ADVERTISEMENT

ചങ്ങനാശ്ശേരിക്കടുത്താണ് പായിപ്പാട് ഗ്രാമം. പായിപ്പാട്ട് താമസക്കാരാണ് ആശാരി പണിക്കാരനായ പപ്പനും ഭാര്യ പത്മാവതിയും. ഇവർക്കു രണ്ട് ആൺ മക്കളാണുള്ളത്. ഇരുവരും ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ദുബായിൽ ഉയർന്ന ജോലിയിൽ പ്രവേശിച്ചു കുടുംബത്തോടൊപ്പം ആഡംബര ജീവിതം നയിക്കുകയാണ്. മക്കളും നാട്ടിലുള്ള ബന്ധുക്കളും പല പ്രാവശ്യം ആശാരി പണി നിർത്തുവാൻ പപ്പനോട് ആവശ്യപ്പെട്ടുവെങ്കിലും സ്വന്തമായി ഒരു നിലപാടുള്ള പപ്പൻ കുലത്തൊഴിൽ ഉപേക്ഷിക്കുവാൻ തയ്യാറായില്ല. അങ്ങനെയിരിക്കെ മക്കളുടെയും മരുമക്കളുടെയും നിർബന്ധത്തിനു വഴങ്ങി പപ്പനും പത്മാവതിയും ദുബായ് സന്ദർശിക്കുവാൻ പോയി. ദുബായിൽ എത്തിയ പപ്പനും പത്മാവതിയും രണ്ടു മക്കളുടെയും വീടുകളിൽ മാറിമാറി താമസിച്ചു അവർക്ക് നല്ല ഭക്ഷണം ഉണ്ടാക്കികൊടുത്തും പേരക്കുട്ടികളെ കളിപ്പിച്ചും സമയം ചിലവഴിച്ചു. മക്കളുടെ അവധി ദിനങ്ങളിൽ ദുബായ് മാളും ബുർജ് ഖലീഫയും പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു കരാമയിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണവും കഴിച്ചു മടങ്ങാറാണ് പതിവ്. വീക്കെണ്ടുകളിൽ ദുബായിൽ ഒരുപാട് സുഹൃത് വലയമുള്ള മക്കളുടെ കൂട്ടുകാരുടെ വീടുകളിൽ വിരുന്നിനു പോയി നാടൻ പാട്ടുകൾ പാടി അവരെ രസിപ്പിച്ചു കൈയ്യിലെടുത്തു പപ്പൻ. 

അങ്ങനെ രണ്ടു മാസം കഴിഞ്ഞുപോയി. അപ്പോഴാണ് ദുബായ് മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം നടത്തുവാൻ തീരുമാനിച്ചത്. അതിനായി തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികൾക്കും വടംവലി ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്കും പ്രത്യേക കമ്മറ്റികൾ രൂപകരിച്ചു. ഓണസദ്യ ദുബായില് പ്രസിദ്ധമായ ഒരു കാറ്ററിംഗ് ടീമിനെ ഏൽപ്പിച്ചു. അപ്പോഴാണ് സംഘാടകർക്കിടയിൽ ഈ വർഷം വ്യത്യസ്തനായ ഒരു മാവേലിയെ അവതരിപ്പിക്കണം എന്ന ഏകാഭിപ്രായം ഉയർന്നത്. അതിനായി അവർ കണ്ടെത്തിയത് നല്ല കുടവയറും കട്ടി മീശയും വെളുത്തു സുമുഖനുമായ പപ്പനെയാണ്. പപ്പനോട് അവർ കാര്യം അവതരിപ്പിച്ചു. പപ്പൻ മക്കളുടെ അനുവാദത്തോടെ മാവേലി ആകാമെന്നു സമ്മതം അറിയിച്ചു. അങ്ങനെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ടു പോയി. 

ഓണാഘോഷത്തിന്റെ തലേദിവസമാണ് പപ്പൻ ഓണസദ്യയിലെ വിഭവങ്ങളെക്കുറിച്ച് അറിയുന്നത്. രണ്ടുതരം പായസം ഉണ്ടെങ്കിലും അതിൽ പാലട പ്രഥമൻ ഇല്ലാത്തത് പപ്പനെ ക്ഷുഭിതനാക്കി. ഉടൻതന്നെ പപ്പൻ സംഘാടകരെ വിളിച്ചു ഓണസദ്യയിൽ പാലട പ്രഥമൻ ഇല്ലെങ്കിൽ മാവേലിയാകാൻ താനില്ലായെന്നറിയിച്ചു. അങ്കലാപ്പിലായ സംഘാടകർ പപ്പന്റെ വീട്ടിലേക്കു പാഞ്ഞെത്തി. സംഘാടകരും മക്കളും പത്മാവതിയും കൂടി പപ്പനോട് മാവേലിയാകുവാൻ നിർബന്ധിച്ചു. അപ്പോൾ പപ്പൻ അവരോടു പറഞ്ഞു എനിക്ക് അറുപത്തിയഞ്ച് വയസായി അറുപത്തിയഞ്ചു വർഷവും പാലട പ്രഥമൻ ഇല്ലാതെ ഞാൻ ഓണസദ്യ കഴിച്ചിട്ടില്ല. അതുകൊണ്ട് സദ്യക്കു പാലട പ്രഥമൻ ഇല്ലെങ്കിൽ മാവേലിയാകാൻ താനില്ലാന്ന് പപ്പൻ തീർത്തു പറഞ്ഞു. വെട്ടിലായ സംഘാടകർ വീടിനു പുറത്തിറങ്ങി ആലോചിച്ചു. ഓണാഘോഷത്തിന് ഇനി ഏതാനും മണിക്കൂർ മാത്രമേ ബാക്കിയുള്ളു ഈ ചുരുങ്ങിയ സമയം കൊണ്ട് പപ്പനെ പോലൊരു മാവേലിയെ ദുബായിൽ കണ്ടെത്തുക പ്രയാസമാണ്. സംഘാടകർ ഉടൻതന്നെ കാറ്ററിംഗ്കാരെ വിളിച്ചു ഓണസദ്യയിൽ പാലട പ്രഥമൻ നിർബന്ധം ആയും വേണമെന്ന് പറഞ്ഞു. കാറ്ററിംഗുകാർ ആദ്യം ബുദ്ധിമുട്ട് പറഞ്ഞുവെങ്കിലും പപ്പന്റെ നിലപാട് അറിഞ്ഞപ്പോൾ സമ്മതിച്ചു. 

പിറ്റേദിവസം ഓണാഘോഷം നടക്കുന്ന വലിയ ഹാളിലേക്കു മാവേലിയുടെ വേഷ ഭൂഷാദികൾ അണിഞ്ഞു കൈയ്യിൽ ഓലക്കുടയും പിടിച്ചു കിരീടവും വച്ചു തലയെടുപ്പൊടെ പപ്പൻ കടന്നു വന്നപ്പോൾ ജനങ്ങൾ ആർത്തു വിളിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പപ്പനോടൊപ്പം നിന്ന് സെൽഫി എടുക്കുവാൻ മത്സരിച്ചു. ഓണസദ്യക്കും കലാപരിപാടികൾക്കും ശേഷമുള്ള തന്റെ പ്രസംഗത്തിൽ പപ്പൻ രണ്ടു വാക്കേ പറഞ്ഞുള്ളു എന്റെ ജീവിതത്തിൽ ഇത്രയും രുചിയുള്ള പാലട പ്രഥമൻ കൂട്ടി വേറൊരു ഓണസദ്യയും ഞാൻ കഴിച്ചിട്ടില്ല. ഇത്‌ കേട്ടതോടെ തിങ്ങി നിറഞ്ഞ സദസ്സ് ഒന്നടങ്കം ഹർഷാരവം മുഴക്കി. ഒരാഴ്ച കഴിഞ്ഞു പപ്പനും പത്മവതിയ്ക്കും തിരികെ നാട്ടിൽ പോകുവാനുള്ള ദിവസമെത്തി മക്കളും കുടുംബവും ദുബായ് മലയാളികളും കൂടി അനേകം കാറുകളുടെ അകമ്പടിയോടെ അവരെ എയർപോർട്ടിൽ എത്തിച്ചു യാത്രയാക്കി.

English Summary:

Malayalam Short Story ' Payippad Pappante Palada Pradhaman ' Written by Sunil Vallathara Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com