അവൾ – ഷംല നൗഷാദ് എഴുതിയ കവിത
Mail This Article
പലരും പറയുന്നു..
അവൾ വെറുമൊരു പെണ്ണാണെന്ന്
അടുക്കളകൾ അവൾക്ക് വേണ്ടി മാത്രമാണെന്ന്
അവൾക്ക് സ്വപ്നങ്ങൾ കാണാൻ അധികാരമില്ലെന്ന്
അവളുടെ കണ്ണുകൾ കരയാൻ മാത്രമുള്ളതാണെന്ന്
സർവതും സഹിക്കേണ്ടതവൾ മാത്രമാണെന്ന്
വീടിനകത്തെ ഉത്തരവാദിത്വം മുഴുവൻ
അവളുടെ ചുമലിലാണെന്ന്
പുലർച്ചെ തൊട്ട് അന്തി വരെ പണി ചെയ്താലും,
എന്ത് ചെയ്തു എന്നുള്ള ചോദ്യം മാത്രമാണവൾക്ക് ബാക്കി
മാസത്തിലെ എല്ലുമുറിയുന്ന വേദന പോലും
വക വെക്കാതെ ഓടി നടന്ന് വീട്ടുജോലി ചെയ്താലും
അവൾക്കൊരു പണിയുമില്ല
അവൾ വെറുതെ ഇരിക്കുക- യാണെന്ന്
കേൾക്കാൻ വിധിച്ചവൾ
എങ്കിലും പരാതിയോ പരിഭവമോ ഒന്നുമില്ലാതെ
അവളുടെ ദിനങ്ങളിൽ
നേരം പുലരുന്നു അന്തിയാകുന്നു
ഭർത്താവിനോടൊപ്പമുള്ള യാത്രക്കിടയിൽ
ഭാര്യക്കെന്താ ജോലി എന്ന് പരിചയമുള്ളവരുടെ ചോദ്യത്തിന്
ഹേയ് അവൾക്ക് ജോലിയൊന്നുമില്ല അവൾ
ഹൗസ് വൈഫാണെന്നുള്ള മറുപടി
പറയുന്നത് കേൾക്കുമ്പോൾ
അവൾ സ്വയം ചോദിച്ചു പോകുന്നു
സത്യത്തിൽ എനിക്കെന്താ ജോലി.