ADVERTISEMENT

"സാർ, നാളെ തന്നെ അത്യാവശ്യമായി ഒന്ന് നേരിൽ കാണണം. ഒരു പ്രധാന കാര്യം സംസാരിക്കാനാണ്.." രാത്രിയിൽ ഫോണിൽ തമിഴും മലയാളവും കലർന്ന ശബ്ദം. "താങ്കൾ ആരാണ്?" എനിക്ക് ആകാംക്ഷ അടക്കാനായില്ല. "എന്റെ പേര് സെൽവരാജ്. സാറിന്റെ ഒരു പുസ്തകം ട്രാൻസ്‍ലേറ്റ് ചെയ്യുന്ന കാര്യം സംസാരിക്കാനാണ്. ബാക്കിയെല്ലാം വിശദമായി നേരിൽ പറയാം. വീട്ടിലേക്കുള്ള വഴിയൊന്ന് പറഞ്ഞു തരുമോ?" സെൽവരാജിന്റെ അപേക്ഷ കേട്ടപ്പോൾ ഞാനൊന്ന് സംശയിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരാളുടെ കാര്യം കേൾക്കുന്നത്. എന്താണ് അയാളുടെ ഉദ്ദേശമെന്ന് വ്യക്തമായി അറിയില്ല. ഏതായാലും വന്നിട്ട് പോകട്ടെ, കാര്യമെന്തെന്ന് അറിയാമല്ലോ? തലസ്ഥാനത്തു നിന്നും എന്റെ വീട്ടിലേക്കെത്താനുള്ള വഴി വിശദമായിത്തന്നെ ഞാൻ പറഞ്ഞു കൊടുത്തു. എന്റെ പുസ്തകം മറ്റൊരു ഭാഷയിൽ തർജ്ജമ ചെയ്യപ്പെടുകയും അവിടെയും ഞാനൊരു എഴുത്തുകാരനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന മനോഹര സ്വപ്നവും കണ്ട് കിടന്നുറങ്ങാൻ തുടങ്ങുമ്പോൾ പതിവു പോലെ ഉടക്കുമായി ഭാര്യ എത്തി. "വല്ല തട്ടിപ്പുകാരാണോയെന്ന് തിരക്കിയിട്ട് വേണേ ഇവരുമായിട്ടൊക്കെ ബന്ധപ്പെടാൻ.." എന്റെ പുസ്തകം മറ്റൊരു ഭാഷയിൽ വന്ന് അവരും എന്നെ അംഗീകരിച്ചാലോ എന്ന അസൂയയല്ലാതെ മറ്റൊന്നുമല്ലിത്, ഞാനുറപ്പിച്ചു.

രാവിലെ തന്നെ എത്തുമെന്ന് പറഞ്ഞപ്പോൾ ഇത്രയും രാവിലെ എത്തുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. അയാളാണ് എന്നെ വിളിച്ചുണർത്തിയതെന്ന് തന്നെ പറയാം. ഇയാൾ ഉറങ്ങാതെ രാത്രി തന്നെ ഇങ്ങോട്ട് വെച്ചു പിടിച്ചോ.. ഞാൻ സംശയിച്ചു. "വണക്കം സാർ.." സെൽവരാജ് വെളുക്കെ ചിരിച്ചു കൊണ്ട് കൈ കൂപ്പി. "നമസ്ക്കാരം" ഞാൻ തിരിച്ച് അഭിവാദ്യം ചെയ്ത് അയാളെ അകത്തേക്ക് ആനയിച്ചു. "സാറിന്റെ ഈ പുസ്തകമാണ് തമിഴിലേക്ക് തർജ്ജമ ചെയ്യാൻ ഉദ്ദേശിക്കുന്നത്." സെൽവരാജ് എന്റെ ഒരു പുസ്തകം എടുത്തു കാട്ടി. എനിക്ക് സന്തോഷമായി എന്റെ ഒരു പുസ്തകം തപ്പിപ്പിടിച്ച് അയാൾ കൊണ്ടു വന്നല്ലോ? "പരിഭാഷയുടെയും പ്രസിദ്ധീകരണത്തിന്റെയും ചിലവിലേക്ക് അയ്യായിരം രൂപ സാറ് തരണം. പ്രകാശനമൊക്കെ ഞങ്ങൾ തന്നെ നടത്തും." അയാളുടെ വാക്കുകൾ കേട്ട് കൂടുതൽ എന്തെങ്കിലും ആലോചിക്കുന്നതിന് മുമ്പ് അയാൾ എഗ്രിമെന്റ് എടുത്തു കാണിച്ചു. നൂറ് രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റൊക്കെ ടൈപ്പ് ചെയ്ത് റെഡിയാക്കി കൊണ്ടു വന്നിരിക്കുകയാണ്. എന്റെ പുസ്തകം തമിഴൻമാരെക്കൊണ്ട് വായിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച മട്ടിലാണയാൾ. കാശെടുക്കാൻ അകത്തു ചെന്നപ്പോൾ ഭാര്യ പറഞ്ഞു. "ഒന്നു കൂടെ ആലോചിച്ചിട്ട് മതി. ആദ്യം കാണുന്നയാൾക്ക് ആദ്യം തന്നെ കാശും കൊടുത്തു വിടണ്ട."

Read also: ഒന്നിച്ചു പഠിച്ച കൂട്ടുകാരനാണ്, ഇന്ന് കടത്തിണ്ണയിൽ കിടന്നുറങ്ങുന്നത്...

"എടീ, ഒരാൾ പുസ്തകം തർജ്ജമ ചെയ്യാമെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നതു തന്നെ നമ്മുടെ ഭാഗ്യമെന്ന് കരുതിയാൽ മതി. പിന്നെ മുദ്രപത്രത്തിൽ ഞങ്ങൾ തമ്മിൽ എഗ്രിമെന്റും ഒപ്പിടുന്നുണ്ട്." പ്രിയതമയ്ക്ക് എന്തോ അതത്രയ്ക്ക് വിശ്വാസം വന്ന മട്ടില്ല. സന്തോഷപൂർവം സെൽവരാജ് കാശ് കൈനീട്ടി വാങ്ങി. "ഒരു മാസത്തിനുള്ളിൽ പുസ്തകം പുറത്തിറങ്ങും. എറണാകുളത്തു വെച്ചായിരിക്കും പ്രകാശനം. വിശദവിവരങ്ങൾ സാറിനെ അറിയിച്ചു കൊണ്ടേയിരിക്കും." മോഹനവാഗ്ദാനങ്ങളും നൽകി എഗ്രിമെന്റും ഒപ്പിടുവിച്ച്, ചായയും കുടിച്ച് സെൽവരാജ് പടിയിറങ്ങി.. എന്റെ പുസ്തകത്തിന്റെ പരിഭാഷയും സ്വപ്നം കണ്ട് ഒരു മാസത്തോളം ഞാൻ കാത്തിരുന്നു. വിളിച്ചു കൊണ്ടിരിക്കും എന്ന് പറഞ്ഞയാളെപ്പറ്റി ഒരു വിവരവുമില്ല. അങ്ങോട്ട് പലവട്ടം വിളിച്ചു. ഒരുവട്ടം ഫോണെടുത്തു. "സാറിന്റെ പുസ്തകം റെഡിയായിക്കൊണ്ടിരിക്കുന്നു. പ്രകാശനത്തിന്റെ കാര്യം വിശദമായി സംസാരിക്കാനുണ്ട്." അയാളുടെ മധുരമായ മറുപടി കേട്ടപ്പോൾ ഞാനോർത്തു, ഈ പാവത്തെയാണ് വെറുതെ സംശയിച്ചത്.

Read also: അമ്മയുടെ നരകജീവിതം അവസാനിപ്പിക്കാനായി ചെയ്തത്, ലഭിച്ചത് ജയിൽ ജീവിതം...

എങ്കിലും ഒന്നു കൂടെ ഉറപ്പു വരുത്തണമല്ലോ എന്നു കരുതി എന്റെ പുസ്തകം പ്രകാശനം ചെയ്ത പ്രസാധകനെ വിളിച്ച് സെൽവരാജിനെക്കുറിച്ച് തിരക്കി. "കൊള്ളാം, ഞാനയാളെ തിരക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല. ഇവിടെ വന്ന് സാറിന്റെതുൾപ്പെടെ കുറെ പുസ്തകങ്ങൾ വാങ്ങി ഒരു ചെക്കും നൽകി.. ചെക്ക് ഇതുവരെ മാറിയിട്ടില്ല. സാമ്പത്തിക ഇടപാടൊന്നും അയാളുമായി നതത്താതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു." ഏതായാലും കാശ് കൊടുത്ത കാര്യം ഞാൻ പ്രസാധകനോട് മിണ്ടിയില്ല. ഈശ്വരാ, കാര്യങ്ങൾ കുഴപ്പത്തിലായോ? നേരത്തെ തന്നെ ഒന്ന് വിശദമായി തിരക്കിയിട്ട് കൊടുത്താൽ മതിയായിരുന്നു. ഞാൻ വീണ്ടും സെൽവരാജിനെ വിളിച്ചു, ഫോണെടുക്കുന്നില്ല. കുറെ കഴിഞ്ഞപ്പോൾ അങ്ങനെയൊരു നമ്പർ നിലവിലില്ലെന്നായി പ്രതികരണം.. എന്റെ കാശും പോയി, പരിഭാഷയെന്ന സ്വപ്നവും പോയ ലക്ഷണമാണ്.. സെൽവരാജിന്റെ തട്ടിപ്പിന്റെ രീതികൾ പതിയെ പതിയെ എനിക്ക് മനസ്സിലായി തുടങ്ങി. കൈയ്യിലെ കാശ് പോകുമ്പോഴാണല്ലോ പലതും നമുക്ക് മനസ്സിലായി തുടങ്ങുന്നത്. കുറച്ചു പുസ്തകങ്ങൾ വാങ്ങി അതിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ട് പരിഭാഷയെന്ന മോഹനവാഗ്‍ദാനവും നൽകി കാശ് തട്ടുക. വലിയ തുകയല്ലാത്തത് കൊണ്ട് പലരും പരാതിപ്പെടില്ല എന്ന സൗകര്യവും.. ആകെ ചിലവ് വണ്ടിക്കൂലിയും കുറച്ചു മുദ്രപ്പത്രങ്ങൾ വാങ്ങുന്നതും. പല തുള്ളി പെരുവെള്ളം.. തട്ടിപ്പിന് എന്തെല്ലാം രീതികൾ..

Read Also: പള്ളിക്കൂടത്തിൽ പോകാതെ, മോഷണം തൊഴിലാക്കിയ പെൺകുട്ടി...

കാശ് പോയതിനെക്കാൾ വിഷമം നാണക്കേടോർത്തായിരുന്നു. എത്ര പേരോട് ഇക്കാര്യം പറഞ്ഞു. "എന്റെ പുസ്തകം ഉടൻ തമിഴിൽ ഇറങ്ങും. സാറിന് ഒരു കോപ്പി തീർച്ചയായും തരാം. പ്രകാശനത്തിന് വരുന്ന കാര്യം മറക്കരുത്." ഇക്കാര്യം ഭാര്യയെങ്ങാനുമറിഞ്ഞാൽ പിന്നെ തീർന്നു. "ഇവിടെ തന്നെ നിങ്ങളുടെ പുസ്തകമെന്നും കഥയെന്നുമൊക്കെ കേട്ടാൽ ആളുകൾ പേടിച്ചോടും, പിന്നെയാ തമിഴിൽ.." എന്ന് തന്നെ അവൾ പറയുമെന്നതിൽ ഒരു സംശയവുമില്ല. എഗ്രിമെന്റ് ഒപ്പിടീച്ച് കൊണ്ട് പോയതിനാൽ ഞാനറിയാതെ അയാൾ പരിഭാഷ ഇറക്കിയോ എന്നുമറിയില്ല. "സാറിന്റെ തമിഴ് പുസ്തകത്തിന്റെ കാര്യമെന്തായി" എന്ന് തിരക്കി വരുന്നവരോട് എന്ത് മറുപടി പറയും എന്ന ആലോചനയിലായിരുന്നു ഞാൻ...

Content Summary: Malayalam Short Story ' Pusthakam Mozhi Mattanundo Pusthakam ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com