോക്ക്.. ഒരു രാത്രി, മഴയത്ത്, ഗുണ്ടകൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ ഒറ്റയ്ക്ക് എന്നെ കാണാൻ വന്നവളാണ് ഇവൾ. ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. സാജിദയെ കൊല്ലണം! അവൾക്ക് വേണ്ടി ഞാനത് ചെയ്ത് കഴിഞ്ഞു. ഈ ഇടപാടിൽ എനിക്കുള്ള പ്രതിഫലം എന്താണെന്നറിയേണ്ടേ. അവളാണ് എന്റെ പ്രതിഫലം. അവളെ അവൾ എനിക്ക് നൽകും. അവൾ എന്റെ ജീവിതസഖിയാകും. ഒരു കല്യാണമൊക്കെ കഴിച്ച്, മാന്യതയുള്ള എന്തെങ്കിലുമൊരു തൊഴിലും ചെയ്ത്, കുടുംബവും പ്രാരാബ്ദവുമൊക്കെയായി ജീവിക്കണമെന്ന് കുറച്ചു നാളായി ഞാൻ ആഗ്രഹിക്കുന്നു. ഇനിയത് നടക്കും." സുബൈർ പറഞ്ഞു കൊണ്ടിരുന്നു. "നൂരിയ എന്തുകൊണ്ടാണ് സാജിദ മരിക്കണമെന്നാഗ്രഹിച്ചത്?" മുബാറക്ക് സ്വയമറിയാതെ ചോദിച്ചു പോയി. "സാജിദക്ക് ഈ നൂരിയയുടെ തൊട്ടയൽപക്കത്ത് ഒരു റിലേറ്റിവ് ഉണ്ട്. അവിടത്തെ സ്ത്രീ വീണ് കിടപ്പിലായപ്പോൾ ആ വീട്ടിലെ കാര്യങ്ങളിൽ സഹായിക്കാനായി സാജിദ ഇടയ്ക്കിടെ അവിടെ വന്ന് പോകുമായിരുന്നു. അങ്ങനെയൊരു ദിവസം ഉച്ചയ്ക്ക് തുണി വിരിക്കാൻ ടെറസിൽ കയറിയ സാജിദ കണ്ടത് തൊട്ടപ്പുറത്തെ നൂരിയയുടെ വീടിന്റെ പിന്നിലെ ചായ്പ്പിലെ അവളുടെയും അവളുടെ കാമുകന്റെയും സ്വകാര്യ നിമിഷങ്ങളാണ്. സാജിദ അത് മുഴുവൻ മൊബൈൽ ക്യാമറയിൽ പകർത്തി. എന്നിട്ട് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ തുടങ്ങി. ഉള്ളതെല്ലാം പണയപ്പെടുത്തിയും കടം വാങ്ങിയും പത്ത് ലക്ഷത്തോളം രൂപ നൂരിയ സാജിദക്ക് നൽകി. പിന്നെയും കൂടുതൽ പണമാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതോടെ ആ ശല്യത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ നൂരിയ തീരുമാനിച്ചു. സാജിദയുടെ ഭീഷണി വരാൻ തുടങ്ങിയതോടെ പിന്തിരിഞ്ഞോടിയ കാമുകനെ അവൾ തന്റെ മനസ്സിൽ നിന്നും കുടിയിറക്കിക്കഴിഞ്ഞു. ഇനിയവിടെ എനിക്കാണ് ഇരിപ്പിടം." സൗമ്യനായ ഒരു മധ്യവയസ്ക്കൻ മാത്രമായിരുന്നു ഇത് പറയുമ്പോൾ സുബൈർ. അയാളുടെ മുഖത്തോ ശരീരഭാഷയിലോ ക്രിമിനലിസത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല. "നൂരിയ വന്നാൽ നിങ്ങളുടെ ജീവിതം നന്നാവും...!" മുബാറക്ക് ഒരു ആശംസ എന്ന പോലെ പറഞ്ഞു.

ആറ്   

"ഇതാണ് മാഡം നടന്നത്. ഒന്നും സംഭവിക്കില്ലെന്ന് സുബൈർ പറഞ്ഞെങ്കിലും എനിക്ക് ഒരു ഭയമുണ്ടായിരുന്നു. അവൻ ഒറ്റുമെന്ന ഭയം തന്നെയായിരുന്നു. അതുകൊണ്ട് കുറച്ചു നാൾ ഇവിടെ നിന്നൊന്ന് മാറി നിൽക്കാമെന്ന് കരുതി. അടിമാലിയിലെ പെങ്ങളുടെ വീട് ഒളിക്കാൻ പറ്റിയ താവളമാണെന്ന കണക്കുകൂട്ടലിൽ അവിടേക്ക് പോവുകയായിരുന്നു." മുബാറക്ക് പറഞ്ഞു. "ഉം.. ജയകുമാർ, ഇവന്റെ അറസ്റ്റ് രേഖപ്പെടുത്തണം. ഇവൻ പറഞ്ഞതെല്ലാം സത്യമാണോ എന്ന് വെരിഫൈ ചെയ്യണം. കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർനടപടികൾ എടുക്കണം. ഇവന്റെ കൊലപാതക ദാഹവും, നിയമം കൈയ്യിലെടുക്കാനുള്ള ടെൻഡൻസിയും റിപ്പോർട്ടിൽ ഹൈലൈറ്റ് ചെയ്യണം." അനിത കൃഷ്ണമൂർത്തി നിർദേശം നൽകി. "ശരി മാഡം." ജയകുമാർ തലയാട്ടി. "മാഡം, ഞാൻ വഴിയാണ് നിങ്ങൾ സുബൈറിലേക്കെത്തിയതെന്ന് അവൻ മനസ്സിലാക്കിയാൽ അവൻ എന്നെ തീർക്കും. അതിലെനിക്ക് പ്രശ്നമില്ല. പക്ഷെ അവൻ അടിമാലിയിലെ എന്റെ പെങ്ങളെയും കുടുംബത്തെയും ഉപദ്രവിച്ചാൽ അത് വലിയ കഷ്ടമാകും." മുബാറക്ക് നിസ്സഹായതയോടെ പറഞ്ഞു. "അവൻ നിന്നെയും ഒന്നും ചെയ്യില്ല. നിന്റെ പെങ്ങളുൾപ്പെട്ട കുടുംബത്തെയും ഒന്നും ചെയ്യില്ല." അനിത കൃഷ്ണമൂർത്തി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഈസയും ഏതാനും സി.പി.ഓമാരും ചേർന്ന് മുബാറക്കിനെ അവിടെ നിന്നും കൊണ്ട് പോയി. മുബാറക്കിന്റെ മൊഴിയിലെ സത്യാവസ്ഥ സ്ഥിരീകരിക്കാനുള്ള അന്വേഷണം ജയകുമാറും സംഘവും ഊർജ്ജിതപ്പെടുത്തി. അടുത്ത ദിവസം അവർ മഫ്ടിയിൽ നൂരിയയുടെ ഉദ്യോഗമണ്ഡലിലെ വീട്ടിൽ ചെന്നു. അവർ ചെല്ലുമ്പോൾ അവിടെ നൂരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥർ വളരെ കർശനമായിത്തന്നെ അവളെ ചോദ്യം ചെയ്തു. നടന്നതെല്ലാം അവൾക്ക് തുറന്ന് പറയേണ്ടിയും വന്നു. സി.പി.ഓ ലതയുടെ കൈക്കരുത്ത് രണ്ട് മൂന്ന് വട്ടം അവളുടെ പുറത്ത് പതിഞ്ഞു. നൂരിയയുടെ മൊഴി നൂറ് ശതമാനം മുബാറക്കിന്റെ മൊഴിയുമായി ചേർന്ന് നിൽക്കുന്നതായിരുന്നു. ഇതറിഞ്ഞയുടൻ അനിത കൃഷ്ണമൂർത്തി നൂരിയയുടെ വീട്ടിലെത്തി. 

വസൂരി സുബൈറിനെ വലയിലാക്കാനുള്ള തന്ത്രവുമായിട്ടായിരുന്നു അവരുടെ വരവ്. അവർ നൂരിയയോട് പറഞ്ഞു: "നീ ഇപ്പോൾ നിന്റെ ഫോണിൽ നിന്നും സുബൈറിനെ വിളിക്കണം. എന്ന് പറഞ്ഞാൽ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ എപ്പോഴുമെങ്ങനെയാണോ ആ വിധത്തിൽ. ഹ്രസ്വമായ ഇപ്പോഴത്തെ സംഭാഷണം അവനെ ഇവിടേക്ക് ക്ഷണിച്ചു കൊണ്ടാണ് അവസാനിപ്പിക്കേണ്ടത്. മധുരിതമായി നീ വിളിച്ചാൽ തീർച്ചയായും അവൻ വരും. പരിചാരകരും പരിവാരവുമില്ലാതെ വരും. തോക്കും കുറുവടിയുമില്ലാതെ വരും. അവന്റെ കോളനിയിൽ കയറി അവനെ പിടിക്കാൻ ഞങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. ഞങ്ങൾ നോക്കിയിട്ട് ഇതേ ഒരു മാർഗമുള്ളൂ. മറ്റു വഴികളില്ല. ഞങ്ങളെ അനുസരിക്കുകയല്ലാതെ നിനക്ക് മുന്നിലും മറ്റ് വഴികളില്ല." ഗത്യന്തരമില്ലാതെ നൂരിയ ഫോണെടുത്ത് സുബൈറിനെ വിളിച്ചു. നിസ്സഹായതയോടെ അവൾ തേങ്ങി. അതുകണ്ട് അനിത കൃഷ്ണമൂർത്തി കണ്ണുരുട്ടി. സാഹചര്യത്തിന്റെ കാർമേഘം ശബ്ദത്തിൽ പ്രതിഫലിക്കരുതെന്നായിരുന്നു അതിന്റെ അർഥം. ഉള്ളിൽ കരഞ്ഞു കൊണ്ട് നൂരിയ സുബൈറുമായി സംസാരിച്ചു. അയാൾ വരരുതേ എന്ന് പ്രാർഥിച്ചു കൊണ്ട് അവൾ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു. ചതിയറിയാതെ, കാമുകീ സമക്ഷമണയാൻ സന്തോഷത്തോടെ, അനുരാഗത്തിന്റെ മധുപാത്രം തുള്ളിത്തുളുമ്പുന്ന ഹൃദയവുമായി തന്റെ കാറിൽ അയാൾ നൂരിയയുടെ വീട്ടിലെത്തി. അയാൾ കാർ മുറ്റത്ത് നിർത്തി ഉമ്മറത്തേക്കുള്ള പടികൾ ഓടിക്കയറി. "നൂരിയ മോളേ..." അയാൾ പുന്നാരിച്ചു വിളിച്ചു. വീടിന്റെ വാതിലുകൾ തുറക്കപ്പെട്ടു. നൂരിയ പ്രത്യക്ഷപ്പെട്ടു. സുബൈർ വീടിനകത്തേക്ക് കയറി. അതോടെ നാലുപാടു നിന്നും പൊലീസ് ഉദ്യോഗസ്ഥർ അയാൾക്ക് നേരെ ചാടി വീണു. അതിലൊരാൾ വാതിലടച്ച് കുറ്റിയിട്ട് നൂരിയയെ കെട്ടിയിട്ടു. അപ്രതീക്ഷിതമായ ആക്രമണത്തിൽ സുബൈറിന്റെ അടിതെറ്റി. അയാൾ നിലംപതിച്ചു. ഏകനും നിരായുധനുമായി നിലത്തു വീണു കിടക്കുന്ന അയാളെ പൊലീസുകാർ വളഞ്ഞിട്ടാക്രമിച്ചു. ക്രൂരമായ മർദ്ദനം കണ്ട് നൂരിയ പൊട്ടിക്കരഞ്ഞു. സുബൈർ ചോര തുപ്പും വരെ പൊലീസ് അയാളെ തല്ലിച്ചതച്ചു. അവർക്ക് പലർക്കും പഴയ പല കണക്കുകളും തീർക്കാനുണ്ടായിരുന്നു.

ഉദ്യോഗസ്ഥർ സുബൈറിനെയും നൂരിയയെയും വിലങ്ങ് വെച്ചു. അനിത കൃഷ്ണമൂർത്തി സുബൈറിനെ നോക്കിപ്പറഞ്ഞു: "നീ കൊന്നത് നിന്നേക്കാൾ വലിയ ക്രിമിനലായ ഒരു സ്ത്രീയെയാണ്. സമൂഹത്തിലെ ശല്യക്കാരിയെയാണ്. സ്വന്തം പെൺകുട്ടികളെ കൂട്ടിക്കൊടുക്കുന്നതിന് മുമ്പ് നീ അവരെ തീർത്തത് ഏതായാലും നന്നായി. അക്കാര്യത്തിൽ നീ പ്രശംസ അർഹിക്കുന്നു. പക്ഷെ എന്ത് ചെയ്യാം സുബൈർ? നിയമത്തിന് മുന്നിൽ നീ കുറ്റവാളിയാണ്. നിയമപാലകരായ ഞങ്ങൾക്ക് നിന്നെ അറസ്റ്റ് ചെയ്തേ മതിയാകൂ. എല്ലാം അവസാനിപ്പിച്ച് ഈ പെൺകുട്ടിക്കൊപ്പം ഒരു പുതിയ തുടക്കം സ്വപ്നം കണ്ട നിന്നെ തുറങ്കിലടക്കേണ്ടി വരുമെന്നതിൽ എനിക്ക് ഖേദമുണ്ട്. എന്നാൽ ഞാൻ ചെയ്യുന്നത് എന്റെ ഡ്യൂട്ടിയാണ്." സി.പി.ഓ ലത വാതിൽ തുറന്നു. അനിത കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സുബൈറിനെയും നൂരിയയെയും പൊലീസ് വാഹനത്തിൽ കയറ്റി. സുബൈറും നൂരിയയും പരസ്പരം നോക്കി. രണ്ടുപേരുടെയും കണ്ണുകളിൽ നിന്നും കണ്ണീർ കണങ്ങൾ അടർന്നു വീണു.

Content Summary: Malayalam Short Story ' Binanipurathe Jadam 2 ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com