ADVERTISEMENT

രാവിലെ എണീറ്റു പല്ലും തേച്ചു ഫോണും എടുത്തു വാട്‌സാപ്പിലേ പതിവുകാർക്കെല്ലാം ഗുഡ് മോർണിങ്ങും അയച്ചു ഫെയ്സ്ബുക്കിൽ കേറി. അവിടെയും എല്ലാം പതിവ് പോലെ.. രാഷ്ട്രീയം.. പിന്നെ ഇപ്പൊ സിനിമ പ്രൊമോഷൻ ഒന്നും ഇല്ല.. ലോക്ഡൗണ്‍ ആയതു കൊണ്ട് റിലീസ് ഒന്നും ഇല്ലല്ലോ.. പകരം ഏട്ടൻ ഫാൻസും ഇക്ക ഫാൻസും തകർക്കുന്നുണ്ട്.. സ്ക്രോൾ ചെയ്തു പോവുന്നതിനിടയിൽ ആണ് കണ്ടത്.. കിഡ്നി രണ്ടും തകരാറിലായ രോഗിക്ക് ചികിത്സാ സഹായം.. രോഗിയുടെ മുഖം!!.. ഇത്... ഇതവളല്ലേ...!!!! ഒരു ചിറകുമായി പറക്കാൻ കഴിയാതെ ഇരുന്നു പോവുന്ന ഒരു പക്ഷിയെ പോലെയാണ് ഓർമ്മ.. പഴയ ഒരു കുറിപ്പോ... ശബ്ദമോ.. മണമോ.. ചിത്രമോ അതിന്റെ മറ്റേ ചിറകു തീർക്കുന്നു. ഓർമ പറന്ന് തുടങ്ങി... 15 വർഷങ്ങൾക്ക് പിറകിലേക്ക്..

ജോലിക്കു ജോയിൻ ചെയ്യാൻ ആയി ഞാൻ ആദ്യമായി പത്മനാഭന്റെ മണ്ണിലേക്ക് ഉള്ള മാവേലി എക്‌സ്പ്രെസ്സിൽ വടകരയിൽ നിന്നു വലതു കാലും വെച്ചു കയറി. സ്ലീപ്പർ ക്ലാസ് ആണ്. വലിയ തിരക്കില്ല. (അതിനു ശേഷം പിന്നീട് ഒരിക്കൽപോലും ഞാൻ അങ്ങനെ കണ്ടിട്ടില്ല) വണ്ടി ഒരു മണിക്കൂർ ലേറ്റ് ആയിരുന്നു.. അതാവാം... ഉള്ളവർ തന്നെ ഒരുവിധം ആളുകൾ കിടന്നിരുന്നു. എന്റേതു ഒരു മിഡിൽ ബർത്ത്  ആണ്.. നോക്കുമ്പോൾ അവിടെ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. ഞാൻ ടിക്കറ്റിലേക്കും സീറ്റിലേക്കും നോക്കുന്നത് കണ്ടപ്പോൾ അവൾ എഴുന്നേൽക്കാൻ തുടങ്ങി.. "വേണ്ട അവിടെ ഇരുന്നോളൂ.. അയാൾ കിടക്കാനായില്ല" നേരെ മുന്നിലുള്ള സീറ്റിൽ ഇരിക്കുന്ന കഷണ്ടി തലയൻ ആണ്.. നല്ല മദ്യത്തിന്റെ മണമുണ്ട്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നു രക്ഷിക്കു എന്ന ഭാവം. ചൊറിഞ്ഞാൽ സീൻ ആകും എന്നു തോന്നിയത് കൊണ്ട് ഞാൻ ഒന്ന് ചിരിച്ചിട്ടു ചോദിച്ചു.. "ചേട്ടന്റെ ബർത്ത് ഏതാ..?" "ഞാൻ കോഴിക്കോട് ഇറങ്ങും" അയാളും ഒരു വളിച്ച ചിരിയോടെ പറഞ്ഞു. "കയറിയത് മാഹിയിൽ നിന്നാണെന്നു തോന്നുന്നല്ലോ" ഞാൻ അയാളെ നോക്കി കണ്ണിറുക്കി. അയാൾ ചിരിയോടെ അതേ എന്നു തലകുലുക്കി. എന്നിട്ടെന്നോട്.. "എങ്ങോട്ടാ..?" "ഞാൻ ട്രിവാൻഡ്രം" "ആഹാ.. ഇവളും അങ്ങോട്ടു തന്നെയാ.." ഞാൻ നോക്കിയപ്പോ അവൾ ചിരിച്ചു.. ഞാൻ അയാളെ ഏറ്റെടുത്തതിൽ ആശ്വാസം ഉണ്ടെന്ന് തോന്നുന്നു.. 

"നിനക്കവിടെ എന്താ പണി" അയാൾ അവളെ വിടുന്ന ലക്ഷണമില്ല.. അവൾ പേടിയോ.. ദേഷ്യമോ.. വല്ലാത്ത ഒരവസ്ഥയിലാണ്.. അയാളെ ഒന്നു നോക്കി.. പക്ഷെ ഒന്നും മിണ്ടിയില്ല.. അയാൾ ചോദ്യം ആവർത്തിച്ചപ്പോൾ അവൾ പുറത്തേക്ക് നോക്കി അനിഷ്ടം പ്രകടമാക്കി. പിന്നേം ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഞാൻ അയാളുടെ ചുമലിൽ കൈ വെച്ചു.. "ആ കുട്ടിക്ക് സംസാരിക്കാൻ താൽപര്യമില്ല എന്നു ചേട്ടന് ഇനീം മനസ്സിലായില്ലേ.." അയാൾ അതു പ്രതീക്ഷിച്ചില്ല എന്നു വ്യക്തം... ഒന്നു പകച്ചു.. എന്തോ പിന്നെ കോഴിക്കോട്ട് വണ്ടി നിർത്തി അയാൾ ഇറങ്ങി പോവും വരെ അയാളും... ആരും, ഒന്നും മിണ്ടീല്ല. വണ്ടി കോഴിക്കോട് നിന്നെടുത്തപ്പോ എനിക്ക് ഒരു പുഞ്ചിരിയും തന്ന് അവൾ അയാൾ ഇരുന്ന ഭാഗത്തെ മിഡിൽ ബർത്ത് ഓപ്പൺ ചെയ്തു കേറി കിടന്നു. ഞാനും എന്റെ ബർത്തിൽ കേറി.

രാവിലെ ആരോ തട്ടി വിളിക്കുമ്പോഴാണ് ഉണരുന്നത്.. അവളാണ്.. "ഗുഡ് മോർണിംഗ്.. സ്റ്റേഷൻ എത്താറായി.." അവൾ മുഖമൊക്കെ കഴുകി വന്നതാണ്. "ഓഹ്.. ok.". ഞാൻ പിടഞ്ഞെണീറ്റു. ഫ്രഷ് ആയി വരുമ്പോഴേക്ക് ബാഗ് ഒക്കെ എടുത്തു വെച്ച് ആൾ ഇറങ്ങാൻ തയാറായിരിപ്പുണ്ട്. എന്നെ കണ്ടപ്പോ പുഞ്ചിരിച്ചു.. ഞാൻ ബാഗ് ഒക്കെ എടുത്ത് എതിരെ ഇരുന്നു.. കഴക്കൂട്ടം ആയതെ ഉള്ളു. "താങ്ക്സ് കേട്ടോ.. ഇന്നലെ രക്ഷിച്ചതിന്" പുഞ്ചിരിയോടെ അവൾ പറഞ്ഞപ്പോ "ആയിക്കോട്ടെ" എന്നു ഞാനും പറഞ്ഞു. പിന്നെ ഇറങ്ങി പ്ലാറ്ഫോമിൽ നടക്കുമ്പോ മുന്നിൽ നടക്കുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി.. "എന്റെ ഫ്രണ്ട് ആണ്.. വേറെ ബോഗിയിൽ ആയിരുന്നു..  പിന്നെ എപ്പോഴെങ്കിലും കാണാം" നിറഞ്ഞ ചിരിയോടെ പറഞ്ഞിട്ട് അവൾ "ഡീ.." ന്നും വിളിച്ചു മുന്നിൽ പോയ ഒരു പെണ്കുട്ടിയുടെ കൂടെ നടന്നകന്നു. ഛേ.. പേരു പോലും ചോദിച്ചില്ല..

പിന്നെ കാലമേറെ കഴിഞ്ഞു.. ട്രെയിനിൽ കയറുമ്പോൾ എപ്പോഴും ആ യാത്രയും ആ മുഖവും ഓർമയിൽ തെളിയും. ഞാൻ ആ ജോലി മാറി ഇന്നത്തെ ഈ MNC യിലേക്ക് കയറി. പതുക്കെ തിരുവനന്തപുരം എന്റെ നാടും.. ഞാൻ എന്റെ വീട്ടിൽ വല്ലപ്പോഴും വരുന്ന ഒരതിഥിയും.. നാട്ടിലേക്കുള്ള വരവുകൾ അവധി ആസ്വദിക്കാനുള്ള യാത്രകളും ആയി മാറി.. ആ മുഖം പതിയെ മറന്നു തുടങ്ങി.. കൂട്ടുകാരന്റെ ചെറിയച്ചനു കാൻസർ രോഗം മൂർച്ഛിച്ചപ്പോ RCC യിൽ ചികിത്സയ്ക്ക് വന്നിരുന്നു.. ചെറിയമ്മ കൂടെ ഉണ്ട്. ഒരു ദിവസം അവിടെ ചെന്ന് ചെറിയച്ഛനെയും കണ്ടു തിരിച്ചു താമസ സ്ഥലത്തേക്ക് പോവാൻ ഇറങ്ങിയപ്പോ.. കുറെ നഴ്സുമാർ അടുത്ത ഷിഫ്റ്റിന് കേറാൻ ആണെന്ന് തോന്നുന്നു എതിരെ നടന്നു വരുന്നുണ്ടായിരുന്നു.. മനസ്സിൽ ഒരു വെള്ളിടി വെട്ടി.. അവൾ.. വീണ്ടും മുന്നിൽ..!!! അവളുടെ മുഖത്തും ഒരു അമ്പരപ്പിന്റെ ചിരി.. "എന്താ മാഷേ ഇവിടെ" ഒരു ചിരപരിചിതനെ കണ്ടത് പോലുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഞെട്ടിയത് സത്യത്തിൽ ഞാൻ ആണ്.ഞാൻ കാര്യം പറഞ്ഞു.. ആ വാർഡിൽ തന്നെ ആണ് ഡ്യൂട്ടി. പക്ഷെ പിറ്റേന്നു അവൾ നാട്ടിൽ പോവുമത്രേ.. 

പിന്നെ അവളെ കാണുന്നത് അവർ ഡിസ്ചാർജ് ചെയ്തു അവിടുന്ന് ഇറങ്ങുന്ന അന്നാണ്.. അന്ന് കണ്ട അതേ സ്ഥലത്തു വെച്ച്.. ബൈ പറഞ്ഞു പോരുമ്പോ ഞാൻ ചോദിച്ചു.. "നമ്മൾ ഇതുവരെ തമ്മിൽ പേര് പറഞ്ഞില്ല അല്ലെ... ഞാൻ.." ഒരു ഹസ്ത ദാനത്തിനായി കൈ നീട്ടിക്കൊണ്ടു ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ.. "വേണ്ട മാഷേ.. പറയണ്ട.. ഒരു പേരിൽ എന്തിരിക്കുന്നു.. അല്ലെ.. ഇനി നമ്മൾ കണ്ടുമുട്ടുമെങ്കിൽ അന്നാവട്ടെ നമ്മുടെ പരിചയപ്പെടൽ.. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ.. തിരുത്താൻ പറ്റുമോ എന്ന് നോക്കാം.." നാലാം തവണ നമ്മൾ കാണുമെങ്കിൽ നമുക്ക് പേരൊക്കെ പറഞ്ഞു പരിചയപ്പെടാം.. ഇപ്പൊ സമയമില്ല.." അവൾ കൂട്ടുകാരികളുടെ കൂടെ എത്താൻ ഓടി..

പിന്നെ ഇപ്പോഴാ കാണുന്നത്.. 'അനാമിക' അതാണ് അതിൽ ഉള്ള പേര്.. ഞാൻ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചു.. ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ട് വിളിക്കുവാണെന്നു പറഞ്ഞപ്പോ തന്നെ മറുപടി വന്നു.. "സുഹൃത്തേ നല്ല മനസ്സിന് നന്ദി. പക്ഷെ അവൾ പോയി.. ഇന്നേക്ക് ഏഴു ദിവസമായി." നെഞ്ചിൽ എന്തോ ഭാരമുള്ള കല്ലു വന്നു വീണത് പോലെ.. ഒന്നും പറയാതെ ഞാൻ കാൾ കട്ട് ചെയ്തു.. Fb എടുത്തു പോസ്റ്റിൽ ഉള്ള അവളുടെ ചിത്രത്തിലേക്ക് നോക്കി ഇരുന്നു.. "അതാരാണ്.." പിറകിൽ ഭാര്യ വന്നു നിന്നത് അറിഞ്ഞില്ല... "അതാണ് ഞാനും ഓർക്കുന്നത്... അവൾ എനിക്കാരായിരുന്നു..."

English Summary:

Malayalam Short Story ' Anamika ' Written by Sreejesh V. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com