ആരാണ് ആ പെൺകുട്ടി? മോഷണസംഘത്തിലെ അംഗമോ?, ഉത്തരങ്ങൾ തിരഞ്ഞയാൾ
Mail This Article
ഏകാന്തതയുടെ പിരിമുറുക്കം വല്ലാതെ വേദനിപ്പിച്ചപ്പോൾ കൃഷ്ണനുണ്ണി വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. വല്ലാത്ത ഒരു ശൂന്യത നിറഞ്ഞ നിമിഷങ്ങൾ പോലെ അത് അവന് തോന്നി. കടൽ കാണാനെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് പറക്കുന്ന കടൽ കാക്കകൾ ആകാശത്തു പറക്കുമ്പോൾ നിഴലായ് ഭൂമിയിൽ പതിക്കുന്ന കടൽ കാക്കകളുടെ നിഴലുകളെ കണ്ട്, മണൽ തിട്ടകളിൽ കഷ്ടപ്പെട്ട് മാളങ്ങൾ ഉണ്ടാക്കുന്ന ഞണ്ടുകളുടെ കൂട്ടങ്ങൾ ഓടി ഒളിക്കുന്നത് കണ്ടപ്പോൾ കൃഷ്ണനുണ്ണിക്ക് ഒരുതരം വേദന മനസ്സിൽ തോന്നി.
മനസ്സിൽ തോന്നിയ വേദനകൾ മറക്കുവാൻ കൃഷ്ണനുണ്ണി സൈക്കിൾ എടുത്തു വീടിന് പുറത്തേക്കിറങ്ങി. സൈക്കിളിൽ സവാരി നടത്തുന്നത് കൃഷ്ണനുണ്ണിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിനോദമാണ്. സൺഗ്ലാസ് വെച്ച് റോഡിൽ സൈക്കിൾ സവാരി നടത്തുമ്പോൾ കടലിൽ നിന്ന് വരുന്ന ചെറിയ കാറ്റിൽ കൃഷ്ണനുണ്ണിയുടെ നീണ്ട് കിടക്കുന്ന തലമുടി പാറി പറക്കുന്നത് കണ്ട് പറന്ന് നടക്കുന്ന കടൽ കാക്കകൾ ഒന്ന് തിരിഞ്ഞു നോക്കി. മറ്റുള്ളവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ കാണുമ്പോൾ കണ്ണാടി ചില്ലിൽ സൂര്യ രശ്മികൾ തട്ടി അത് പ്രതിഫലിക്കുന്നതു പോലെ കൃഷ്ണനുണ്ണിക്ക് തോന്നി.
ജനങ്ങളുടെ തിരക്ക് കുറഞ്ഞ വഴിയിലൂടെ കടന്നു പോയപ്പോൾ സുന്ദരി ആയ ഒരു പെൺകുട്ടി മുൻവശത്തു നിന്ന് നടന്ന് വരുന്നത് ശ്രദ്ധയിൽ പെട്ടു. കൃഷ്‌ണനുണ്ണിയെ ഒരു പരിചയ ഭാവത്തിൽ നോക്കി പുഞ്ചിരിച്ച ആ പെൺകുട്ടിയെ കണ്ടപ്പോൾ കൃഷ്ണനുണ്ണിക്ക് ഒരു ആഗ്രഹം തോന്നി. താൻ സൈക്കിൾ ചവിട്ടുന്ന ഒരു ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ പകർത്തുവാൻ. മുഖത്തു നോക്കി പുഞ്ചിരിച്ച ആ പെൺകുട്ടിയോട് വെറുതെ ഒന്ന് ചോദിച്ചു.. ഹായ്... ഹൌ ആർ യു..? അവൾ പെട്ടന്ന് മറുപടി തന്നു. ഗുഡ്.. ആൻഡ് യു..? ഐ ആം ഒക്കെ, വിരോധമില്ലെങ്കിൽ എന്റെ ഒരു ഫോട്ടോ എടുക്കാമോ? ഓക്കെ, നോ പ്രോബ്ലം… ആ യുവതിയിൽ നിന്ന് സമ്മതം കിട്ടിയപ്പോൾ കൃഷ്ണനുണ്ണി കൈയ്യിലുള്ള മൊബൈൽ ഫോൺ ആ പെൺകുട്ടിക്ക് ഒരു ഫോട്ടോ എടുക്കുന്നതിനായി നൽകി.
മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതിന് ശേഷം ഒരു ചെറുപുഞ്ചിരിയോടെ കൃഷ്ണനുണ്ണി ആ കുട്ടിയോട് ഒരു താങ്ക്സ് പറഞ്ഞിട്ട് മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടു. അപ്പോൾ ആ യുവതി ഒരു സോറി പറഞ്ഞു കൃഷ്ണനുണ്ണിയുടെ ആവശ്യം നിരാകരിച്ചു. തുടർന്ന് അവൾ മൊബൈൽ ഫോൺ തിരിച്ചു നൽകാതെ മുന്നോട്ട് സഞ്ചരിച്ചപ്പോൾ സൈക്കിളിൽ നിന്ന് ഇറങ്ങി അവളിൽ നിന്നും തന്റെ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചു. അൽപം ബലപ്രയോഗത്തിനിടെ അവൾ കുതറി ഓടാൻ ശ്രമിച്ചപ്പോൾ പോക്കറ്റിൽ ഉണ്ടായിരുന്ന “പാനിക്ക് അലാറം” കൃഷ്ണനുണ്ണി പ്രസ് ചെയ്തു.
ആ സമയത്തു എവിടെ നിന്നോ മൂന്ന് ചെറുപ്പക്കാർ ഓടി വന്നു. എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നതിനിടയിൽ ആ പെൺകുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നത് കൃഷ്ണനുണ്ണിക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളു. അതെ സമയം അവിടെ വന്ന മൂന്ന് പേരിൽ ഒരുവൻ കൃഷ്ണനുണ്ണിയുടെ സൈക്കിൾ എടുത്തു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൃഷ്ണനുണ്ണി അത് തടഞ്ഞു. പിന്നീട് രക്ഷിക്കാൻ എന്ന രീതിയിൽ വന്ന മറ്റ് രണ്ടു പേര് കൃഷ്ണനുണ്ണിക്ക് നേരെ തിരിഞ്ഞു. അപ്രതീക്ഷിതമായി ഇവരുടെ കൈയ്യിൽ നിന്ന് ലഭിച്ച മർദ്ദനം മൂലം കൃഷ്ണനുണ്ണി താഴെ വീണു. തുടർന്ന് സൈക്കിൾ കൊണ്ട് ആ മൂന്ന് പേര് അവിടെ നിന്ന് രക്ഷപ്പെട്ടു. കൃഷ്ണനുണ്ണിക്ക് നിലത്തു കിടന്ന് കരയാൻ അല്ലാതെ മറ്റൊന്നും ആ സമയം ചെയ്യാൻ സാധിച്ചില്ല. നിശബ്ദത നിറഞ്ഞ ആ നിമിഷങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവൻ ആയി കൃഷ്ണനുണ്ണി.
വളരെ തകർന്ന് പോയ മനസ്സുമായി കൃഷ്ണനുണ്ണി അവിടന്ന് എഴുന്നേറ്റ് തൊട്ട് അടുത്തു കണ്ട ഒരു കടയെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. ആ സമയത്തു പിറകെ നിന്ന് വന്ന പൊലീസ് ജീപ്പിനു കൈ കാണിച്ചു. ഉണ്ടായ വിവരങ്ങൾ എല്ലാം പൊലീസിനോട് തുറന്നു പറഞ്ഞു. ഉടനെ പൊലീസ് സ്റ്റേഷനിലേക്ക് കൃഷ്ണനുണ്ണിയെ കൂട്ടി കൊണ്ട് പോയി കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചു. പൊലീസിന് നൽകിയ പരാതിയിൽ പ്രത്യേകം രേഖപ്പെടുത്തി “അവൾ തനിച്ച് അല്ലായിരുന്നു" എന്ന്.