ADVERTISEMENT

പുറത്താരുടെയോ ഉച്ചത്തിലുള്ള കലഹം കേട്ടാണ് മീര ഉറക്കിൽ നിന്നുമുണർന്നത്. വീർത്ത വയറ്റിൽ കൈ വച്ചവൾ പതിയെ എഴുന്നേറ്റു. ചേരിയിലെ ഓടയിൽ നിന്നുമുള്ള ദുർഗന്ധം വമിച്ച കാറ്റ് തകര ഷീറ്റുകൾക്കിടയിലൂടെ ചായ്പ്പിനകത്തേക്ക് വന്നതും മീരയ്ക്ക് ഓക്കാനിക്കാൻ മറിഞ്ഞു. വായ പൊത്തിക്കൊണ്ടവൾ പുറത്തേക്കിറങ്ങിയതും കൊഴുത്ത മഞ്ഞ ദ്രാവകം ഊക്കോടെ ഓക്കാനിച്ചു. "അയ്യേ... ഇന്നും നിന്റെ ഓക്കാനാ കണി.. അന്തിക്ക് വയറുനിറയാഞ്ഞിട്ടാ വെളുപ്പിന് ഛർദി. അതെങ്ങനെ കെട്ടിയോൻ വയറ്റിലാക്കിയിട്ട് തെണ്ടിത്തിരിഞ്ഞു നടക്കല്ലേ... പെറ്റ തള്ളന്റെ ശാപമാ നിനക്ക്..." പിച്ച പാത്രവുമായി ഭിക്ഷ തേടാനിറങ്ങുന്ന കല്യാണി തള്ള അവളെ നോക്കി മുറുക്കാൻ കാർക്കിച്ചു തുപ്പി പിറുപിറുത്തുകൊണ്ട് നടന്നകന്നു. അവശതയോടെ മീര ചായിപ്പിനകത്തെ വക്ക് പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റിൽ ശേഖരിച്ചുവെച്ച വെള്ളമാർത്തിയോടെ കുടിച്ചു. "അക്കാ... വരുൺ ഭയ്യനെ പൊലീസ് കൊണ്ടോയി... ലക്ക് കെട്ട് കവലേന്ന് തല്ലുണ്ടാക്കീട്ട്..." കൈയ്യിൽ നീല നിറത്തിലുള്ള പട്ടവുമായി നിക്കറിട്ട പയ്യൻ തനിക്ക് കിട്ടിയ വിവരമവളെ അറിയിച്ചു വന്ന വഴിയെ ഓടിപ്പോയി. വിശപ്പിന്റെ അസഹ്യതയിൽ വയറ്റിലുള്ള കുഞ്ഞ് ഞെരിപിരി കൊണ്ടു. ചായ്പ്പിന്റെ വാതിൽക്കൽ തെരുവിലേക്ക് കാലു നീട്ടിയിരുന്ന് പഴയകാലമോർക്കവേ മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അച്ഛനും അമ്മയ്ക്കുമൊപ്പം ഏക മകളായി രാജകുമാരിയെപ്പോലെ കഴിഞ്ഞ നാളുകൾ. കോളജിലേക്കുള്ള വഴിമധ്യേയാണ് വരുണിനെ കണ്ടതും അവന്റെ പഞ്ചാര വാക്കുകളിൽ മയങ്ങിപ്പോയതും. ടൗണിലെ ഓട്ടോഡ്രൈവറായിരുന്നു അവൻ. പ്രണയം പൂത്തുലഞ്ഞപ്പോൾ അവനില്ലാതെ പറ്റില്ലാന്നായപ്പോഴാണ് ഒളിച്ചോടാൻ തീരുമാനിച്ചത്. അച്ഛനുമമ്മയ്ക്കും കത്തെഴുതി വെച്ച് ഉള്ളാലെ അവരോട് മാപ്പ് പറഞ്ഞു മുംബൈയിലേക്ക് ട്രെയിൻ കയറുമ്പോൾ എന്തെല്ലാം കിനാക്കളായിരുന്നു. വരുണിന്റെ ഓട്ടോ വിറ്റ് കിട്ടിയ കാശുള്ളതുകൊണ്ട് ആദ്യമൊക്കെ നല്ല ഫ്ലാറ്റിലായിരുന്നു താമസം. സ്വർഗ്ഗീയാരാമത്തിൽ ചുറ്റുമുള്ളതെല്ലാം മറന്നുല്ലസിച്ച നാളുകൾ. അന്നൊക്കെ വരുണിനെന്തു സ്നേഹമായിരുന്നു. കൈയ്യിലുള്ള ക്യാഷ് തീർന്നപ്പോഴാണ് ജോലി അന്വേഷിച്ചവൻ അലഞ്ഞത്. ഒന്നും കിട്ടിയില്ല. ദാരിദ്ര്യം കാർന്നു തിന്നു തുടങ്ങിയ നാളുകൾ... അതിനിടയിൽ ഗർഭവുമുണ്ടായി. അതോടെ താനൊരു അധികപ്പറ്റായി മാറിയവന്. പിന്നെ കൊണ്ട് വന്ന് തള്ളുകയായിരുന്നു ഇവിടെ. അവന് ആവശ്യമുള്ളപ്പോൾ മാത്രം ഒരു ഭക്ഷണ പൊതിയുമായി വന്ന് കാര്യം നിർവഹിച്ചു പോകും. അല്ലാത്തപ്പോഴൊക്കെ ലഹരി വിപണനത്തിന്റെ മായാലോകത്താണവൻ. ആരുടെയൊക്കെയോ ദയകൊണ്ട് വല്ലപ്പോഴും കഴിക്കാനെന്തെങ്കിലും ലഭിക്കുന്നു.

"മോളെ..." മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന സീതയക്കയുടെ സാമീപ്യമാണവളെ ചിന്തകളുടെ ലോകത്ത് നിന്ന് മുക്തയാക്കിയത്. താൻ നീട്ടിയ ഭക്ഷണമവൾ ആർത്തിയോടെ കഴിക്കുന്നത് സീത നെടുവീർപ്പോടെ നോക്കിനിന്നു. കഴിച്ചു കഴിഞ്ഞതും മീര നിറകണ്ണുകളോടെ അവരെ നോക്കി കൈകൂപ്പി. "മോളെ.. നിന്നെപ്പോലെ വർഷങ്ങൾക്കു മുമ്പ് ഒരുത്തൻ ചതിച്ചു കൊണ്ടിട്ടതാണ് എന്നെ ഇവിടെ. അവൻ ഉപേക്ഷിച്ചതോടെ സ്വന്തം ശരീരം വിറ്റാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. അല്ലാതെ അനാഥാലയത്തിൽ വളർന്ന എനിക്ക് തിരികെ പോകാൻ സ്വന്തമായി കുടുംബമില്ല.. മോൾ ഇനിയും വൈകരുത്. വരുണിപ്പോൾ ജയിലിലാണല്ലോ.. അവൻ പുറത്തുവരുന്നതിനു മുന്നേ മോളിവിടെ നിന്നും നാട്ടിലേക്ക് പോകണം. ക്യാഷ് ഞാൻ തരാം.. മോള് വേഗം മാറ്റിയിറങ്ങ്... കാലുപിടിച്ച് മാപ്പ് പറഞ്ഞാൽ തീരാവുന്ന പരിഭവമേ നിന്റെ മാതാപിതാക്കൾക്കുണ്ടാവൂ. ഇനിയുമിവിടെ നിന്നാൽ ഈ തെരുവിൽ വിശന്നു മരിക്കേണ്ടിവരും നീയും കുഞ്ഞും." 

ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും നന്നായി ആലോചിച്ചപ്പോൾ അവർ പറഞ്ഞതാണ് ശരിയെന്നവൾക്ക് തോന്നി. അവർ നൽകിയ സാരി ചുറ്റി ചായ്പ്പിന്റെ വാതിലടച്ചു വേഗം പുറത്തിറങ്ങി. "ഞാൻ മുമ്പിൽ നടക്കാം നീ കുറച്ചു വിട്ട് എന്റെ പിറകിൽ വന്നാൽമതി... ആരേലും ചോദിച്ചാൽ ഹോസ്പിറ്റലിലേക്കാണെന്ന് മാത്രം പറയണം. ഞാനാണ് നിന്നെ സഹായിച്ചതെന്ന് ഒരു കുഞ്ഞു പോലും അറിയരുത്." വിറയലോടെ  അവരെ പിന്തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി. സീതയക്കയാണ് ടിക്കറ്റ് എടുത്ത് നൽകിയത്. അവർ നീട്ടിയ ഭക്ഷണപ്പൊതിയും വെള്ളവും വാങ്ങി ട്രെയിനിൽ കയറി. അകലെ പൊട്ടുപോലെ റെയിൽവേ സ്റ്റേഷൻ മറയും വരെയവൾ നിറകണ്ണുകളോടെ പുറത്തേക്ക് നോക്കി കൈ വീശിക്കൊണ്ടിരുന്നു...

English Summary:

Malayalam Short Story ' Olichottam ' Written by Muhsina Aslam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com