ADVERTISEMENT

പോസ്റ്റോഫീസിന്റെ അകത്തേക്ക് ഞാൻ പാളി നോക്കി. മത്തായി സാറിനെ കണ്ടില്ല. അകത്ത് ഡെസ്പാച്ച് സെക്ഷനിലാവും. വരട്ടെ, കാത്തിരിക്കാം.. എല്ലാ ദിവസവും ഈ കാത്തിരിപ്പ് ജീവിതത്തിന്റെ ഒരു ശീലമായി. പതിനൊന്ന് മണിയാകുമ്പോളാണ് പോസ്റ്റുമാൻമാർ കത്തുകളുമായി പുറത്തിറങ്ങുന്നത്, അതിനു മുമ്പ് ചെന്നാൽ കത്തോ മണിയോർഡറോ ഉണ്ടെങ്കിൽ നേരിട്ട് വാങ്ങാം..

തലേ ദിവസം വന്ന കത്തുകൾക്ക് വീട്ടിലിരുന്ന് മറുപടിയെഴുതിയതിന്റെ ബാക്കിയുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിലിരുന്നാണ് എഴുതുന്നത്. രാവിലെ പത്ത് മുതൽ പതിനൊന്ന് വരെ പോസ്റ്റ് ഓഫീസിലെ ബെഞ്ച് തന്റെ സ്വന്തം പോലെയാണ്. പശ വീണ് നനഞ്ഞ മേശപ്പുറത്ത് അഴുക്കില്ലാത്ത ഒരിടം കണ്ടുപിടിച്ച് എഴുത്ത് ആരംഭിക്കുകയായി, ചിലപ്പോൾ ഒരിൻലൻഡ്, അല്ലെങ്കിൽ കാർഡ് അല്ലെങ്കിൽ പേപ്പർ.. അങ്ങനെ എഴുതാനുള്ള കത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എഴുത്ത്. ഇടയ്ക്ക് തലയുയർത്തി അകത്തേക്ക് നോക്കും.. പോസ്റ്റുമാൻ ഇറങ്ങിയോ എന്നറിയാനാണ്. ചിലപ്പോൾ മത്തായി സാറ് അടുത്തേക്ക് വരും അപ്പോൾ ഹൃദയം തുടി കൊട്ടും.. ആരുടെ കത്താവും, അതോ കഴിഞ്ഞ ആഴ്ച്ച ആകാശവാണിയിലേക്ക് കഥ അയച്ചിരുന്നു.. അതിന്റെ മറുപടിയാണോ? അതിനിടയിൽ പോസ്റ്റുമാസ്റ്റർ ഉമച്ചേച്ചിയും കാർത്തികേയനും ശശാങ്കനും രമണൻ ചേട്ടനുമൊക്കെ ഒരു പുഞ്ചിരി നൽകി അകത്തേക്ക് പോയിട്ടുണ്ടാവും. എല്ലാവരും സുപരിചിതരായി കഴിഞ്ഞിരിക്കുന്നു. അത്ര മേൽ താൻ അവിടുത്തെ നിത്യ സന്ദർശകനായിരുന്നല്ലോ?

അപ്പോഴാവും ഒരു കാർഡുമായി മത്തായിച്ചേട്ടൻ വരിക. കുറെ നാൾ മുമ്പ് അയച്ച ഒരു കഥയ്ക്ക് പത്രാധിപർ അയച്ച മറുപടിയാണ്. ആകാംക്ഷയോടെ തുറന്നു നോക്കി  "സുഹൃത്തെ, താങ്കളയച്ച കഥ കിട്ടി. സ്ഥലപരിമിതി കാരണം തൽക്കാലം പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു, സ്നേഹത്തോടെ, പത്രാധിപർ.." അത് സ്നേഹമുള്ള പത്രാധിപർ തന്നെയാണെന്ന് തോന്നി. കാരണം കഥ പ്രസിദ്ധീകരിക്കില്ലെന്ന് ഇതിലും നന്നായി ഒരു കഥാകൃത്തിനോട് എങ്ങനെയാണ് പറയുക? എന്റെ വാടിയ മുഖം കണ്ടാകണം മത്തായി ചേട്ടൻ പറഞ്ഞു "കോളടിച്ചെന്ന് തോന്നുന്നു. ഒരു മണിയോർഡറുണ്ട്" അപ്പോൾ മുഖമൊന്ന് തെളിഞ്ഞു. ഇടയ്ക്ക് ഇങ്ങനെ ചെറിയ തുകയെങ്കിലും കിട്ടുമ്പോഴാണ് ഒരു സന്തോഷം, മണിയോർഡർ ഒപ്പിട്ടു വാങ്ങുമ്പോൾ നോക്കി, മുമ്പ് പൗരദ്ധ്വനിയിലേക്ക് അയച്ച കഥയുടെ പ്രതിഫലമാണ്. ഒരു സന്തോഷത്തിന് അതിൽ നിന്ന് ചേട്ടന് കൊടുക്കാൻ കാശ് എടുത്തപ്പോൾ ചേട്ടൻ പറഞ്ഞു "ഞങ്ങൾക്ക് സർക്കാർ ശമ്പളം തരുന്നുണ്ടല്ലോ, ഇതിന്റെയൊന്നും ആവശ്യമില്ല" എങ്കിലും "സ്നേഹം കൊണ്ടല്ലേ ചേട്ടാ" എന്ന് പറയുമ്പോൾ വാങ്ങും.. ചേട്ടനെ നോക്കിയിരിക്കുന്ന ഗൾഫുകാരുടെ വീടുകളിൽ നിന്നും എന്തെങ്കിലും കൊടുത്താലും ചേട്ടൻ അങ്ങനെയേ പറയൂ..

ബാക്കി കാശിന് പോകുന്ന വഴി പറക്കോടന്റെ ജനറൽ സ്റ്റോറിൽ നിന്നും പേപ്പർ, പേന, കാർബൺ പേപ്പർ വാങ്ങണം.. കാർബൺ പേപ്പർ അക്കാലത്ത് എഴുത്തുകാർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത വസ്തുവായിരുന്നു. ഫോട്ടോ കോപ്പിയൊക്കെ അധികം പ്രചാരത്തിലാകും മുമ്പ് എഴുതുന്നതെന്തും കോപ്പിയെടുത്ത് വെക്കാനുള്ള ബദ്ധപ്പാടിന്റെ നീലനിറമുള്ള ഓർമ്മകളാണ് കാർബൺ പേപ്പറുകൾ. വീക്കിലികളിൽ മുൻ പേജിൽ തന്നെ പത്രാധിപരുടെ അറിയിപ്പുമുണ്ടാകും. "കഥയുടെ ഒരു കോപ്പി കഥാകൃത്ത് സൂക്ഷിക്കേണ്ടതാണ്." കുട്ടൻ ചേട്ടന്റെ കൈയ്യിൽ നിന്നും അവശ്യ സാധനങ്ങളും വാങ്ങി ഇറങ്ങുമ്പോഴായിരിക്കും വായനശാലാ സുഹൃത്തുക്കളെ കാണുന്നത്. സിയാദ്, അശോകൻ, രാജീവ്, ഭുവനേന്ദ്രൻ, സതീശൻ.. എല്ലാവരുമുണ്ട് [ഉദയനും ഭുവനനും കുറച്ചു നാൾ മുമ്പ് മരിച്ചു പോയി..] പിന്നെ എല്ലാവരുമായും ഒരു ചായ കുടി, സൗഹൃദ സംഭാഷണം.. അപ്പോഴാണ് വായനശാലാ സെക്രട്ടറി സുരേഷ് ബാബുവും ലൈബ്രേറിയൻ പുരുഷനും ചായ കുടിക്കാൻ വന്നത്. അടുത്ത ദിവസം കോട്ടയം ഡി.സിയിലും എൻ.ബി.എസ്സിലും പുസ്തകമെടുക്കാൻ പോകുന്നുണ്ട് വരണമെന്ന് ക്ഷണിച്ചു. ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ്. പുസ്തകങ്ങളുടെ ഉന്മത്ത ഗന്ധത്തിനിടയിൽ നിന്നും പുതിയ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും അവ രജിസ്റ്ററിൽ ചേർക്കും മുമ്പ് വായിക്കാനും അവസരം ലഭിക്കുക..

അക്കാലത്ത് പോസ്റ്റ് ഓഫീസും മത്തായി ചേട്ടനും ഞങ്ങളുടെ ഒരു ഭാഗം തന്നെയായിരുന്നു, ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവുമോ എന്തോ.. കവറും ഇൻലൻഡും കാർഡുമൊക്കെ കാണിച്ചാൽ ഇതെന്താണെന്ന് ചോദിക്കുമായിരിക്കും. ഒരു തലമുറ അവരുടെ സ്വപ്നങ്ങൾ പങ്കിട്ടത് ഇതിലൂടെയൊക്കെ ആയിരുന്നു, അവരുടെ തലമുറ കഥകളും കവിതകളും എഴുതിയത് ഇതിലൂടെ ആയിരുന്നു. ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാര്യമുണ്ട്.. രാവിലെ സിയാദാണ് വിളിച്ചു പറഞ്ഞത്.. "അറിഞ്ഞോ നമ്മുടെ മത്തായി സാർ പോയി.." കുറെ നാളായി നാട്ടിലില്ലായിരുന്നതിനാൽ നേരിട്ട് കാണുന്നില്ലായിരുന്നു. എങ്കിലും കേട്ടപ്പോൾ ഒരു നിമിഷം തരിച്ചു നിന്നു.. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയ ഒരാൾ പോയെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരു ഞെട്ടൽ.. എന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ ജയമോഹൻ കമന്റിട്ടത് വായിച്ചപ്പോൾ മത്തായിച്ചേട്ടൻ അഥവാ മത്തായി സാർ ഇനിയും ചിലരുടെ മത്തായിച്ചന്റെ രൂപം വർഷങ്ങൾക്കിപ്പുറവും എന്റെ ഓർമ്മയിലേക്ക് വന്നു.. "ഇരുണ്ട നിറം, ഉയരമുള്ള ശരീരം ചുണ്ടിൽ പൂർണ്ണമായും തുറന്നു വിടാത്ത ചിരി. സൗമ്യ ഭാവം.." ജയമോഹാ, ഒരെഴുത്തുകാരനെന്ന് പറയുന്ന എനിക്ക് പോലും ഇത്ര കൃത്യമായി മത്തായി ചേട്ടനെ വരച്ചിടാൻ കഴിയില്ല..

സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ അന്ത്യശുശ്രൂഷയ്ക്ക് കിടത്തിയിരിക്കുന്ന മത്തായിച്ചേട്ടനെ ഞാൻ നോക്കി, പ്രായം വരുത്തിയ ചുളിവുകൾ ഒഴിച്ചാൽ എല്ലാം പഴയ പോലെ തന്നെ. ജയമോഹൻ പറഞ്ഞ ആ രൂപത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. പ്രാർഥനകൾ കഴിഞ്ഞ് മത്തായിച്ചനെ സെമിത്തേരിയിലേക്കെടുക്കുമ്പോൾ എവിടെയോ നിന്ന് മത്തായിച്ചന്റെ ശബ്ദം കേട്ട പോലെ എനിക്ക് തോന്നി. "കോളടിച്ചല്ലോ. ഇന്ന് മണിയോർഡറുണ്ടല്ലോ" പതിയെ പള്ളിയിൽ നിന്നും മുഹമ്മ ജെട്ടിയിലേക്കുള്ള വഴിയിലൂടെ നടന്നു.. കുമരകത്തേക്കുള്ള ബോട്ട് പോകാൻ തുടങ്ങുന്നു, വെറുതെ ഒന്ന് കുമരകം വരെ പോയി വരാം. കായലിലൂടെ  മുക്കാൽ മണിക്കൂർ അങ്ങോട്ടും തിരിച്ച് ഇങ്ങോട്ടും യാത്ര കഴിയുമ്പോൾ മനസ്സിന്റെ ടെൻഷൻ ഒന്നു കുറയും. പണ്ട് കോട്ടയത്തെ പത്രം ഓഫീസുകളിലേക്ക് പോകാനുള്ള എളുപ്പ വഴി ഇതായിരുന്നു. എല്ലാ ദുഃഖങ്ങളെയും ശമിപ്പിക്കാൻ കഴിയുന്നതാണ് വേമ്പനാട്ട് കായലിലെ കുളിർക്കാറ്റ്.. ടിക്കറ്റെടുത്ത് ബോട്ടിൽ കയറി. കായലിലൂടെ ബോട്ട് പതിയെ നീങ്ങിത്തുടങ്ങി. കായലിലെ തണുത്ത കാറ്റിനോടൊപ്പം ഞങ്ങളുടെ പ്രിയപ്പെട്ട മത്തായി സാറിനെപ്പറ്റിയുള്ള ഓർമ്മകളും എന്നെ തഴുകി..

English Summary:

Malayalam Short Story ' Mathaichettan ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com