ADVERTISEMENT

വേണ്ടെന്നു വെച്ചതല്ല. ഒറ്റയായി പോയതാണ്. നഗ്നമായ മോതിരവിരൽ കാണുമ്പോൾ ഉള്ളിൽ എവിടെയോ ഇപ്പോഴും ഒരു പിടച്ചിൽ ഉണ്ടാകും. തിരക്കുകളിലേക്ക് ഊർന്നിറങ്ങുന്നത് വരെ ആ പിടച്ചിൽ തുടരും. വേണ്ടെന്നുവെച്ച ഇരുണ്ട ഭൂതകാലത്തിന്റെ ഇടങ്ങളിലേക്ക് മനസ്സ് തിരികെ പോകും. മനസ്സിനൊരു പ്രത്യേകതയുണ്ട്. അറിഞ്ഞുകൊണ്ട് വേദനിക്കാൻ അതിനു വലിയ ഇഷ്ടമാണ്. വേദനയിൽ മുഴുകി ഒഴുകി നീങ്ങുമ്പോൾ അത് ആശ്വാസം കണ്ടെത്തും. എന്ത് അതിശയം ആണെന്ന് നോക്കണേ. വേദനയിൽ നിന്നുള്ള ആശ്വാസമല്ല വേദനയെ തന്നെ ആശ്വാസമായി കാണുകയാണ്. ചില ദിവസങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെയൊക്കെയാണ്. തുടക്കവും ഒടുക്കവുമില്ലാത്ത ചിന്തകളുടെ ചുഴിയിൽപ്പെട്ട് കറങ്ങിത്തിരിഞ്ഞ് പേരറിയാത്ത ആശയക്കുഴപ്പത്തിലും സങ്കടത്തിലും ഉഴറി ഏറ്റവും മോശമായ ഒരു ആരംഭം. ഇത്തരം ദിവസങ്ങളിൽ ആണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോലും മറന്നു പോകുന്നത്. ഇന്നും അങ്ങനത്തെ ഒരു ദിവസം ആണല്ലോ എന്ന് പ്രശാന്തിന് തോന്നിയത് മുടി ചീകികൊണ്ടിരിക്കുമ്പോഴാണ്. ഒരുപാട് കാലമൊന്നും മുടി ചീകേണ്ടി വരില്ലെന്നും അപ്പോൾ തോന്നി. അനുസരണയില്ലാത്ത, മേഘകെട്ടുകൾ പോലെ തിങ്ങിനിറഞ്ഞ് പാറി നടന്നിരുന്ന മുടികൾ പഴയ ചില ഫോട്ടോകളിൽ മാത്രമേ കാണാനുള്ളൂ. ഇപ്പോൾ മുടി വളരെ കുറവാണ്. ഉള്ളതിലേറെയും നരച്ചു തുടങ്ങി. 40 കൾ രാഷ്ട്രീയക്കാർക്കും സിനിമാ നടന്മാർക്കും യൗവന തീക്ഷ്ണമായ കാലമാണെങ്കിൽ സാധാരണക്കാരനായ ഒരുവന് അത് മധ്യവയസ്സിന്റെ ആരംഭമാണ്. 

മേരെ നൈന സാവൻ ഭഡോൻ

ഫിർ ഭി മേരാ മന് പ്യാസാ 

മൊബൈൽ റിങ്ങ് ചെയ്തു. സെയിൽസ് ഓർഗനൈസർ പ്രിൻസ് ആണ്. സുമുഖൻ സുന്ദരൻ. ജീവിതത്തിൽ എല്ലായ്പ്പോഴും സന്തോഷവും വലിയ സ്വപ്നങ്ങളും കൂട്ടിനുള്ളവൻ. ഇന്ന് സെയിൽസ് ഡ്രൈവിന്റെ ഭാഗമായി ഏതാനും ചില ക്ലൈന്റ്സിനെ കാണേണ്ടതുണ്ട്. അത് ഓർമ്മപ്പെടുത്താനുള്ള വിളിയാണ്. പ്രായംകൊണ്ട് 15 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളതെങ്കിലും താൻ പഴഞ്ചനും അവൻ ന്യൂജനും ആണെന്ന് പ്രശാന്തിന് എപ്പോഴും തോന്നും. ഇടയ്ക്കെല്ലാം അത് തുറന്നു സമ്മതിക്കാറുമുണ്ട്. 'മോനെ പ്രിൻസേ ഞാനും നീയും തമ്മിൽ 15 കൊല്ലത്തിന്റെ അല്ല ഒരു നൂറ്റാണ്ടിന്റെ അകലം ഉണ്ട്! ഇരുപതാം നൂറ്റാണ്ടിന്റെ സന്തതിയാണ് ഞാൻ നീ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തെറിച്ച വിത്തും' അതിനും സരസമായി മറുപടിയുണ്ട് പ്രിൻസിന്. 'എന്തൊക്കെ വ്യത്യാസമുണ്ടെങ്കിലും നമ്മൾ തമ്മിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു സാമ്യമുണ്ട് ചേട്ടാ. നമ്മുടെ രണ്ടുപേരുടെയും പേരുകൾ ആരംഭിക്കുന്നത് പി ആർ എന്ന അക്ഷരത്തിലാണ്. എന്നുവച്ചാൽ പബ്ലിക് റിലേഷൻ. നമ്മൾ ഏതു നൂറ്റാണ്ടിൽ ജനിച്ചാലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട് തന്നെ കഞ്ഞി കുടിക്കേണ്ടി വരും എന്നർഥം' അതിനുശേഷം അവൻ ചിരിക്കും.

ആരെങ്കിലും ചിരിക്കുന്നത് കണ്ടാൽ സംഭാഷണം അപ്പോൾ തന്നെ നിർത്തുന്നതാണ് പ്രശാന്തിന്റെ പതിവ്. ചിരിക്കുന്നവരോട് അയാൾക്ക് എന്നും അസൂയയാണ്. ഒപ്പം താനെന്നാണ് അവസാനമായി ചിരിച്ചതെന്ന് വെറുതെ ആലോചിച്ചും നോക്കും. ആൾക്കൂട്ടം കണ്ടാൽ അസ്വസ്ഥനായിരുന്ന താൻ ആളുകളുമായി ഇഴുകിചേർന്ന് പ്രവർത്തിക്കേണ്ട മാർക്കറ്റിങ് വിഭാഗത്തിൽ എങ്ങനെ എത്തിപ്പെട്ടു എന്നത് ഇന്നും പ്രശാന്തിന് അത്ഭുതമാണ്. അതേപ്പറ്റി ഓർക്കുമ്പോൾ എല്ലാം കാല് വെന്ത നായയുടെ പഴഞ്ചൊല്ല് ഓർമ്മ വരും. ഗതികിട്ടാതെയുള്ള അലച്ചിലാണ് ഓർമ്മവച്ചത് മുതൽ. ആ തലവര മാറാതിരിക്കണമെങ്കിൽ മാർക്കറ്റിങ് വിഭാഗത്തിൽ പണിയെടുത്തേ പറ്റൂ. ഒന്നും ആരുടെയും കുറ്റമല്ല. ചില കാര്യങ്ങളെല്ലാം അങ്ങനെയാണ്. മാറിനിന്ന് അത്ഭുതപ്പെടാനും പരിതപിക്കാനും മാത്രമേ പറ്റൂ. ആലോചനകൾക്കിടയിൽ സ്വാഭാവികമായി ബസ്റ്റോപ്പിൽ എത്തിപ്പെടുകയായിരുന്നു. എന്നുമുള്ള കാഴ്ചകൾ തന്നെ ചുറ്റിലും. മദിരാശിമരത്തിന്റെ തലപ്പിലൂടെ ഊർന്നിറങ്ങുന്ന സൂര്യൻ, മുന്നിലെ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ മതിലിൽ പുതുതായി ഒട്ടിച്ച സിനിമ പോസ്റ്ററുകൾ, മരണത്തിൽ നിന്നും രക്ഷനേടാൻ എന്നവണ്ണം എന്നും നെട്ടോട്ടം ഓടുന്ന മധ്യവയസ്ക്കരും യുവാക്കളും ഒരേ ആകാശം ഒരേ ഭൂമി ഒരേ പകൽ.

പരിസരം മറന്ന് പ്രണയിക്കുന്ന സ്കൂൾ വിദ്യാർഥികളും ചുറ്റുപാടിനെ ഭയന്ന് പ്രണയം ഒളിപ്പിക്കുന്ന മധ്യവയസ്ക്കരുമാണ് ആവർത്തനം കൊണ്ട് വിരസമാകാത്ത കാഴ്ചയായുള്ളത്. എത്ര ഒളിപ്പിച്ചിട്ടും അവരിൽ നിന്നും പ്രണയത്തിന്റെ ഹൃദയ ചിഹ്നങ്ങൾ വാട്സാപ്പ് സ്റ്റാറ്റസ് പോലെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. താൻ കാണുന്ന എല്ലാവരിലും പ്രണയം ഉണ്ടല്ലോ എന്നത് എന്നും പ്രശാന്തിന് ഒരു അത്ഭുതമാണ്. ചിലപ്പോൾ അത് തന്റെ നോട്ടത്തിന്റെ കുഴപ്പമാകാമെന്നും അല്ലെങ്കിൽ ഇതാണ് പ്രകൃതി നിയമം എന്നും സ്വയം കരുതാറുണ്ട്. ബസ് വന്നു നിന്നു. ബഹുഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞാണ് കിടക്കുന്നത്. സീറ്റ് എത്രമാത്രം ഒഴിഞ്ഞു കിടന്നാലും ബസ് കയറുന്ന സമയത്ത് തിക്കും തിരക്കും തള്ളി മാറ്റലും പതിവാണ്. നേരത്തെ കണ്ട കണ്ണുകളിലെ നിഷ്കളങ്കതയും സ്നേഹവും ഒന്നും അപ്പോൾ കാണാറില്ല. വെട്ടിപ്പിടിക്കാനും കീഴടക്കാനും ഉള്ള വന്യമായ മനുഷ്യന്റെ ത്വര ബസ്സിന്റെ ഫൂട്ട് ബോർഡിൽ കാണാം എന്ന രഹസ്യം അവൻ പണ്ടേ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. എല്ലാ ദിവസത്തെയും പോലെ ഇന്നും "വടക്കുംനാഥ സർവം നടത്തും നാഥാ" എന്ന് ബസ്സിന്റെ സ്പീക്കർ ചിതറിയ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു.

പ്രൈവറ്റ് ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ നോക്കി ഓർമ്മകളുമായി കെട്ടിമറിയുമ്പോൾ വിദൂരതയിൽ ഒരു കറുത്ത പൊട്ട് തെളിയുന്നതായി അവനു തോന്നി. ചുറ്റുമുള്ള എല്ലാ കാഴ്ചകളും ആ ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് അവൻ ശ്രദ്ധിച്ചു. പതുക്കെ അത് ചുവപ്പ്, നീല, പച്ച, മഞ്ഞ നിറങ്ങളായി മാറി. ആ ബിന്ദുവിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ രണ്ട് ചെവികളും അടയുന്നതും ഹൃദയമിടിപ്പിന്റെ താളം മധുരതരമായി കേൾക്കുന്നതും തിരിച്ചറിഞ്ഞു. അടിക്കടി നിറം മാറുന്ന ആ ബിന്ദുവിൽ നോക്കിക്കൊണ്ടിരിക്കെ മനംപിരട്ടി. ഛർദ്ദിക്കാൻ വന്നു. രാവിലെ ഭക്ഷണം കഴിക്കാത്തത് നന്നായെന്ന് തോന്നി. ഒരു ദീർഘശ്വാസം എടുത്ത് വയർ രണ്ടുവട്ടം ഉഴിഞ്ഞു. അൽപം ആശ്വാസം തോന്നി. ഓർമ്മകൾ ആ സമയത്ത് വല്ലാതെ ഓവർ ലാപ്പ് ചെയ്യപ്പെടുന്നതായി അവൻ തിരിച്ചറിഞ്ഞു. പണ്ട് ഏതോ കൈപിടിച്ച് ബസ്സിൽ ചുരം കയറിയിറങ്ങിയത് മനസ്സിൽ തെളിഞ്ഞു. ഓർമ്മിക്കരുതെന്ന് കരുതുകയും എന്നാൽ എന്നും ഓർമിക്കുകയും ചെയ്യുന്ന ഒരു മുഖം കണ്ടു.  ആശ്വസിപ്പിക്കുന്ന കൂട്ടുകാരുടെ ചിത്രങ്ങളും കരഞ്ഞുകൊണ്ട് ഉണ്ട് തീർത്ത ഒരു സദ്യയും ഓർമയിൽ തെളിഞ്ഞു. പിന്നെ ഓർത്തെടുക്കാൻ പറ്റാത്ത എന്തൊക്കെയോ ചില ശിഥില ചിത്രങ്ങളും. ഓടുന്ന ബസ്സിന്റെ അകലങ്ങളിൽ ചക്രവാളങ്ങൾ പോലെ മറഞ്ഞിരുന്ന ആ ബിന്ദു വികാസം പ്രാപിച്ച് ചുറ്റുപാടുകളിലേക്ക് പരന്നൊഴുകിയത് ഓർമ്മയുണ്ട്.

സുഖകരമായ ഒരു തണുത്ത കാറ്റ് അടിച്ചു. പിന്നീട് ഓർമ്മ വരുമ്പോൾ പ്രിൻസ് കൂടെയുണ്ട്. ഏതോ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡ്രിപ്പ് ഇട്ട് കിടക്കുകയാണ്. 'ചേട്ടാ ശരിയാണ് ചേട്ടനൊരു നൂറ്റാണ്ടിന്റെ പഴക്കം ഉണ്ട് ട്ടാ. ഷുഗർ കുറഞ്ഞതാണ്. ശരിക്കും വയസ്സനായി തുടങ്ങി' സ്വതസിദ്ധമായ ശൈലിയിൽ പ്രിൻസ് പറഞ്ഞു. മറുപടിയായി ഒന്ന് ചിരിച്ചു. ബസ്സിൽ തലകറങ്ങി വീണ തന്നെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പിന്നീടാണ് പ്രശാന്തിന് മനസ്സിലായത്. രഹസ്യങ്ങൾ സൂക്ഷിക്കാൻ ഇല്ലാത്ത ഫോൺ ആയതുകൊണ്ട് ലോക്ക് ഇട്ടിട്ടുണ്ടായിരുന്നില്ല. അത് ഗുണമായി. അവസാന കോള്‍ ലോഗ് നോക്കി ആശുപത്രിയിലെ ആരോ ആണ് പ്രിൻസിനെ വിവരമറിയിച്ചത്. അന്നത്തെ എല്ലാ മീറ്റിങ്ങിന്റെ ചുമതലകളും അവനെ ഏൽപ്പിച്ചു. 'കൃത്യമായി കാര്യങ്ങൾ ചെയ്യണം എനിക്ക് പേരു ദോഷം ഉണ്ടാക്കരുത്' എന്ന് തമാശയായി ഒരു ഉപദേശം കൊടുത്തു. എന്ത് ജോലിയും വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്ന ഒരുത്തൻ തന്നെയാണ് അവൻ എന്നത് പ്രശാന്തിന് അറിയാം. ധാരാളം കഴിവുകളുണ്ട് പ്രയോഗിക്കാനുള്ള അവസരങ്ങൾ മാത്രം കൊടുത്താൽ മതി.

12 മണിയോടുകൂടി വീട്ടിൽ പൊയ്ക്കോളാൻ ആണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്. അൽപം മധുരം കഴിക്കുന്നതിൽ തെറ്റില്ല എന്നും പ്രമേഹം കൂടുന്നതിനേക്കാൾ അപകടം കുറയുന്നതാണെന്നും ഡോക്ടർ ഉപദേശിച്ചു. ഡോക്ടർ എഴുതിയ മരുന്നിന്റെ കുറിപ്പടി വാങ്ങാൻ ആണ് നീണ്ട കോറിഡോറിന്റെ വലത്തേ അറ്റത്തുള്ള നഴ്സിങ് റൂമിലേക്ക് പോയത്. മരുന്നും കഴിക്കേണ്ട വിധവും കൃത്യമായി എഴുതി വാങ്ങിയതിനു ശേഷം ലിഫ്റ്റ് ബട്ടണിൽ വിരലമർത്തി കാത്തു നിന്നു. അഞ്ചാമത്തെ നിലയാണെന്ന് എഴുതിവെച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അല്ലെങ്കിൽ ലിഫ്റ്റ് ഉപയോഗിക്കില്ല പടിക്കെട്ടുകൾ വഴി ഇറങ്ങുകയേ ചെയ്യുകയുള്ളൂ. പോരാത്തതിന് ചെറുതല്ലാത്ത ഒരു ക്ഷീണവും പിടികൂടിയിരുന്നു. താഴേക്ക് വന്നുകൊണ്ടിരുന്ന ലിഫ്റ്റ് മൂന്നാം നിലയിൽ നിന്നപ്പോഴാണ് ആ ഫാമിലി ലിഫ്റ്റിൽ കയറിയത്. തല മുക്കാലും കഷണ്ടിയായ ഭർത്താവ് വീൽചെയറിൽ ഭാര്യയെ ഉന്തി കൊണ്ടാണ് കടന്നുവന്നത്. ഇരുപതുകളുടെ മധ്യത്തിൽ പ്രായമുള്ള രണ്ട് ആൺകുട്ടികൾ മെഡിക്കൽ റിപ്പോർട്ടുകളും ബാഗുകളുമായി കൂടെയുണ്ട്. ഉടുത്തിരിക്കുന്ന സാരി കൊണ്ട് തല മറച്ചത് കാരണം സ്ത്രീയുടെ മുഖം വ്യക്തമല്ല. രോഗം കൊണ്ടോ ക്ഷീണം കൊണ്ടോ തല താഴ്ന്നാണ് ഇരിപ്പുണ്ടായിരുന്നത്. പിടലി ഒടിഞ്ഞത് പോലെ! അവരുടെ ഇടതു കൈ ഭർത്താവിന്റെ വലതു കൈയ്യിൽ ചേർത്ത് മുറുക്കിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. ആ പിടുത്തത്തിലും മക്കളുടെ സാമീപ്യത്തിലും അവർക്ക് ചെറുതല്ലാത്ത സുരക്ഷിതത്വബോധം ലഭിക്കുന്നുണ്ടെന്ന് തോന്നി. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ഭർത്താവ് ചിരിച്ചു. പെട്ടെന്ന് ഞെട്ടിയ പ്രശാന്ത് ചിരി വശമില്ലാത്തതുകൊണ്ട് ചുണ്ടുകൾ വക്രീകരിച്ച് ചിരിക്കുന്നതായി തോന്നിപ്പിച്ചു. ഒന്നാമത്തെ നിലയിൽ അവർ ഇറങ്ങി. പ്രശാന്ത് ഗ്രൗണ്ട് ഫ്ലോറിലേക്ക് വേണ്ടി കാത്തു നിന്നു.  

ആശുപത്രികൾ കാണുമ്പോൾ എല്ലാം ഒരാളെ ഓർമ്മിക്കാറുണ്ടെന്ന് അവൻ ഓർത്തു. വെള്ള വസ്ത്രം ധരിച്ച് അവളെ ഏതെങ്കിലും ലിഫ്റ്റിനുള്ളിൽ വച്ച് മുഖാമുഖം കാണുന്നതായി സങ്കൽപ്പിച്ചിട്ടുണ്ട്. ചോദിക്കാനായി കുറേ ചോദ്യങ്ങളും പറയാനായി ഒരുപിടി വിശേഷങ്ങളും സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു ഈ അടുത്ത കാലം വരെ. പിന്നീട്  കോളജിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ തീ പൊള്ളി മരിച്ച ഒരുവളുടെ ചരമ വാർത്ത കണ്ടതിനു ശേഷം അതൊക്കെയും കണ്ണീരിനൊപ്പം ഒഴുക്കി കളഞ്ഞു. ഡീസൽ ഒഴിച്ച് തീ കൊളുത്തി മരിച്ചവരെ പത്രങ്ങൾ എത്ര മൃദുവായാണ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതെന്ന് ഓർത്തു. തന്നെപ്പറ്റി അവൾ എന്നും അന്വേഷിക്കാറുണ്ടെന്ന് പിന്നീട് കണ്ടിരുന്ന എല്ലാ സുഹൃത്തുക്കളും പറഞ്ഞു. ഒറ്റയായി പോകരുതെന്നും ചേർത്തുപിടിക്കാൻ ഒരു കൈ കണ്ടുപിടിക്കണം എന്നും എപ്പോഴും പറഞ്ഞിരുന്നത്രേ. നീലിച്ച നിസംഗത കരിവാളിച്ച് കിടക്കുന്ന വലതു കൈപ്പടത്തിലേക്ക് അവൻ നോക്കി. ഒരേസമയം കരയാനും ചിരിക്കാനും തോന്നി. ഗ്രൗണ്ട് ഫ്ലോറിൽ മലർക്കെ തുറന്ന ലിഫ്റ്റിൽ നിന്നും കണ്ണുനിറച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. മുമ്പായിരുന്നെങ്കിൽ പൊതു സ്ഥലത്ത് വെച്ച് ഒരിക്കലും കരയില്ലായിരുന്നു. ഇപ്പോൾ തനിക്ക് എന്ത് പറ്റി അവൻ അത്ഭുതപ്പെട്ടു. ചിലപ്പോൾ വാർദ്ധക്യത്തിന്റെ ആരംഭം ഇങ്ങനെയാവാം.

Content Summary: Malayalam Short Story ' Varddhakyathinte Aarambham ' Written by K. R. Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com