ചിറകറ്റശലഭം – കെ. ആർ. രാഹുൽ എഴുതിയ കവിത
Mail This Article
പ്രണയത്തിലേക്കുള്ള
വഴിയുടെ ഓരത്ത്
എല്ലാ ഋതുവിലും
ഭ്രാന്തമായി പൂക്കുന്ന
ഒരു ചെമ്പകമരം
ഉണ്ടായിരുന്നു.
വഴി മറന്നവരും
വഴിതെറ്റി വന്നവരും
വഴിപിരിയുന്നവരും
സ്വപ്നം പരസ്പരം
പങ്കിട്ടെടുത്തതും
പകുത്തു കൊടുത്തതും
ഇതിന്റെ നേർത്ത
തണലിൽ വെച്ചാണ്.
എന്നെ എനിക്കായ്
നഷ്ടപ്പെട്ടതും
നിന്നിലേക്കുള്ള
വഴി തെറ്റിയതും
ഇവിടെ വെച്ചാണ്.
സ്മൃതികളിലിന്നും
പ്രണയമുണരുമ്പോൾ
ചെമ്പകപ്പൂക്കളിൽ
മാലാഖമാരുടെ
നനുത്ത സ്വപ്നങ്ങൾ
ഇറ്റുവീഴും പോലെ
ആത്മാവിൽ നിത്യം
കുളിരുപെയ്യുന്നത്
ചെമ്പകത്തിന്റെ
സ്മരണയിലാണ്.
ചെമ്പകതൈനട്ടാൽ
പൂവിടും മുമ്പ്
നട്ടയാൾ ഓർമ്മയായി
തീരുമെന്നോതി
ചെമ്പകചോട്ടിൽ
മറഞ്ഞിരിക്കുമേതോ
ഗന്ധർവ്വന്റെ നഷ്ട -
പ്രണയത്തെയോർത്ത്
കണ്ണീരൊഴുക്കി
വിലപിച്ച നീ,
ചെമ്പകശാഖിയിൽ
വിദഗ്ധമായി കൊരുത്തിട്ട
പ്രണയത്തിൻ വലയിൽ
ചിറകുകളുടക്കി
ചലനംനിലച്ചൊരു
ശലഭമാണിന്നു ഞാൻ.
Content Summary: Malayalam Poem ' Chirakattashalabham ' Written by K. R. Rahul