ADVERTISEMENT

ഇരിക്കാൻ പറഞ്ഞപ്പോൾ അവൾ അനുസരിച്ചില്ല. ആധിയുടെ അകവും വിഷണ്ണമായ മുഖവുമായി അരികിലേക്ക് വരുമ്പോൾ കിതപ്പകറ്റാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രമല്ല എപ്പോഴും തോറ്റു പോകുന്നവരാണ് നമ്മൾ എന്ന് അവളുടെ വരവ് വിളിച്ചു പറയുന്നുണ്ട്. ആരെയാണ് അവൾ ഭയപ്പെട്ടതെന്ന് ചോദിക്കേണ്ടതുണ്ടായിരുന്നില്ല. അതു വരെയുള്ളതെല്ലാം മറക്കാനോ മറയ്ക്കാനോ അവൾ ശ്രമിച്ചിട്ടില്ലല്ലോ. ആദ്യമല്ലാത്ത ദുരനുഭവങ്ങൾ എന്നും പരിചിതർക്ക് പ്രതീക്ഷിക്കാവുന്നതെന്ന് തിരിച്ചറിയുമ്പോഴും അവളെ പുതുതെന്തോ വല്ലാതെ തളർത്തിയിട്ടുണ്ട്. തളർച്ച മാറ്റാനല്ല, പക്ഷെ അയാളുടെ അരികിലെത്തിയത്. ആശ്വാസത്തിനും ആത്മധൈര്യത്തിനും ഇവിടെ വരേണ്ട കാര്യമില്ല. മനുഷ്യന്റെ പ്രശ്നങ്ങൾ എന്നും വ്യത്യസ്തമായി അവതരിച്ചുകൊണ്ടിരിക്കും. പരിഹാരത്തിനോ സമാധാനത്തിനോ ശ്രമിക്കുന്നതിനു പകരം, അതൊക്കെ കേട്ട് വെറുതെ ഇരിക്കുവാനാണ് അയാൾക്ക് താൽപര്യം. പരിഭ്രമത്തിന്റെ ഇരുട്ടിലൂടെ അവളുടെ വാക്കുകൾ തപ്പിത്തടയുകയാണ്. അതിനകത്തെ മുള്ളും കല്ലും എത്ര മൂർച്ചയുള്ളതും പരുക്കനുമാണെന്നവൾക്കറിയില്ല. 

വീണ്ടും മകളെ കുറിച്ചു തന്നെ. ഇത്തവണ കൂടുതൽ ചകിതയാവുകയാണ് ചെയ്തത്. കൗൺസലിംഗിന്റെ ഹ്രസ്വവും ദീർഘവുമായ തീവ്ര പരീക്ഷകൾ കടന്നിട്ടും, കാര്യമില്ലാതെ മകൾ വാക്കുകൾക്കും പെരുമാറ്റത്തിനും മൂർച്ച കൂട്ടിയിരിക്കുന്നു. വിവാഹ പ്രായത്തിന്റെ കള്ളികളിൽ തളച്ചിടാൻ കഴിഞ്ഞിരുന്നില്ല. രണ്ടു മൂന്നു പ്രൊപോസലുകളിൽ താത്പര്യമുടക്കിയെങ്കിലും അവസാനത്തേതിൽ കുറെ കൂടെ മുന്നോട്ടു കൊണ്ടുപോകാൻ അവൾ തയാറായിരുന്നു. ഏകദേശം ഉറപ്പിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ മനസ് മറ്റേതൊ ഇരുട്ടിലേക്ക്, അവളുടെ ഭാഷയിൽ പറഞ്ഞാൽ, വെളിച്ചത്തിലേക്ക്, പടർന്നു കയറി. വിവാഹത്തിന്റെ കാര്യത്തിൽ നിബന്ധനകൾ പുതുക്കാൻ അവൾ വാശി പിടിച്ചു. വരന്റെ വീട്ടുകാർ എല്ലാ നിബന്ധനകളും പാലിക്കാൻ തയാറായപ്പോൾ, അവൾ ചിന്തയിലൊരു ഹാംലറ്റായി. ഒന്നര വർഷം കഴിഞ്ഞ് ഉറപ്പിക്കൽ, പിന്നെയും ഒരു വർഷം കഴിഞ്ഞ്, ബന്ധം നല്ലതാണെന്ന് തോന്നുമെങ്കിൽ വിവാഹം. അവന് ഷോക്കേറ്റതു പോലെ!

എന്നിട്ടും അവൻ അവളോട് പറഞ്ഞു നോക്കി. പഠനമോ ജോലിയോ എന്തുമാകട്ടെ, അവൾക്ക് സ്വാതന്ത്ര്യമുണ്ട്. വീട്ടിലെ മറ്റുള്ളവരും അങ്ങനെയാണ്. ജോലിക്കു പോകുന്നവർ, പഠിക്കുന്നവർ. വിവാഹം ഇതിനൊന്നും തടസമായിരുന്നില്ല. അതുകൊണ്ടാണ് അവൾക്ക് അങ്ങനെയൊരു ബന്ധം വന്നതും. ഇവിടെ ഇതൊന്നുമായിരുന്നില്ല അവളുടെ അമ്മയുടെ ആധി. മകൾക്ക് വിചാരിച്ച കോഴ്സ് പഠിക്കാൻ കഴിഞ്ഞില്ല. ടെസ്റ്റും പഠനവും ഒക്കെയായി സമയവും പണവും ചെലവായി. മൂന്നാളിൽ മൂത്തവൾ രക്ഷപ്പെടട്ടെയെന്ന ആഗ്രഹം അമ്മയ്ക്ക് വിനയായിരിക്കുന്നു. അക്കാര്യം പറഞ്ഞാണ് ശല്യപ്പെടുത്തുന്നത്. വീട്ടുകാരും കുടുംബക്കാരും പ്രതികൾ. അവന് നട്ടെല്ലില്ല. സംസാരിക്കാൻ പോലും മെനക്കെടുന്നില്ല. സഹോദരിയാണ് എല്ലാം പറയുന്നത്. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ല. വിവാഹം കഴിഞ്ഞ പലരും ഇപ്പോൾ കണ്ണീരു കുടിക്കുകയാണ്. അവരിൽ പലരും ഡൈവോഴ്സ് തെരഞ്ഞെടുത്തിരിക്കുന്നു. വിവാഹവും കുട്ടികളുടെ രക്ഷാകർത്താക്കളുമൊക്കെയായി ഇനി ആർക്കും ജീവിക്കാൻ താത്പര്യം കാണില്ല. എല്ലാവർക്കും സ്വാതന്ത്ര്യം വേണം. എന്തിന് മറ്റുള്ളവരുടെ അടുക്കളയിൽ പാത്രം കഴുകിയും വെച്ചുവിളമ്പിയും, ആട്ടും തുപ്പും കൊണ്ട്, കുട്ടികളെ പോറ്റി ജീവിക്കണം? പയ്യൻമാരും ഇങ്ങനെ പറയാൻ തുടങ്ങിയിരിക്കയാണ്. അതിനാൽ ഇനി വിദ്യാഭ്യാസം നേടിയ മക്കളുടെ വിവാഹത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ചിന്തിക്കാതിരിക്കാമെന്ന് തോന്നുന്നു. അവളിൽ കയറിക്കൂടിയ ആധിയെന്ന എലിയെ തുരത്താൻ അയാൾക്ക് കഴിയില്ലെന്ന് അവൾക്കറിയാം. 

ഇതൊന്നുമായിരുന്നില്ല പ്രശ്നം. സങ്കടത്തോടെ അവൾ കൈകൾ മുന്നോട്ട് നീട്ടി. അടുക്കള പാത്രങ്ങളോട് ഇഴുകിച്ചേർന്ന കൈകളിൽ അവിടവിടങ്ങളിലായി അടയാളങ്ങളുണ്ട്. പൂച്ചയോ മറ്റോ മാന്തിയതാണോ? നേർരേഖ പോലെയുള്ള വരകളിൽ രക്തം കിനിയുന്നു. പുറം നീറ്റലിന്റെ അസഹ്യത അവൾക്കെന്ന പോലെ അയാൾക്കും അകം നീറ്റലിലേക്ക് ചാടിക്കേറി. വെപ്രാളവും വേദനയും കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക് കളം മാറി. അവൾക്ക് പറയാനുണ്ടായിരുന്നത്, വാക്കുകൾക്കപ്പുറത്തേക്ക് കുതിക്കുകയാണ്. മകളും അവളുമായി ഒരു സംഘട്ടനമുണ്ടായിരിക്കുന്നു. മകളുടെ മുറി വൃത്തിയാക്കുമ്പോൾ പുസ്തകങ്ങൾ മാറ്റിമറിച്ചിട്ടിരിക്കയാണ് വേലക്കാരി. അവളെ ചീത്ത പറഞ്ഞത് ചോദ്യം ചെയ്യാൻ പോയതാണ് അവൾ. മക്കളായ നിങ്ങളൊന്നും ഒരു സഹായവും ചെയ്യാത്തതു കൊണ്ടാണ് ഞാൻ ഈ പാവപ്പെട്ടവളെ വിളിച്ചു കൊണ്ടുവന്നത്. വീട് വൃത്തിയാക്കണ്ടേ? നാലുപുറവും വൃത്തി വേണ്ടേ? നമ്മൾ താമസിക്കുന്ന സ്ഥലമല്ലെ ഇത്? ഈ മുറി തന്നെ നോക്കൂ. പൊടിയും പൂപ്പലും മാറാലയും എത്രയാണ്? വേലക്കാരിയോടുള്ള ദേഷ്യം അമ്മയോട് തീർത്തതാണ് ഈ കാണുന്ന ചോര വരകൾ. ഇങ്ങനെയാണെങ്കിൽ എനിക്ക് ധൈര്യത്തോടെ എങ്ങനെ ഇവളുടെ കൂടെ ജീവിക്കാൻ കഴിയും? ഞാനെങ്ങോട്ടാണ് പോകേണ്ടത്? അവൾ നിസഹായത മാത്രമായിരുന്നില്ല മുഖത്ത് വരച്ചിരുന്നത്. കരച്ചിലിലേക്ക് വഴുതാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന അയാളും അകത്ത് കരയുന്നുണ്ടെന്ന് അവൾക്കറിയാം. ഓരോ സമയവും ഉറച്ച തീരുമാനമെടുക്കുമെങ്കിലും അതൊന്നും അവൾക്കും, ആർക്കും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിയുകയുമില്ല. സ്വന്തം മക്കളെ എങ്ങനെ ഉപേക്ഷിക്കും? 

English Summary:

Malayalam Short Story ' Vimmishtam ' Written by Dr. Yusuf Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com