ADVERTISEMENT

എറണാകുളത്ത് നിന്ന് നാട്ടിലേക്കുള്ള ബസ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നു. സ്വിഫ്റ്റ് ആണ്. അത് ചീറിപ്പാഞ്ഞ് കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്തിക്കുമല്ലോ എന്ന് വിചാരിച്ചു. എത്തിച്ചു കേട്ടോ. മോളുടെ അടുത്ത് സ്കൂളിൽ നിന്നു വരുമ്പോൾ വീടിന്റെ താക്കോൽ എടുത്തു വീട്ടിൽ കയറി ഉടനെ വാതിൽ അടച്ചു കുറ്റിയിടണം എന്നും ആഹാരം എടുത്തു കഴിക്കണമെന്നുള്ള ഉപദേശങ്ങൾ കൊടുത്തിട്ടാണ് ഇറങ്ങിയത്. ആദ്യമായിട്ടാണ് ഭർത്താവും മകളും ഇല്ലാതെ നാട്ടിലേക്ക്. സാധാരണ പോകുമ്പോൾ സന്തോഷമാണ്. പക്ഷേ ഈ ദിവസം വളരെ പ്രത്യേകതകൾ ഉള്ളതാണ്. ജനിച്ചുവളർന്ന വീടിന്റെ ഭാഗം വയ്ക്കൽ. അച്ഛൻ ഉള്ളപ്പോൾ എല്ലാം പറഞ്ഞു വെച്ചിരുന്നതാണ്. എഴുത്തിനു മുമ്പേ അച്ഛൻ പോയി. പിന്നെ പറഞ്ഞ ഓഹരി തരാൻ സഹോദരനു മടിയാണ്. ആദ്യത്തെ വട്ടം അളന്ന് തിട്ടപ്പെടുത്തിയപ്പോഴേ ഭൂകമ്പം. എനിക്ക് കുറച്ച് പിറകുവശത്ത് സ്ഥലം. അതിലേക്ക് വഴി തരാൻ മടി. പിന്നെ അതിന്റെ പേരിൽ ഒരു കൊല്ലത്തോളം മിണ്ടിയില്ല. പിന്നെ ഉള്ള വസ്തുവിന്റെ കുറച്ചുഭാഗം കൊച്ചച്ചൻ അവകാശം പറഞ്ഞു വന്നപ്പോൾ പിന്നെയും പഴയ അളവ് പൊടിതട്ടിയെടുത്തു. 

ബസ്സിൽ ഇരിക്കുമ്പോൾ ഇത്രയും മനസ്സ് ഘനീഭവിച്ച് ഇതിന് മുമ്പ് ഇരുന്നിട്ടില്ല. ഞാൻ ജനിച്ചു വളർന്ന വീട്, ഓരോ മണ്ണിനും എന്നെ അറിയാം. അവിടോട്ട് ചെല്ലുമ്പോൾ ഇപ്പോഴും എന്തൊരു പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷമാണ്. അതെല്ലാം ഇനി അന്യമാകുന്നു. എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെയല്ലേ. നിൽക്കുന്ന ഒരു മണ്ണും ശാശ്വതമല്ല. കെട്ടിച്ചു വിട്ടുകഴിഞ്ഞ് ആ വീട്ടിലേക്ക് വന്നാൽ വിരുന്നുകാരി, ചെന്ന വീട് കെട്ടിക്കയറിയ വീട്. സ്വന്തം വീട്ടിലേക്ക് അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഭർത്താവുമായി ചെല്ലുമ്പോൾ അവർക്ക് ഒരു ഉത്സവം പോലെയായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം വിലകുറഞ്ഞു കുറഞ്ഞുവരുന്നത് ഞാനറിഞ്ഞു. അനിയൻ വിവാഹിതനായി കൂടി കഴിഞ്ഞപ്പോൾ പറയേണ്ട. ഞാൻ അവിടെ ഒന്നോ രണ്ടോ ദിവസത്തേക്ക് അവധി കിട്ടുമ്പോൾ ആയിരിക്കും ചെല്ലുന്നത്. കാണുമ്പോഴേ നാത്തൂൻ മുഖം കറുപ്പിച്ച് അവളുടെ മുറിയിൽ കയറി കതകടയ്ക്കും. അവർക്ക് ഒരു കുഞ്ഞുണ്ടായതിന് ശേഷം ഞാൻ ചെല്ലുമ്പോൾ കെട്ടിപ്പറക്കി അവളുടെ വീട്ടിൽ പോയി പ്രതിഷേധം രേഖപ്പെടുത്തും. ശരിക്കും ഒന്ന് ആലോചിച്ചാൽ ഒരു പെൺകുട്ടി അച്ഛൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ മാത്രമേ അവൾ ജനിച്ച വീട്ടിൽ സ്വാതന്ത്ര്യത്തോടെ ചെല്ലാനോ താമസിക്കാനോ പറ്റൂ. അമ്മയ്ക്ക് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, അവർക്ക് പോലും പിന്നെ സ്വാതന്ത്ര്യമില്ല. ഭർത്താവിന്റെ കാലശേഷം പറയുകയും വേണ്ട.

ഇതൊരു കാലചക്രം ആണ്. നാളെ നമ്മൾ ഇതുവഴി കറങ്ങേണ്ടവരാണ്. എനിക്ക് എന്തെങ്കിലും ഒരു സ്പെഷ്യൽ കറി ഇഷ്ടമുള്ളത് വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാക്കി തന്നാൽ ഗൾഫിലുള്ള അവളുടെ കെട്ടിയോന്റെ അടുത്ത് വിളിച്ചു പറയും, അമ്മ അവരുടെ മോൾക്ക് ഇഷ്ടമുള്ളത് മാത്രം വെച്ചുണ്ടാക്കുന്നു എന്ന്. വെറും രണ്ടേ രണ്ട് ദിവസത്തെ പുകിലാണ്. ഇങ്ങനെ ഓരോരോ സംഭവങ്ങൾക്കു ശേഷം വീട്ടിൽ മാസത്തിൽ പോയിക്കൊണ്ടിരുന്ന ഞാൻ മൂന്നുമാസത്തിലൊരിക്കലും പിന്നെ ഒരു ദിവസം പോലും അവിടെ തങ്ങാതെയും ആയി. എന്റെ അച്ഛൻ എന്നെ ഒരുപാട് സ്നേഹിച്ചാണ് വളർത്തിയത്. കുട്ടിക്കാലത്ത് എന്റെ പിറന്നാളിന് വീടിനടുത്തുള്ള പത്തൻപത് പേർക്ക് അച്ഛൻ സന്ധ്യ കൊടുക്കുമായിരുന്നു. ഒരുപക്ഷേ സഹോദരനെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹിച്ചു. വീട്ടിലെ ഒരു ചെലവും അനിയൻ അല്ല വഹിക്കുന്നത്, അമ്മ തന്നെയാണ് അച്ഛന്റെ പെൻഷൻ വെച്ചു വഹിക്കുന്നത്. എങ്കിലും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ പെട്ടെന്ന് ഓഹരി വയ്ക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ സമ്മതിച്ചില്ല. വേറൊന്നും കൊണ്ടല്ല, ഓഹരി ചെയ്താൽ അമ്മയ്ക്ക് വീട്ടിലുള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടും. പക്ഷേ ചെയ്യാതെ പറ്റില്ലല്ലോ. 

കൃത്യസമയത്ത് തന്നെ ബസ്, സ്റ്റോപ്പിൽ എത്തി. അവിടെ നിന്ന് ഒരു ഓട്ടോയിൽ കയറി സബ് രജിസ്റ്റർ ഓഫീസിലേക്ക് പോയി. ആ നിമിഷം വരെ എന്റേതും കൂടി ആയിരുന്ന വീട്.. ഇനിയൊരു അവകാശവുമില്ല. ഹൃദയം നുറുങ്ങുന്ന വേദനയാണ്. അപ്പം മനസ്സിനെ സ്വയം സമാധാനിപ്പിച്ചു. എത്രയോ രാജാക്കന്മാർ സ്വന്തം രാജ്യം നഷ്ടപ്പെട്ട് തെരുവിൽ ഇറങ്ങിയിട്ടുണ്ട്. അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ. പിന്നെയല്ലേ സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ. അവിടെ ചെന്നപ്പോൾ ആരും വന്നിട്ടില്ല. വീട്ടിൽനിന്നൊ, ആധാരം എഴുതുന്നവരോ ഇല്ല. അതിന്റെ വരാന്തയിൽ ഒരു മണിക്കൂർ ഇരുന്നപ്പോൾ അമ്മയും അനിയനും വന്നു. ആധാരം എഴുതുന്ന ചേച്ചി അത് രണ്ടുപേരെയും വായിച്ചു കേൾപ്പിച്ചു. രണ്ടുപേർക്കും ബോധ്യം വന്ന് രണ്ടുപേരും ഒപ്പിട്ടു. ഞാനും അനിയനും പരസ്പരം സംസാരിച്ചില്ല. അമ്മയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ ഉതിർന്നു വീണു. അമ്മ എനിക്ക് വേണ്ടി വീട്ടിൽ നിന്നും ഒരു ചോറു പൊതി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഞാൻ അവിടെ ഓഫീസിന്റെ മുൻപിൽ കിടന്ന ഒരു പാറക്കല്ലിന്റെ പുറത്തിരുന്ന് ആ വഴി ചോറുണ്ടു. ഓരോ ഉരുളക്കും കണ്ണീരിന്റെ നനവ്. അവിടെ നിന്നും വീട്ടിലേക്ക് ഒന്നൊന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ. പക്ഷേ അവൻ എന്നെ ‘വീട്ടിലേക്ക് വന്നിട്ട് പോ’ എന്നുപോലും ക്ഷണിച്ചില്ല. ആരോരും ഇല്ലാത്തവരെ പോലെ ആ ചോറും വാരിയുണ്ട് തിരിച്ചു യാത്രയായി. പാവപ്പെട്ടവനോ സാധാരണക്കാരനോ കോടീശ്വരനോ ആരുമാകട്ടെ അവരുടെ എല്ലാം വീട്ടിൽ ഇതുപോലെ ഹൃദയവേദനയോടുകൂടി കടന്നുപോകാത്ത സ്ത്രീകൾ ഉണ്ടാകില്ല.

English Summary:

Malayalam Short Story ' Patheyam ' Written by Chalana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com