ADVERTISEMENT

ഞായറാഴ്ച എനിക്ക് ഉറക്കം കുറവാണ്. നേരം വെളുക്കാത്ത പോലെ തോന്നും. അമ്പലത്തിൽ പാട്ടു വെക്കുന്നതും കാതോർത്തു ഞാൻ കിടക്കും. രണ്ടു ദിവസത്തിന് ശേഷം സ്കൂളിൽ എത്തിയാൽ അവളെ കാണാൻ കഴിയും എന്നുള്ള ഒരു ആവേശമാണ്. ഇന്ന് ഞാൻ രണ്ടു കൽപ്പിച്ചാണ്! ഇന്ന് ഞാനിതു പറയും. ഇത് എന്റെ അഭിമാനപ്രശ്നം കൂടെ ആണ്. കൂട്ടുകാർ എല്ലാവരും കളിയാക്കി തുടങ്ങിയിരിക്കുന്നു, ഇന്ന് എട്ടര എന്നൊരു സമയം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞിരിക്കും. ബസ്സ്റ്റാൻഡിൽ എത്തിയതും കോഫീ ബൈറ്റ് വാങ്ങി പോക്കറ്റിൽ ഇട്ടു. കൂട്ടുകാർ എല്ലാവരും എത്തിയിട്ടുണ്ട് പക്ഷെ അവരെല്ലാം കൈവിട്ട മട്ടാണ്. മനു മാത്രമാണ് കട്ടക്ക് ഒപ്പം നിൽക്കുന്നത്. മനു പറഞ്ഞു ''നീ ഒന്നും നോക്കേണ്ട അവളെ കണ്ടാൽ ചിരിക്കണം അപ്പൊ അവളും ചിരിക്കും, പിന്നെ അവളുടെ ഒപ്പം അങ്ങ് നടന്നോ. ആദ്യം കോഫി ബൈറ്റ് കൊടുക്കണം പിന്നെ സ്കൂൾ എത്തുന്നതിനു മുന്നേ ലെറ്ററും''. ലെറ്ററിന്റെ കാര്യം പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് ഞായറാഴ്ച എഴുതിത്തയാറാക്കിയ ലെറ്റർ ബാഗിൽ ആണ് വെച്ചിരിക്കുന്നത്. ലെറ്റർ എടുത്ത് പോക്കറ്റിൽ വെച്ചപ്പോഴേ ഞാൻ വിയർത്തു തുടങ്ങി മൊത്തത്തിൽ ഒരു വിറയൽ.

ദേ അവളുടെ ബസ് വന്നു, അവളെ കണ്ടപ്പോൾ എനിക്ക് മുട്ടിനു താഴോട്ട് ഒരു ബലക്കുറവ് അനുഭവപെട്ടു. ''ചെല്ലെടാ ഈ ചാൻസ് ഇനി കിട്ടില്ല, അവൾ ഒറ്റയ്ക്കാണ്'' മനു എന്നെക്കൊണ്ട് ഇന്ന് പറയിപ്പിക്കും. ഇങ്ങനെ എത്രയെത്രെ ദിവസങ്ങൾ എത്രയെത്ര ചാൻസുകൾ, അവളെ കാണുമ്പോൾ എന്റെ ഗ്യാസ് പോകും. ഭയത്തിനു കീഴടങ്ങി അവളുടെ പിന്നാലെ സ്കൂളിലോട്ട് നടക്കുമ്പോഴും നാളെ എന്തായാലും പറയണം എന്ന ചിന്തയിലായിരുന്നു ഞാൻ. പെട്ടന്നായിരുന്നു മനു എന്റെ പോക്കറ്റിൽ നിന്നും ലെറ്റർ എടുത്തത്. ''നിനക്ക് വയ്യെങ്കിൽ ഞാൻ പറയാം അവളോട്‌. എനിക്ക് ഉറപ്പാണ് അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്". ഒരുവിധത്തിൽ ആണ് അവനെ പറഞ്ഞു ഒതുക്കിയത്. പക്ഷെ അവൻ എന്റെ പ്രണയലേഖനം തുറന്നു വായന തുടങ്ങി.. ''കോഫി ബൈറ്റ് നല്ല രസമാണ്, കോഫി ബൈറ്റിനു നല്ല മണമാണ്, കോഫി ബൈറ്റ് എനിക്ക് ജീവനാണ്.. പക്ഷെ എനിക്ക് നിന്നെ എന്റെ കോഫി ബൈറ്റിനേക്കാൾ ഇഷ്ടാണ്. ഐ ലവ്  യൂ.'' ഹാ... ഹാ.. അവൻ പൊട്ടിച്ചിരിച്ചു. അവനു ചിരി നിർത്താൻ പറ്റുന്നില്ല. ഇതെന്തു പൈങ്കിളി ആണെടാ? നീ ഇത് അവൾക്കു കൊടുക്കാതിരുന്നത് നന്നായി. ഞാൻ ആലോചിച്ചു.. പ്രണയം തന്നെ പൈങ്കിളി അല്ലെ അപ്പൊ പ്രണയലേഖനം എന്തായാലും പൈങ്കിളി ആകില്ലേ? സ്കൂളിൽ എത്തിയപ്പോൾ എന്നത്തേയും പോലെ കോഫി ബൈറ്റ് അവളുടെ കൂട്ടുകാരിയെ കൊണ്ട് അവൾക്ക് കൊടുപ്പിച്ചു. 

തുറന്നു പറയാത്ത പ്രണയം എന്നും നെഞ്ചിൽ ഒരു ഭാരമാണ്. ഇരുപത്തിയഞ്ചു വർഷത്തിനപ്പുറം ഞാൻ സകുടുംബം ദുബായിൽ ജീവിക്കുന്നു. ഇപ്പോഴും, വാരാന്ത്യങ്ങളിൽ അപൂർവം വീണുകിട്ടുന്ന എന്റെ മാത്രം സ്വകാര്യം നിമിഷങ്ങളിൽ എന്റെ ചിന്തകളിൽ അവൾ ഉണ്ടെന്നു പറഞ്ഞാൽ അവൾ പോലും വിശ്വസിക്കില്ല.  ഇന്നും ഒരു ഞായറാഴ്ച്ച, ''ഹൗ ടു മെയ്‌ക്ക് തൃശൂർ സ്റ്റൈൽ കൈ പത്തിരി'' എന്ന് യൂട്യൂബിൽ ചുമ്മാ സെർച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നൊരു വാട്സാപ്പ് മെസ്സേജ് വന്നു. ഹായ് ഓർമ്മയുണ്ടോ? എനിക്ക് സത്യത്തിൽ മനസ്സിലായില്ല ആരാണെന്നു. പ്രൊഫൈൽ ഫോട്ടോ നോക്കിയപ്പോൾ ഒരായിരം ലഡ്ഡുകൾ ഒരുമിച്ചു പൊട്ടി എന്റെ മനസ്സിൽ. അവൾ തന്നെയാണ് ഞാൻ പിന്നെയും നോക്കി ഉറപ്പു വരുത്തി. പക്ഷെ ഇന്ന് ആ വിറയലും പരിഭ്രമവും ഒന്നുമില്ല എനിക്ക്... ''ഹമ്മ് മറന്നിട്ടില്ല'' എന്നു ഞാൻ മറുപടിയും കൊടുത്തു.

ഇരുപത്തിയഞ്ചു കൊല്ലത്തിനു ശേഷം ഞങ്ങടെ സൗഹൃദം ഇങ്ങനെ തുടങ്ങുമെന്ന് ഞാൻ ചിന്തിച്ചിട്ടേ ഇല്ല. പരസ്പരം വാട്സാപ്പിൽ വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം അവൾ പറഞ്ഞു ''കോഫി ബൈറ്റ് നല്ല രസമാണ്, കോഫി ബൈറ്റിനു നല്ല മണമാണ്, കോഫി ബൈറ്റ് എനിക്ക് ജീവനാണ്.. പക്ഷെ എനിക്ക് നിന്നെ എന്റെ കോഫി ബൈറ്റിനേക്കാൾ ഇഷ്ടാണ്.'' ഞാൻ ആകെ സ്‌തംഭിച്ചു പോയി. ഞാൻ അവൾക്കായി എഴുതിയ നൂറിൽ പരം പ്രണയലേഖനങ്ങളിലെ അതെ വരികൾ.. ഒരെണ്ണം പോലും ഞാൻ കൊടുത്തിട്ടില്ലല്ലോ? പിന്നെ ഇതെങ്ങനെ ഇവൾക്ക് കിട്ടി. ചിന്തിച്ചു തീരുന്നതിനു മുന്നേ അടുത്ത മെസ്സേജ് ''എനിക്ക് നിന്നേം നിന്റെ കോഫി ബൈറ്റും നല്ല ഇഷ്ടമായിരുന്നു... ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. എന്നാലും ഇത് നീ അറിയാതെ പോകരുത് എന്ന് തോന്നി.'' എന്നാലും അവൾക്കെങ്ങനെ ആ വരികൾ കിട്ടിയിട്ടുണ്ടാകും? ഞാൻ ചോദിച്ചില്ല അവൾ പറഞ്ഞതുമില്ല. എന്തായാലും ഇപ്പൊ ഞായറാഴ്ചകളിലും ഞാൻ നന്നായി ഉറങ്ങാറുണ്ട്.

English Summary:

Malayalam Short Story ' Ormayile Coffee Byte ' Written by Gireesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com