ADVERTISEMENT

കേരളീയ സംസ്കാരത്തിന് കളങ്കമാവും വിധം വർധിച്ചു കൊണ്ടിരിക്കുന്ന ആത്മഹത്യാ നിരക്കിന്റെ കാരണങ്ങളന്വേഷിക്കുകയാണ് ഡോ. സി ബി മാത്യൂസ് ഐ പി എസിന്റെ "മലയാളി ഇങ്ങനെ മരിക്കണോ" എന്ന പുസ്തകം. കേരളം രാജ്യത്തിന്റെ സാക്ഷര തലസ്ഥാനമാകുമ്പോഴും, അമിതമാകുന്ന ആത്മഹത്യാ നിരക്കിനെ ആശങ്കയോടെയാണ് നാം നോക്കിക്കാണുന്നത്. ഇതിലധികവും കൗമാരക്കാരാണെന്നതാണ് ശ്രദ്ധേയം. കൗൺസിലിംഗുകളും കൂട്ടിപ്പിടിക്കലുകളും പരിഹരിക്കേണ്ട കൊച്ചു കൊച്ചു പ്രശ്നങ്ങൾ പോലും ആത്മഹത്യയിലവസാനിപ്പിക്കുന്നതാണ് പുതിയ രീതി. ആത്മഹത്യാ നിരക്കിലെ പഠന പശ്ചാത്തലവും അതു തന്നെയാണ്. ഇതിൽ സ്ത്രീകളുടെ ആശങ്കാജനകമായ പങ്കാളിത്തവും ശ്രദ്ധേയമാണ്. ഇതിലേക്ക് വിരൽ ചൂണ്ടുന്ന രണ്ട് സംഭവങ്ങളെയാണ് ഗ്രന്ഥകാരൻ പുസ്തകത്തിന്റെ തുടക്കത്തിൽ കൊണ്ടുവരുന്നത്. ഭർതൃ വീട്ടിലെ ഗാർഹിക പീഡനത്തിൽ പൊറുതി മുട്ടിയ പെണ്ണുടലിന്റെ പ്രയാസം പറഞ്ഞാണ് ഗ്രന്ഥകർത്താവ് പുസ്തകമാരംഭിക്കുന്നത്. ഭർതൃമാതാപിതാക്കളിൽ നിന്നുള്ള അവഗണനകൾ, കുറ്റപ്പെടുത്തലുകൾ, തന്റെ ദയനീയാവസ്ഥ കേൾക്കാനോ, ആശ്വസിപ്പിക്കാനോ ആരുമില്ലെന്ന തോന്നൽ തുടങ്ങിയ വേദനകൾ ആത്മഹത്യയിൽ പര്യവസാനിപ്പിച്ച് അഭയം തേടുന്നവർ. ഗ്രന്ഥകാരന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആത്മഹത്യകളിൽ സിംഹ ഭാഗവും കരുതലില്ലായ്മയുടെയും സാന്ത്വന സ്പർശങ്ങളുടെയും അഭാവം മൂലമുണ്ടാകുന്നതാണ്. 

വർത്തമാന കാലത്തെ കുട്ടിമനസ്സുകളിലും ആത്മഹത്യയിലഭയം കാണുന്ന പ്രവണത ചുരുക്കമല്ല. പരീക്ഷയിലെ പരാജയവും, മാതാപിതാക്കളിൽ നിന്നുള്ള ചെറിയ വഴക്കുകളും, പ്രണയ നൈരാശ്യവും ലഹരി ഉപയോഗവുമെല്ലാം കുട്ടി ആത്മഹത്യകളുടെ 'വലിയ'കാരണങ്ങളാണ്. എല്ലാത്തിനും തന്റെ മകൻ /മകൾ ഒന്നാമതാകണമെന്ന മാതാപിതാക്കളുടെ അപക്വമായ വാശി ചെറുതല്ലാത്ത രീതിയിൽ കുട്ടികളെ ആത്മഹത്യയിലേക്കെത്തിക്കുന്നുണ്ടെന്ന് ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നുണ്ട്. പരീക്ഷയിൽ മാർക്ക് അൽപ്പം കുറയുമ്പഴേക്കും, കുട്ടികളിൽ സംഭവിക്കാവുന്ന ചെറിയ പിഴവുകൾക്കും, ഉപദ്രവങ്ങളാലും ശാപവാക്കുകൾ നിറഞ്ഞ സംസാരത്തിനാലും പ്രതികരിക്കുന്ന മാതാപിതാക്കളാണ് കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കി അവരെ ആത്മഹത്യയിലേക്ക് വഴി നടത്തുന്നതിലെ പ്രധാന കാരണക്കാർ. തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും, കൃത്യമായ രീതിയിൽ പാരന്റിങ് നടത്തുകയും ചെയ്യുന്നതിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങളിൽ പോലും രക്ഷിതാക്കൾ പരാജയപ്പെടുന്നിടത്താണ്, നാളെയുടെ പ്രതീക്ഷകളെ നമുക്ക് ബലിനൽകേണ്ടി വരുന്നത്. പുതിയ കാലത്ത് സോഷ്യൽ മീഡിയകളും, വീഡിയോ ഗെയിമുകളും കുട്ടികളുടെ ആത്മഹത്യകളിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയാടിമത്വം കുട്ടികളെ സമൂഹത്തിൽ നിന്നകറ്റി കണ്മുന്നിലെ സ്ക്രീനിലേക്ക് അവരുടെ ലോകത്തെ ചെറുതാക്കുകയാണെന്ന് പുസ്തകം നിരീക്ഷിക്കുന്നു. ഇത്തരക്കാർ അവരുടെ പ്രശ്നങ്ങളെ സമൂഹത്തിൽ നിന്ന് മറച്ചു വെക്കുകയും പിന്നീട് അവർ തന്നെ സ്വയം തീരുമാനത്തിലെത്തി കൂടുതൽ പ്രയാസത്തിലെത്തുകയും ചെയ്യുന്നത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ചുരുക്കത്തിൽ സാങ്കേതികവിദ്യ അടിക്കടി വികസിക്കുമ്പോഴും മനുഷ്യന്റെ മനസ്സറിയാനോ, മാനുഷിക മൂല്യങ്ങൾക്കൊത്ത് മനുഷ്യനെ വളർത്തിയെടുക്കാനോ അതിനാകുന്നില്ല എന്നതാണ് യാഥാർഥ്യം.

പുരുഷന്മാരുടെ ആത്മഹത്യകളിൽ കുടുംബ കലഹങ്ങളും മറ്റും കാരണമാകുന്നുണ്ടെങ്കിലും പ്രധാന ഹേതു സാമ്പത്തിക മാന്ദ്യമാണ്. ഇവരിൽ ഭൂരിഭാഗവും കർഷകരും കൂലിപ്പണിക്കാരുമാണ്. ജീവിക്കാനുള്ള തന്റെ പ്രയാണത്തിനൊടുവിൽ വരുന്ന ചെറിയ പ്രതിസന്ധികൾ മാനസികമായി നേരിടാനാകാതെ വരുമ്പോൾ ജീവനൊടുക്കി പരിഹാരം കാണുന്നു. ആത്മഹത്യകളിലൂടെ മരണം വരിക്കുന്ന പുരുഷന്മാരിൽ സിംഹഭാഗവും ലഹരിക്കടിമകളാണ്. ആത്മഹത്യകളിൽ ചെറുതല്ലാത്ത സ്വാധീനം ലഹരികളും വഹിക്കുന്നു. ആത്മഹത്യകളെ പറ്റി മുൻകാലങ്ങളിലും ചില പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനമാണ് 1897-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫ്രഞ്ച് സാമൂഹ്യ ശാസ്ത്രജ്ഞനായ എമിൽ ദുർക്കൈമിന്റെ "ലെ സുയിസൈഡ്". അദ്ദേഹം തന്റെ പഠനാടിസ്ഥാനത്തിൽ ആത്മഹത്യാ കാരണങ്ങളെ മൂന്നായി തരം തിരിക്കുന്നുണ്ട്. സ്വാർത്ഥ കാരണങ്ങൾ കൊണ്ടു സംഭവിക്കുന്ന ആത്മഹത്യകൾ, ഏതെങ്കിലും ആശയമോ പ്രസ്ഥാനമോ നൽകുന്ന അതി ശക്തമായ പ്രേരണ മൂലം ഉണ്ടാകുന്ന ആത്മഹത്യകൾ, സമൂഹത്തിന്റെ ചട്ടങ്ങളും നിയമങ്ങളും ഒരുക്കുന്ന ചട്ടക്കൂട്ടിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത വ്യക്തിക്ക് ഉണ്ടാകുന്ന തിരിച്ചടികളാൽ സംഭവിക്കുന്ന ആത്മഹത്യകൾ തുടങ്ങിയവയാണത്. ആത്മഹത്യകളെ ചെറുക്കാൻ ചില കർമ്മ പദ്ധതികളെ പ്രതിപാദിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ പുസ്തകത്തിന് വിരാമം കുറിക്കുന്നത്. മാനസിക സംഘർഷമനുഭവിക്കുന്ന വ്യക്തിക്ക് കൈത്താങ്ങാവാനാകണം. മനസ്സിന്റെ തെറ്റായധാരണകളെയും എടുത്തുചാട്ട തീരുമാനങ്ങളെയും ഇതിലൂടെ തുടച്ചു നീക്കാനാകും . ഇതിന്റെ അഭാവമാണ് മിക്ക പ്രശ്നങ്ങളുടെയും ഹേതു. ഗ്രന്ഥകാരന്റെ ഈ ജനകീയാന്വേഷണത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയുണ്ട്. ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം 125 രൂപക്ക് വിപണിയിലുണ്ട്.

Content Summary: Malayalam Article ' Malayaliye Thookkilettiyatharu ' Written by Muhammad Thaslim Perumbavoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com