ADVERTISEMENT

'ആയിരം പ്രബന്ധങ്ങൾ വായിച്ചാലും അതിന്റെ തണുപ്പ് ‌അനുഭവിക്കാനാവില്ല. അത് അറിയണമെങ്കിൽ ഒരു ചാറ്റൽ മഴയെങ്കിലും നനയണം. 'തണുപ്പ്' എന്ന പദത്തിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും, തീവ്രമായ അനുഭവങ്ങളുടെ ചൂട് ജനിപ്പിക്കുന്നതാണ് ഈ വാചകം. ഇങ്ങനെ തീവ്രമായ കുറെ അനുഭവങ്ങൾ എന്റെ  ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു പത്തു വർഷം മുന്നേ നടന്ന ഒരു അനുഭവത്തിന്റെ ഓളങ്ങൾ ആണിത്.

അന്ന് ഞാൻ അഴൂരമ്പലത്തിനു മുന്നിലുള്ള ആലിന്റെ ചുവട്ടിൽ, നാട്ടിലെ ചില കൂട്ടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സജിലിന്റെ ഫോൺ വന്നത്, "എടാ നീ പാസ്സായി; ഫസ്റ്റ് ക്ലാസ്സുണ്ട്". സജിലിന്റെ അമ്മ കേരള യൂണിവേഴ്സിറ്റിയിലാണ് ജോലി ചെയ്തിരുന്നത്. കുറച്ചു ദിവസം മുന്നെയാണ് റജിസ്റ്റർ നമ്പർ സജിലിനെ വിളിച്ചു കൊടുത്തത്. സാധാരണ റിസൾട്ടും മാർക്കുമെല്ലാം അവനാണ് വിളിച്ചു പറയുന്നത്. സന്തോഷം ഉള്ളിൽ ഉറഞ്ഞു തുള്ളി. ആൽത്തറയിൽ പാഞ്ഞു കയറി ഞാൻ, 'യ്യാാാ .. ഹൂൂൂ' എന്ന്‌ വിളിച്ചു കൂവി. അവസാന വർഷ എം ബി ബി എസ്സ് ഞാൻ പാസ്സായിരിക്കുന്നു; അതും ഫസ്റ്റ് ക്ലാസ്സിൽ. ഒരുപാട് വർഷത്തെ പഠന സാഫല്യം. ഇന്നു മുതൽ പേരിനു മുന്നിൽ ഒരു വാക്ക് കടന്നു വരുന്നു. 'ഡോക്ടർ; ഡോക്ടർ പ്രശാന്ത് ജെ. എസ്സ്‌.' സേവനത്തിന്റെയും ദൈന്യതയുടെയും ആതുര സേവന രംഗത്തേക്ക് എനിക്ക് സ്വാഗതം. ഞാൻ കൂട്ടുകാരോട് യാത്ര പറഞ്ഞ്, അത്യധികം സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തി. അമ്മയെ പൊക്കിയെടുത്ത് സന്തോഷം പ്രകടിപ്പിച്ചു. അമ്മ കരഞ്ഞു;പാവം അമ്മ. കുറച്ചു കഴിഞ്ഞപ്പോൾ അർജുൻ വിളിച്ചു. നാളെത്തന്നെ ഹോസ്റ്റലിൽ എത്തണം. നമ്മുടെ സീനിയർ ബാച്ച് ഇറങ്ങുകയാണ്. ഡോക്ടർമാരുടെ ആവശ്യം ഉണ്ട്. ഹൗസ് സർജൻസി ഉടനെ തന്നെ തുടങ്ങേണ്ടതുണ്ട്. അത്രയും നേരം സന്തോഷിച്ചിരുന്ന ഞാൻ പെട്ടെന്ന് വിഷമസന്ധിയിലായി. അനിയന്റെ ഫീസ് കൊടുക്കേണ്ടതിനാലും പ്രവാസിയായ അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാലും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു നമ്മളുടേത്. ഭക്ഷണം ഉണ്ടാക്കുന്നത് വരെ ലുബ്‌ധിച്ചിരുന്ന ഒരു സമയം. ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്, ബേബിച്ചന്റെ കടയിലെ പറ്റ് എന്നിവ ഡമോക്ലസിന്റെ വാൾ പോലെ എന്റെ മുകളിൽ തൂങ്ങിക്കിടന്നു. 

Read also: അമ്മയുടെ നരകജീവിതം അവസാനിപ്പിക്കാനായി ചെയ്തത്, ലഭിച്ചത് ജയിൽ ജീവിതം...

ഹോസ്റ്റൽ ഉടൻ ഒഴിയേണ്ടതുണ്ട്. ഹോസ്റ്റലിൽ നിന്നും മെസ്സിൽ നിന്നും നോ ഡ്യൂസ് വാങ്ങിയാലേ ഹൗസ് സർജൻസി ക്വാർട്ടേഴ്സിൽ അഡ്മിഷൻ കിട്ടുകയുള്ളൂ. കണക്കുകളുടെ ഭണ്ഡാരം അഴിച്ചപ്പോൾ അമ്മയ്ക്ക് ആകെ വിഷമമായി. എന്റെ അടുത്ത് വന്ന്, 'എങ്ങനെയെങ്കിലും ശരിയാക്കാ'മെന്ന് അമ്മ പറഞ്ഞു. പിറ്റേ ദിവസം മൂന്നരയുടെ ഷട്ടിലിൽ ആണ്‌ എനിക്ക് ആലപ്പുഴയ്ക്ക് യാത്ര തിരിക്കേണ്ടത്. കൊല്ലത്തിറങ്ങി അവിടെ നിന്ന് ഇന്റർസിറ്റിയിൽ യാത്ര ചെയ്താണ് ആലപ്പുഴ എത്തേണ്ടത്. ഇറങ്ങുന്നതിനു കുറച്ചു മുന്നേ അമ്മ എവിടെ നിന്നോ കടം വാങ്ങിയ കുറച്ചു നോട്ടുകൾ എന്റെ പോക്കറ്റിൽ വച്ചു തന്നു. "1500 രൂപയുണ്ട്. തൽക്കാലം നീയിത് പിടിക്കൂ. ബാക്കി എവിടെ നിന്നെങ്കിലും ഒപ്പിച്ച് അയച്ചു തരാം." ഇതിനു മുന്നേ പല സന്ദർഭങ്ങളിലും ഫീസ് അടയ്ക്കാനും വിനോദയാത്രയ്ക്ക് പോകാനും അക്കങ്ങളോട് മത്സരിച്ച് ജയിക്കാനാകാത്ത നോട്ടുകൾ പോക്കറ്റിലേക്ക് അമ്മ വെച്ച് തന്നിട്ടുണ്ടെങ്കിലും മുൻപെങ്ങും തോന്നാത്ത ഒരു വിഷമം എനിക്കപ്പോൾ അനുഭവപ്പെട്ടു. ട്രെയിനിൽ ഇരിക്കുമ്പോഴൊക്കെ കണക്കിന്റെ ഒരു വലിയ പുസ്തകം എന്റെ മുന്നിൽ തുറന്നു വന്നു. മെസ്സ് ഫീസ് 800, ഹോസ്റ്റൽ ഫീസ് 500, ബേബിച്ചന്റെ കടയിൽ കൊടുക്കേണ്ടത് 400. തൽക്കാലം ബേബിച്ചന്റെ അടുത്ത് കുറച്ചു കടം പറയാം. അങ്ങനെ കൂട്ടിയും കിഴിച്ചും അമ്പലപ്പുഴയിലിറങ്ങി. ഹോസ്റ്റലിൽ എത്തിയപ്പോൾ കൂട്ടുകാരെല്ലാം ആഘോഷത്തിന്റെ കമ്പിത്തിരി കൊളുത്തുന്ന തിരക്കിലായിരുന്നു. ഹൗസ് സർജൻസി മറ്റന്നാൾ തുടങ്ങുകയാണ്. എല്ലാവരും  ആദ്യമായി ഡോക്ടർ വേഷം അണിയുന്നതിന്റെ ആവേശത്തിലാണ്. ഞാൻ പുറത്ത് പോയി സോഡിയം ലാമ്പിന്റെ മഞ്ഞവെളിച്ചത്തിൽ ഒറ്റയ്ക്കിരുന്നു.

Read also: പോകുന്നയിടത്തെല്ലാം അയാൾ ഫോളോ ചെയ്യുന്നു..

പിറ്റേ ദിവസം പൈസയെല്ലാം വീതിച്ച് കൊടുത്ത് നോ ഡ്യൂസും വാങ്ങി ഹൗസ് സർജൻസി കൊട്ടേജിൽ റൂം തരമാക്കി. സാധനം ഷിഫ്റ്റ്‌ ചെയ്യാൻ 200 രൂപയോളമായി.  കഴിഞ്ഞ അഞ്ചുവർഷം എന്റെ കൂടെയുണ്ടായിരുന്ന സഹമുറിയനായ അർജുൻ കാശു കൊടുത്തതിനാൽ തൽക്കാലം രക്ഷപ്പെട്ടു. ഹൗസ് സർജൻസി കൊട്ടേഴ്സിലും അർജുനാണ് എന്റെ മുറി പങ്കിടേണ്ടത്. രാത്രിയായപ്പോൾ താൻ മനഃപ്പൂർവം മറന്ന ഒരാൾ ബഹളമുണ്ടാക്കി തുടങ്ങി. ഇന്നലെ രാത്രി ആരോ കൊണ്ടുവന്ന ഒരുണ്ണിയപ്പം കഴിച്ചതാണ്. അതിനു ശേഷം ഇന്നു ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം കുടിച്ചതല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. അർജുൻ ടൗണിൽ സിനിമയ്ക്ക് പോയി. വല്ലാത്ത വിശപ്പുണ്ട്. കൈയ്യിൽ പൈസയില്ലായെന്നുള്ളത് വിശപ്പിന്റെ കാഠിന്യം കൂട്ടി. അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. റൂം വൃത്തിയാക്കിയപ്പോൾ കുറച്ചു  നാണയത്തുട്ടുകൾ കിട്ടിയിരുന്നു. അത് ഒരു ഗ്ലാസിലിട്ട് ഞാൻ കവറിലിട്ടത് ഓർമയുണ്ട്. ഉടനെതന്നെ ഞാൻ ആ കവറിനെ ലക്ഷ്യമാക്കി നടന്നു. നോക്കിയപ്പോൾ പത്തു രൂപയുണ്ട്. അതിൽ നിന്ന് ആ പൈസയെടുത്ത് താഴേക്കിറങ്ങി. കുട്ടികളുടെ വിഭാഗത്തിന് മുന്നിൽ ഉണ്ടായിരുന്ന ടീ ഷോപ്പിൽ പോയി ഒരു ചായ കുടിച്ചു. 5 രൂപ. അതു കഴിഞ്ഞ് പതുക്കെ ലിഫ്റ്റ് ഉണ്ടോയെന്ന് നോക്കി. എന്റെ നിർഭാഗ്യമെന്നു പറയെട്ടെ, ലിഫ്റ്റ് പ്രവർത്തനക്ഷമമായിരുന്നില്ല. വളരെയധികം ആയാസപ്പെട്ട് ഞാൻ റൂമിലെത്തി. പതുക്കെ കണ്ണുകളടഞ്ഞു.

Read also: ഒന്നിച്ചു പഠിച്ച കൂട്ടുകാരനാണ്, ഇന്ന് കടത്തിണ്ണയിൽ കിടന്നുറങ്ങുന്നത്...

പിറ്റേ ദിവസം എനിക്ക് പോസ്റ്റിങ്ങിനു പോവേണ്ടത് ശ്വാസ രോഗ വിഭാഗത്തിലേക്ക് ആയിരുന്നു. അപ്പോഴാണ് ആരോ പറഞ്ഞത്, 'മാഡം റൗണ്ട്സ് എടുത്തു കഴിഞ്ഞാൽ നമ്മളെയും കൊണ്ട് ചായ കുടിക്കാൻ പോകും. മിൽമയിലാണ് ചായ കുടിക്കാൻ പോകുന്നത്.' നല്ല ചൂടൻ സമൂസയുടെയും പഴം പൊരിയുടെയും ചായയുടെയും കാര്യം ഓർത്തപ്പോൾ എന്റെ നാവിൽ വെള്ളമൂറി. വിശപ്പിന്റെ കൊതി. ആ പ്രതീക്ഷയിൽ രാവിലെ തന്നെ ഞാൻ കുളിച്ചൊരുങ്ങി ശ്വാസ രോഗ വിഭാഗത്തിന്റെ വാർഡിലേക്ക് പോയി. കേസ് ഷീറ്റിൽ നോട്ട്സ് എല്ലാം എഴുതി വെച്ചു. രക്തം പരിശോധിക്കുന്നതിനു തയാറെടുപ്പുകൾ നടത്തി. മാഡത്തിനു വേണ്ടി കാത്തിരുന്നു. മാഡം പത്തു മണിയായപ്പോൾ റൗണ്ട്സിനു വേണ്ടി വാർഡിൽ എത്തിച്ചേർന്നു. റൗണ്ട്സ് കഴിഞ്ഞ് കൊറിഡോറിൽ എത്തിയപ്പോൾ വളരെ പ്രതീക്ഷയോടു കൂടി ഞാൻ മാഡത്തിന്റെ മുഖത്തേക്ക് നോക്കി. സുന്ദരമായ ആ വദനം അപ്പോൾ ഇങ്ങനെ മൊഴിഞ്ഞു, "പ്രശാന്ത്, ഞാൻ ഒരു ഫ്രൂട്ടി കൊണ്ടുവന്നിട്ടുണ്ട്. ഞാൻ അത് കുടിച്ചോളാം. പ്രശാന്ത് പോയി ചായ കുടിച്ചിട്ട് വരൂ." ഇടിത്തീ വെട്ടിയ പോലെയാണ് ആ വാക്കുകൾ എന്റെ നെഞ്ചിലേക്ക് പതിച്ചത്. 

വീണ്ടും വിശപ്പ്! ഞാൻ എങ്ങനെയൊക്കെയോ നടന്ന് റൂമിലെത്തി. കതകടച്ച് കണ്ണുമടച്ചങ്ങനെ കിടന്നു. അപ്പോഴാണ് ജൂനിയർ ബാച്ചിലെ ജയകൃഷ്ണൻ എന്റെ ഫോണിലേക്ക് വിളിച്ചത്. "ചേട്ടാ, ചേട്ടനെവിടെയാ? ഞാൻ തന്ന എന്റെ പീഡിയാട്രിക്സിന്റെ പുസ്തകം എനിക്കു തരാവോ? ഞാൻ താഴെ വെയിറ്റ് ചെയ്യാം. എനിക്ക് ഹൗസ് സർജൻസി കൊട്ടേഴ്സിന്റെ മേളിലോട്ട് കേറി വരാൻ അറിയില്ല. വേഗം ഒന്ന് കൊണ്ടു തരാവോ. എനിക്ക് നാളെ എക്സാമുണ്ട്." ഞാൻ പതുക്കെ ടെക്സ്റ്റ് ബുക്കുമെടുത്ത് താഴേക്കിറങ്ങി. മുകളിലേക്ക് കേറുന്ന അവസ്ഥ ആലോചിച്ചപ്പോൾ എന്റെ കാലുകൾ കുഴയുന്ന പോലെ തോന്നി. പക്ഷേ ഒരാപത്ഘട്ടത്തിൽ  പുസ്തകം തന്ന് സഹായിച്ചവനാണ്. അവനിതു തിരിച്ചു കൊടുക്കണം. അങ്ങനെ അതും കൊടുത്ത് കഷ്ടപ്പെട്ട് മുകളിലേക്ക് കയറി. അപ്പോൾ എന്റെ ഊർജ്ജമെല്ലാം നശിച്ചിരുന്നു. റൂമിൽ കേറി കതകടച്ച്  കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ റൂമിൽ നല്ല മണം. എഴുന്നേറ്റു നോക്കിയപ്പോൾ ഒരു പൊതിച്ചോർ മേശയുടെ മുകളിൽ വെച്ചിരിക്കുന്നു. മെഡിസിനിൽ ഹൗസ് സർജൻസി തുടങ്ങിയ അർജുന്റേതാണ് ചോറ്. ഇവിടെ സ്ഥിരമായി ചോറ് കൊണ്ടുവരുന്ന 'ഗീതു' എന്ന പെൺകുട്ടി ആയിരിക്കണം ചോറ് കൊണ്ടുവന്നത്. അവൻ അതിനുള്ള അഡ്വാൻസ് കൊടുത്തുവെന്ന് ഇന്നലെ എന്നോട് പറഞ്ഞിരുന്നു. 

ഹൗസ് സർജൻസിയിൽ മെഡിസിൻ വളരെ തിരക്കേറിയ പോസ്റ്റിംഗ് ആണ്. അൽപ സമയം ഒന്ന് റൂമിൽ വന്നു പോകാനുള്ള സമയമേ കിട്ടാറുള്ളൂ. നല്ല മീൻ കറിയുടെയും മോരുകറിയുടെയും മണം. അവൻ പാവം തിരക്ക് പിടിച്ചു കഴിക്കാൻ വരുമ്പോൾ... അതുവേണ്ട.. ഞാൻ വീണ്ടും കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അർജുൻ വന്നു. അവൻ ഊണ് കഴിക്കുകയാണ്. ആ ഒരു രംഗം എങ്ങനെ നിങ്ങളോട് പറഞ്ഞു മനസ്സിലാക്കണം എന്ന്‌ എനിക്കറിയില്ല. തൊണ്ട മുതൽ വയറു വരെ ചെറുതായി വേദനിച്ചു തുടങ്ങി. വായുവിന്റെ അതിസമ്മർദ്ദമാവണം. അസിഡിറ്റിയും. അപ്പോഴാണ് അപ്പുറത്ത് കിടന്ന പത്രം ഞാൻ കണ്ടത്. അതിൽ 'ഭരത് ഗോപി'യുടെ മരണത്തെക്കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നു. ആ ലേഖനത്തിൽ ഉണ്ടായിരുന്ന ഒരു ഭാഗം ഇങ്ങനെയാണ്, 'ഭരത് ഗോപി ആദ്യമായി നാടകത്തിൽ അഭിനയിച്ച സമയം. അപ്പോൾ അയാൾക്ക്‌ അഭിനയിക്കേണ്ടിയിരുന്ന രംഗം, തന്റെ ഭാര്യ ദൂരെയെങ്ങോ തീവണ്ടി കയറി മരിക്കുന്നത് കണ്ടു നിൽക്കുന്ന ഭർത്താവിന്റേതായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഈ നാടകത്തെക്കുറിച്ച്‌ ഒരു പ്രശസ്തനായ നിരൂപകൻ ഇങ്ങനെ എഴുതി. 'ഈ നാടകത്തിന്റെ അവസാന രംഗത്തിൽ തന്റെ ഭാര്യ തീവണ്ടി കയറി മരിക്കുന്ന രംഗം അഭിനയിച്ചു കാണിച്ച ആ യുവാവുണ്ടല്ലോ, അദ്ദേഹം നാളെ മലയാള സിനിമാ രംഗത്ത് ഏതൊക്കെ തലങ്ങളിൽ എത്തിച്ചേരുമെന്ന് എനിക്ക് ഇന്നു പറയാൻ സാധിക്കുകയില്ല.' മഹാനായ ഒരു കലാകാരന്റെ ആദ്യത്തെ ചുവടുവെയ്പിന് കിട്ടിയ അംഗീകാരം. അതു വായിച്ചപ്പോൾ എന്റെ വിശപ്പടങ്ങുന്നത് പോലെ തോന്നി. അക്ഷരങ്ങൾക്ക് വിശപ്പടക്കാൻ കഴിവുണ്ടെന്ന് ആദ്യമായി എനിക്ക് മനസ്സിലായ നിമിഷം.

സമയം സന്ധ്യയായിരിക്കുന്നു. കട്ടിലിൽ നിന്നു പോലും എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥ. അത്രയും ഞാൻ ക്ഷീണിതനായിരിക്കുന്നു. അർജുൻ അപ്പോൾ അവിടേക്ക് വന്നു. എന്റെ അഭിമാനം അവനോട് കാശ് കടം വാങ്ങുന്നതിൽ നിന്നും വിലക്കി. മുൻപ് പലപ്പോഴും വാങ്ങിച്ചിട്ടുണ്ടെങ്കിലും, ഇന്ന് ഞാനിപ്പോഴൊരു ഡോക്ടറാണ്. നമ്മുടെ കൈയ്യിൽ പൈസ ഒട്ടും ഇല്ലാത്തപ്പോഴാണ് നമുക്ക് ഇങ്ങനെയുള്ള സ്വാഭിമാനം കൂടുതൽ തോന്നുന്നതെന്ന് എനിക്ക് തോന്നി. എന്തായാലും ഇനിയും പട്ടിണി കിടന്നാൽ ഞാൻ മരിച്ചു പോകും. ഞാൻ അർജുനോട്‌ ചോദിച്ചു, "അർജുൻ ഒരു പത്തു രൂപയുണ്ടോ?" അർജുൻ ഉടനെ പേഴ്സിൽ നിന്നും പത്തു രൂപ എടുത്തു തന്നു. ഞാൻ ആ പത്തു രൂപയുമായി താഴേക്കോടി. ഓടിക്കോണ്ടിരിക്കുമ്പോൾ എതിരെ വന്ന മെഡിസിൻ പിജി ചേട്ടൻ പറഞ്ഞു, "എന്താടാ എവിടേക്കാ പാഞ്ഞു പോവുന്നെ?" ഞാൻ പറഞ്ഞു "ചേട്ടാ കഴിക്കാൻ പോവാ." "ഓ, നീരജ് ഹോട്ടലിലെക്കാണോ?" "അതെ ചേട്ടാ.." "അങ്ങോട്ട്‌ പോവണ്ട; അവിടെ ഫുൾ ടൈഫോയിടും ഡയേറിയയുമാ." ഞാൻ ഒന്നു ചിരിച്ച ശേഷം താഴേക്കു വീണ്ടും ഓടി. 'ഏതു ടൈഫോയിട് ബാക്ടീരിയ ആയാലും എന്റെ വയറിന്റെ ആസിഡിൽ ദ്രവിച്ച്‌ പോവുകയേ ഉള്ളു', എന്ന് ഞാൻ ഓർത്തു. 

'നീരജ്' ഹോട്ടൽ വളരെ ചെറിയ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാരമുണ്ടാക്കുന്ന ഒരു ഹോട്ടലാണ്. പക്ഷേ അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത, വില വളരെ കുറവ് എന്നതായിരുന്നു. ഞാൻ ഹോട്ടലിൽ എത്തി ചോറും മീൻ കറിയും ഓർഡർ ചെയ്തു. ഏകദേശം പകുതി കഴിച്ചപ്പോൾ എനിക്കെന്റെ ജീവൻ തിരിച്ചു കിട്ടി. അപ്പോഴാണ് മനസ്സിലായത് എന്റെ പോക്കറ്റിൽ ആകെ പതിനഞ്ചു രൂപയെ ഉള്ളൂ. അർജുൻ തന്ന പത്തു രൂപയും പിന്നെ ഉണ്ടായിരുന്ന നാണയത്തുട്ടുകളും. ഇതു വെച്ച് എന്തായാലും ഈ മീൻ കറിക്കും ഊണിനും തികയില്ലയെന്നെനിക്കു മനസ്സിലായി. ഞാൻ അവിടെയിരുന്നു വിയർക്കാൻ തുടങ്ങി. എനിക്ക് തോന്നുന്നു വിശപ്പിന്റെ കാഠിന്യം കൊണ്ടാവണം, എന്റെ ബോധം എവിടെയൊക്കെയോ പോയ് മറഞ്ഞിരുന്നു. ആ പകുതി ചോറും വെച്ച് ഞാനങ്ങനെ ഇരിക്കാൻ തുടങ്ങി. ഹോട്ടലിന്റെ ഓണറും സപ്ലൈയർമാരും എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട്. അവരുടെ നോട്ടം എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നുമുണ്ട്. ദൈവമേ, ഞാനെന്തു ചെയ്യും. എനിക്കാണെങ്കിൽ ഇവരെ പരിചയവുമില്ല. ആദ്യത്തെ ദിവസമാണ്. 'ഡോക്ടർ' ആണ്‌ എന്നു പറഞ്ഞു കടം പറഞ്ഞാലോ? അല്ലെങ്കിൽ കൈകഴുകിയിട്ടു പതുക്കെ ആ വഴിയെങ്ങാനും ഇറങ്ങി ഓടിയാലോ? പിന്നെ പൈസ കൊണ്ടു കൊടുത്താൽ മതിയല്ലോ. അങ്ങനെ പല പല ചിന്തകൾ ചോറിനും എന്റെ വിരലിനുമിടയിലൂടെ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. 

Read also: മുദ്രപത്രത്തിൽ ഒപ്പുവാങ്ങി അയാൾ പോയി, പിന്നെ വിളിച്ചാൽ ഫോണെടുക്കില്ല....

അപ്പോഴാണ് ദൈവദൂതനെപ്പോലെ എന്റെ ബാച്ച്മേറ്റായ സമദ് അവിടേക്ക് വന്നത്. അവനോടി വന്നു. "പ്രശാന്തേ, ഒറ്റയ്ക്ക് കഴിക്കുവാണോടാ?" എന്നു പറഞ്ഞു എന്റെ കൂടെയിരുന്നു. അവനെന്തോ ഓർഡർ ചെയ്തു. ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു കൈകഴുകി. "എടാ എനിക്ക് പെട്ടെന്ന് വാർഡിൽ ഒന്ന് പോണം", എന്ന് പറഞ്ഞു എന്റെ കൈയ്യിലുള്ള പൈസ അവന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. "എടാ നീ എന്റെ കൂടെയങ്ങു കൊടുത്തേക്ക്" എന്ന് പറഞ്ഞ് ഒരൊറ്റ ഓട്ടം കൊടുത്തു. 'ദൈവമേ അങ്ങനെ ഞാൻ രക്ഷപ്പെട്ടിരിക്കുന്നു'. അനുഭവിക്കുമ്പോൾ തീവ്രമായ ഒരു വേദന നൽകുന്നതെങ്കിലും വിശപ്പ് പലപ്പോഴും പഠനത്തിലും ജീവിത വിജയങ്ങൾ സ്വന്തമാക്കുന്നതിലും ഒരു ഇന്ധനമായി എന്റെ ജീവിതത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പല ദിവസങ്ങളിലും വിശപ്പ് ഒരു വലിയ വില്ലനായി ജീവിതത്തിൽ കടന്നു വന്നിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ വലിയ ഒരു വിജയം കീഴടക്കിയ ആ ദിവസങ്ങളിൽ തന്നെ രണ്ടു ദിവസം വിശന്നിരുന്ന അനുഭവം എന്റെ ജീവിതത്തിൽ ഇന്നും തീ കോരിയിടുകയാണ്. ചിലപ്പോഴൊക്കെ ഒരു സുഖവും.

Content Summary: Malayalam Experience Note Written by Dr. Prasanth J. S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com