ADVERTISEMENT

കഴിഞ്ഞു പോയ മുപ്പതു വർഷങ്ങളെ കുറിച്ച് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ കടന്നു വന്ന വഴികൾ എല്ലാം എന്നെ അപേക്ഷിച്ച് കഠിനം ആയിരുന്നു എന്ന് തന്നെ പറയാം.. എന്നാൽ എന്തായിരുന്നു അതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നും പറയാൻ എനിക്ക് ഇല്ല താനും... കുഞ്ഞു നാള് തൊട്ടേ കേട്ട ഒരു കാര്യം വെല്യേച്ചി എന്ന വിളിപ്പേര് അത് നാലാമത്തെ വയസ്സിൽ ആണ് കേട്ടുതുടങ്ങിക്കാണുക. വെല്യേച്ചി അനിയത്തിമാരുടെ കൈകൾ തന്റെ ഉള്ളനടിയിൽ വച്ച് നടന്നിരുന്ന ഒരു ബാല്യം.. സ്നേഹം എന്താണെന്നോ പക എന്താണെന്നോ ദേഷ്യം എന്താണെന്നോ അറിയാത്ത ഒരു ഏഴുവയസ്സുകാരി.. ആ ഏഴാമത്തെ വയസ്സിൽ തന്നെ  അവൾക്കപ്പോഴേക്കും രണ്ടു അനിയത്തികുട്ടികൾ രണ്ടു കൈകളിലും തൂങ്ങി നടക്കാൻ.. എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അവൾക്കപ്പോൾ.. കൊണ്ട് നടക്കുന്നപോലെ അമ്മയെ പോലെ വഴക്കു പറഞ്ഞും സ്നേഹിച്ചും ചിരിച്ചും കളിച്ചും അവൾ അവരെ പൊന്നുപോലെ കൊണ്ടു നടക്കുകയായിരുന്നു.. വെല്യേച്ചി മുടി കെട്ടുന്ന അതെ പോലെ വേണം.. രണ്ടാൾക്കും.. മുടികെട്ടി കൊടുക്കാൻ... വെല്യേച്ചി വയ്ക്കുന്ന പൊട്ടു അതെ പോലെ തന്നെ വേണം രണ്ടാൾക്കും.. വെല്യേച്ചി ആയിരുന്നു ഒരുകാലത്തെ അവരുടെ റോൾ മോഡൽ... (എന്നാൽ ഇന്നിപ്പോ അവരൊക്കെ മോഡേൺ ആയി മാറി വെല്യേച്ചി അന്നും ഇന്നും അതുപോലെ തന്നെ)

എല്ലാ കൊള്ളരുതായ്മയും ചെയ്യുന്നത് വെല്യേച്ചി.. അതും രണ്ടാളെയും കൂട്ടുപിടിച്ചാവും.. എന്നാൽ പിടിക്കപെട്ടാൽ ഒരു നിരത്തി നിർത്തൽ പരേഡ് ഉണ്ട് അച്ഛന്.. എന്നിട്ട് ഒറ്റ ചോദ്യം ആരാ ചെയ്തേ സത്യം പറഞ്ഞോ നീ.. ആ വാക്കുകൾ അവസാനിക്കും മുന്നേ ഒരു ഒച്ച ഉയരും "വെല്യേച്ചി" ആണ് ചെയ്തേ.. അത് പറയുന്നത് നേരെ താഴെ ഉള്ള ആളാവും. അവളാണ് എന്നും പിടിപ്പിക്കാൻ ഇട്ടു കൊടുക്കുന്ന ഒരേ ഒരു വ്യക്തി. കോടതിയിൽ കേസ് പോലെ അവരെ അച്ഛൻ അങ്ങ് പിരിച്ചു വിടും. പിന്നെ കിട്ടുന്ന ഓരോ അടിയും അത് വെല്യേച്ചിക്കു തന്നെ... എന്നാലും ഒരിക്കലും ആ പാവത്തിന് കംപ്ലൈന്റ്  ഇല്ല്യ.. വീണ്ടും കൂട്ടുകൂടാൻ ഓടിവന്നാൽ അവൾ അതെല്ലാം മറന്നു പിന്നെ ആ വീട്ടിൽ കളിയും ചിരിയുമാണ് ഒരു ഉത്സവം ആണ്.. 'അമ്മ കോഴിയും അച്ഛനും മക്കളും കൂടെ ഉള്ള ഒരു ഉത്സവം. വൈകിട്ട് വരുന്ന അച്ഛൻ കൊണ്ടു വരാറുള്ള കടലപ്പൊതി പാക്കറ്റ് കൊടുക്കുന്നത് വെല്യേച്ചിയുടെ കൈയ്യിൽ,.. (അടി കൊടുക്കുന്നു എങ്കിലും അച്ഛന് പ്രിയം ആയിരുന്നു മൂത്ത മകളെ.. അല്ല മകനെ പോലെ ആയിരുന്നു എന്നുപറയാം വേണേൽ) അപ്പൊ എല്ലാവരും കൂടി ഓടി വന്നു ഉമ്മറത്തെ നിലത്തു ഇരിക്കും... എന്തോ വലിയ കാര്യം ചെയ്യുന്നപോലെ അവള് പൊതി തുറന്നു എല്ലാവർക്കും ഒരേ പോലെ ഭാഗം വെക്കും.. ഒന്നോടൊന്നു പോലും കൂടാതെ കുറയാതെ ഒരേ പോലെ...

'അമ്മയെ അടുക്കളയിൽ സഹായിക്കാൻ ഉള്ള സഹായി ആയിരുന്നു ആ വെല്യേച്ചി.. അച്ഛന് പാടത്തെ പണിനടക്കുമ്പോൾ കൂടെ നിന്ന് ചായ വെള്ളം കൊണ്ട് കൊടുത്തു കലപില പറഞ്ഞു പിറകെ നടന്നോണ്ടിരിക്കാൻ ഉള്ള ഒരു കുഞ്ഞു റേഡിയോ ആയിരുന്നു വെല്യേച്ചി. നാട്ടുകാരുടെ ഒക്കെ റേഷൻ കാർഡ് സാധനങ്ങൾ വാങ്ങി കൊണ്ടു കൊടുക്കാനുള്ള ഒരു സോഷ്യൽ ഹെൽപറെ പോലെ ആയിരുന്നു വെല്യേച്ചി. അടുത്ത വീട്ടിലെ രാധ ഏട്ടത്തിക്കു ഒന്ന് തറവാട് വരെ പോകണം എങ്കിൽ അവരുടെ മകൾ ദീപച്ചേച്ചിക്ക് കൂട്ടു നിൽക്കുന്ന ഒരു വാച്ച്മാൻ ആയിരുന്നു വെല്യേച്ചി. രാധ ഏട്ടത്തി വരും വരെ വെല്യേച്ചി ദീപച്ചേച്ചിയുടെ വീട്ടിൽ നിന്ന് അവൾക്ക് കൂട്ടുനിൽക്കും. ഉണ്ണിമോള് ചേച്ചിടെ വീട്ടിലും സഹായി ആയിരുന്നു വെല്യേച്ചി. ചുരുക്കത്തിൽ അവൾ ഇല്ലാതെ ഒന്നും  നടക്കില്ലായിരുന്നു. പിന്നീട് എന്തിന് അവളെ ആ നാട്ടിൽനിന്നും പറിച്ചു നട്ടു.. അവളെ എന്തിനു അമ്മുമ്മയുടെ കൂടെ വിട്ടു, ഇടയ്ക്കെപ്പഴോ മാത്രം വരുന്ന ഒരു വിരുന്നുകാരിയാക്കി മാറ്റി. ചെന്ന് പെട്ട നാട്ടിലും അവൾ എല്ലാവരോടും കൂട്ടായി, എല്ലാവരെയും സ്നേഹിച്ചു, അവിടെയും കുറെ കൂട്ടുകാർ, നാട്ടുകാർ, വീട്ടുകാർ എല്ലാം അവൾക്ക് സ്വന്തം ആയി. വെല്യേച്ചി എന്ന വാക്ക് കേൾക്കാൻ പിന്നെ സ്കൂൾ അടക്കണം എങ്കിലേ വീട്ടിലോട്ടു വരികയുള്ളു.. അവിടെയാണ് അവളുടെ എല്ലാവരും. എന്നാൽ വന്നാലോ ഓടി പോകണം തിരിച്ചും... കാരണം.. അമ്മുമ്മ ഒറ്റയ്ക്കല്ലേ തറവാട്ടിൽ. ഇവിടെ എത്തിയാൽ ഉടൻ വരും ഫോൺ അടുത്ത വീട്ടിലോട്ടു.. നീ എന്ന തിരിച്ചുവരാ കുട്ട്യേ എന്ന്.. പിന്നെ അടുത്ത ദിവസം തന്നെ തിരിക്കും.

മൂന്ന് ബസ് മാറി കേറി വേണം മുതുകുറുശ്ശി എന്ന നാട്ടിൽ നിന്നും തളി എന്ന നാട്ടിലോട്ടെത്താൻ. മുതുകുറുശ്ശിയിൽ നിന്നും ചെറുകര.. അവിടെ ഇറങ്ങി പട്ടാമ്പി, അവിടെ വന്നു നിന്നാൽ തളിയിലോട്ട് പോകുന്ന ബസ് നോക്കി കേറി ഇരുന്നാൽ സമാധാനം. ഹാജ്യാരുപടി എന്ന സ്റ്റോപ്പ് കണ്ടാൽ പിന്നെ ഇറങ്ങി ഓടി അമ്മുമ്മയെ കാണാൻ ഉള്ള ഓട്ടം.. (പണ്ടൊക്കെ ഞങ്ങൾ പറഞ്ഞിരുന്ന പേര് ഇന്നിപ്പോ മാറിയോ ആവോ) ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പുണ്ടാവും കാത്തു.. ഇനി അടുത്ത ട്രിപ്പ് പോവാൻ സ്കൂൾ അടക്കണം... അമ്മയേം അച്ഛനേം അനിയത്തിമാരേം കാണാൻ.. സ്കൂൾ അടച്ച അന്ന് തന്നെ ബാഗ് എടുത്തു ഒരു പോക്കാണ്.. അത് എട്ടാംക്ലാസ് മുതൽ തുടങ്ങിയതാ തനിച്ചുള്ള ആ യാത്ര. ഒരാൾക്ക് ഉള്ള ബസ് പൈസ കൊടുത്ത മതിയല്ലോ.. അവിടെയും കാത്തു ഇരിപ്പുണ്ടാവും അച്ഛൻ പിറകെ അമ്മയും അനിയത്തിമാരും... രണ്ടു നാട്ടിലും ഒരേ പോലെ ഓടി നടന്ന ആ കാലത്തെപ്പോഴോ ആവാം വീണ്ടും വിധി എന്ന ഒരു രണ്ടക്ഷരത്തിന്റെ വിളയാട്ടം. നാട്ടിൽ നിന്ന് തന്നെ നാട് കടത്തി വിട്ട പോലെ മഹാ നഗരത്തിലോട്ട്.. അമ്മുമ്മയുടെ കൂടെ ഉള്ള ഓരോ നാളുകളും അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.. 'അമ്മ എന്ന പോലെ തന്നെ അമ്മുമ്മയെയും അവൾക്ക് പ്രിയമായിരുന്നു. ജീവിതത്തിൽ നല്ല കുറെ നാളുകൾ ആ തളി എന്ന ആ കൊച്ചുഗ്രാമം അവൾക്ക് സമ്മാനിച്ചു.. കുറെ നല്ല ആളുകൾ കുറെ നല്ല ഓർമ്മകൾ അന്നും ഇന്നും അവൾക്ക് ആ നാട് പ്രിയം തന്നെ.. അടുക്കളയിലെ അടുപ്പിന് കല്ല് വച്ച പോലെ ഒരു സൗഹൃദം തളി ഗ്രാമത്തിൽ അവൾക്ക് ഉണ്ടായിരുന്നു അവൾക്ക്  പ്രിയപ്പെട്ട രണ്ടുപേരും അവളും.. നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഇവരെയും ഇടയ്ക്കിടക്ക് സംസാരവിഷയം ആകാറുണ്ടായിരുന്നു.. അവരുടെ പേരും കേൾക്കാറുണ്ടായിരുന്നു. അതൊന്നും അവർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല എന്ന് മാത്രമല്ല എന്തിനും ഏതിനും ഒറ്റ ഫോൺ വിളിയിൽ മൂന്നുപേരും കൂടി ഒന്നിച്ചെത്തും എവിടേക്കാണെങ്കിലും... അവരെ പോലെ വേറെ ഒരു കൂട്ടുകാരികൾ അവിടെ  ഇല്ലതാനും.. മരം കേറാൻ പോലും അറിയുന്ന മരം കേറി പെണ്ണുങ്ങൾ.. ഒരാള് കോവിലകത്തെ... ഒരാള് കുന്നിൻമുകളിൽ... ഒരാള് അമ്പലനടയിൽ.. ഇവരുടെ കാര്യങ്ങൾ പറയാനാണേൽ ഒരുപാടുണ്ട്.. ഒരുപാടു..

അവിടെനിന്നും മുംബൈ എന്ന മഹാനഗരത്തിലോട്ട് പറിച്ചു നട്ടപ്പോൾ... ജീവിതത്തിൽ ആദ്യമായി അവൾ ട്രെയിൻ കേറിയപ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല അമ്മാവന്റെ കൂടെ ഉള്ള ആ യാത്ര അവളുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ.. ഇനി ആ മഹാനഗരം ആണ് ഇനി അവൾക്ക് അവളുടെ നാട് ആവാൻ കാത്തിരിക്കുന്നത് എന്ന്... ആദ്യമായി മുംബൈ നഗരത്തിലെ താനെ സ്റ്റേഷൻ എത്തി അവിടെ കാല് കുത്തിയപ്പോൾ മണ്ണിട്ടാൽ പോലും താഴെ വീഴാത്ത ജനത്തിരക്ക്.. അത് കണ്ടപ്പോൾ തന്നെ ഒരു തീ ആളി ഉള്ളിലൂടെ.. മനസ്സിലൂടെ ഒരു തണുത്ത മഴ പോലെ മുന്നിൽ വന്നു നിന്ന അമ്മായി ആണ് ഇന്ന് കാണുന്ന ഞാനായി നിൽക്കാൻ കൂടെ നിന്നത്.. ധൈര്യം എന്ന രണ്ടക്ഷരം എന്നിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതും ഇവരൊക്കെ തന്ന എന്തൊക്കെയോ തന്നെ ആണ്. അവിടെ നിന്നും പിച്ചവച്ചു നടക്കുന്ന ഒരു കുട്ടിയെ പോലെ ഹിന്ദി പോലും അറിയാത്ത അവൾ ആദ്യം താമസിക്കുന്ന ആ വലിയ ഹൗസ്സിങ്  സൊസൈറ്റി മുഴുവനും ചുറ്റിക്കണ്ടു വീട്ടിലെത്താൻ പഠിച്ചു. അത്രകാലവും കാണാത്ത കുറെ കാഴ്ചകൾ.. പലവിധം ആളുകൾ അതിനിടയിൽ ആ കൊച്ചു ഗ്രാമത്തിൽ നിന്നും വന്ന ഒരു സാധാരണക്കാരി.. പതിനേഴുകാരി.. എന്നാലും... ഒരു നല്ല ചേച്ചിയായി അമ്മാവന്റെ മക്കളായ രണ്ടനിയന്മാർക്കും.. അവിടെനിന്നും ഒരു സ്വപ്നം പോലെ ആയിരുന്നു അമ്മായിടെ കൂട്ടുകാരി ആയ ഒരു ചേച്ചി ഒരു ജോലി കാര്യം പറഞ്ഞതും വീട്ടിൽ ആ സംസാരം നടന്നതും പതിനെട്ടാമത്തെ വയസ്സിൽ.. ആദ്യത്തെ ദിവസം അവരുടെ ഒക്കെ കൂടെ ലോക്കൽ ട്രെയിനിൽ കേറി ഛത്രപതി ശിവാജി ടെർമിനലിൽ മഹാനഗരത്തിന്റെ നെടുംതൂണായ ആ സിറ്റിയിൽ  കാലുകുത്തിയതും വീണ്ടും ഒരു തീനാളം പോലെ ഉള്ളിൽ എനിക്ക് ആവുമോ ഇതൊക്കെ എന്ന ഒരു ചിന്തയും. ആ ചേച്ചിയെ കുറിച്ചും പറയാതെ ഇരിക്കാൻ പറ്റില്ല കാരണം എല്ലാവർക്കും ചേച്ചി / വെല്യേച്ചി.. ഒക്കെ ആയിരുന്ന അവൾക്ക് ഒരു ചേച്ചി തന്നെ ആയിരുന്നു അവരും. വഴക്കും ബഹളവും ഒക്കെ ഇടയിൽ ഉണ്ടായിരുന്നു എങ്കിലും അന്നും ഇന്നും ഒരു ഫോൺ കാൾ അപ്പുറം "എവിടെയടി" എന്ന് ചോദിച്ചാൽ തീർന്നു എല്ലാം.. എല്ലാവരോടും സ്നേഹം മാത്രം അതിനെ അറിഞ്ഞിരുന്നുള്ളൂ..

അങ്ങനെ തുടങ്ങിയ ആ ഒരു ജീവിതം മാർച്ച് പന്ത്രണ്ട് രണ്ടായിരത്തി എട്ട്.. പിന്നീട് പഠിത്തവും ജോലിയും ഒക്കെ എങ്ങനെയൊക്കെയോ നടന്നുപോന്നു. അവിടെ ചുറ്റിലും ഉള്ളവർക്ക് അവൾ പ്രിയപ്പെട്ടവൾ ആയിരുന്നു എല്ലാവർക്കും പരോപകാരിയും. തിരിച്ചു നാട്ടിലോട്ട് അത് അവൾ പിന്നെ ചിന്തിച്ചോ എപ്പോഴെങ്കിലും അറിയില്ല പക്ഷെ അവളെ അവളാക്കിയ ആ നഗരം അവളുടെ എന്നും പ്രിയപ്പെട്ട ഒരിടം തന്നെ ആയിരുന്നു. തനിച്ചു നിൽക്കാനും ചുറ്റിലും ഉള്ളവർക്ക് താങ്ങാവാനും അവളെ ശക്തയാക്കിയ ആ ഓരോ ദിനങ്ങളും.. ഇന്നിപ്പോൾ എവിടെ പോയാലും ഭയം എന്ന രണ്ടക്ഷരം അവളുടെ ഡിക്ഷണറിയിൽ നിന്നും ഡിലീറ്റ് ആക്കി എടുത്ത മനോധൈര്യവും.. അവൾ വിശ്വസിച്ചത് അന്നും ഇന്നും ഒന്നിൽ മാത്രം ദൈവത്തിൽ.. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അവളുടെ ദൈവത്തിൽ മാത്രം അവൾ വിശ്വസിച്ചു. നമുക്ക് നമ്മളോട് തോന്നുന്ന സ്നേഹം അതാണ് നമ്മുടെ ജീവിതത്തിൽ വിജയം അത്രേ ഉള്ളു.. ദൈവം കൂടെ  ഉണ്ടായാൽ പിന്നെന്തിനാ ഭയം. വിശ്വാസം വേണ്ടതും നമ്മളിൽ തന്നെ ആണ്. കഷ്ടപ്പെടാൻ ഉള്ള മനസ്സുണ്ടായാൽ ദൈവം നമ്മളോടൊപ്പം നിൽക്കും താങ്ങായി തണലായി.

English Summary:

Malayalam Short Story Written by Sajitha Santhosh Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com