മകൻ 'രക്തസാക്ഷി'യായി, ആകെയുണ്ടായിരുന്ന സ്ഥലവും മറ്റു മക്കൾക്കായി വിൽക്കേണ്ടി വന്നു
Mail This Article
വിരൽത്തുമ്പിലെ മഷി മുണ്ടിന്റെ ഒരു കോണിൽ അമർത്തി തുടച്ചിട്ട് താമിയപ്പൻ മരപ്പടികൾ ആരംഭിക്കുന്നിടത്ത് കുറച്ചുനേരം കൂടി നിന്നു. വരാന്തയിൽ അങ്ങിങ്ങായി ആളുകളുണ്ട്. മടക്കി പിടിച്ച പേപ്പറുകളുമായി ചിലർ ജനാലയുടെ അരികിൽ ആരെയൊക്കെയോ കാത്തുനിൽക്കുകയാണ്. മറ്റു ചിലർ അവരുടെ ഊഴവും കാത്ത് അക്ഷമരായി രജിസ്ട്രാറിന്റെ ക്യാബിനിലേയ്ക്ക് ഇടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ട്. അവർക്കിടയിൽ പരിചയക്കാരാരെങ്കിലും ഉണ്ടോയെന്ന് താമിയപ്പൻ സൂക്ഷിച്ചു നോക്കി. നേരത്തെ ഒന്നാമത്തെ നിലയിലേയ്ക്ക് കയറുമ്പോൾ കൈപിടിക്കാനും കുശലം പറയാനും ആളുകൾ കൂടെ ഉണ്ടായിരുന്നത് കൊണ്ട് തന്റെ ഇരട്ടിപ്രായമുള്ള ഗോവണിയിലെ ഇളകിയ പടികളെ അയാൾ ഭയപ്പെട്ടിരുന്നില്ല. തിരിച്ചിറങ്ങുമ്പോഴും ആ കൈകളുടെ സഹായം ഉണ്ടായിരിക്കും എന്ന പ്രതീക്ഷയോടെയാണ് രജിസ്ട്രാറുടെ മുമ്പിൽ ഇരുന്നത്. പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞു. അതിന്റെ എല്ലാ അസ്വസ്ഥതകളും രാവും പകലുമുണ്ട്. വലതുകാൽമുട്ടിന് താഴെയായി ചുരുണ്ടുകിടക്കുന്ന ഞരമ്പുകളിൽനിന്നും അസഹ്യമായ വേദന മിന്നൽപിണർ പോലെ തലച്ചോറിൽ എത്തുന്ന ചില നിമിഷങ്ങളുണ്ട്. കണ്ണുകൾ അടഞ്ഞുപോകുന്ന ആ വേദനയിൽ എവിടെയെങ്കിലും മുറുകെ പിടിച്ച് കുറച്ചുനേരം നിൽക്കുന്നതാണ് താമിയപ്പന്റെ പതിവ്.
കൂടിനിൽക്കുന്നവരിലോ പുതുതായി കയറി വന്നവരിലോ പരിചയക്കാർ ആരുമില്ലെന്ന് ഉറപ്പായപ്പോൾ താമിയപ്പൻ തനിയെ പടികൾ ഇറങ്ങാൻ തീരുമാനിച്ചു. അയാൾ മരപ്പടികളെ ആകെയൊന്ന് നോക്കി. തേഞ്ഞ് മിനുസപ്പെട്ട് കിടക്കുകയാണ് പലതും. ചിലത് പൊട്ടിയിട്ടുമുണ്ട്. കൈവരിയിൽ മുറുകെ പിടിച്ചുള്ള അയാളുടെ കാൽവയ്പ്പിനനുസരിച്ച് പടികളിൽ ചിലത് പ്രായാധിക്യത്തിന്റെ ശബ്ദങ്ങളുണ്ടാക്കി പൊടുന്നനെ നിശബ്ദമായി. കുഞ്ഞമ്പുവിനെ കൂടെ കൊണ്ടുവരാമായിരുന്നു. പാടത്തും പറമ്പിലും നിഴലുപോലെ കൂടെ നടക്കുന്നവനാണ്. വിളിച്ചാൽ വിളിപ്പുറത്ത് നിൽക്കുന്നവൻ. കുഞ്ഞമ്പു കൂടെയുണ്ടെങ്കിൽ ഒരു കൈസഹായം ആകില്ലേന്ന് കുഞ്ഞിനീലി പലതവണ ചോദിച്ചതാണ്. കേട്ടില്ല. അനുഭവിക്കുക തന്നെ. പടികൾ പാതി കഴിഞ്ഞപ്പോൾ അയാൾ കൈവരിയോട് ചേർന്ന് കുറച്ചുനേരം നിന്നു. ഗ്ലാസുകൾ പൊട്ടിപ്പോയ ജനാലയിലൂടെ ഇപ്പോൾ പുറത്തേയ്ക്ക് കാഴ്ചയുണ്ട്. കൈവരിയിൽ വിരലുകളോടിച്ച് അയാൾ പുറത്തേയ്ക്ക് നോക്കി. ഇന്റർലോക്ക് വിരിച്ച മുറ്റത്ത് കാറിലേക്ക് കയറാൻ തയാറായി ജമാൽ നിൽക്കുന്നുണ്ട്. നേരത്തെ ഗോവണി കയറാൻ സഹായിച്ച ജമാലിന്റെ അനുചരൻമാർ കാറിന് ചുറ്റുമുണ്ട്. അവർ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ജമാലിന്റെ നോട്ടം മാസങ്ങൾക്കുശേഷം ഒത്തുകിട്ടിയ കച്ചവടത്തിലെ തന്റെ കക്ഷി ഇറങ്ങി വരുന്ന പടവുകളിലേക്കായിരുന്നു.
താമിയപ്പൻ കാറിനടുത്തെത്തി. "അപ്പോ... അതങ്ങ് കഴിഞ്ഞു; നിരീച്ചതിലും നേരത്തെ തന്നെ... അദാണ് പള്ളിമുക്കിലെ ഹസ്സനാജിയുടെ മകൻ ജമാലിന്റെ മിടുക്ക്...! ഉറുപ്പ്യ.... ങ്ങള് പറഞ്ഞതന്നേ നമ്മള് വാങ്ങിതന്നിരിക്കണ്... ഇനി പോയി കൊച്ചുമോൾക്കടെ കാര്യങ്ങള് ജോറാക്ക്..." കാർ ഓഫിസിന്റെ മതിൽക്കെട്ട് കടക്കും വരെ താമിയപ്പൻ കൈകൾകൂപ്പി നിന്നു. വെയിലിന് ചൂട് കൂടിവരികയാണ്. സൂര്യൻ തലയ്ക്ക് മുകളിൽ എത്താറായത് അയാൾ നിഴല് നോക്കി ഉറപ്പു വരുത്തി. തേഞ്ഞുതീരാറായ ചെരുപ്പിലൂടെ മുറ്റത്തെ ചൂട് പാദങ്ങളിലെ വിണ്ടുകീറിയ ഭാഗങ്ങളിൽ തീക്കനലാകുന്നത് അയാൾ അറിഞ്ഞു. ഇനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ലല്ലോ എന്ന ചിന്തയോടെ അയാൾ റോഡിന് മറുവശത്തുള്ള സർബത്ത് കടയിലേക്ക് സാവധാനം നടന്നു. "മോനേ.... ഒരു നാരങ്ങാവെള്ളം.." മൊബൈലിന്റെ മാസ്മരികതയിൽനിന്ന് ഒരു പയ്യൻ തലയുയർത്തി നോക്കി. "ഉപ്പിട്ടത് മതീട്ടോ..." "ഇക്കാലത്ത് ഉപ്പിട്ട നാരങ്ങാവെള്ളം ആരും കുടിക്കാറില്ല കാർന്നോരെ... ഫ്രൂട്ടിയും, കോളയും, ജ്യൂസും യഥേഷ്ടം കിട്ടുന്ന കാലമല്ലേ.. അതായാലോ...?" തന്റെ ഓൺലൈൻ ഗെയിമിലേക്ക് നുഴഞ്ഞുകയറിയ അജ്ഞാതനെ സ്ക്രീനിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള വ്യഗ്രത പയ്യന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. താമിയപ്പൻ മറുപടി ഒന്നും പറഞ്ഞില്ല. മിഠായി ഭരണിയുടെ മുകളിലേക്ക് ക്ഷണനേരംകൊണ്ട് പയ്യൻ എടുത്തുവച്ച നാരങ്ങാവെള്ളം അയാൾ ഒറ്റവലിക്ക് കുടിച്ചു. മഷിപുരണ്ട വിരലുകൾകൊണ്ട് മടിശീലയിൽനിന്ന് രണ്ട് നാണയത്തുട്ടുകൾ എടുത്തുകൊടുത്തിട്ട് അയാൾ പതുക്കെ ബസ്റ്റോപ്പിന്റെ ഭാഗത്തേക്ക് തിരിഞ്ഞു.
റോഡിൽ തിരക്ക് കുറവാണ്. തോളത്ത് കിടന്ന തോർത്ത് തലയിലൂടെയിട്ട് നടക്കുന്നതിനിടയിൽ താമിയപ്പൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആകെ മാറ്റങ്ങൾ ! കാലങ്ങൾക്കുശേഷമാണ് പട്ടണത്തിന്റെ ഈ ഭാഗത്തേക്ക് വരുന്നത്. കൃത്യമായി പറഞ്ഞാൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം. പതിനൊന്ന് വർഷങ്ങൾ !! അയാൾ ഒരു ദീർഘശ്വാസം എടുത്തു. കോടതിയുടെ അകത്തും പുറത്തുമായി ചുറ്റുപാടുകളെ മറന്നുനിന്ന ദിനങ്ങൾ. ഇത്രയേറെ മാറ്റങ്ങൾ അന്നേ ഇവിടെ ഉണ്ടായിരുന്നോ..? നിറഞ്ഞ കണ്ണുകളും മരവിച്ച ചിന്തകളും അന്ന് ഈ കാഴ്ചകൾ മറച്ചതായിരിക്കുമോ..? മാനംമുട്ടേ വളർന്ന് നിൽക്കുന്ന കെട്ടിടങ്ങൾ. മാളുകൾ, ഭക്ഷണശാലകൾ, ഷോറൂമുകൾ, തുണിക്കടകൾ. ചില കെട്ടിടങ്ങൾ വളർന്നുകൊണ്ടേയിരുന്നു. മുൻഭാഗം മുഴുവനായും ഗ്ലാസുകൾകൊണ്ട് മറച്ച കടകളാണ് റോഡിനിരുവശവും. വിലകൂടിയ ചെരുപ്പുകൾ അകത്തേക്ക് കയറിയവരേയും കാത്ത് മിക്കവാറും കടകളുടെ മുമ്പിൽ വിശ്രമിക്കുന്നുണ്ട്. പുതിയ കാലത്തിന്റെ വേഷവിധാനങ്ങളിൽ ആളുകൾ നടന്നുപോകുന്നു. ആ ചുറ്റുപാടിൽ നിറം പൂർണ്ണമായും നഷ്ടപ്പെട്ട ഒരു പഴഞ്ചൻ താൻ മാത്രമാണന്ന് താമിയപ്പന് തോന്നി. ഒരു പാഴ് വസ്തുവിന്റെ പരിഗണന പോലും കൊടുക്കാതെ ചില വാഹനങ്ങൾ കാതടപ്പിക്കുന്ന ഹോണടികളോടെ അയാളെ കടന്നുപോയി.
വെയ്റ്റിങ് ഷെഡ്ഡിനോട് അടുത്തപ്പോൾ അവിടുന്ന് വലതുവശത്തേക്ക് പോകുന്ന പുതിയ റോഡിലേക്ക് നോക്കി താമിയപ്പൻ കുറച്ചുനേരം നിന്നു. കടകളുടെ നീണ്ട നിരയാണ് ഇരുവശവും. പരസ്യങ്ങളുടെ വിവിധ വലിപ്പത്തിലുള്ള ബോർഡുകൾ തൂക്കിയിട്ടിരിക്കുന്ന കടകളുടെ മുമ്പിൽ മോട്ടോർ സൈക്കിളുകൾ ധാരാളമുണ്ട്. ഇതുതന്നെയായിരുന്നില്ലേ ചേക്കുട്ടിമൂപ്പന്റെ കടയിലേക്ക് പോയിരുന്ന വഴി? അയാൾ സംശയത്തോടെ കൂടുതൽ ദൂരത്തേക്ക് കണ്ണോടിച്ചു. തൊണ്ടും, ചിരട്ടയും, വിറക് കരിയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ചേക്കുട്ടിമൂപ്പന്റെ കടയിലേക്കുള്ള വഴി ഇതുതന്നെയാണ്. അയാൾ ഉറപ്പിച്ചു. ചേക്കുട്ടിയുടെ കടയുടെ അപ്പുറത്ത് ചക്കിലാട്ടിയ എണ്ണയും, പപ്പടവും വിൽക്കുന്ന ശങ്കരേട്ടന്റെ ഒറ്റമുറിയായിരുന്നു. മറുവശത്ത് കുഞ്ഞിമൂസിന്റെ വല നെയ്ത്ത് പീടികയും, നയ്മിയുടെ വെറ്റിലക്കടയും. ആ കടകളൊക്കെ ഇന്ന് എവിടെപ്പോയി..? ശങ്കരേട്ടൻ അന്നേ മരണപ്പെട്ടു. കുഞ്ഞിമൂസും കുടുംബവും പിന്നീടെപ്പോഴോ തമിഴ്നാട്ടിലേക്ക് തീവണ്ടി കയറി. നയമിയും, ചേക്കുട്ടിയും..?? എത്ര വർഷങ്ങൾക്ക് മുമ്പായിരുന്നു താൻ ആ വഴിയിലൂടെ പോയത്..? നാൽപതോ, അമ്പതോ..? ഓർമ്മയുടെ താളുകൾ ആശയക്കുഴപ്പത്തോടെ മറിച്ചുകൊണ്ട് ആ കോൺക്രീറ്റ് റോഡിലേക്ക് നോക്കി അയാൾ നിന്നു. അപ്പോൾ കല്ലുകൾ ഇളകിക്കിടക്കുന്ന ഇടുങ്ങിയ വഴിയിലൂടെ വിറക് കരിയും, തൊണ്ടും നിറച്ച ചാക്കുകളുമായി കടന്നുപോകുന്ന കാളവണ്ടികളുടെ ഞരക്കം അയാളുടെ കാതുകളിൽ ഓടിയെത്തി. വെളുത്ത കാളകൾക്ക് നടുവിൽ ചാട്ടയുമായി മേൽക്കുപ്പായമില്ലാതെ ഇരിക്കുന്ന അച്ഛനെ ഒരു നിമിഷം അയാൾ കണ്ടു. കാളവണ്ടിയുടെ പിന്നിലിരുന്ന് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന മെലിഞ്ഞ് നീണ്ട താമി എന്ന ഇരുപത്തിയഞ്ചുകാരനെ നോക്കി അയാൾ ഒന്ന് ചിരിച്ചു.
"കാർന്നോരെ.... തട്ടാശ്ശേരി വഴി പോകുന്ന ബസ്സാണ്. ആ വഴിക്കാണങ്കിൽ കയറിക്കോ... അല്ലെങ്കിൽ റോഡ് സൈഡിലേക്ക് സ്വൽപം മാറിനില്ല്..." കാളവണ്ടികളുടെ ഞരക്കം ബസ്സിന്റെ ഗർജ്ജനത്തിൽ പാടെ അമർന്നുപോയി. ബസ്സിൽ തിരക്കുണ്ടായിരുന്നില്ല. പിൻവാതിലിന് തൊട്ടുമുമ്പിലുള്ള സീറ്റിൽ അയാൾ ഇരുന്നു. മൊബൈൽ ഫോണിൽ ആരോടൊ ഉറക്കെ സംസാരിക്കുന്ന തിരക്കിലാണ് തൊട്ടടുത്ത് ഇരിക്കുന്നയാൾ. ആഗതനെ ഇഷ്ടപ്പെടാത്തതുപോലെ അയാൾ താമിയപ്പനെ അടിമുടി ഒന്ന് നോക്കി. അയാളെ ബുദ്ധിമുട്ടിക്കാതെ മടിശീലയിൽനിന്ന് ബസ്സ് ചാർജ്ജ് എടുത്ത് താമിയപ്പൻ കണ്ടക്ടർക്ക് നേരെ നീട്ടി. ടിക്കറ്റ് കൊടുത്തതിനുശേഷമായിരുന്നു കണ്ടക്ടറുടെ ചോദ്യം. "മാത്തൂരിലെ ജയചന്ദ്രന്റെ അച്ഛനല്ലേ..?" കണ്ടക്ടറുടെ നോട്ടത്തിൽ ആകാംക്ഷ. "പേപ്പറിലൊക്കെ കുറേ കണ്ടതുകൊണ്ട് ഇപ്പോഴും ഓർമ്മയുണ്ട്". തലയുയർത്തി കണ്ടക്ടറെ നോക്കിയതല്ലാതെ താമിയപ്പൻ ഒന്നും പറഞ്ഞില്ല. അടുത്ത സീറ്റുകളിലെ ചിലരുടെ കണ്ണുകൾ തന്റെ നേരെ തിരിയുന്നത് അയാൾ അറിഞ്ഞു. ചിലർ ഒറ്റ നോട്ടത്തിനുശേഷം സഹതാപത്തോടെ കണ്ണുകൾ പിൻവലിച്ചു. വേറെ ചിലർ എന്തൊക്കെയോ ആലോചിച്ച് അയാളെ ഇടയ്ക്കിടെ നോക്കികൊണ്ടിരുന്നു. പിൻസീറ്റിൽ ക്ലീനറുടെ അടുത്തിരുന്നുള്ള കണ്ടക്ടറുടെ സംസാരവും കൂടി കേട്ടതോടെ ആ ബസ്സിൽ കയറണ്ടായിരുന്നു എന്ന് താമിയപ്പന് തോന്നി. "ജയചന്ദ്രനെ മനസ്സിലായില്ലേ....?" "ഇല്ല.." "ഛെ...! തട്ടാശ്ശേരിയിലെ രക്തസാക്ഷി... അവിടുത്തെ വെയിറ്റിങ് ഷെഡിൽ അയാളുടെ പേരുണ്ടല്ലോ... അങ്ങനെയല്ലേ ആ സ്ഥലം ഫെയ്മസായത് തന്നെ... രാഷ്ട്രീയ പകയായിരുന്നു.. പന്ത്രണ്ട് വെട്ടാ.." "എന്നായിരുന്നു അത്...?" "വർഷം കൊറേ ആയി. അതൊക്കെ കഴിഞ്ഞ് കേരളത്തിൽ എത്ര വെട്ട് നടന്നു. ആരാ ഇതൊക്കെ ഓർത്തിരിക്കുന്നേ..? ഒന്നുകിൽ വടിവാള് അല്ലെങ്കിൽ ബോംബേറ്. ജനശ്രദ്ധ തിരിച്ച് വിടാനും തെരഞ്ഞെടുപ്പ് ജയിക്കാനും ഇപ്പോൾ ഒരു രക്തസാക്ഷി മതിയല്ലോ. പ്രതിപക്ഷത്തിന് ആ മണ്ഡലം തിരിച്ചുകിട്ടിയത് ജയചന്ദ്രന്റെ പേരിലാ. സഹതാപ തരംഗം. ആർക്ക് പോയി..? വേണ്ടപ്പെട്ടവർക്കല്ലാതെ...."
ഓർമ്മകളുടെ കണ്ണീർക്കയത്തിലേക്ക് വീഴാതിരിക്കാൻ താമിയപ്പൻ നന്നേ പാടുപെട്ടു. എന്നിട്ടും കരിഞ്ഞുണങ്ങിയ മുറിവുകളിലെവിടെയോ വിള്ളലുകൾ ഉണ്ടാകുന്നത് പോലെ. ആ വിള്ളലുകളിൽനിന്ന് രക്തം പൊടിയുന്നതുപോലെ. മകന്റെ പൊടുന്നനെയുള്ള വേർപാടിൽ അയാൾ ശരിക്കും ആടി ഉലഞ്ഞിരുന്നു. പറന്നുയർന്ന കരിയിലകൾ പോലെ മനസ്സ് ദിശ നഷ്ടപ്പെട്ട് എങ്ങോട്ടോ സഞ്ചരിച്ച ദിനങ്ങൾ. നേരെ നിൽക്കാൻ പിന്നീട് ഏറെസമയം വേണ്ടിവന്നു. കേസും, കോടതിയുമായി വർഷങ്ങൾ എത്ര..! എന്ത് നേടി..? കീഴ്കോടതി തന്നെ പ്രതികളെ വെറുതെ വിട്ടു. കൂടെ നടന്നവർ തന്നെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ചെയ്ത ക്രൂരത. ആ ശിഖരം വെട്ടി വീഴ്ത്തപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ ആകെ ഉണ്ടായിരുന്ന ഒന്നരയേക്കർ കൃഷിഭൂമി ഇന്ന് വിൽക്കേണ്ടി വരുമായിരുന്നോ?. കൈമാറി കിട്ടിയ പൊന്ന് വിളയുന്ന മണ്ണ്! വീടും പുരയിടവും അല്ലാതെ ഇനിയെന്താണ് ബാക്കിയുള്ളത്? കണ്ണിൽ ഇരുട്ടുകയറുന്നത് പോലെ താമിയപ്പന് തോന്നി. മുൻസീറ്റിന്റെ കമ്പിയിൽ മുറുകെ പിടിച്ച് ഓടിമറയുന്ന മരങ്ങളേയും, കെട്ടിടങ്ങളേയും ശ്രദ്ധിച്ച് അയാൾ ഇരുന്നു. ഓർക്കാനാഗ്രഹിക്കാത്ത കുറേ രംഗങ്ങൾ ഇടയ്ക്കിടെ ഓടിയെത്തി അയാളുടെ കണ്ണുകളെ ആർദ്രമാക്കി. പിന്നീടെപ്പോഴോ ഡ്രൈവറിന് പിന്നിലെ ഫസ്റ്റ് എയ്ഡ് ബോക്സിനോട് ചേർന്നുള്ള ചിത്രത്തിൽ അയാളുടെ കണ്ണുകൾ ഉടക്കി. വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങൾ. വരമ്പിലൂടെ നടന്നുനീങ്ങുന്ന തെയ്യവും മേളക്കാരും. ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുമ്പോൾ നെല്ലിക്കാട്ടുകുന്നേൽ പോൾസാറിന്റെ നോക്കെത്താദൂരത്തോളം വിശാലമായി കിടക്കുന്ന വയലുകൾ അയാളുടെ മനസ്സിനെ പച്ചപിടിപ്പിച്ചു. ഇനിയെല്ലാം പോൾസാറിന്റെ കൃപയാണ്. നെല്ലും, വാഴയും, മരച്ചീനിയും, മധുരക്കിഴങ്ങും വിളയുന്ന പാടങ്ങൾ. പ്രതീക്ഷയുടെ ഇളംകാറ്റ് അയാളുടെ മുഖത്ത് സ്പർശിച്ച് കടന്നുപോയി. പ്രധാനവരമ്പിലൂടെ ഉരുക്കളും, കലപ്പയുമായി നടന്നുപോകുന്ന മറ്റത്തുവീട്ടിൽ താമി എന്ന കർഷകനെ അയാൾ സങ്കൽപിച്ചുനോക്കി. കൂടെ ഉറ്റചങ്ങാതി കുഞ്ഞമ്പുവുമുണ്ട്. പോൾസാറിന്റെ പാടങ്ങളിൽ ഇനി മുഴുവൻ സമയ കർഷകനായി ജീവിക്കാം. അയാൾ ആശ്വസിച്ചു.
ഒന്നാലോചിച്ചാൽ എന്തിന് വിഷമിക്കണം..? കാര്യങ്ങളെല്ലാം വിചാരിച്ചപോലെതന്നെ നടക്കുമല്ലോ. മകൻ ആഗ്രഹിച്ചത് പോലെ സതിയെ ഡോക്ടർ വിഭാഗത്തിന് പഠിപ്പിക്കാം. അവന്റെ ഏറ്റവും വലിയ വേദന മൂത്തവൾ സുധയുടെ ഭാവിയെപ്പറ്റിയായിരുന്നു. ഒരു കാലിന് സ്വാധീനക്കുറവുള്ള അവളുടെ പഠനം, അവൾക്ക് സ്വന്തമായി വരുമാനമുള്ള ഒരു തൊഴിൽ ഇതെല്ലാം അവന്റെ നിത്യേനയുള്ള സങ്കടങ്ങളായിരുന്നല്ലോ. സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ കടന്നുപോയപ്പോൾ തനിക്ക് എന്താണ് സാധിച്ചത്..? എന്തായാലും സ്ത്രീധന ബാക്കി ചോദിച്ചുകൊണ്ടുള്ള പ്രദീപന്റെ ബഹളവും സുധയുടെ കണ്ണീരും ഇനി ഉണ്ടാകില്ലല്ലോ. "ചേട്ടാ... മാത്തൂരെത്തി..." കമ്പിയിൽ മുറുകെ പിടിച്ച് അയാൾ എഴുന്നേറ്റു. പുറത്തേക്കിറങ്ങാൻ കണ്ടക്ടറുടെ കൈസഹായം വേണ്ടിവന്നു. വീട്ടിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. മീനമാസത്തിലെ സൂര്യനെ ഓർമ്മപ്പെടുത്തികൊണ്ട് കവലയിലെ ഓട്ടോ ഡ്രൈവർമാർ ആ വർഷത്തെ ചൂടിനെപ്പറ്റി ഉറക്കെ സംസാരിച്ചു. അയാൾ കേട്ടതായി ഭാവിച്ചില്ല. കഴിഞ്ഞ അമ്പത് വർഷം പാടത്തും പറമ്പിലും വിയർപ്പൊഴുക്കുമ്പോൾ സൂര്യൻ നോക്കി നിന്നതല്ലാതെ തന്നെ ഒന്നും ചെയ്തിട്ടില്ല. പിന്നെയെന്തിന് പേടിക്കണം? അയാൾ നടക്കാൻ തീരുമാനിച്ചു. മൺപാതയിലെ ഇളകിക്കിടക്കുന്ന കല്ലുകളെ ഒഴിവാക്കി നടക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ എത്തിചേർന്ന തുകയെപ്പറ്റി അയാൾ വീണ്ടും ചിന്തിച്ചു തുടങ്ങി. സുധയുടെയും, സതിയുടെയും കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കി കാണില്ല. എന്നാലും മരുമകൾക്ക് ഒരു തയ്യൽ മെഷീൻ വാങ്ങണം. സ്വന്തമായി ഒരു തയ്യൽക്കടയ്ക്ക് കഴിഞ്ഞില്ലെങ്കിലും വീട്ടുവരാന്തയിലിരുന്ന് അവൾക്ക് തയ്ക്കാമല്ലോ. പിന്നെയുള്ളത് കുഞ്ഞിനീലിയുടെ അരവ് മെഷീനാണ്. കുറച്ചുകാലമായി അവൾ അമ്മിക്കല്ലിനെ കുറ്റംപറഞ്ഞു തുടങ്ങിയിട്ട്. അരവ് നന്നാവുന്നില്ലെന്നും, കല്ല് തേഞ്ഞ് തീർന്നെന്നും മറ്റും. കൂടെക്കൂടെ നടുവേദനയെപ്പറ്റിയുള്ള പരാതിയും ഉയരുന്നുണ്ട്. എല്ലാത്തിനും ഒറ്റമൂലി അരവ് മെഷീനാണ്.
കുരിശുപള്ളിയുടെ മുമ്പിൽനിന്നുള്ള ഇടവഴിയും കടന്ന് താമിയപ്പൻ പാടവരമ്പിലേക്കിറങ്ങി. ഇനിയങ്ങോട്ട് പോൾസാറിന്റെ കൃഷിയിടങ്ങളാണ്. മീനച്ചൂടിൽ ലോകരാജ്യങ്ങളുടെ ഭൂപടംപോലെ വിണ്ടുകീറികിടക്കുന്ന വയലുകളെ ആകെയൊന്ന് നോക്കികൊണ്ട് അയാൾ തെല്ലിട അവിടെ നിന്നു. അങ്ങിങ്ങായി മരച്ചീനിയും നേന്ത്രവാഴകളും കായലിലെ തുരുത്തുകൾ പോലെ കാണാം. ചിലയിടങ്ങളിൽ കന്നുകാലികൾ മേയുന്നുണ്ട്. മനസ്സിലെവിടെയോ ഒരു നീരുറവ രൂപപ്പെടുന്നത് അയാൾ അറിഞ്ഞു. ആ നീരുറവയിൽ അയാൾ ആകെ ഒന്ന് തണുത്തു. നാളെ മുതൽ തന്റെ അന്നം പൂർണ്ണമായും ഈ വയലുകളിൽനിന്നാണ്. അടുത്ത ഉഴവിനുമുമ്പ് കരുവാൻ ചെല്ലപ്പനെ കണ്ട് കലപ്പയുടെ കേടുപാടുകൾ തീർക്കണം. പറ്റിയാൽ പുതിയതൊന്ന് പണിയിക്കണം. അയാൾ തീരുമാനിച്ചു. തന്റെ ഒന്നരയേക്കറിനോട് അടുത്തപ്പോൾ അയാളുടെ നടത്തത്തിന്റെ വേഗത നന്നേ കുറഞ്ഞു. ചുറ്റും കമ്പിവേലി കെട്ടുന്നതിന്റെ ജോലി പൂർത്തിയാക്കി പണിക്കാർ മടങ്ങാനുള്ള തയാറെടുപ്പിലാണ്. അവരെ നോക്കി ചിരിക്കാൻ അയാൾ ഒരു വിഫലശ്രമം നടത്തി. അവർ നടന്നു തുടങ്ങിയപ്പോൾ കമ്പിവേലിയുടെ കാലിൽ പിടിച്ച് ഒരുവേള അയാൾ നിന്നു. വേലി കെട്ടാനായി നാലഞ്ച് നേന്ത്രവാഴകൾ പിഴുതെടുത്ത് കൂട്ടിയിട്ടിട്ടുണ്ട്. കുഞ്ഞമ്പു നട്ട വാഴകളാണ്. ചിലത് കുലച്ചിട്ടുമുണ്ട്. ഒരു മഴക്കാലത്ത് നിലംപൊത്തിയ വാഴകൾ കുഞ്ഞമ്പു ചാലിൽ കൂട്ടിയിടുന്നത് കണ്ടപ്പോൾ അയാൾ അന്ന് ശകാരിച്ചിരുന്നു. 'എന്ത് പണിയാ കുഞ്ഞമ്പു നീ ഈ കാണിക്കുന്നേ.. നിലത്ത് വീണ വാഴകളെല്ലാം കൊത്തിനുറുക്കി മറ്റുള്ളവയുടെ ചുവട്ടിലിട്ട് കൊടുക്ക്.. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകണമെന്നാ പ്രമാണം. അത് മനുഷ്യനായാലും, മരമായാലും'. കുഞ്ഞമ്പു എല്ലാം കൊത്തിനുറുക്കി ചെറുവാഴകളുടെ ചുവട്ടിലിട്ടു.
ഇന്നെല്ലാം വേലികെട്ടിനകത്താണ്. കഴിഞ്ഞ തവണ സുധ വന്നപ്പോൾ വിത്തിട്ട വഴുതനയും, വെണ്ടയും വാഴകൾക്കിടയിൽ വാടിത്തളർന്ന് നിൽക്കുന്നുണ്ട്. കുഞ്ഞിനീലി നട്ട മരച്ചീനിയുടെ ഇലകൾ പഴുത്ത് കൊഴിഞ്ഞിരിക്കുന്നു. അയാളുടെ നെഞ്ചുപിടഞ്ഞു. എന്നാണ് താൻ ഇതിനെല്ലാം വെള്ളമൊഴിച്ചത്..? എവിടുന്നോ കടന്നുവന്ന ഒരു കാർമേഘം സൂര്യനെ മറച്ചുകൊണ്ട് അയാൾക്ക് തണലൊരുക്കി. വാഴകളെ ഒന്ന് തൊടണമെന്ന് അയാൾക്ക് തോന്നി. കൈയ്യെത്തുന്നില്ല. വേലിയിലെ മുള്ളുകൾ അയാളുടെ കൈയ്യിൽ ചോരപ്പാടുകൾ ഉണ്ടാക്കി. വേദനിച്ചില്ല. എന്നിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി. വാഴകൾക്കിടയിലൂടെ കടന്നുവന്ന കാറ്റ് ഒരുവേള അയാളെ മുറുകെ പിടിച്ചു. നാലുദിവസങ്ങൾക്കുമുമ്പുള്ള സന്ധ്യക്ക് കുഞ്ഞമ്പുവുമൊത്ത് ഷെഡ്ഡിലിരിക്കുന്ന പണിയായുധങ്ങൾ എടുക്കാൻ പോയപ്പോൾ അയാൾ വിങ്ങിപ്പൊട്ടിയിരുന്നു. 'കൈവിടാൻ മനസ്സുണ്ടായിട്ടല്ല കുഞ്ഞമ്പു...; വേറെ നിവർത്തിയില്ലാത്തതുകൊണ്ടാ... സതിക്ക് ഡോക്ടർ വിഭാഗത്തിന് പഠിക്കണം... സുധയ്ക്ക് സ്ത്രീധനബാക്കി കൊടുക്കണം... ഈ കിഴവന് വേറെന്ത് മാർഗ്ഗമാണ് ഉള്ളത്..? എന്ത് പറയണമെന്നറിയാതെ കുഞ്ഞമ്പു അയാളുടെ കൈ മുറുകെ പിടിച്ചു. മേഘങ്ങളുടെ മറനീക്കി സൂര്യൻ പുറത്തുവന്നു. അയാൾ പടികയറി ചെല്ലുമ്പോൾ മുറ്റത്ത് കുഞ്ഞമ്പു നിൽക്കുന്നുണ്ടായിരുന്നു. വരാന്തയിൽ കുഞ്ഞിനീലിയും, മരുമകളുമുണ്ട്. അവരുടെ കണ്ണുകളിലെ ആകാംഷ അവിടെ നിറഞ്ഞുനിന്ന നിശബ്ദതയിൽനിന്ന് അയാൾ തിരിച്ചറിഞ്ഞു.
കുഞ്ഞമ്പു അടുത്തുവന്നു. "എന്തായി... പോയ കാര്യങ്ങള്..." "എല്ലാം ശരിയായി..." സങ്കടം നിഴലിക്കുന്ന കണ്ണുകൾ മറ്റുള്ളവരെ കാണിക്കാതെ അയാൾ ഇളംതിണ്ണയിൽ നിലത്തിരുന്നു. നിറഞ്ഞ സന്തോഷത്തോടെ മരുമകൾ വെള്ളമെടുക്കാനായി അകത്തേക്ക് പോയി. കൊച്ചുമകൾ പിന്നാമ്പുറത്തുനിന്ന് ഓടി വന്നു. "മുത്തശ്ശാ..." "തുക ബാങ്കിലെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. നാളെ തന്നെ ഫീസ് അടയ്ക്കാം.." മുറ്റത്തെ പൂച്ചെടികളെ തഴുകി കടന്നുവന്ന കാറ്റ് അവളെ വട്ടമിട്ടു. കൈയ്യിലിരുന്ന മൊബൈലിൽ അവൾ കൂട്ടുകാരുടെ പേരുകൾ തിരയുന്നതും അതിരുകളില്ലാത്ത സന്തോഷത്തോടെ അവരോട് സംസാരിക്കുന്നതും ശ്രദ്ധിച്ച് അയാൾ ഇരുന്നു. അടുത്ത് കുഞ്ഞിനീലി വന്ന് നിന്നതോ, കുഞ്ഞമ്പു എന്തോ പറയാൻ ഭാവിക്കുന്നതോ അയാൾ അറിഞ്ഞില്ല. അവളുടെ വാക്കുകളുടെ കൂടെ അയാളുടെ മനസ്സും പറന്നുയർന്നു. ഏതോ മഹാനഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ ആ മനസ്സ് മുന്നോട്ട് പോയി. "ഷെറിൻ... കാര്യങ്ങളൊക്കെ ഓകെയായി. നാളെത്തന്നെ ഫീസടയ്ക്കും. മുത്തശ്ശൻ ഇപ്പം വന്നതേ ഉള്ളൂ. അപ്പോ പറഞ്ഞതുപോലെ നമ്മൾ വീണ്ടും ഒരുമിച്ച് അഞ്ച് വർഷം...." വാട്‌സാപ്പിൽ അവൾ സന്തോഷം ഷെയറ് ചെയ്യാൻ തുടങ്ങുമ്പോൾ അയാളുടെ മനസ്സ് നഗരത്തിലെ ഏതോ ആശുപത്രിയുടെ പടവുകൾ കയറി തുടങ്ങിയിരുന്നു. "താമി... യീ... അറിഞ്ഞോ... നമ്മടെ പോൾസാറ് പുതിയ ട്രാക്ടറ് വാങ്ങിയത്രേ... സാറിന്റെ മുറ്റത്ത് നിർത്തീട്ടുണ്ട്... വയലൊക്കെ ഉഴുതാൻ ഇനി അത് മതി പോലും... അതാവുമ്പോ ഒന്നോ രണ്ടോ ദിവസംകൊണ്ട് ഞാറ് നടാൻ പരുവാകൂന്ന്.. കുമാരന്റെ കൊച്ചുമോൻ സതീശനാ ഡ്രൈവറ്...." കുഞ്ഞമ്പു പറഞ്ഞത് അയാൾ കേട്ടില്ല. തൂവെള്ള കോട്ടുധരിച്ച് കഴുത്തിലൂടെ ഇട്ട സ്റ്റെതസ്ക്കോപ്പുമായി ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ നടന്നുവരുന്ന കൊച്ചുമകളെ അയാൾ കൺകുളിർക്കെ കാണുകയായിരുന്നു.
Content Summary: Malayalam Short Story ' Janmantharangal ' Written by Binoy Puthupparambil