ADVERTISEMENT

ലേഡീസ് ആന്റ് ജെന്റിൽമാൻ, വെൽക്കം ഓൺ ബോർഡ് ഫ്ലൈറ്റ് 80 B വിത്ത് സർവീസ് ഫ്രം കോഴിക്കോട് റ്റു അബുദാബി .......  അനൗൺസ്‌മെൻ്റ് കേട്ട് രവി വേഗത്തിൽ നടന്നു. അയാളുടെ കൈയ്യിൽ കുറേ ലഗേജ് ഉണ്ടായിരുന്നു, അതിന്റെ ഭാരം കാരണമാണെന്നു തോന്നുന്നു, വല്ലാതെ ക്ഷീണിച്ചിരുന്നു. "ഹാവൂ എത്തി", നെടുവീർപ്പോടെ വിമാനത്തിൽ കയറവേ, ചെക്ക് ചെയ്യുന്നയാള് വന്ന്, ദേഹം മുഴുവനും ലാഗേജും പരിശോധിച്ചു. ഉം പോയ്ക്കോ... അയാൾ കയറവേ പിറകിൽ നിന്ന് ഒരു വിളി "രവി, നിന്റെ ആരാ അബുദാബിയിൽ ഉള്ളത്? ഈ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തന്റെ കൂടെ 7 ൽ പഠിച്ച ബെൻസൺ, അയാൾ അവിടെ ഡ്രൈവറാണ്. നാട്ടിൽ വന്ന് 6 മാസം കഴിഞ്ഞ് തിരിച്ചു പോവുകയാണ്. ഓ.... ബെൻസണോ. ഞാനെന്റെ മോന്റെ അടുത്തേക്ക് പോവുകയാണ്. അതും പറഞ്ഞ് തന്റെ സീറ്റിനടുത്തേക്ക് പോയി. വിമാനം പൊന്താൻ തുടങ്ങി, ആദ്യം ഭയം തോന്നിയെങ്കിലും, പിന്നീട് നല്ല രസമായി. ആദ്യമായിട്ടാണ് അയാൾ വിമാനത്തിൽ കയറുന്നത്. ഈ യാത്ര ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അയാൾ കുറേ വർഷം മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഓർത്തു.

ഏകദേശം 50 വർഷം മുമ്പ് തെക്കേ കവലയിൽ സരോജിനിയുടെയും ബാലന്റെയും മകനായി ജനിച്ചു. ജനിച്ച നാൾ സന്തോഷം എന്താണെന്ന് അറിയാതെയുള്ള ജീവിതം. മദ്യപിച്ച് എത്തുന്ന അച്ഛൻ എന്നും അമ്മയെ ഉപദ്രവിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ആറാമത്തെ വയസ്സിൽ, അമ്മയെ അച്ഛൻ മദ്യം വാങ്ങാൻ പൈസ നൽകാത്തതിന്റെ പേരിൽ കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു, അതോടെ അയാൾ അനാഥനായി. പിന്നെ അനാഥാലയത്തിൽ 10 വർഷം താമസിച്ചു.16 വയസ്സു കഴിഞ്ഞപ്പോൾ പല തരം ജോലി ചെയ്ത് ജീവിക്കാൻ തുടങ്ങി. 25 വയസ്സ് ആയപ്പോൾ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിക്കാം, പെണ്ണ് കെട്ടാമെന്ന് തിരുമാനിച്ചു. പക്ഷേ അയാളെ സ്വീകരിക്കാൻ ആരും തയാറായില്ല, അത് അയാളെ മറ്റൊരു ചിന്തയിലേക്ക് നയിച്ചു. എന്നാൽ ഒരു കുട്ടിയെ ദത്തെടുക്കാമെന്ന്. അങ്ങനെയിരിക്കെ, ഒരു ദിവസം പത്രത്തിൽ ''മാതാപിതാക്കൾ കാൻസർ ബാധിച്ചു മരിച്ചു: റഹീം ഇനി അനാഥൻ'' എന്ന വാർത്ത കണ്ടു. ഈ വാർത്ത അയാളിൽ വളരെ വിഷമമുണ്ടാക്കി, ഞാൻ ഈ കുട്ടിയെ ദത്തെടുത്താലോ... അവൻ മുസ്ലീമല്ലേ, ഞാനെങ്ങനെ ചോദിക്കും. 

അങ്ങനെ, ഒരു ദിവസം കുറേ  മധുര പലഹാരവുമായി ആ വീട്ടിലേക്ക് ചെന്നു. അവിടെ, നോക്കുമ്പോൾ റഹീമും അവന്റെ അന്ധയായ വല്യുമ്മയും മാത്രം. രവി, വർത്തമാനം പറയുന്നതിനിടയിൽ ഈ കാര്യം സൂചിപ്പിച്ചു. പക്ഷേ റഹീം "ഇല്ല ഞാൻ വരില്ല, വല്ല്യുമ്മയെ ഒറ്റക്കാക്കി വരൂല്ല" എന്ന് പറഞ്ഞപ്പോൾ, അയാൾ പിന്നെ ഒന്നും ചിന്തിച്ചില്ല "എങ്കിൽ വല്ല്യുമ്മയെയും കൂട്ടാം.'' റഹീമിന് സന്തോഷമായി. അങ്ങനെ അയാൾ 2 പേരെയും കൂട്ടി വീടിന് പുറത്തിറങ്ങവേ "എവിടേക്കാ പോകുന്നത്.. ഇവരെ ഭിക്ഷയെടുപ്പിക്കാനാണോ... അതോ....'' വല്ല്യുമ്മയുടെ മക്കൾ അഥവാ റഹീമിന്റെ  അമ്മാവൻമാർ പറയുന്നത് കേട്ട് അയാൾക്ക് എന്തെന്നില്ലാതെ ദേഷ്യം വന്നു. അത് ഗൗനിക്കാതെ വേഗത്തിൽ നടന്നു. പക്ഷേ അവർ വിടാൻ ഒരുക്കമായിരുന്നില്ല. ''ഒരു ഹിന്ദുവായ നീ, ഇവരെ ഹിന്ദുക്കളാക്കുമോ''ഇത് കേട്ട രവിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 

അങ്ങനെ ഈ വാർത്ത കേരളം മൊത്തം അറിഞ്ഞു.കേസ് ഹൈക്കോടതിയിലേക്ക്... വക്കീൽ :റഹീം, മോന് ഈ അങ്കിളിന്റെ കൂടെ പോകാൻ  ഇഷ്ടമാണോ? റഹീം: ഇതെന്റെ അങ്കിളല്ല, എനിക്കെന്റെ ബാപ്പയാ. എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇതേ ചോദ്യം തന്നെ വല്ല്യുമ്മയോടും ചോദിച്ചപ്പോൾ അവർക്കും സമ്മതം. അങ്ങനെ അവർ സന്തോഷത്തോടെ കഴിയവേ, വല്ല്യുമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. രവിയെ അറിയുന്ന നാട്ടുകാർ വല്യുമ്മയെ പള്ളിയിൽ തന്നെ ഖബറടക്കാൻ സഹായിച്ചു. പഠിക്കാൻ മിടുക്കനായിരുന്നു റഹീം. ഡോക്ടറായി പാവപ്പെട്ട രോഗികളെ സൗജന്യമായി സേവനം ചെയ്യുകയെന്നതായിരുന്നു അവന്റെ ആഗ്രഹം. റഹീം, ഇപ്പോൾ അബുദാബി ആയിഷ ഹോസ്പിറ്റലിൽ ഡോക്ടറാണ്. അവിടെ, ഭാര്യയും ഉണ്ട്. അവിടേക്കാണ് രവിയുടെ യാത്ര. അയാൾ ഇങ്ങനെ ഓർത്തിരിക്കവേ, അവിടെ എത്തിയ കാര്യം അറിഞ്ഞിരുന്നില്ല.

"രവി, നിനക്ക് എങ്ങോട്ടാ പോകേണ്ടത്.." ബെൻസന്റെ ചോദ്യത്തിനു "ആയിഷ ഹോസ്പിറ്റലിന്റെ അടുത്തുള്ള വീട്ടിൽ..." "ആരാ അവിടെ ഉള്ളത്.." ചോദ്യം മുഴുവനാക്കും മുമ്പേ "എന്റെ മകൻ അവിടുത്തെ ഡോക്ടറാ, ഡോ : റഹീം." "റഹീമോ? നീ..." അതൊന്നും വകവെയ്ക്കാതെ മകനെ കാണാനുള്ള ആവേശത്തിൽ വേഗം നടന്നു നീങ്ങി. വഴിയിൽ കണ്ട കാർ ഡൈവറോട് ആയിഷ ഹോസ്പിറ്റലിന്റെ അടുത്തുള്ള ബുറാക്ക് ഹൗസിൽ പോകണമെന്ന് പറഞ്ഞു. "സാറിന്റെ പേരെന്താ? ആരാ ഇവിടെ ഉള്ളത്" അയാൾ കുശലാന്വേഷണം നടത്തി. "ആ ഹോസ്പിറ്റലിലെ ഡോക്ടർ റഹീം എന്റെ മകനാണ്," രവി പറഞ്ഞതും "ഡോക്ടർ റഹീം സാറിന്റെ മകനാണോ... ഡോക്ടർ എനിക്ക് ദൈവമാണ്."

"6 മാസം മുമ്പ് റോഡപകടത്തിൽ പരുക്കേറ്റ എന്നെ ആശുപത്രിയിൽ എത്തിച്ചതും സാമ്പത്തിക സ്ഥിതി മനസ്സിലാക്കി ചികിത്സാ ചെലവ് മൊത്തം വഹിച്ചതും ഡോക്ടറാണ്. ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ രക്ഷപ്പെടാൻ സാധ്യതയില്ലാന്നു ഡോക്ടർമാർ പറയുന്നത് അബോധവസ്ഥയിലും ഞാൻ കേട്ടിരുന്നു. എത്ര നന്ദി പറഞ്ഞാലും എത്ര തൊഴുതാലും മതിയാവൂല്ല സാറിന്റെ മോനോടുള്ള കടപ്പാട്" - ഇത് കേട്ട് അദ്ദേഹത്തിന്റെ മനസ്സ് രോമാഞ്ച പുളകിതമായി. "സർ, സ്ഥലമെത്തി," രവി ടാക്സി കൂലി എടുക്കവേ എനിക്ക് വേണ്ട തൊഴുത് അദ്ദേഹം വണ്ടിയോടിച്ച് പോയി. ദൈവമേ ഞാൻ ഇത്രയും ഭാഗ്യവാനാണോ... അതല്ലേ അങ്ങ് എനിക്ക് ഇങ്ങനെ ഒരു മകനെ തന്നത്. "ബാപ്പാ വാ" റഹീമിന്റെ ഭാര്യ ഫാത്വിമ അദ്ദേഹത്തെ കാത്ത് ബാൽക്കണിയിൽ നിൽപ്പുണ്ടായിരുന്നു. എമർജൻസി ഓപ്പറേഷൻ ഉള്ളതു കൊണ്ട് റഹീം രാത്രി 2.00 നാണു വന്നത്. ബാപ്പാനെ ചെന്നു നോക്കിയപ്പോൾ യാത്രാ ക്ഷീണം കാരണം ഗാഢമായ മയക്കത്തിലാണ്. അയാൾ കിടപ്പു മുറിയിലേക്ക് പോയി. ഉറക്കം വന്നില്ല. എത്ര നാളായി ബാപ്പാനോട് നേരിട്ട് സംസാരിച്ചിട്ട്, നാളെ എഴുന്നേൽക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകൂല്ല. ഇങ്ങനെ ഓരോന്നും ചിന്തിക്കവേ പതിയെ മയക്കത്തിലേക്ക്.

രവി ഹോസ്പിറ്റൽ സന്ദർശിച്ചു. അവിടെ ചെന്നപ്പോൾ എല്ലാവരും റഹീം ഡോക്ടറുടെ സേവന മഹത്വത്തെപ്പറ്റി സംസാരിക്കുന്നു. അതിൽ ഒരു ബ്ലഡ് കാൻസർ രോഗി, "റഹീം ഡോക്ടറാ എനിക്ക് ആത്മധൈര്യം തന്നത്, എന്റെ അസുഖം ബ്ലഡ് കാൻസറാണെന്നറിഞ്ഞപ്പോൾ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്കു ചാടി ആത്മഹത്യക്ക് ശ്രമിച്ചു, അമ്മ കണ്ടതു കൊണ്ടു രക്ഷപ്പെട്ടു, ആ സമയം അമ്മയോട് വല്ലാത്ത ദേഷ്യവും വെറുപ്പുമായിരുന്നു, രക്ഷപ്പെടുത്തിയതിന്. എനിക്കിനി കുറച്ചു നാൾ മാത്രമേ ആയുസ്സുള്ളു എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ. അങ്ങനെ, അവർ  റഹീം ഡോക്ടറോട് എന്റെ മനസികാവസ്ഥയെ പറ്റി പറഞ്ഞു, ഇത് ജീവിതത്തിന്റെ അവസാനമല്ലയെന്നു പറഞ്ഞു. എനിക്ക് ജീവിക്കണമെന്ന് തോന്നി. 4 വർഷമായി, ഇന്നു വരെ ജീവിച്ചിരിക്കുന്നു. വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്യണം, അതിനു വന്നതാ ഞാൻ, കോളജിലെ പ്രഫസറായി വർക്ക് ചെയ്യുന്നു, കല്യാണം കഴിഞ്ഞു, ഒരു കുട്ടിയുമുണ്ട്, ഇപ്പോൾ ഞാൻ വളരെ വളരെ ഹാപ്പിയാണ്. ഡോക്ടർ ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഞാൻ..." മുഴുവനാക്കാനായില്ല അവൾക്ക്. ഇതെല്ലാം കേട്ട് രവിക്ക് വളരെ സന്തോഷം തോന്നി.

ഒരു വർഷം കഴിഞ്ഞപ്പോൾ, ആ വർഷത്തെ മികച്ച ഡോക്ടർക്കുള്ള ദേശീയ അവാർഡ് റഹീമിനെ തേടിയെത്തി. ആ സദസ്സിൽ വെച്ച് റഹീം തന്റെ പഴയ കാല ചരിത്രം പറഞ്ഞു. ആ സദസ്സിൽ വെച്ച് "ഇദ്ദേഹമാണ് എന്റെ ദൈവം, ഈ നല്ല മനുഷ്യനുള്ളതു കൊണ്ടാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്, ബാപ്പാക്കുള്ളതാണ് ഈ അവാർഡ്," ഇതും പറഞ്ഞ് അദ്ദേഹത്തെ ആലിംഗനം ചെയ്തു. സദസ്സിലെ ജനങ്ങൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. റഹീം ഡോക്ടർ, രവി സാർ നിണാൾ വാഴട്ടെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു.

Content Summary: Malayalam Short Story ' Nalla Manushyan ' Written by Shafeena B. K.