ഗാനരംഗങ്ങളിലെ സത്യൻ
Mail This Article
"ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു.."
പാട്ട് എനിക്കിഷ്ടമാണ് എന്ന് പറഞ്ഞ നായികക്ക് വേണ്ടി നായകൻ പാടുകയാണ്. ആ പാട്ടിലൂടെ അയാൾ തന്റെ മനസ്സ് തന്നെയാണ് അവൾക്ക് മുന്നിൽ തുറന്ന് വയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്ന് അഭ്രപാളിയിൽ ഇതൾ വിരിഞ്ഞപ്പോൾ തന്റെ അധരചലനം കൊണ്ടും ഭാവചേഷ്ടകൾ കൊണ്ടും ആ ഗാനരംഗത്തെ സുന്ദരമാക്കിയത് സത്യൻ എന്ന മഹാനടനാണ്.
ഗാനരംഗങ്ങളെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച നടൻ പ്രേംനസീർ ആണെന്ന സത്യം വിസ്മരിക്കുന്നില്ല. എങ്കിലും തനിക്ക് വീണുകിട്ടുന്ന അവസരങ്ങളിൽ ഗാനരംഗങ്ങളിലെ സത്യൻ മാഷ് മനോഹരമായ കാഴ്ച്ചയായിരുന്നു. ഭാസ്കരൻ മാഷും വയലാറും ശ്രീകുമാരൻതമ്പിയുമൊക്കെ എഴുതിയ വരികളുടെ അർഥവും ഭാവവും ഉൾക്കൊണ്ടുകൊണ്ട് കാണുന്നവരിലേക്കും ആ അർഥഭാവങ്ങളെ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നീലക്കുയിലിലെ "മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല" എന്ന ഗാനം മുതൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ "പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ" എന്ന ഗാനരംഗങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ സത്യൻ എന്ന നടന്റെ നാടകീയത ഒട്ടും തീണ്ടാത്ത പെരുമാറ്റം കാണാം.
കുരുക്ഷേത്രം എന്ന ചിത്രത്തിന് വേണ്ടി ഭാസ്കരൻമാഷ് എഴുതിയ "പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ചു" എന്ന ഗാനരംഗം തന്നെ ഉദാഹരണം. ഉടുത്തിരിക്കുന്ന ഷർട്ടഴിച്ച് മുണ്ടുമാറ്റി മറ്റൊന്നുടുത്തു ഷർട്ടെടുത്തിട്ട് മുടിചീകി അങ്ങനെ ഒരാൾ വീട്ടിൽ സാധാരണയായി ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നതിനിടയിലാണ് ഭാവഗായകന്റെ മനോഹരമായ ശബ്ദത്തിൽ സത്യൻ മാഷ് പാടി അഭിനയിക്കുന്നത്. അങ്ങനെ സ്വയം പാടാത്ത ആളുകൾ കുറവായിരിക്കും. അതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകന് അത് താൻ തന്നെയല്ലേ എന്ന തോന്നൽ ഉളവാക്കുംവിധം അത്ര ലളിതസുന്ദരമായിരുന്നു ആ കാഴ്ച്ച.
"നിത്യസുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ" എന്ന് കാമുകിക്കൊപ്പം പ്രണയപൂർവ്വം പാടി അഭിനയിച്ച സത്യൻ മാഷാണ് ത്രിവേണി എന്ന ചിത്രത്തിൽ മകനെയും പുറത്തേറ്റി ഒരു അച്ഛന്റെ ഭാവങ്ങളോടെ "കിഴക്ക് കിഴക്കൊരാന" എന്ന പാട്ട് പാടി കളിക്കുന്നത്. ആ സത്യൻ മാഷ് തന്നെയാണ് "എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ" എന്ന ഭാസ്കരൻമാഷിന്റെ പ്രസക്തമായ വരികൾ യേശുദാസിന്റെ ഗന്ധർവനാദത്തിലൂടെ പ്രേക്ഷകരിലേക്ക് പകർന്നു നൽകിയത്.
വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ഗാനരംഗമുണ്ട്. അത് പക്ഷെ സത്യൻമാഷ് പാടി അഭിനയിച്ചതല്ല. എങ്കിലും തന്റെ സാന്നിധ്യംകൊണ്ട് ആ ഗാനരംഗം അദ്ദേഹം അവിസ്മരണീയമാക്കി. യക്ഷി എന്ന സിനിമയിൽ വയലാർ എഴുതി സുശീലാമ്മ പാടിയ "സ്വർണ്ണചാമരം വീശിയെത്തുന്ന" എന്ന ഗാനരംഗമാണത്. ലജ്ജാവിവശയായി പാടി അഭിനയിക്കുന്ന ഉഷാകുമാരിയെ അനുരാഗം തുളുമ്പുന്ന നോട്ടങ്ങളിലൂടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയിലൂടെ വാരിപുണരുന്ന കാമുകനായി നിൽക്കുന്ന സത്യൻമാഷ്..! എത്ര കണ്ടാലും മതിവരാത്തൊരു കാഴ്ചയാണത്.
ഇന്നലെ മയങ്ങുമ്പോൾ, അകലെ അകലെ നീലാകാശം, താഴമ്പൂ മണമുള്ള, പെരിയാറെ, പകൽക്കിനാവിൻ, മാനസേശ്വരീ മാപ്പ് തരൂ, കൽപനയാകും യമുനാനദിയുടെ, സീതാദേവി സ്വയം വരം ചെയ്തൊരു, സ്വർഗ്ഗഗായികേ, സ്വർണ്ണചാമരം പിന്നെയുമെത്രയോ നിത്യഹരിതഗാനങ്ങൾ. അവതരിപ്പിച്ച എല്ലാ ഗാനരംഗങ്ങളിലും തന്റെ കൈയൊപ്പ് ചാർത്തിയിട്ടാണ് സത്യൻമാഷ് ഒടുവിൽ "പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ" എന്ന പാട്ടിലൂടെ അനശ്വരതയിലേക്ക് നടന്ന് പോയത്.